Cover Story
കൈവിടില്ല ഞാൻ ഈ ഗാന്ധിക്കാഴ്ച
ഓരോ ഓർമകൾക്കും ഓരോ കാലത്തും അതാതിന്റെതായ ഇതിഹാസങ്ങൾ രൂപപ്പെടുത്താനാകും എന്ന് എഴുതിയത് ക്രിസ് മാർക്കർ ആണ്. നാല് നാളുകൾക്കപ്പുറം നമ്മെ തേടിയെത്തുന്ന ഒരോർമ ദിവസവും ആ മനുഷ്യന്റെ ഓർമകളും സമ്മാനിച്ചതിലും മികച്ച ഇതിഹാസങ്ങൾ, നമ്മൾ ഭാരതീയർ നമുക്ക് തന്നെയോ ലോകത്തിനോ സമ്മാനിച്ചിട്ടുണ്ടാകില്ല. മഹാത്മാഗാന്ധിയുടെ ഓർമകൾ നിരന്തരം പുതുക്കുകയും അദ്ദേഹത്തിന്റെ സ്മൃതിസ്തൂപങ്ങളെ കരുതലോടെ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന ഒറ്റ വായനയിൽ തന്നെ അത്ഭുതവും ആദരവും ജനിപ്പിക്കുന്ന ജന്മങ്ങൾ എത്രയോ ഏറെയുണ്ട്, ലോകത്തെവിടെയും. നമ്മുടെ ഈ കൊച്ചു കേരളത്തിലും.
“കണ്ണിന് പകരം കണ്ണ് എന്ന് ചിന്തിച്ചാൽ ലോകം അന്ധമായി പോകും” എന്ന് വിശ്വസിച്ച വട്ടക്കണ്ണട ധരിച്ച ഒരു മഹാമനീഷി ഈ ലോകത്ത് കാലത്തിനും മുന്നേ സഞ്ചരിച്ചു. തന്റെ ശരീരത്തിന്റെ തന്നെ ഭാഗമായി മാറിയ വട്ടക്കണ്ണടയിലൂടെ ലോകത്തെ മുഴുക്കെ മനോഹരമായ ഒരു കാഴ്ചയായി കാണാൻ ആ അഹിംസാവാദി ശീലിച്ചിരുന്നു. ആ കണ്ണടക്ക് പോലും ചിരന്തനമായ ഒരോർമക്കടലായി മാറുന്ന കഥകൾ മാലോകരോടൊക്കെയും പറയാനുണ്ടെന്നത് അതിമനോഹരമായ ഒരു കാവ്യനീതിയത്രേ. എഴുപത് വർഷങ്ങൾക്കിപ്പുറവും അങ്ങ് ലണ്ടൻ മുതൽ ഇങ്ങ് കേരളത്തിലെ ആലപ്പുഴ വരെ നീളുന്നുണ്ട്, ആ കഥകളും കഥപറച്ചിലുകളും.
ലണ്ടനിൽ ഗാന്ധിജിയുടെ
കണ്ണട ലേലത്തിന്
ബ്രിസ്‌റ്റോളിലെ ലേല കമ്പനിയിൽ ഈ വർഷം ആഗസ്റ്റിൽ മഹാത്മാഗാന്ധി ഉപയോഗിച്ചതെന്ന് വിശ്വസിക്കുന്ന കണ്ണട പതിനാല് ലക്ഷം രൂപക്ക് ലേലത്തിന് വെക്കാൻ തീരുമാനിച്ചിരുന്നു. ബ്രിസ്‌റ്റോളിലെ ലേല കമ്പനിയുടെ ലെറ്റർബോക്‌സിൽ ഒരു കവറിനുള്ളിലാക്കി നിക്ഷേപിച്ച നിലയിലാണ് ആദ്യം കണ്ണട കണ്ടെത്തിയത്. കൂടെ ഒരു കുറിപ്പുമുണ്ടായിരുന്നു. “ഇത് ഗാന്ധിയുടെ കണ്ണടയാണ്. എന്റെ അമ്മാവൻ എനിക്ക് തന്നതാണ്” എന്നായിരുന്നു കുറിപ്പിൽ.
കണ്ണടയുടെ മൂല്യം തിരിച്ചറിഞ്ഞ ലേല കമ്പനി നടത്തിപ്പുകാരനായ ആൻഡി സ്‌റ്റോവ് ഉടമയെ ബന്ധപ്പെടുകയായിരുന്നു. പ്രദേശവാസിയായ ഒരു വയോധികനായിരുന്നു കണ്ണടയുടെ ഉടമ. തന്റെ അമ്മാവൻ ദക്ഷിണാഫ്രിക്കയിൽ ജോലി ചെയ്ത സമയത്ത് ഗാന്ധിജി സമ്മാനിച്ചതാണ് ഈ കണ്ണടയെന്ന് ഉടമ പറഞ്ഞു. തങ്ങൾ കണ്ണട പരിശോധിച്ചതായും അതിന്റെ കാലഘട്ടവും ഉടമ പറഞ്ഞ കാര്യവും ശരിയാണെന്ന് ബോധ്യപ്പെട്ടതായും ലേലക്കാരൻ പറയുന്നു. ഇതിന് വിലയൊന്നും ലഭിക്കില്ലെങ്കിൽ ചവറ്റുകുട്ടയിലേക്ക് കളഞ്ഞേക്കൂവെന്നാണ് ഉടമ ആദ്യം പറഞ്ഞത്. അയാൾക്ക് ഇതിന്റെ മൂല്യത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല -സ്‌റ്റോവ് പറഞ്ഞു.
ജോസഫ് ജെ പാലത്രയുടെ
കൈയിലെ നിധി
ഇങ്ങ്, കൊച്ചു കേരളത്തിലെ ആലപ്പുഴയിൽ ജീവിക്കുന്ന ജോസഫ് ജെ പാലത്ര എന്ന മനുഷ്യൻ അതിരുകളില്ലാത്ത അഭിമാനബോധത്തോടെ, ആകാശം മുട്ടുന്ന ആത്മഹർഷങ്ങൾ പങ്കുവെച്ചു കൊണ്ട് ആവർത്തിച്ചാവർത്തിച്ച് ഉരുവിടുന്നു. “മറ്റൊരാൾക്കും കൊടുക്കില്ല, ഞാനിത്. എന്റെ കാലശേഷം എന്റെ പിന്മുറക്കാർ സൂക്ഷിക്കും. ഒരു പൈതൃകസ്വത്തായി തലമുറകൾക്കിത് കൈമാറും.” അതൊരു വീൺവാക്കല്ലെന്ന് നമുക്കും ബോധ്യമാകും. ലക്ഷങ്ങൾ വില പറഞ്ഞിട്ടും പുരാവസ്തു വകുപ്പ് ഏറ്റെടുക്കാം എന്ന് പറഞ്ഞിട്ടും ഇന്നോളമത് വിട്ടുകൊടുക്കാൻ ജോസഫ് തയ്യാറായിട്ടില്ല. ഒരു നിധി പോലെ അല്ല ഒരു നിധിയായി തന്നെ കാത്തുസൂക്ഷിക്കുമെന്ന് ജോസഫ് പാലത്തറ പറയുന്നത്, മുപ്പത്തിയെട്ട് വർഷങ്ങൾക്കു മുമ്പ് അപ്രതീക്ഷിതമായി തന്റെ കൈകളിൽ എത്തിച്ചേർന്ന ഇടത് വശത്തെ ചില്ല് പൊട്ടിയ വെള്ളി ഫ്രെയിം ഉള്ള ഒരു വട്ടക്കണ്ണടയെ കുറിച്ചാണ്.
ബോംബെക്കാരൻ നാരിയൽ വാല ആലപ്പുഴയിലുള്ള തന്റെ കൊപ്രക്കച്ചവടം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങാൻ തീരുമാനിച്ചപ്പോൾ പ്രിയപ്പെട്ട കൂട്ടുകാരനായ ജോസഫ് പാലത്രക്ക് ഓർമക്കായി നൽകിയത് കാലാതിവർത്തിയായ ഒരമൂല്യ സമ്മാനമായിരുന്നു. ഇടതു വശത്തെ ചില്ല് പൊട്ടിയ വെള്ളി ഫ്രെയിമുള്ള ഒരു വട്ടക്കണ്ണട. ഭാരതത്തിന്റെ രാഷ്ട്രപിതാവിന് സമരവീഥികളിലേക്ക് വഴിതെളിച്ച അതേ കണ്ണട.!
