Book Review
പോസ്റ്റ്മോർട്ടം ടേബിളിലെ നിശബ്ദ നിലവിളികൾ
“മരിച്ചവർ കഥ പറയുന്നു. എന്നാൽ, നിശബ്ദമായ ആ കഥാഖ്യാനം ശ്രവിക്കണമെങ്കിൽ ഒരു ഫൊറൻസിക് സർജന്റെ ഏകാഗ്രമായ മനസ്സോടെ, പഞ്ചേന്ദ്രിയങ്ങളിലും വ്യാപരിപ്പിക്കണം.” കുറ്റാന്വേഷണ ശാസ്ത്രത്തെയും കുറ്റവാളികളുടെ മനഃശാസ്ത്രത്തെയും അതോടൊപ്പം കുറ്റാന്വേഷണത്തിൽ ഫൊറൻസിക് മെഡിസിൻ എന്ന വിജ്ഞാനശാഖയുടെ അനന്ത സാധ്യതകൾ കൂടി നമുക്ക് മനസ്സിലാക്കിത്തരുന്ന ഗ്രന്ഥമാണ് ഡോക്ടർ ബി ഉമാദത്തന്റെ “ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ” എന്ന പുസ്തകം.
രൂക്ഷഗന്ധമുള്ള, ജീർണിച്ചു തുടങ്ങിയ മൃതദേഹങ്ങളിൽ നിന്ന് തെളിവുകൾ ശേഖരിക്കുന്നതിൽ നിന്നും ഒരു പോലീസ് സർജന്റെ ജോലി ആരംഭിക്കുന്നു. ഇവിടെ മരിച്ചവർ കഥ പറയുന്നു. ഓരോ മൃതദേഹവും കുറെയധികം തെളിവുകൾ അവശേഷിപ്പിക്കുന്നുണ്ട്. മരണകാരണം അവ മൂകമായി സംസാരിക്കുന്നുണ്ട്. ശാസ്ത്രീയമായി അവയെല്ലാം കണ്ടുപിടിച്ച് കുറ്റാന്വേഷണത്തിലെ സത്യത്തിന്റെ വഴിയിലേക്ക് കൊണ്ടുപോകുകയാണ് ഡോക്ടർ ചെയ്യുന്നത്. ഒരു നല്ല കുറ്റാന്വേഷകൻ ഒരിക്കലും ഒരു തെളിവിനെ മാത്രം അവലംബിക്കാൻ പാടില്ല. മെഡിക്കൽ തെളിവുകളും ശാസ്ത്രീയമായ തെളിവുകളും അന്വേഷണത്തിന്റെ വെളിവാകുന്ന വസ്തുതകളുമായി പൊരുത്തപ്പെടുന്നില്ല എങ്കിൽ അവയെ തിരസ്കരിക്കുക തന്നെ വേണമെന്ന് ഡോക്ടർ ബി. ഉമാദത്തൻ വളരെ കൃത്യമായി പറഞ്ഞുവെക്കുന്നു.
മിസ് കുമാരിയുടെ മരണം, ചാക്കോ വധം, പാനൂർ സോമൻ കേസ്, റിപ്പർ കൊലപാതകപരന്പരകൾ എന്നീ കേസുകളുടെ അന്വേഷണത്തിൽ പോലീസിനെ സഹായിക്കാൻ ഡോക്ടർ ഉമാദത്തൻ രംഗത്തുണ്ടായിരുന്നു. അഭയ കേസിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ദുരൂഹ കഥകളുടെ ചുരുളഴിക്കാൻ നടത്തിയ ശ്രമങ്ങൾ, അതിലൂടെ നേടിയ അനുഭവ സമ്പത്തിന്റെ താളുകളാണ് “ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ”.
