Connect with us

Cover Story

മനുക്കരുത്തിന്റെ അതിജീവനം

Published

|

Last Updated

ആ ദിനം മനുവിനെ തളർത്തിക്കളയുമെന്നായിരുന്നു ഏവരും കരുതിയത്. താങ്ങും തണലുമായ മകൻ കുടുംബത്തെ ഇല്ലായ്മകളുടെ കയത്തിൽനിന്നും കൈപിടിച്ചുയർത്താനുള്ള ഓട്ടത്തിലായിരുന്നു. ദിനേനയുള്ള വരുമാനം കൊണ്ട് സന്തോഷത്തിന്റെ ചെറു തിരി തെളിഞ്ഞുവരികയായിരുന്നു. പെട്ടെന്നായിരുന്നു ശോകാത്മകമായ ഒരന്തരീക്ഷം സന്തോഷത്തിനുമേൽ തങ്ങി കരിനിഴലായ് മാറിയത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് അവന്റെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാത്ത ക്രൂര അതിഥിയായി വിധിയെത്തിയത്. ഒരു കൂട്ടം ചെറുപ്പക്കാർ അശ്രദ്ധമായി ഓടിച്ച വാഹനം മനു എന്ന യുവാവിന്റെ ചെറു സ്വപ്നങ്ങൾക്കു മേൽ ഇടിച്ചുകയറുകയായിരുന്നു. ആ ഒരു നിമിഷത്തെ അശ്രദ്ധ പറിച്ചെടുത്തത് അവന്റെ വലതുകാൽ. കോട്ടയം ജില്ലയിൽ പള്ളിക്കത്തോട് കൂരാലി വെട്ടിക്കാട്ടിൽ ബാബു- മായ ദമ്പതികളുടെ മകൻ മനു എന്ന യുവാവ് ആ ദിനത്തെ ഓർക്കുന്നത് ഒട്ടൊരു ഞെട്ടലോടെയാണ്. കാല് നഷ്ടമായി ജീവിതം അവസാനിച്ചെന്നാണ് ആദ്യം കരുതിയത്. എന്നാൽ ഒന്നിനും ആ യുവാവിന്റെ മനോധൈര്യത്തെ തടഞ്ഞുനിർത്താൻ കഴിഞ്ഞില്ല. കെടുത്താനാകാത്ത ആത്മവീര്യത്തോടെ മുന്നേറിയ മനുവിന്റെ അതിജീവനം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

ജീവിതം മാറ്റിമറിച്ച
ആ ദിനം

2019 മെയ് അഞ്ചിനാണ് മനുവിന്റെ ജീവിതം മാറ്റിമറിക്കപ്പെട്ട ആ സംഭവം. മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് രണ്ട് ബൈക്കുകളിലായി സുഹൃത്തുക്കൾക്കൊപ്പം യാത്രയായതാണ് മനു. പൾസർ ബൈക്കിൽ മനുവിനൊപ്പം സുഹൃത്തുമുണ്ട്. ബൈക്ക് ഓടിച്ചിരുന്നത് മനു. മനുവിന്റെ മുമ്പിൽ രണ്ട് സുഹൃത്തുക്കൾ മറ്റൊരു ബൈക്കിലായുണ്ട്. ബന്ധുവീട്ടിൽ എത്തുക തിരിച്ചു വീട്ടിലേക്ക് പോരുക എന്ന പതിവ് യാത്ര മാത്രമായിരുന്നു അത്. എന്നാൽ, പാതി ദൂരമെത്തിയതേയുള്ളൂ. അമിതവേഗത്തിലെത്തിയ കാർ മനുവിന്റെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുകയായിരുന്നു. കല്യാണ പാർട്ടി കഴിഞ്ഞ് മടങ്ങുന്ന ഒരു സംഘം യുവാക്കളായിരുന്നു കാറിൽ. അമിത വേഗത്തിൽ വന്ന കാർ ലോറിയെ മറികടക്കാൻ ശ്രമിക്കവെ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത് മനുവിന്റെ വലതുകാലിലേക്ക്.

