Connect with us

Editors Pick

'നീതിയാണ് അഹിംസയുടെ പ്രഥമ മാനദണ്ഡം'

Published

|

Last Updated

“ജീവിതത്തിന്റെ നാനാതുറകളിലുമുള്ള നീതിയാണ് അഹിംസയുടെ പ്രഥമ മാനദണ്ഡം”- എം കെ ഗാന്ധി

നീതി! വര്‍ത്തമാനകാല ഇന്ത്യാരാജ്യത്ത് ഈ വാക്കിന് ഏറെ അര്‍ഥവിശാലതയും വൈകാരികതയുമുണ്ട്. ഇന്ത്യയുടെ ആത്മാവിനോട് പുലര്‍ത്തേണ്ട നീതി, ജനാധിപത്യത്തോടും മതേതരത്വത്തോടും പ്രകടിപ്പിക്കേണ്ട നീതി, മതന്യൂനപക്ഷങ്ങളോടുള്ള നീതി, കര്‍ഷകരോടുള്ള നീതി തുടങ്ങി വിവിധ മണ്ഡലങ്ങളില്‍ അനീതി കൊടികുത്തിവാഴുന്ന പശ്ചാത്തലത്തിലേക്കാണ് ഈ വര്‍ഷവും ഗാന്ധിജയന്തി ആഗതമാകുന്നത്.

കോടതികളില്‍ നിന്ന് പോലും നീതി പ്രതീക്ഷിക്കാനാകാത്ത വിധം സാധാരണ മനുഷ്യര്‍ കൂടുതല്‍ ഭഗ്നാശരാകുന്ന സ്ഥിതിവിശേഷം ഒരു വശത്തും ഗാന്ധിജിയെന്നും നെഞ്ചേറ്റിയ കര്‍ഷകരോട് വ്യവസ്ഥിതി ചെയ്യുന്ന കൊടിയ വഞ്ചനകള്‍ മറുവശത്തുമായി ഇന്ത്യയുടെ ആത്മാവ് ഏറെ മുറിപ്പെടുന്ന കാഴ്ചയാണ് ഗാന്ധിജയന്തി ദിനത്തില്‍ കാണാനാകുന്നത്. രാജ്യത്തിന്റെ മതേതരത്വത്തിന് വിള്ളലേറ്റ ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ സി ബി ഐ പ്രത്യേക കോടതിയുടെ വിധിയാണ് ഒടുവില്‍ നീതിന്യായ വ്യവസ്ഥയെ തന്നെ കൊഞ്ഞനംകുത്തുന്ന തരത്തില്‍, ഗാന്ധി ജയന്തി ദിനം ആഗതമാകുന്നതിന്റെ രണ്ട് ദിവസം മുമ്പ് രാജ്യത്തുണ്ടായത്.

ചില കേസുകളില്‍ കോടതികള്‍ പ്രകടിപ്പിക്കുന്ന തുല്യതയില്ലാത്ത വിധേയത്വും പക്ഷപാതിത്വവും വെളിപ്പെടുന്ന ഒരിന്ത്യന്‍ സാഹചര്യവും കൂടിയുണ്ട്. നീതിയുടെ പ്രകാശഗോപുരങ്ങളാകേണ്ട, സാധാരണക്കാരുടെ അവസാന അഭയകേന്ദ്രമായ കോടതികള്‍ക്ക് ഇങ്ങനെ മൂല്യച്യുതി സംഭവിക്കുന്നത് തീര്‍ച്ചയായും ആശ്വാസ്യകരമല്ല. ഗാന്ധിജി ജീവിതത്തിലുടനീളം പ്രകടിപ്പിച്ച ഉന്നതമായ നീതിമൂല്യത്തിന്റെ നഗ്നമായ ലംഘനമാണ് പലപ്പോഴും പ്രത്യേകിച്ച്, ഈയടുത്ത കാലത്ത് രാജ്യത്ത് സംഭവിക്കുന്നത്.

