Connect with us

National

മന്ത്രിക്കസേര അപമാനകരമായി തോന്നി; വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോന്നെന്ന് കേന്ദ്ര മന്ത്രിസ്ഥാനം രാജിവെച്ച ഹര്‍സിമ്രത് കൗര്‍

Published

|

Last Updated

തല്‍വാണ്ടി സബോ (പഞ്ചാബ്) | കര്‍ഷക ബില്‍ പാസ്സാക്കന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ മന്ത്രിപദവി തനിക്ക് അപമാനകരമായി തോന്നിയെന്നും അതോടെ മന്ത്രിക്കസേര വലിച്ചെറിഞ്ഞ് പുറത്തുപോരുകയായിരുന്നുവെന്നും കര്‍ഷക ബില്ലില്‍ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിസ്ഥാനം രാജിവെച്ച ഹര്‍സിമ്രത് കൗര്‍ ബാദല്‍ പറഞ്ഞു. കരട് ബില്‍ തന്റെ മന്ത്രാലയത്തിന്റെ പരിഗണനക്ക വന്നപ്പോള്‍ തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നുവെന്നും മുന്‍ ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രി വ്യക്തമാക്കി.

ബില്ല് ഒരു സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് താന്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ കരിനിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതായി അറിഞ്ഞതോടെ രാജിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. മന്ത്രിപദവിയില്‍ ഇനിയും ഇരിക്കുന്നത് അപമാനകരമായി തനിക്ക് അനുഭവപ്പെട്ടു. ഇതോടെ അത് വലിച്ചെറിഞ്ഞ് കര്‍ഷകര്‍ക്ക് ഒപ്പം നില്‍ക്കാന്‍ തീരുമാനിച്ചുവെന്നും അവര്‍ വ്യക്തമാക്കി.

ബില്ലുകള്‍ അവരിപ്പിക്കുന്നതിന് മുമ്പ് കര്‍ഷകരെ വിശ്വാസത്തിലെടുക്കണമെന്ന് താന്‍ അഭ്യര്‍ഥിച്ചിരുന്നു. രണ്ടര മാസം ഇതിനായി നിരന്തര ശ്രമം നടത്തിയെങ്കിലും തന്റെ ആവശ്യം അവര്‍ ചെവികൊണ്ടില്ല. ഇതോടെയാണ് ബില്ലിനെ പാര്‍ലിമെന്റില്‍ തുറന്നെതിര്‍ക്കാന്‍ ശിരോമണി അകാലി ദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് തീരുമാനിച്ചതെന്നും ബില്ലിനെതിരെ സമരരംഗത്തുള്ള കര്‍ഷകരെ അഭിസംബോധന ചെയ്യവെ അവര്‍ പറഞ്ഞു.

Latest