Connect with us

Kasargod

താജുൽ ഫുഖഹാഅ്: അറിവിന്റെ പ്രകാശ‌ം

Published

|

Last Updated

സമസ്ത കേന്ദ്ര മുശാവറ അംഗവും ബേക്കല്‍ഹൈദ്രൂസ് ജുമുഅ മസ്ജിദില്‍ ദീര്‍ഘകാലം മുദരിസും സഅദിയ്യ ശരീഅത്ത് കോളേജ് പ്രിന്‍സിപ്പലും, ഉഡുപ്പി ഖാളിയും കര്‍ണ്ണാടക സ്റ്റേറ്റ് ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റുമായിരുന്ന താജുല്‍ ഫുഖഹാഹ് ശൈഖുനാ ബേക്കല്‍ ഇബ്റാഹിം മുസ്ലിയാര്‍ വഫാത്തായിരിക്കുന്നു. വിവിധ നാടുകളില്‍ വിജ്ഞാനത്തിന്റെയും ആധ്യാത്മികതയുടെയും പ്രകാശം പരത്തിയിരുന്ന പള്ളി ദര്‍സുകള്‍ ശോഷിച്ചുകൊണ്ടിരിക്കുന്ന നവയുഗത്തില്‍ നാല്‍പ്പത് വര്‍ഷത്തെ ദര്‍സീ പാരമ്പര്യവുമായി മുന്നേറിയ ബേക്കല്‍ ഇബ്റാഹിം മുസ്‌ലിയാര്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷം മുമ്പാണ് സഅദിയ്യയില്‍ എത്തുന്നത്.

കേരളത്തിലെ തലയെടുപ്പുള്ള അനേകം ജ്ഞാനകേസരികള്‍ പാണ്ഡിത്യത്തിന്റെ പ്രൗഢസന്നിധാനങ്ങളായി പ്രശോഭിച്ചതിനു പിറകില്‍ അനാഥത്വത്തിന്റെ കൈപ്പുനീര്‍ കുടിച്ച ത്യാഗപൂര്‍ണ്ണമായൊരു അനുഭവത്തിന്റെ ദുരിതക്കഥ നമുക്കറിയാമെങ്കിലും കര്‍ണ്ണാടകയില്‍ ജനിച്ച ഈ പണ്ഡിത തേജസ്വിയുടെ ജീവിത ചരിത്രം മറിച്ചായിരുന്നു. ശൈഖുനാ ബേക്കല്‍ ഉസ്താദിന്റെ ജീവിത വഴികളില്‍ സ്നേഹഗന്ധം പടര്‍ത്തിയ വന്ദ്യപിതാവും കുടുംബവും കര്‍ഷകപാരമ്പര്യമുള്ളവരായിരുന്നു.


കര്‍ഷകനും ദീനീസ്നേഹിയുമായ മുഹ്‌യുദ്ധീന്റെ മകന്‍ മുഹമ്മദിന്റെയും ഭാര്യ ഖദീജമ്മയുടെയും എട്ടുമക്കളില്‍ ആറാമനായാണ് ബേക്കല്‍ ഇബ്റാഹിം മുസ്ലിയാര്‍ ജനിക്കുന്നത്. നാലുവര്‍ഷത്തെ ഓത്തുപ്പള്ളി പഠനമാണ് ഉസ്താദിന്റെ ഇളം ഹൃദയത്തില്‍ ആധ്യാത്മികമായ അറിവിനോടുള്ള ആദരവും ജിജ്ഞാസയും ഉത്ഭൂതമായത്. അറുപതോളം വരുന്ന കുട്ടികള്‍ പഠിച്ചിരുന്ന ഓത്തു പള്ളിയിലാണ് ഉസ്താദ് ആദ്യാക്ഷരം കുറിച്ചത്.

രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് രണ്ട് മണിവരെയുള്ള ഓത്തുപള്ളി പഠനത്തില്‍ അറബി അക്ഷരജ്ഞാനമാണ് പ്രാഥമികമായി നല്‍കിയിരുന്നത്. സ്വന്തം നാട്ടിലെ പള്ളിയുടെ തൊട്ടടുത്തുണ്ടായിരുന്ന പഠനഹാളായിരുന്നു അന്നത്തെ ഓത്തുപള്ളി. കാല്‍കഴുകി കയറി തവറുക്കിന്റെ ഇരുത്തമിരുന്ന് ഖുര്‍ആന്‍ പഠിച്ചിരുന്ന ധന്യമായ ഓര്‍മ്മകള്‍ മരിക്കുവോളം ആ ചരിത്ര പുസ്തകത്തില്‍ അടയാളപ്പെട്ടു.