ആശുപത്രിയിലെ
ദിനരാത്രങ്ങൾ

അപകടം രാത്രി പത്തോടെയായിരുന്നു. ഇടിച്ചിട്ട് നിർത്താതെ പോയ കാർ സുഹൃത്തുക്കൾ പിന്തുടർന്നെങ്കിലും എത്തിപ്പിടിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ മനുവിനെ അതുവഴിയെത്തിയ ഒരു പള്ളീലച്ചൻ സ്വന്തം കാറിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആദ്യം കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിലെക്കാണ് എത്തിച്ചത്. അപകടം ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് പോകണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് മെഡിക്കൽ കോളജിലേക്ക് മനുവിനെ എത്തിച്ചെങ്കിലും അപകടം സംഭവിച്ച കാൽ മുറിച്ചുമാറ്റണമെന്ന് ഡോക്ടർ അറിയിച്ചതോടെ കുടുംബം ആകെ തളർന്നു. അന്തരീക്ഷം കൂടുതൽ ശോകമൂകമായി. മുറിച്ചുമാറ്റാതെ മറ്റു വഴിയുണ്ടോ എന്ന ശ്രമത്തിലായി പിന്നീട്. പ്രതീക്ഷ കൈവിടാതെ മകനെയുമായി ആ പിതാവ് പല ആശുപത്രികൾ കയറിയിറങ്ങി. എല്ലാ ആശുപത്രികളിൽ നിന്നും അവയവം മുറിക്കാതെ പരിഹാരമില്ലെന്ന് വിധിയെഴുതി. മനുവിനെയും കൊണ്ട് വീണ്ടും കോട്ടയം മെഡിക്കൽ കോളജിലേക്ക് തന്നെ മടങ്ങി. അപകടം നടന്ന പിറ്റേദിവസം മെയ് ആറിന് വെളുപ്പിന് കോട്ടയം മെഡിക്കൽ കോളജിൽ മനുവിന് ആദ്യത്തെ സർജറി നടത്തി. ഓപറേഷനെ തുടർന്ന് ബോധമില്ലാതെ രണ്ട് ദിവസം കിടന്ന മനുവിന് കണ്ണ് തുറന്നപ്പോൾ തന്നോട് ചേർന്ന് അതുവരെയുണ്ടായിരുന്ന ശരീരത്തിന്റെ ഭാഗമായ കാൽ നഷ്മായിരുന്നു. എന്നാൽ, മനുവിന്റെ ദുർവിധി അവിടംകൊണ്ട് അവസാനിച്ചില്ല. ആദ്യ ഓപറേഷനിൽ കാൽമുട്ടിന്റെ താഴെ ഭാഗമാണ് മുറിച്ചുമാറ്റിയത്. അപകടത്തിൽ ഏറെ രക്തം നഷ്ടപ്പെട്ടതുകൊണ്ട് മരുന്നുകൾ ഫലിക്കാതെ വന്നു. തുടർന്ന് ഓപറേഷൻ ചെയ്ത കാൽ ഇൻഫെക്്ഷനായി പഴുക്കാൻ തുടങ്ങി. രണ്ടാമത് ഒരു ഓപറേഷൻ കൂടി വേണ്ടിവരികയും വലതുകാൽ പൂർണമായും മുറിച്ചുനീക്കേണ്ടിയും വന്നു. തുടർന്ന് ഒരു മാസക്കാലം ആശുപത്രി വാസം.

അതിജീവനത്തിന്റെ ജ്വാലകൾ

ആശുപത്രിയിൽനിന്ന് ഈരാറ്റുപേട്ടയിലെ അമ്മവീട്ടിലേക്കാണ് മടങ്ങിയത്. കാരണം, മനുവിന്റെ വീട് ഉയർന്ന പ്രദേശത്തായിരുന്നു. ചെറിയ കല്ലുകൾ നിറഞ്ഞ ഇടുങ്ങിയ വഴിയിലൂടെ വേണം വീട്ടിലെത്താൻ. ദിവസവും കാല് ഡ്രെസ് ചെയ്യണമെങ്കിൽ ഈ വഴിയിലൂടെയുള്ള യാത്ര ക്ലേശകരമാകും. അതിനാലാണ് അമ്മവീട്ടിൽ താമസിക്കാൻ തീരുമാനിച്ചത്. അമ്മവീട്ടിൽ രണ്ടാഴ്ചത്തെ വാസത്തിന് ശേഷം മുറിവ് ഏറെക്കുറേ ഉണങ്ങിയപ്പോഴാണ് സ്വന്തം വീട്ടിലേക്കെത്തിയത്.
വീട്ടിലെത്തിയതിന് ശേഷം തനിക്കുണ്ടായ ദുരന്തം മനുവിന്റെ മനസ്സിനെ തളർത്തിയിരുന്നു. വേദന മനസ്സിലും ശരീരത്തിലും ഒരുപോലെ പടർന്നുപിടിച്ച് അന്തരീക്ഷത്തെ മൂകമാക്കിയിരുന്നു. വീടുവിട്ട് മറ്റൊരിടത്തേക്കും പോകാനാകാതെ മുറിയിൽ തന്നെ തളയ്ക്കപ്പെട്ടുപോകുന്ന അവസ്ഥ ഒരു മനുഷ്യനെ മാനസികമായി തളർത്തിക്കളയും. രണ്ട് മാസത്തോളം തനിക്കുവന്ന അവസ്ഥയോർത്ത് മനു വിഷാദത്തിലകപ്പെട്ടു. എന്നാൽ കുടുംബം ശക്തിപകർന്ന് ഒപ്പംനിന്നു. വീട്ടിലെത്തിയ മനുവിന്റെ കാര്യങ്ങൾ അച്ഛനും അനിയത്തി മീനുവും അമ്മയും മാറിമാറി നോക്കി. ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരുന്ന അനിയത്തി ചില ദിവസങ്ങളിൽ ക്ലാസിൽ പോകാതെ പോലും മനുവിനെ പരിചരിക്കാൻ നിന്നു. മനുവിന്റെ മുറിയിൽ തന്നെ കഴിക്കാനുള്ള ഭക്ഷണവും കൈകഴുകാനും കുടിക്കാനുമുള്ള വെള്ളവും മറ്റും കൈയെത്തും ദൂരത്ത് ഒരുക്കിവെച്ചു. കടയിൽ ജോലിചെയ്തിരുന്ന അമ്മ രണ്ട് മാസത്തോളം അവധിയെടുത്ത് മകനരികിൽ തന്നെ നിന്നു. അപകടത്തിന് ശേഷം കുടുംബം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു.