മൂന്നര പതിറ്റാണ്ടിലേറെയായി കേരള പോലീസിന്റെ തലവേദനയായി തുടരുന്ന കൊലപാതക കേസാണ് ചാക്കോ വധക്കേസ്. പ്രതി സുകുമാരക്കുറുപ്പ് കുറ്റക്കാരനാണെന്ന് പകൽ പോലെ വ്യക്തമാകുകയും അദ്ദേഹത്തിന്റെ ഫോട്ടോയും മറ്റു വിവരങ്ങളും ലഭ്യമാകുകയും ചെയ്തിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തത് കേരള പോലീസ് ചരിത്രത്തിലെ തന്നെ “ബ്ലാക്ക് മാർക്ക്” ആണ്.
കേരളം സാക്ഷിയായ, കോളിളക്കമുണ്ടാക്കിയ കൊലക്കേസിനു വഴിത്തിരിവുണ്ടായത് പോസ്റ്റ്മോർട്ടം ടേബിളിൽ നിന്നാണ്. ചാക്കോ വധക്കേസിലെ മുഖ്യപ്രതി സുകുമാരക്കുറുപ്പിനെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയത് 1984 ജനുവരി 22ന്. തലേന്ന് രാത്രിയാണ് വിദേശ കമ്പനിയുടെ എട്ട്് ലക്ഷം രൂപയുടെ ഇൻഷ്വറൻസ് തുക തട്ടിയെടുക്കാനുള്ള ആസൂത്രിത കൊലപാതകം നടക്കുന്നത്. കേരള പോലീസിന്റെ, ഇതുവരെ ഫലംകാണാത്ത അന്വേഷണം. ഈ കേസിനെക്കുറിച്ചു വിവരിക്കുന്നതിനിടെ ചെങ്ങന്നൂർ ഡി വൈ എസ് പി. പി എം ഹരിദാസ് പറഞ്ഞ ഒരുവാചകം ഫൊറൻസിക് സർജൻ ഡോ. ബി ഉമാദത്തന്റെ മനസ്സിൽ ഉടക്കി.
ആരാണു കൊല്ലപ്പെട്ടത്? എന്ന ചോദ്യത്തിനു ‘സുകുമാരക്കുറുപ്പ് എന്നു പറയപ്പെടുന്ന ഒരാൾ…’ എന്നായിരുന്നു ഡി വൈ എസ് പി ഹരിദാസ് പറഞ്ഞ മറുപടി. കൊല്ലപ്പെട്ടതു സുകുമാരക്കുറുപ്പാണെന്നു പറഞ്ഞാൽ പോരെ, ‘പറയപ്പെടുന്ന ഒരാൾ’ എന്ന് അദ്ദേഹം പറഞ്ഞത് എന്തുകൊണ്ടാണ്? അതായിരുന്നു ഫൊറൻസിക് സർജന്റെ സംശയം. ഹരിദാസ് പറഞ്ഞു: ‘ചില സംശയങ്ങളുണ്ട് സർ. പക്ഷേ, തെളിവു ശേഖരിക്കണം”.
കൊല്ലപ്പെട്ടതായി പറയുന്ന സുകുമാരക്കുറുപ്പ് ദീർഘകാലം അബൂദബിയിൽ ജോലി ചെയ്തയാളാണ്. ഉയർന്ന ശമ്പളം. നാട്ടിൽ ഒരു വീടുണ്ട്, മറ്റൊരു ഇരുനില വീടിന്റെ നിർമാണം ആലപ്പുഴ പട്ടണത്തിൽ അവസാന ഘട്ടത്തിൽ. അപകടം നടക്കുമ്പോൾ അദ്ദേഹം സഞ്ചരിച്ചിരുന്ന പഴയകാറിനു പുറമേ, പുതിയൊരു കാർ കൂടി ഇത്തവണ നാട്ടിലെത്തിയ ശേഷം വാങ്ങിയിട്ടുണ്ട്. ആഡംബര ജീവിതത്തിൽ താത്പര്യമുള്ളയാളാണ്. കാറിന്റെ സീറ്റിൽ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുറത്തെടുക്കുമ്പോൾ അടിവസ്ത്രത്തിന്റെ കുറച്ചു ഭാഗം മാത്രം കരിയാതെ ശേഷിച്ചിട്ടുണ്ട്. ചെരിപ്പുകൾ, വാച്ച്, മോതിരം എന്നിവ മൃതദേഹത്തിൽ കണ്ടില്ല.