1949 ഫെബ്രുവരി 27 ഞായറാഴ്ചയാണ് ശൈഖുനാ ബേക്കല്‍ ഉസ്താദിന്റ ജനനം. മാതാവിന്റെ മതിവരോളമുള്ള ശിക്ഷണത്തിലായതിനാലാണ് ബേക്കല്‍ ഉസ്താദിന്റെ ബാല്യകാലം ചാപല്യങ്ങളില്ലാതെ കടന്നുപോയത്.  പ്രായത്തിനെ വെല്ലുന്ന ബുദ്ധിയായിരുന്നു ബാല്യകാലത്തെ ശൈഖുനാക്കുണ്ടായിരുന്നത്. പണ്ഡിതനും ഖാരിഉമായിരുന്ന മേരിക്കള മഹ്മൂദ് മുസ്ലിയാരായിരുന്നു ഓത്തുപള്ളിയിലെ പ്രഥമ ഗുരുനാഥന്‍. ഖുര്‍ആനികജ്ഞാനവും ആത്മീയ ശിക്ഷണവും സമ്മേളിച്ചിരുന്ന ഓത്തുപള്ളി പഠനം ഉസ്താദിന് വലിയ മുസ്ലിയാരാകണമെന്ന ആഗ്രഹം ജനിപ്പിച്ചു.

ഓതുന്ന കൊട്ട്ള് എന്നായിരുന്ന ഓത്തുപള്ളിക്ക് പറഞ്ഞിരുന്നത്.
ഓത്തുപള്ളിയില്‍ വ്യത്യസ്ഥപാഠങ്ങളാണ് ഓരോ കുട്ടിക്കും ഉണ്ടാവുക. ഖുര്‍ആനിക പഠനത്തിനു പറമെ മഊനത്തുല്‍ ഇസ്ലാം, തജ്‌വീദ്, ഫിഖ്ഹ്, കൈഫിയ്യത്തുസ്സ്വലാത്ത് തുടങ്ങിയ കിതാബുകളും ഓത്തുപള്ളിയില്‍ നിന്ന് സ്വായത്തമാക്കി. ആയത്തുല്‍ ഖുര്‍സിയ്യ് സൂറത്ത് തൗബയിലെ അവസാനത്തെ രണ്ട് ആയത്ത്, ഹദ്ദാദ് തുടങ്ങിയ വിഷയങ്ങള്‍ മാതാവാണ് പഠിപ്പിച്ചത്. ഓത്തുപള്ളിയില്‍ നിന്ന് വന്നാല്‍ മഗ്‌രിബ് മുതല്‍ ഇശാഅ് ബാങ്ക് വരെ വീട്ടിലിരുന്ന് ഖുര്‍ആന്‍ ഓതും. പിതാവിന്റെ ഖുര്‍ആന്‍ ഓത്തും മറ്റുവിര്‍ദുകളും ഒരുപാട് സമയം നീണ്ടുനില്‍ക്കും. വാപ്പാന്റെ മതചിട്ട അനുകരണീയം തന്നെയായിരുന്നു. പണ്ഡിതനല്ലെങ്കിലും ദീനീ സ്നേഹിതനും മതഭക്തനുമായിരുന്നു വന്ദ്യപിതാവ്. തന്റെ അഞ്ചാം വയസ്സിലായിരുന്നു ഓത്തുപള്ളി പഠനത്തിന് പ്രാരംഭം കുറിച്ചത്. പഴമയുടെ മഹിതമാതൃകയായിരുന്ന ഓത്തുപള്ളിയില്‍ നിന്നും കൈമുതലാക്കിയ ആവേശം കെടാതെ സൂക്ഷിച്ച് മുന്നേറിയത് കൊണ്ടാണ് തുടര്‍ന്നുള്ള ദര്‍സ് പഠനത്തിന് ഉസ്താദിന് നിര്‍ബന്ധ ബുദ്ധിയുണ്ടാകുന്നത്. കാര്‍ഷിക രംഗത്ത് ഒരുമെമ്പറുടെ അഭാവം ഉണ്ടാകുമെന്ന് കരുതി കുടുംബക്കാര്‍ ഉസ്താദിന്റെ ദര്‍സ് പഠനത്തില്‍ തൃപ്തരായിരുന്നില്ല. ഗോള ശാസ്ത്രത്തിലും തര്‍ക്ക ശാസ്ത്രത്തിലും അഗാധ പ്രാവീണ്യം നേടിയ ശൈഖുനാ ആധുനിക ശാസ്ത്രജ്ഞന്മാരുടെ ഗുരുനാഥനായി മാറിയതിന് പിന്നില്‍ അറിവിന്റെ ആഴം അറിയിക്കുന്നു.

