Connect with us

National

കാര്‍ഷിക ബില്ലിനെതിരായ മാര്‍ച്ചിനിടെ മുന്‍ കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ അറസ്റ്റില്‍

Published

|

Last Updated

ചണ്ഡീഗഡ് | പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച രാത്രി ചണ്ഡീഗഡില്‍ മാര്‍ച്ച് നടത്തിയ മുന് കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദലിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കര്‍ഷക ബില്ലില്‍ പ്രതിഷേധിച്ച് ശിരോമണി അകാലി ദള്‍ സംഘടിപ്പിച്ച മാര്‍ച്ചിനിടെയാണ് സംഭവം. രാത്രി 11.30ഓടെയാണ് ഹര്‍സിമ്രത് കൗറിനെ വിട്ടയച്ചത്.

കര്‍ഷകരുടെ ശബ്ദം ഉയര്‍ത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ടുവെന്നും എന്നാല്‍ അവര്‍ക്ക് ഞങ്ങളെ നിശ്ശബ്ദരാക്കാന്‍ കഴിയില്ലെന്നും കൗര്‍ ട്വീറ്റ് ചെയ്തു. ഞങ്ങള്‍ സത്യം പിന്തുടരുന്നു, നമ്മുടെ ശക്തി പോലീസിന്റെ ശക്തി കൊണ്ട് നിശ്ശബ്ദമാക്കാനാകില്ല – അവര്‍ ട്വിറ്ററില്‍ വ്യക്തമാക്കി.

മുന്‍ കേന്ദ്ര മന്ത്രിയെ പോലീസ് വലയം ചെയ്യുന്നത് മാര്‍ച്ചിന്റെ ദൃശ്യങ്ങളില്‍ കാണാം. പാര്‍ട്ടി അനുകൂലികള്‍ അവരെ പോലീസ് വലയത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതും വ്യക്തമാണ്.

കാര്‍ഷിക ബില്ലിനെതിരെ വ്യാഴാഴ്ച മൂന്ന് കിസാന്‍ മാര്‍ച്ചുകളാണ് അകാലിദള്‍ നടത്തിയത്. അമൃത്സറില്‍ സുഖ്ബീര്‍ സിംഗ് ബാദലും ബത്തിന്‍ഡയില്‍ ഹര്‍സിമ്രത് കൗറും ആനന്ദ്പൂരില്‍ പ്രേം സിംഗ് ചന്ദുമജ്ര, ദല്‍ജിത് സിംഗ് ചീമ തുടങ്ങിയവരും കിസാന്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. മൂന്ന് റാലികളും ചണ്ഡീഗഡില്‍ വെച്ച് ഒന്നിക്കാനും പഞ്ചാബ് ഗവര്‍ണര്‍ വിപി സിംഗ് ബദ്‌നോരെക്ക് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിവേദനം നല്‍കാനുമായിരുന്നു പദ്ധതി. എന്നാല്‍ ചന്ധീഗഡില്‍ പ്രവേശിക്കുന്നതിന് മുമ്പ് മാര്‍ച്ച് പോലീസ് തടയുകയായിരന്നു.

കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ചാണ് ഹര്‍സിമ്രത് കൗര്‍ മന്ത്രിസ്ഥാനം രാജിവെച്ചത്. തുടര്‍ന്ന് അവരുടെ പാര്‍ട്ടി എന്‍ഡിഎ വിടുകയും ചെയ്തു. ശിവസേനയും തെലുങ്കുദേശം പാര് ട്ടിയും നേരത്തെ എന്‍ഡിഎ വിട്ടിരുന്നു.

Latest