‘പുതിയൊരു കാർ വീടിന്റെ പോർച്ചിൽ കിടക്കുമ്പോൾ ചെരിപ്പിടാതെ, വാച്ചുകെട്ടാതെ, മോതിരം ധരിക്കാതെ നിലവാരം വളരെ കുറഞ്ഞ അടിവസ്ത്രം ധരിച്ചു സുകുമാരക്കുറുപ്പിനെപ്പോലെ ആഡംബരപ്രിയനായ പ്രവാസി സമ്പന്നൻ പഴയ കാറോടിച്ചു പുറത്തേക്കു പോകുമോ?’ഇതായിരുന്നു ഉത്തരം കണ്ടെത്തേണ്ടിയിരുന്ന ചോദ്യം.
വയൽ വരമ്പത്ത് ഓലമറകെട്ടി വിശദമായ പോസ്റ്റ്മോർട്ടത്തിനുള്ള ഒരുക്കം തുടങ്ങി. ശരീരം മുഴുവൻ കത്തിക്കരിഞ്ഞിരിക്കുന്നു. ഉയരവും വണ്ണവും തട്ടിച്ചു നോക്കുമ്പോൾ കേട്ടറിവ് വെച്ച് സുകുമാരക്കുറുപ്പിനോട് സാദൃശ്യമുണ്ട്. ശരീരം മുഴുവൻ പെട്രോൾ പോലെ എന്തോ ഇന്ധനം ഒഴുകി തീപിടിച്ചതിന്റെ ലക്ഷണം. സാധാരണ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിക്കുമ്പോൾ ഡ്രൈവറുടെ ദേഹത്ത് പെട്രോൾ ആകാറില്ല. കാറിന്റെ ഡോർ അകത്തുനിന്നു തുറക്കാൻ കഴിയാത്ത വിധം ജാമായിട്ടുമില്ല.
ശ്വാസകോശവും ശ്വാസനാളിയും തുറന്നു പരിശോധിച്ചപ്പോൾ കരിയുടെ തരിപോലും ഉള്ളിൽ കണ്ടെത്താൻ കഴിഞ്ഞില്ല. അതായത് കാറിനു തീപിടിക്കുമ്പോൾ ഡ്രൈവർക്കു ശ്വാസമുണ്ടായിരുന്നെങ്കിൽ കരിയും പുകയും ഉള്ളിൽ കടന്നേനെ. ഡ്രൈവറെ മരണത്തിനു ശേഷമാണ് കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുത്തിയതെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തി.
ആമാശയം പരിശോധിച്ചപ്പോൾ രൂക്ഷഗന്ധം കലർന്ന മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ മരണകാരണം വ്യക്തമായി. എല്ലുകളും പല്ലുകളും പരിശോധിച്ചപ്പോൾ കൊല്ലപ്പെട്ടയാളുടെ ഉയരം 180 സെന്റിമീറ്ററാണെന്നും പ്രായം 30–35 വയസ്സാണെന്നും വ്യക്തമായി.
ഇതോടെ അന്വേഷണം അടുത്ത ബന്ധുക്കളെ ലക്ഷ്യമിട്ടു മുന്നേറി. വിദേശത്തു ശത്രുക്കളുള്ള സുകുമാരക്കുറുപ്പിനെ അവരിൽ ആരോ കൊലപ്പെടുത്തി കാറിലിട്ടു കത്തിച്ചെന്നു പോലീസിൽ പരാതിപ്പെട്ടത് സുകുമാരക്കുറുപ്പിന്റെ ഭാര്യാ സഹോദരിയുടെ ഭർത്താവ് ഭാസ്കരപിള്ളയാണ്.
