National
ബിഹാർ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി; വോട്ടെണ്ണൽ നവംബർ 10 ന്
ന്യൂഡൽഹി | ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 28ന് ആരംഭിക്കും. രണ്ടാം ഘട്ടം നവംബര്‍ 3നും മൂന്നാംഘട്ടം നവംബര്‍ 7ന് നടക്കും. ഒന്നാം ഘട്ടത്തിൽ 71ഉം രണ്ടാം ഘട്ടത്തിൽ 94 ഉം അവസാനഘട്ടത്തിൽ 78 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 10നാണ് വോട്ടെണ്ണല്‍. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് പ്രതിസന്ധിക്കിടയിലും പൗരന്‍റെ വോട്ടവകാശം പ്രധാനമെന്ന് പ്രധാനമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡ് കാലത്ത് ജനങ്ങളുടെ സുരക്ഷക്ക് പ്രാധാന്യം നൽകിയായിരിക്കും വോട്ടെടുപ്പ് നടക്കുക. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം കുറച്ചായിരിക്കും കൊവിഡ് കാലത്തെ ലോകത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് നടക്കുക. 46 ലക്ഷം മാസ്കുകള്‍, 15 ലക്ഷം ബോട്ടില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍, രണ്ട് ലക്ഷത്തിലധികം പി പി ഇ കിറ്റുകള്‍ എന്നിവ ലഭ്യമാക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കല്‍ പരമാവധി ഓണ്‍ലൈനിലൂടെ ആയിരിക്കും. കൊവിഡ് ലക്ഷണമുള്ളവര്‍ക്കും എൺപത് വയസ്സിന് മുകളിലുള്ലവർക്കും പോസ്റ്റല്‍ വോട്ട് സൗകര്യമുണ്ടായിരിക്കും. ഒരു ബൂത്തില്‍ പരമാവധി ആയിരം വോട്ടര്‍മാര്‍ക്ക് മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ എന്നും നിർദേശമുണ്ട്.
അതേ സമയം, കേരളത്തിൽ തീരുമാനിച്ച ചവറ, കുട്ടനാട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 29ന് പ്രത്യേകയോഗം വിളിച്ചു ചേർത്തിട്ടുണ്ട്. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കൊവിഡ് കാലത്തുള്ള ഉപതിരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു.