Business
ഇരുപതിനായിരം കോടി നികുതി: വോഡാഫോണിന് അനുകൂലമായി അന്താരാഷ്ട്ര കോടതി വിധി
മുംബൈ | ഇന്ത്യന്‍ സര്‍ക്കാറിന് നല്‍കാനുള്ള ഇരുപതിനായിരം കോടി രൂപയുടെ നികുതിയുമായി ബന്ധപ്പെട്ട കേസില്‍ വോഡാഫോണ്‍ ഗ്രൂപ്പിന് അനുകൂലമായി അന്താരാഷ്ട്ര കോടതി വിധി. ഹേഗിലെ പെര്‍മനന്റ് കോര്‍ട്ട് ഫോര്‍ ആര്‍ബിട്രേഷന്‍ ആണ് വോഡാഫോണിന് അനുകൂലമായി വിധി പ്രഖ്യാപിച്ചത്. 2007ല്‍ ഹച്ചിസണ്‍ വാപോയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് നികുതിയടക്കാനുള്ളത്.
നികുതിയടക്കാന്‍ നിര്‍ബന്ധിക്കുന്നത് ഇന്ത്യയുടെ അന്താരാഷ്ട്ര നിയമ ഉത്തരവാദിത്വങ്ങളോടുള്ള ലംഘനമാണെന്ന് അന്താരാഷ്ട്ര കോടതിയുടെ വിധിയില്‍ പറയുന്നു. ഇന്ത്യ നിയമിച്ച ആര്‍ബിട്രേറ്റര്‍ റോഡ്രിഗോ ഒറീമ്യുനോ അടക്കമുള്ളവരുടെ ഐകകണ്‌ഠ്യേനയുള്ള തീരുമാനമാണിതെന്ന് വോഡാഫോണിന്റെ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, അന്താരാഷ്ട്ര കോടതി വിധി വന്ന പശ്ചാത്തലത്തില്‍ യോജിച്ച നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രാലയം വൃത്തങ്ങള്‍ പറഞ്ഞു. കമ്പനിക്ക് നഷ്ടപരിഹാരം വേണമെന്ന വോഡാഫോണിന്റെ വാദം അന്താരാഷ്ട്ര കോടതി സ്വീകരിച്ചിട്ടില്ല. വിധി സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം യോജിച്ച നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.