Connect with us

Articles

ഹൃദയത്തോട് അകലം പാലിക്കരുത്

Published

|

Last Updated

മനുഷ്യരാശിയെ മുഴുവൻ ദുരിതത്തിലാഴ്ത്തി കൊറോണ വൈറസ് അഥവാ കൊവിഡ് 19 രോഗബാധിതർ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ നാം അതീവ ശ്രദ്ധാലുക്കളായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സാമൂഹിക പ്രതിബദ്ധതയുള്ള ഓരോ മനുഷ്യനും അതിനായി പരിശ്രമിക്കേണ്ടതുണ്ട്.

ഈ സാഹചര്യത്തിൽ ഒരു ഹൃദയദിനം കൂടി കടന്നുവന്നിരിക്കുന്നു. വരാനിരിക്കുന്ന രോഗത്തെക്കുറിച്ച് നാം ഓരോരുത്തരും അത്യധികം ജാഗരൂകരാണ് എന്നതിൽ സംശയമില്ല. ശ്രദ്ധ വളരെ നല്ലതാണ്. സാമൂഹിക അകലം ഒരിക്കലും ഹൃദയത്തോടുള്ള അകലം ആവരുത് എന്ന് മാത്രം. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത് ഇന്ന് ലോകത്ത് പ്രതിവർഷം മരണപ്പെടുന്നവരിൽ 31 ശതമാനം ആളുകളും ഹൃദ്രോഗികളാണെന്നാണ്. മഹാമാരിയുടെ മറവിൽ പല ഹൃദ്രോഗികൾക്കും ചികിത്സ ലഭിക്കുന്നില്ല എന്നത് അത്യധികം വേദനാജനകമായ കാര്യം തന്നെ.

ഹൃദയാഘാതം സംഭവിച്ച ഒരു രോഗിക്ക് ആദ്യത്തെ ഒരു മണിക്കൂർ ഗോൾഡൻ ഹവർ ആണ്. ആ നിശ്ചിത സമയത്ത് രോഗിക്ക് കിട്ടേണ്ട ചികിത്സക്ക് ഒരു ജീവന്റെ വിലയുണ്ട്. ചികിത്സ വൈകിയാൽ മരണം വരെ സംഭവിച്ചേക്കാവുന്ന ഇത്തരം രോഗികൾക്ക് വേണ്ട പരിഗണന ഈ കൊവിഡ് കാലത്തും നാം നൽകേണ്ടതുണ്ട്. മുന്പ് കൃത്യമായി നടത്തവും വ്യായാമവും ശീലമാക്കിയ പലരും ഇന്ന് കൊറോണ ഭീതിയിൽ അത് ചെയ്യുന്നില്ല. വീട്ടിലിരുന്ന് വ്യായാമം ചെയ്യാൻ നാം പരിശീലന കേന്ദ്രങ്ങളെയോ ബോഡി ബിൽഡിംഗ് സെന്ററുകളെയോ ആശ്രയിക്കേണ്ടതില്ല. അതുപോലെ വീട്ടിൽ വെറുതെ ഇരിപ്പാണെന്ന് വെച്ച് ഭക്ഷണം വാരി വലിച്ചു കഴിക്കാതിരിക്കുക. കിട്ടുന്നതെന്തും കഴിക്കുന്ന പ്രകൃതക്കാരാണ് നമ്മൾ. എന്തു കഴിക്കണമെന്നതിനെക്കുറിച്ചും എങ്ങനെ കഴിക്കണമെന്നതിനെപ്പറ്റിയും ചില പ്രകൃതി നിയമങ്ങളുണ്ട്. പ്രകൃതി നമുക്കു വേണ്ടി ഒരുക്കുന്ന ആഹാരമാണോ നാം കഴിക്കുന്നത്. വായക്ക് രുചിയുണ്ടെന്ന് തോന്നുന്നതെന്തും മൂക്കറ്റം കഴിക്കുന്ന നിലപാട് മാറ്റേണ്ടിയിരിക്കുന്നു. ഓരോ ജീവിക്കും അനുയോജ്യമായ ആഹാരം പ്രകൃതി ഒരുക്കുന്നുണ്ട്.

മാംസ്യം, അന്നജം, കൊഴുപ്പ്, ധാതുലവണങ്ങൾ, ജീവകങ്ങൾ എന്നീ ഘടകങ്ങൾ നിശ്ചിത അനുപാതത്തിൽ അടങ്ങുന്ന സമീകൃത ആഹാരമാണ് നാം കഴിക്കേണ്ടത്. ഈ അനുപാതത്തിന്റെ അളവ് തെറ്റിയാൽ ശരീരത്തിനതൊരു ഭീഷണിയാകും. ആവശ്യത്തിലധികം ആഹരിക്കുന്പോൾ അമിത കൊളസ്്ട്രോളും പ്രമേഹവും പൊണ്ണത്തടിയും അനുബന്ധ രോഗങ്ങളും ഉണ്ടാകുന്നു. ഭക്ഷണം കഴിക്കുന്നതിൽ മിതത്വം പാലിക്കുക എന്നത് എപ്പോഴും വളരെ മുഖ്യമാണ്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുന്നതാണ് ഹൃദയത്തിനും നമുക്കും നല്ലത്. ജീവിതത്തിലെ വിജയങ്ങളിൽ അതിയായി സന്തോഷിക്കുകയും പ്രയാസങ്ങളിൽ തകർന്നുപോകുന്ന പ്രകൃതക്കാരുമാണ് നമ്മളിൽ പലരും. കൊവിഡ് കാലം സാന്പത്തികമായും മാനസികമായും നമ്മെ തളർത്തുന്പോൾ പുകവലി, മദ്യപാനം തുടങ്ങിയ ലഹരി പദാർഥങ്ങളില്‍ പരിഹാരം കണ്ടെത്താതിരിക്കുക. അതും നമ്മുടെ ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കും.

