Ongoing News
ഫിനിഷിംഗിൽ തളർന്ന് ധോനി; സൺറൈസേഴ്സിനെതിരെ ചെന്നൈക്ക് തോൽവി
ദുബൈ | ധോനിയുടെ ഫിനിഷിംഗ് മാജിക്ക് കാത്തിരുന്ന ചെന്നൈ ആരാധകർക്ക് നിരാശ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മൂന്നാം തോൽവി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഏഴ് റണ്‍സിന്‌റെ ജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. മറുപടി ബാറ്റിഗിനിറങ്ങിയ ചെന്നൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. കളിയുടെ അവസാനത്തിൽ റൺസിനായി ഓടിത്തളർന്ന് അവശനായ ക്യാപ്റ്റൻ കൂളിനെയാണ് ദുബൈ സ്റ്റേഡിയത്തിൽ കണ്ടത്. അര്‍ധ സെഞ്ച്വറി നേടിയ രവീന്ദ്ര ജഡേജ (35 പന്തില്‍ 50) മാത്രമാണ് ചെന്നൈ നിരയിൽ തിളങ്ങിയത്. നായകന്‍ മഹേന്ദ്ര സിംഗ് ധോനി 36 പന്തില്‍ പുറത്താകാതെ 47 റൺസെടുത്തു.
ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സിന് വേണ്ടി കൗമാര താരം പ്രിയം ഗാര്‍ഗ് 26 പന്തില്‍ 51 നേടി പുറത്താകാതെ നിന്നു. അഭിഷേക് ശര്‍മ (31), മനീഷ് പാണ്ഡേ (29), നായകന്‍ ഡേവിഡ് വാര്‍ണര്‍ (29) എന്നിവരും തിളങ്ങി. ചെന്നൈയുടെ ദീപക് ചാഹറും സണ്‍റൈസേഴ്‌സിന്‌റെ നടരാജും രണ്ട് വിക്കറ്റ് നേടി.
അതേ സമയം, ചെന്നൈക്കായി 194 ആം മത്സരത്തിനിറങ്ങിയ ധോനി ഏറ്റവും കൂടുതല്‍ ഐപി എല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. ചെന്നൈയുടെ തന്നെ സുരഷ് റെയ്‌നയെയാണ് ധോനി മറികടന്നത്.
നാല് മത്സരങ്ങളില്‍ ഒരു വിജയം മാത്രമുള്ള ചെന്നൈ ആണ് പോയിന്‌റ് പട്ടികയില്‍ ഏറ്റവും പിന്നില്‍. രണ്ടാം ജയം നേടിയ ഹൈദരാബാദിന്‌റെ സ്ഥാനം ചെന്നൈയുടെ തൊട്ടു മുകളിലാണ്.