കര്‍ണ്ണാടകയിലെ കിന്യയിലാണ് പള്ളിദര്‍സ് പഠനത്തിനു വിത്തെറിഞ്ഞത്. മീസാന്‍, ഇര്‍ഷാദുല്‍ ഇബാദ്, ഉംദ, ഫത്ഹുല്‍ മുഈന്‍, അല്‍ഫിയ്യയുടെ പകുതി ഭാഗം, തഅ്ലീമുല്‍ മുതഅല്ലിം, ഫത്ഹുല്‍ ഖയ്യൂം തുടങ്ങിയ കിതാബുകള്‍ ഓതിപ്പഠിച്ചത് അവിടെ വെച്ചായിരുന്നു. പി ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരായിരുന്നു കിന്യയിലെ അന്നത്തെ മുദർരിസ്. ബാല്യ കാലത്ത് തന്നെ മതപ്രഭാഷണങ്ങള്‍ കേള്‍ക്കുന്നതില്‍ അതീവ തല്‍പ്പരത ഉസ്താദിനുണ്ടായിരുന്നു. ദാരിദ്ര്യത്തിന്റെ കരാള ഹസ്തങ്ങള്‍ കുടുംബത്തെ വേട്ടയാടുമ്പോഴെല്ലാം പഠനം പകുതി വഴിയില്‍ വലിച്ചെറിയാതെ ദൃഢചിത്തനായി ഉസ്താദ് മുന്നേറി.

1962 ലാണ് മുതഅല്ലിം ജീവിതമാരംഭിക്കുന്നത്. ബിരുദം നേടി പുറത്തിറങ്ങന്നതുവരെ ഒരു കിതാബ് പോലും ഉസ്താദ് വാങ്ങിയിട്ടില്ല എന്നതാണ് മറ്റൊരു കഥ. സഹപാഠികളില്‍ നിന്നോ മറ്റുമായോ കിതാബ് വായ്പ വാങ്ങിയാണ് ഓതിപ്പഠിച്ചത്. 1964 മുതല്‍ പഠനം കുമ്പോലിലേക്ക് മാറ്റി. വീട്ടില്‍ നിന്നും കാല്‍ നടയായി ഉള്ളാളം വരെ നടക്കും. അവിടെന്ന് അമ്പത് പൈസ കൂലികൊടുത്ത് ട്രെയിന്‍ മാര്‍ഗ്ഗം കുമ്പളയില്‍ ഇറങ്ങി കുമ്പോല്‍ വരെ വീണ്ടും നടക്കും. നടന്നു പോകുന്നത് ഒരു ഹരമായിരുന്നു. പണ്ഡിതലോകത്തെ ഇതിഹാസവും ഗുരുനാഥന്മാരുടെ ഗുരുവുമായ ശൈഖുനാ അലികുഞ്ഞി ഉസ്താദാണ് അന്നത്തെ കുമ്പോല്‍ പള്ളിയിലെ മുദർരിസ്. കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ എന്നിവര്‍ അന്നത്തെ സതീര്‍ത്ഥ്യന്മാരായിരുന്നു.കിന്യയിലും കുമ്പോലിലും ദര്‍സ് പഠിക്കുമ്പോള്‍ രാത്രി പതിനൊന്നര വരെ പഠിക്കാന്‍ വേണ്ടി ലൈറ്റ് ഉണ്ടായിരുന്നു. അതിന് ശേഷം പഠിക്കാനിരിക്കുന്നവര്‍ സ്വന്തമായി ലാമ്പ് വിളക്ക് കയ്യില്‍ കരുതണം. ചിമ്മിണി വെട്ടത്തിരുന്ന് ഓതിപ്പഠിച്ച രംഗം ഭൂതകാലത്തെ മരിക്കാത്ത ഓര്‍മ്മകളായി ഉസ്താദ് സ്മരിച്ചിരുന്നു.

കുമ്പോലില്‍ പഠിക്കുമ്പോള്‍ പുക്കോയ തങ്ങളുടെ (കുമ്പോല്‍ തങ്ങന്മാരുടെ പിതാവ്) വീടായിരുന്നു ശൈഖുനായുടെ ചെലവ്കുടി. ഭക്ഷണം കഴിക്കുമ്പോള്‍ പൂക്കോയ തങ്ങള്‍ അടുത്തിരിക്കും. അന്ന് പൂക്കോയ തങ്ങള്‍ പറഞ്ഞൊരു വാക്കാണ് ഉസ്താദിന്റെ വളര്‍ച്ചയ്ക്കു പിന്നില്‍.