ആയതിനാല്‍ ആരോഗ്യമുള്ള നാളെക്കായി നമുക്ക് മാനസിക സങ്കര്‍ഷങ്ങളെ നിയന്ത്രണ വിധേയമാക്കാം,
കണ്ടെയ്ൻമെന്റ്, ക്വാറന്റൈന്‍ എന്നീ വാക്കുകള്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയപ്പോൾ എന്നും നമ്മുടെ ജീവിതത്തിന്റെ ഭാഗമായ ഹൃദയത്തെ വിസ്മരിച്ചുകൂടാ. ഒന്നോര്‍ക്കുക, കൊറോണ വൈറസ് ബാധിതരില്‍ “ഹൈ റിസ്ക്ക്” ഗണത്തിൽപ്പെടുന്നവരാണ് ഹൃദ്രോഗികൾ. ആ ഉപബോധം ഹൃദയ പരിചരണത്തിനു ഭീഷണിയാകുന്നു എന്നതാണ് വസ്തുത. അതായത് ഹൃദ്രോഗികള്‍ മറ്റുള്ളവരെക്കാള്‍ ശ്രദ്ധിക്കണം, ആശുപത്രികള്‍ രോഗശമനത്തിന്റെ കേന്ദമായി കണ്ട പലരും ഇന്ന് ഭീതിയോടെയും രോഗ സംക്രമണ കേന്ദ്രമെന്ന നിലയിലുമാണ് ആശുപ്രതികളെ കണ്ടുവരുന്നത്. ഭയമല്ല, ജാഗ്രതയാണ് വേണ്ടത്.

ആ ഭീതി ഒരിക്കലും ഹദോഗികളില്‍ ഉണ്ടാക്കാതിരിക്കുക. ഇന്നത്തെ സാഹചര്യത്തിൽ ഹൃദ്രോഗങ്ങളോടുള്ള നമ്മുടെ അവഗണന വലിയ ദോഷം ചെയ്യും, പലര്‍ക്കും ഹൃദ്രോഗങ്ങളെ കുറിച്ചുള്ള അജ്ഞതയാണ് ഇതിനു കാരണം. അത് നമ്മുടെ ഉറ്റവരുടെ ജീവന്‍ വരെ നഷ്ടപ്പെടുത്തിയേക്കാം. ചെറിയ നെഞ്ചിലുണ്ടാവുന്ന അസ്വസ്ഥതകളെ ഇന്നലെ കഴിച്ച ആഹാരം കൊണ്ടുണ്ടായ gatsritis ആയോ ചെറുതല്ലേ കുഴപ്പമില്ലാ. ഈസമയത്ത് ആശുപത്രിയില്‍ പോവുന്നതാണ് മണ്ടത്തരം എന്നൊക്കെ വിചാരിച്ച് സ്വയം ചികിത്സിക്കാന്‍ നില്‍ക്കാതിരിക്കുക. അത് അപകടമാണ്. ആ ചെറിയ വേദന നാളെ നിങ്ങളെ ഒരു അപകടകരമായ അവസ്ഥയില്‍ എത്തിച്ചേക്കാം, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിങ്ങള്‍ ഒരു വിദഗ്ധ പരിശോധന നടത്തുകയും ഹൃദയം ആരോഗ്യപൂര്‍ണമാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക. ഓരോ ഹൃദയത്തിനും ഹൃദ്യമായ പരിചരണം ആവശ്യമാണ്.

നമ്മുടെ ആരോഗ്യം നമുക്കെന്നെ പോലെ നമ്മെ സ്‌നേഹിക്കുന്നവര്‍ക്കും പ്രാധാന്യമുള്ളതാണ്. ആയതിനാല്‍ ഹൃദയത്തെ അവഗണിക്കാതെ, ഹൃദയ പരിപാലനം ഈ കൊവിഡ് കാലത്തും നമുക്ക് പ്രാവര്‍ത്തികമാക്കാം. എല്ലാവര്‍ക്കും ലോക ഹൃദയ ദിനത്തില്‍ ഹൃദയാരോഗ്യം നേരുന്നു.

(മെട്രോംഡ് ഇന്റര്‍നാഷനല്‍ കാര്‍ഡ്യാക് സെന്റര്‍ ചീഫ് കാര്‍ഡിയോളജിസ്റ്റാണ് ലേഖകൻ)

ചീഫ് കണ്‍സൾട്ടന്റ് ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റ് (എം കെ എച്ച് മെട്രോ കാര്‍ഡിയാക് സെന്റര്‍, എം കെ ഹാജി ഓര്‍ഫനേജ് ഹോസ്പിറ്റല്‍ തിരൂരങ്ങാടി

Latest