93 വർഷങ്ങൾക്ക് മുമ്പ് 1927 ഒക്ടോബർ 12ന് ഗാന്ധിജി ആലപ്പുഴയിൽ സന്ദർശനം നടത്തിയതിന്റെ സ്മാരകം കൂടിയാണ് ഈ കണ്ണട. അന്ന് ഗാന്ധിജി വിശ്രമിച്ചിരുന്നത് ആലപ്പുഴയിൽ കൊപ്ര വ്യാപാരിയായിരുന്ന മുംബൈ സ്വദേശി നവറോജി സേട്ടിന്റെ ബംഗ്ലാവിലായിരുന്നു. ഇവിടെ വെച്ചു കണ്ണട താഴെ വീണു ഒരു ചില്ല് പൊട്ടുകയുണ്ടായത്രേ. ഈ കണ്ണട ഇവിടെ സേട്ടിനെ ഏൽപ്പിച്ച് മറ്റൊരു കണ്ണട വാങ്ങി ഗാന്ധിജി പോയെന്നാണ് സേട്ടിന്റെ പിൻഗാമികളിൽ നിന്ന് കിട്ടിയ വിവരം. തലമുറകൾ കൈമറിഞ്ഞെത്തിയ കണ്ണട സേട്ടിന്റെ ചെറുമകൻ സി എൻ നാരിയൽവാലയിലേക്കും അവിടെ നിന്ന് അദ്ദേഹത്തിന്റെ കൂട്ടുകാരൻ ജോസഫിലേക്കും എത്തിപ്പെട്ടു. കരഗതമായ സമ്മാനത്തിന്റെ മൂല്യം നിർണയിക്കാനാകാത്തതാണെന്ന് തിരിച്ചറിഞ്ഞ ജോസഫ് ആ കണ്ണട ബേങ്ക് ലോക്കറിലാണ് സൂക്ഷിക്കുന്നത്.
മഹാമനീഷിയുടെ
മഹത്തായ ശേഷിപ്പ്
തലമുറകൾക്ക് കൈമാറാനും ഏതൊരു ദശാസന്ധിയിലും ഒന്നിനും വേണ്ടിയും ഉപേക്ഷിക്കപ്പെടരുതെന്നും സ്വയം നിഷ്‌കർഷിച്ച് അമൂല്യ നിധിയായി ഒരു വട്ടക്കണ്ണട സൂക്ഷിക്കപ്പെടുന്ന വാർത്തക്ക് കാതോർക്കുമ്പോൾ, അക്ഷരങ്ങളാൽ സാക്ഷിയാകുന്ന വൈയക്തികമായ ഒരു സൗഭാഗ്യത്തിന്റെ ആത്മഹർഷം ആത്മാർഥമായി അനുഭവിക്കാനാകുന്നത്, ഗതികെട്ട് തുടങ്ങിയ വർത്തമാനകാലത്തിൽ നിറയൊഴിക്കപ്പെട്ടവർ വീഴ്ത്തപ്പെടുകയും നിറയൊഴിച്ചവർ വാഴ്ത്തപ്പെടുകയും ചെയ്യുന്നതിന് കൂടി ദൃക്സ്സാക്ഷിയാകേണ്ടി വരുന്ന ഒരു തലമുറയുടെ പ്രതിനിധിയായത് കൊണ്ടു കൂടിയാണ്.
രാഷ്ട്രത്തെയും രാഷ്ട്രസ്തംഭങ്ങളെയും പ്രതീകങ്ങളെയും നെഞ്ചേറ്റുകയും കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന ആലപ്പുഴക്കാരൻ ജോസഫ് ജെ പാലത്രയുടെ പിൻഗാമികൾ രാജ്യത്ത് എമ്പാടുമുണ്ടാകാം. അവരെല്ലാം തങ്ങളിൽ വന്നു ചേർന്ന അടയാളചിഹ്നങ്ങളെ കാലത്തിനു പോലും കൈമോശം വരുത്താനാകരുതെന്ന് സ്വയം പ്രതിജ്ഞ ചൊല്ലി പുതുക്കുന്നുമുണ്ടാകാം. ഉണ്ടാകണം. ഉണ്ടാകട്ടെ. അങ്ങനെ ചില ചിഹ്നങ്ങളെയും ആളുകളെയും നമുക്ക് ഇനിയും കണ്ടുമുട്ടേണ്ടതുണ്ട്. കാലം അതാവശ്യപ്പെടുന്നു. ഇന്ത്യ എന്ന മഹാരാജ്യവും.
.