National
സുശാന്ത് സിംഗിന്റെ മരണം ആത്മഹത്യ തന്നെ; സ്ഥിരീകരിച്ച് എയിംസ് സംഘം
ന്യൂഡല്‍ഹി | ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണം ആത്മഹത്യ തന്നെയെന്ന് സ്ഥിരീകരണം. സുശാന്തിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടും വിലയിരുത്തിയ എയിംസിലെ വിദഗ്ധ സംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സുശാന്തിന്റെത് ആത്മഹത്യയാണെന്നും കൊലപാതകമെന്ന സംശയം പൂര്‍ണമായും തള്ളിക്കളയുന്നുവെന്നും സംഘത്തലവന്‍ ഡോക്ടര്‍ സുധീര് ഗുപ്ത പറഞ്ഞു.
സുശാന്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവങ്ങളുടെ ലഭ്യമായ സാമ്പിളുകളും വിശദമായി പരിശോധിച്ചാണ് സംഘം ഈ വിലയിരുത്തലില്‍ എത്തിയത്. ഇതിന് പുറമെ സുശാന്തിന്റെ ലാപ് ടോപ്പ്, രണ്ട് ഹാര്‍ഡ് ഡിസ്‌കുകള്‍, ഒരു കാനന്‍ ക്യാമറ, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവവയും ഫോറന്‍സിക് ഏജന്‍സികള്‍ പരിശോധിച്ചിരുന്നു.
എയിംസ് ഡോക്ടര്‍മാര്‍ തങ്ങളുടെ കണ്ടെത്തലുകള്‍ സെപ്റ്റംബര്‍ 29 ന് സിബിഐക്ക് കൈമാറിയിരുന്നു. സുശാന്ത് സിംഗ് രാജ്പുതിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ കൂപ്പര്‍ ആശുപത്രിയുടെ കണ്ടെത്തലുകള്‍ എയിംസ് മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്നതാണ്. മാത്രമല്ല, സാഹചര്യതെളിവുകളും ഇത് ആത്മഹത്യാകേസാണെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ആത്മഹത്യ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുമെന്ന് സിബിഐ വൃത്തങ്ങള് അറിയിച്ചു. ആത്മഹത്യപ്രേരണ സംബന്ധിച്ച കാര്യങ്ങളും പരിശോധിക്കും. സിബിഐ അന്വേഷണത്തില്‍ എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ട്. ഏതെങ്കിലും തെളിവുകള്‍ കൃത്യമായി ലഭിച്ചാല്‍ കൊലപാതകകുറ്റം ചുമത്തുന്ന ഐപിസി 302 വകുപ്പ് ചേര്‍ക്കും. 57 ദിവസമായി സിബിഐ കേസ് അന്വേഷിക്കുന്നുണ്ടെങ്കിലും കൃത്യമായ ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല.
അതേസമയം, സുശാന്ത് സിംഗ് രജപുത് കുടുംബത്തിന്റെ അഭിഭാഷകന്‍ വികാസ് സിംഗ്, കൊലപാതകമാണെന്ന നിലപാടിലാണുള്ളത്. 200 ശതമാനവും ഇത് ശ്വാസം മുട്ടിച്ചുള്ള കൊലപാതകമാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ചില ഫോട്ടോകള്‍ പരിശോധിച്ച ശേഷം എയിംസിലെ ഡോക്ടര്‍മാരാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും വികാസ് പറഞ്ഞിരുന്നു. എന്നാല്‍ ഈ അവകാശവാദങ്ങള് തെറ്റാണെന്ന് ഡോ.സുധീര് ഗുപ്ത വ്യക്തമാക്കി. അന്വേഷണം ഇപ്പോഴും തുടരുകയാണ്. അദ്ദേഹം പറയുന്നത് ശരിയല്ല. വെറും അടയാളങ്ങളും കുറ്റകൃത്യങ്ങളുടെ രംഗവും അടിസ്ഥാനമാക്കി കൊലപാതകമോ ആത്മഹത്യയോ എന്ന നിഗമനത്തില്‍ എത്താന്‍ കഴിയില്ല. ഇനിയും അന്വേഷണം ആവശ്യമാണ്, അത് അവസാനിച്ചിട്ടില്ലെന്നും സുധീര്‍ ഗുപ്ത പറഞ്ഞു.
ജൂണ്‍ 14-ന് സുശാന്ത് സിംഗ് രജ്പുത്തിനെ ബാന്ദ്രയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടക്കത്തില്‍ മുംബൈ പോലീസ് ഇതിനെ ആത്മഹത്യ കേസായി വിലയിരുത്തിയെങ്കിലും അതേ ദിവസം തന്നെ അസ്വാഭാവിക മരണത്തിന് കേസെടുക്കുകയഉം ചെയ്തിരുന്നു.