ഗ്രാമങ്ങളിലാണ് രാജ്യത്തിന്റെ വികസനമെന്ന് പ്രഘോഷിച്ച ഗാന്ധിജിയുടെ ജീവിതമൂല്യം പക്ഷേ കര്‍ഷകരുടെ കാര്യം വരുമ്പോള്‍ ഭരണാധികാരികള്‍ മറക്കുന്നു എന്നതിന്റെ നിദര്‍ശനമാണ് ഹരിയാനയിലും പഞ്ചാബിലും യു പിയിലും ഡല്‍ഹിയിലുമൊക്കെയുള്ള തെരുവുകളില്‍ ഉയരുന്ന കര്‍ഷകരോഷം. രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരുടെ വയറ്റത്തടിക്കുന്ന ബില്ലുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ പാര്‍ലിമെന്റ് പാസ്സാക്കിയതും രാഷ്ട്രപതി ഒപ്പുവെച്ച് നിയമമാക്കിയതും. രാജ്യത്തിന്റെ ഭക്ഷ്യഭദ്രതയെ പോലും ബാധിക്കുന്ന ഒരുപക്ഷേ കാര്‍ഷികരംഗവും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതികൊടുക്കുന്ന തരത്തിലാണ് പാര്‍ലിമെന്റിനെ/ ജനതയെ നോക്കുകുത്തിയാക്കി ബില്ലുകള്‍ ചുട്ടെടുത്തത്. ആരുടെ താത്പര്യത്തിനാണ് ഭരണകൂടം മുന്തിയ പരിഗണന നല്‍കുന്നതെന്ന കൃത്യമായ ചൂണ്ടുപലകകളാണവ.

ഇതിനെതിരെ കര്‍ഷകര്‍ ഇന്ത്യ കണ്ട എക്കാലത്തേയും വലിയ പ്രക്ഷോഭത്തിലാണ്. അതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട ഒന്നാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭവും. ഗാന്ധിയന്‍ മാര്‍ഗത്തിലുള്ള രണ്ട് സമരങ്ങളും നല്‍കുന്ന സന്ദേശം നിലനില്‍പ്പിന്റെതാണ്. കൊവിഡ് മഹാമാരി കാരണം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം പ്രത്യക്ഷത്തില്‍ ഇപ്പോഴില്ലെങ്കിലും കഴിഞ്ഞ ഗാന്ധിജയന്തിക്ക് ശേഷം ഉടലെടുത്ത രാജ്യത്തെ വലിയൊരു സമരം തന്നെയായിരുന്നു അത്. മാത്രമല്ല, ഡല്‍ഹിയില്‍ ന്യൂനപക്ഷ വംശഹത്യയുമുണ്ടായി. എന്നാല്‍, ഇരകള്‍ പിന്നെയും പിന്നെയും വ്യവസ്ഥിതിയാല്‍ അരിഞ്ഞുവീഴ്ത്തപ്പെടുന്ന ഒരു സാഹചര്യവുമുണ്ടായി. തികച്ചും പക്ഷപാതിത്വപരമായി പെരുമാറുന്ന ഡല്‍ഹി പോലീസിനെ നാം കണ്ടു.

ആകയാല്‍, ഈ വര്‍ഷത്തെ ഗാന്ധിജയന്തി ഗാന്ധിജി മുന്നോട്ടുവെച്ച മൂല്യങ്ങളുടെ നഗ്നലംഘനമാണെന്ന സുതരാം വ്യക്തമാകുന്നു. ഗാന്ധിജിയുടെ സന്ദേശങ്ങളും ജീവിതവും ചരിത്രപുസ്തകങ്ങള്‍ മാത്രം ഒതുങ്ങുന്ന ചില്ലുകൂടുകളില്‍ വെക്കാനാകുന്ന സംഹിതയായി മാത്രം മാറുന്നു. ഇന്ത്യന്‍ ഭരണകൂടത്തിന്റെ നിത്യപ്രവര്‍ത്തനങ്ങളില്‍ നിഴലിക്കേണ്ട ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ വെറും മുദ്രാവാക്യങ്ങളില്‍ മാത്രം ഒതുക്കപ്പെടുന്ന കാഴ്ചയാണ് നിര്‍ഭാഗ്യവശാല്‍ സമകാലീന രാജ്യത്തുള്ളത്.