ഡി വൈ എസ് പി ഹരിദാസ് വിളിച്ചുവരുത്തിയപ്പോൾ വെള്ള മുണ്ടും മുഴുക്കെ വെള്ള ഷർട്ടും ധരിച്ച് കൈ അഴിച്ചിട്ടു ബട്ടൻസ് പൂട്ടിയ രീതിയിലാണ് സ്റ്റേഷനിലെത്തിയത്. ഹരിദാസിനെ കണ്ടപാടെ കൈകൂപ്പി വണങ്ങി ആരും നിർദേശിക്കാതെ തന്നെ പോലീസ് സ്റ്റേഷന്റെ മൂലയിലേക്ക് മാറി പതുങ്ങി നിന്നു. ഇതു പോലീസ് സ്റ്റേഷനിൽ കയറുമ്പോൾ കുറ്റവാളികൾ പ്രകടിപ്പിക്കുന്ന ശരീരഭാഷയാണ്. ഭാസ്കരപിള്ളയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഹരിദാസ് അയാളോട് ഷർട്ടിന്റെ കൈകൾ മുകളിലേക്ക് തെറുത്തു കയറ്റാൻ നിർദേശിച്ചു. രണ്ടു കൈകളിലും പൊള്ളലേറ്റിരിക്കുന്നു.
അയാൾ പൊട്ടിക്കരഞ്ഞുകൊണ്ടു കുറ്റസമ്മതം നടത്തി: ‘സർ സ്വത്തുക്കൾ തട്ടിയെടുക്കാൻ സുകുമാരക്കുറുപ്പിനെ കൊന്നതു ഞാനാണ്.’
മരിച്ചതു സുകുമാരക്കുറുപ്പല്ലെന്ന് ഏതാണ്ട് ഉറപ്പാക്കിയിരുന്ന പോലീസ് ഭാസ്കരപിള്ളയെ വിരട്ടി ചോദ്യം ചെയ്തപ്പോൾ തുറന്നുപറഞ്ഞ സത്യങ്ങളാണ് ഇന്നു നമുക്കറിയാവുന്ന ‘സുകുമാരക്കുറുപ്പ് കേസ്’.
ഫോറൻസിക് മെഡിസിൻ അടിസ്ഥാനമാക്കി പല കേസുകൾക്കും തുമ്പുണ്ടാക്കുന്നതിൽ കേരള പോലീസിനെ ഡോക്ടർ ബി ഉമാദത്തൻ സഹായിച്ചിട്ടുണ്ട്. ഫോറൻസിക് വിഷയത്തോടുള്ള ഉമാദത്തന്റെ അതീവ താത്പര്യം പുസ്തകത്തിലുടനീളം ഓരോ കേസ് അന്വേഷണത്തിലും നമുക്ക് കാണാൻ സാധിക്കും.
തലയോട്ടികളിൽനിന്നും മുഖം ശാസ്ത്രീയമായി രൂപകൽപ്പന ചെയ്യാറുണ്ട്. എന്നാൽ പാദത്തിന്റെ അസ്ഥികളിൽ നിന്നും പാദം സൃഷ്ടിച്ചു പാദരക്ഷകളുമായി യോജിക്കുന്നുണ്ടോ എന്ന പരീക്ഷണം ഇന്ത്യയിൽ ആദ്യമായി ചെയ്തത് ഡോക്ടർ ബി ഉമാദത്തനാണ്. ഒരു ഫൊറൻസിക് സർജന് മാത്രമല്ല, ഓരോ പോലീസ് ഉദ്യോഗസ്ഥന്മാർക്കും അഭിഭാഷകർക്കും മെഡിക്കൽ വിദ്യാർഥികൾക്കും തീർച്ചയായും ഈ പുസ്തകം വളരെ ഉപകാരപ്രദമാകും. ഡി സി ബുക്സാണ് പ്രസാധകർ. പേജ് 292 . വില 279 രൂപ.