Gulf
സഊദിയിലെ ജിസാനിൽ 'അന്നോന' പഴങ്ങളുടെ വിളവെടുപ്പ് തുടങ്ങി
ജിസാൻ | സഊദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിൽ ശരത്കാലം ആരംഭിക്കുന്നതിന്റെ മുന്നോടിയായി ക്വിൻസ് ഇനത്തിൽ പെട്ട പഴങ്ങളുടെ (അന്നോന) വിളവെടുപ്പിന് തുടക്കമായി, കാർഷിക മേഖലക്ക് അനുയോജ്യമായ പ്രദേശമായതിനാൽ എല്ലാ വർഷവും മികച്ച വിളവെടുപ്പാണ്.
ഫിഫ മേഖലയിലെ കുന്നിൻ ചെരിവുകൾ, കിഴക്കൻ പ്രദേശമായ അൽ-അർദ, പ്രത്യേക ഫാം ഹൗസുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും അന്നോന പഴങ്ങൾ കൃഷി ചെയ്‌തു വരുന്നത്. ഉഷ്ണ സമയങ്ങളിൽ വിളവെടുക്കുന്ന ഈ രുചികരമായ ഫലത്തിന് ആഭ്യന്തര മാർക്കറ്റിൽ മറ്റ് പഴങ്ങളെ അപേക്ഷിച്ച് വൻ ഡിമാന്റാണുള്ളത്,
തൈകൾ നട്ടുവളർത്തിയ ശേഷം മൂന്ന് വർഷങ്ങൾക്കകം വിളവെടുപ്പ് ആരംഭിക്കാൻ കഴിയുമെന്നതാണ് ഈ കൃഷിയുടെ പ്രധാന സവിശേഷത. പ്രതിവർഷം 120 മുതൽ 150 പഴങ്ങൾ വരെയാണ് ഒരു മരത്തിൽ നിന്നുള്ള ശരാശരി വിളവെടുപ്പ്. എല്ലാ വർഷവും സപ്തംബർ -ഒക്ടോബർ മാസങ്ങളിലാണ് ഇവയുടെ വിളവെടുപ്പ് നടക്കുന്നത്.
കാപ്പി, വാഴപ്പഴം, മാമ്പഴം, ഗോതമ്പ് തുടങ്ങിയ വിളകളും ജിസാൻ പ്രവിശ്യയിൽ കൃഷി ചെയ്തുവരുന്നുണ്ട്. ചെങ്കടൽ തീരമേഖലയിലെ പ്രധാന മേഖലയായ ഈ ഭൂപ്രദേശം മലകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ കാര്‍ഷിക മേഖലക്ക് ഏറ്റവും അനുയോജ്യമാണ്.