‘നന്നായി ഭക്ഷണം കഴിക്കണം. നല്ലോണം പഠിക്കിണം. എല്ലാവരാലും നല്ലത് പറയിപ്പിക്കണം. ദര്‍സ് നടത്തണം. നല്ല പണ്ഡിതനായി എല്ലാവര്‍ക്കും അറിയുന്ന ആളായി വളരണം’. പൂക്കോയ തങ്ങളുടെ വാക്കുകളാണിത്. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് തങ്ങള്‍ പറഞ്ഞത് പോലെ ഉസ്താദിന്റെ ജീവിതത്തില്‍ പുലരുകതന്നെ ചെയ്തു. നാട്ടില്‍ പോകുമ്പോള്‍ പൂക്കോയ തങ്ങളെ കണ്ട് സമ്മതം ചോദിച്ചാണ് പോകാറുള്ളത്. ആ സമയങ്ങളിലെല്ലാം കിടക്കുന്ന തലയണിക്കടിയില്‍ നിന്നെടുത്ത് ഹദിയ്യയായി എന്തെങ്കിലും നല്‍കുമായിരുന്നു.

1967 മുതല്‍ ആലമ്പാടി ഉസ്താദിന്റെ കീഴിലായിരുന്നു പഠനം.
ഒരു വെള്ളിയാഴ്ച ജുമഅ നിസ്‌കാരത്തിന്റെ സമയം അലക്കിയിട്ട ഉടയാല ആറിക്കിട്ടാത്ത കാരണം കൊണ്ട് പള്ളിയിലെ രണ്ടാം നിലയില്‍ പതുങ്ങിയിരുന്ന് ജുമുഅ ശ്രവിക്കേണ്ട അനുഭവമുണ്ടായിരുന്നു താജുല്‍ ഫുഖഹാഇന്. പഠന രംഗത്ത് സുപ്രസിദ്ധരായ പണ്ഡിതന്മാരെ തെരഞ്ഞെടുത്തത്കൊണ്ടാണ് ബേക്കല്‍ ഉസ്താദിന്റെ പാണ്ഡിത്യമികവിന് ആഴം കൂട്ടിയത്.
1968 മുതല്‍ 72 വരെ ഉള്ളാളത്തായിരുന്നു പഠനം. താജുല്‍ ഉലമയാണ് ഉസ്താദ്. താജുല്‍ ഉലമയുടെ ശിഷ്യത്വം സ്വീകരിക്കാന്‍ ഉള്ളാള്‍ തങ്ങളുടെ പാണ്ഡിത്യത്തിന്റെ മഹാത്മ്യ മനസ്സിലാക്കിയതും കൊണ്ടാണ് ഉള്ളാളം തങ്ങളെ തെരഞ്ഞെടുക്കാന്‍ കാരണം. താജുല്‍ ഉലമയുടെ പ്രധാന ശിഷ്യന്മാരില്‍ ഒരാളായിരുന്നു ബേക്കല്‍ ഉസ്താദ്.

