International
അരുണാചല്‍ ഇന്ത്യയുടെ ഭാഗം; ചൈനീസ് അവകാശവാദങ്ങള്‍ തള്ളി അമേരിക്ക
വാഷിംഗ്ടണ്‍ | ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിനിടയില്‍, ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി അമേരിക്ക. ആറു പതിറ്റാണ്ടായി അരുണാചല് പ്രദേശിനെ ഇന്ത്യയുടെ ഭൂപ്രദേശമായാണ് യുഎസ് അംഗീകരിച്ചുവരുന്നതെന്ന് യുഎസ് വിദേശകാര്യ വക്താവ് പറഞ്ഞു. അരുണാചലിന്റെ മേല്‍ അവകാശവാദം ഉന്നയിച്ചുള്ള ഏതൊരു ഏകപക്ഷീയ ശ്രമങ്ങളെയും ശക്തമായി എതിര്‍ക്കുന്നുവെന്നും അമേരിക്ക വ്യക്തമാക്കി.
“ഏതാണ്ട് ആറു പതിറ്റാണ്ടായി അരുണാചല് പ്രദേശിനെ ഇന്ത്യയുടെ ഭാഗമായി അമേരിക്ക അംഗീകരിച്ചിട്ടുണ്ട്. സൈനികമോ സിവിലിയനോ ആയ കടന്നുകയറ്റങ്ങള്‍ വഴി, അതിര്‍ത്തിയില്‍ അവകാശവാദമുന്നയിക്കുവാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു”- മുതിര്‍ന്ന യുഎസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി.
അതിര്‍ത്തി തര്‍ക്കത്തില്‍ ഞങ്ങള്‍ക്ക് പറയാനുള്ളത്, ഇന്ത്യയും ചൈനയും അവരുടെ നിലവിലുള്ള ഉഭയകക്ഷി ചാനലുകള്‍ ഉപയോഗിക്കണമെന്നാണ്. സൈനിക ശക്തി പ്രയോഗിക്കുന്നതില്‍ നിന്ന് ഇരു രാജ്യങ്ങളും പിന്‍മാറണമെന്നും വക്താവ് വ്യക്തമാക്കി.
ദക്ഷിണ, കിഴക്കന്‍ ചൈനാ സമുദ്രാതിര്‍ത്തികളില്‍ ചൈനയും ഇന്ത്യയും ഭൂട്ടാനും അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തും, ചൈന ബലപ്രയോഗം നടത്തിയിരുന്നതായി പെന്റഗണ്‍ സെപ്റ്റംബറില്‍ പറഞ്ഞിരുന്നു.