1972ല്‍ ദയൂബന്ധിലേക്ക് പോയി ഹദീസ് പഠനമായിരുന്നു മുഖ്യവിഷയം. 73ല്‍ കര്‍മ്മ രംഗത്തേക്ക് കടന്നു വന്നു. സൂരിഞ്ചയാണ് പ്രഥമ സേവന മണ്ഡലം. ഒരു ദിവസം പ്രകത്ഭ ശൂഫീവര്യനായ അഡ്യര്‍ കണ്ണൂര്‍ മുഹമ്മദ് ഹാജിയെ കാണുകയും നിങ്ങള്‍ ഖത്തീബ് ആയി മാത്രം നില്‍ക്കേണ്ട ആളല്ല. ദര്‍സ് ചൊല്ലിക്കൊടുക്കേണ്ട ആളാണ് എന്ന് പറയുകയും അനിയോജ്യമായ സ്ഥലം ഒന്നുകില്‍ ഞാന്‍ കാണിച്ചു തരും. അല്ലെങ്കില്‍ താജുല്‍ ഉലമാ ശരിപ്പെടുത്തുമെന്ന് പറഞ്ഞു.. എന്നായിരുന്നു. മുഹമ്മദാജി പറഞ്ഞതുപോലെ ഉള്ളാല്‍ തങ്ങള്‍ ദര്‍സ് നടത്താനുള്ള സ്ഥലം നിര്‍ണ്ണയിക്കുകയും 1973ല്‍ ദര്‍സ് ആരംഭിക്കുകയും ചെയ്തു. 1975ല്‍ ദര്‍സ് ബണ്ട്വാളയിലേക്ക് മാറ്റി. താജുല്‍ ഉലമയാണ് ദര്‍സ് ഉദ്ഘാടനം ചെയ്തത്. 1976ല്‍ അലിക്കുഞ്ഞി ഉസ്താദിന്റെ നിര്‍ദേശപ്രകാരം ബേക്കല്‍ ഹൈദ്രോസ് ജുമുഅ മസ്ജിദില്‍ മുദരിസായി സേവനം ചെയ്തു. നീണ്ട നാല്‍പ്പത് വര്‍ഷം ബേക്കലില്‍ മുദരിസായി നിന്നതിനാലാണ് കര്‍ണ്ണാടക മോണ്ടുഗോളി സ്വദേശിക്കാരനായ ഇബ്‌റാഹിം മുസ്ലിയാര്‍ ‘ബേക്കല്‍ ഉസ്താദ്’ എന്ന പേരില്‍ പ്രസിദ്ധനായത്. 1983ല്‍ മാതാവ് 85ല്‍ പിതാവും ഇഹലോകവാസം വെടിഞ്ഞു.

സൈനുല്‍ മുഹഖ്ഖീന്‍ സയ്യിദ് ത്വാഹിര്‍ തങ്ങളുടെ നിര്‍ദ്ദേശപ്രകാരമാണ് സംഘടനാ രംഗത്തേക്ക് കടന്നു വന്നത്. 1990 കാലഘട്ടത്തില്‍ കര്‍ണ്ണാടക സ്റ്റേറ്റ് സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പിന്നീട് പ്രസിഡന്റാവുകയും മരണം വരെ തല്‍സ്ഥാനത്ത് തുടരുകയും ചെയ്തു. 1997ല്‍ ഉഡുപ്പി ഖാസിയായി സ്ഥാനമേല്‍ക്കാന്‍ ഉള്ളാല്‍ തങ്ങള്‍ നിര്‍ദ്ദേശിക്കുകയും മറ്റുഗുരുനാഥന്മാരായ അലിക്കുഞ്ഞി ഉസ്താദ്, ആലമ്പാടി ഉസ്താദ്, പി.ടി ഉസ്താദ് എന്നിവരുടെ ആശീര്‍വാദത്തോടെ തല്‍സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. 1973 ലാണ് വിവാഹം. ബഡുവന്‍ ഹാജിയുടെ മകള്‍ ആസിയ യാണ് ഭാര്യ. മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബമാണ് ഉസ്താദന്റേത്.1974 ബോംബെ വഴി കപ്പല്‍ മാര്‍ഗം ഹജ്ജിനു പോയിരുന്നു.

താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങള്‍, പൈയക്കി ഉസ്താദ്, അഡ്യാര്‍ കണ്ണൂര്‍ മുഹമ്മദാജി, കക്കിപ്പുറം ശൈഖ്, സി എം മടവൂര്‍, വടകര മുഹമ്മദ് ഹാജി തങ്ങള്‍ എന്നിവര്‍ ഉസ്താദിന്റെ മശാഇഖുമാരാണ്. കേരളത്തിലും കര്‍ണ്ണാടകയിലുമായി ആയിരക്കണക്കിന് ശിഷ്യസമ്പത്ത് വാര്‍ത്തെടുക്കാന്‍ ഉസ്താദിന് സാധിച്ചിട്ടുണ്ട്. ദീര്‍ഘകാലം അഹ്ലുസ്സുന്നക്ക് നേതൃത്വം നല്‍കി നിരവധി ശിഷ്യന്മാരെ വാര്‍ത്തെടുത്ത ഉസ്താദിന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം ഉസ്താദ് ‘താജുല്‍ ഫുഖഹാഹ്” എന്ന അപരനാമം നൽകി ആദരിച്ചു. ഉസ്താദ് കൊളുത്തി വെച്ച അറിവിന്‍ പ്രകാശം ജ്വലിച്ച് കൊണ്ടേയിരിക്കും… നാഥന്‍ അവരുടെ ദറജ ഉയര്‍ത്തട്ടെ… ആമീന്‍.

---- facebook comment plugin here -----

Latest