സ്‌നേഹത്തണലിട്ട്
“ചങ്ക്സ്”

അപകടത്തിന് ശേഷം തുടക്കത്തിൽ വീട്ടിലൊതുങ്ങാനായിരുന്നു തീരുമാനം. അതിനനുവദിക്കാതെ മനുവിന്റെ “ചങ്കു”കൾ ആത്മവിശ്വാസത്തിന്റെ വലയം തീർത്ത് ഒപ്പം നിന്നു. ദുഃഖസാന്ദ്രമായ അന്തരീക്ഷം നീങ്ങി. സുഹൃത്തുക്കൾ വീട്ടിൽ വന്ന് തുടങ്ങിയതോടെ അമ്മയുടെ വിഷമം പതിയെ പിന്മാറി. കൂട്ടിരിക്കാൻ കൂട്ടുകാരെത്തിയതോടെ അമ്മ ജോലിക്ക് പോകാനും അനിയത്തി ക്ലാസിൽ പോകാനുമാരംഭിച്ചു. രാവിലെ ഭക്ഷണമൊരുക്കിവെച്ച് അമ്മ ജോലിക്കു പോകും. തിരിച്ചെത്തുന്നതുവരെ കാവലും തണലുമായി വീട്ടിൽ സുഹൃത്തുക്കളുണ്ടാകും. ആദ്യമെല്ലാം കൂട്ടുകാർ മനുവിനെ എടുത്തുകൊണ്ടാണ് കാര്യങ്ങളെല്ലാം ചെയ്യിച്ചത്. പതിയെ വോക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെ നടക്കാൻ തുടങ്ങി. പുറത്തേക്കിറങ്ങിയതോടെ ജീവിതത്തിൽ മാറ്റത്തിന്റെ വെളിച്ചം മെല്ലെ പരന്നു. കൂട്ടുകാർക്കൊപ്പം വൈകുന്നേരങ്ങളിൽ നടക്കാൻ തുടങ്ങി. അവരുടെ സഹായത്തോടെ ഒറ്റക്കാലിൽ സൈക്കിൾ ചവിട്ടാനും ബൈക്കോടിക്കാനും പരിശീലിച്ചു. ഇപ്പോൾ എല്ലാ ബൈക്കുകളും ഓടിക്കും. അധിക വേഗത്തിലും ദൂരത്തിലും പോകില്ല എന്നുമാത്രം. തോട്ടിലും കുളത്തിലും സുഹൃത്തുക്കൾക്കൊപ്പം നീന്തിക്കുളിക്കും. പിന്നെ ഷട്ടിൽ കളിക്കും. അങ്ങനെ ജീവിതത്തിന്റെ രണ്ടാം ലാപ്പിൽ ഇച്ഛാശക്തിക്ക്് പ്രചോദനമേകി മനുവിന്റെ സുഹൃത്തുക്കൾ ഒപ്പം നിന്നു.

തിരിച്ചുവരവ്;
മനു ഹാപ്പി

മുന്പെങ്ങനെയിരുന്നോ അതിൽ കൂടുതൽ പ്രസരിപ്പോടെയാണ് ഇപ്പോഴത്തെ ജീവിതമെന്ന് പുഞ്ചിരി തങ്ങുന്ന മുഖവുമായി മനു പറയുന്നു. ഒറ്റക്കാലിൽ ഫുട്ബോൾ കളിക്കുന്ന വീഡിയോ, ഏണിയിൽ കയറുന്ന വീഡിയോ, സൈക്കിൾ ചവിട്ടുന്നത് അങ്ങനെ ഇരുപതോളം വീഡിയോകൾ സോഷ്യൽ മീഡിയയിൽ ചെയ്തു. ആ വീഡിയോകൾ കണ്ട് ഏറെ പേർ അഭിനന്ദന സന്ദേശങ്ങളയച്ചു പ്രോത്സാഹിപ്പിച്ചു, പ്രചോദിപ്പിച്ചു. ഒരു ദിവസം കൊല്ലത്തുനിന്ന് ഒരു പെൺകുട്ടി വിളിച്ചു. അവരുടെ സഹോദരനും മനുവിനെപ്പോലെ അപകടം സംഭവിച്ച് കാല് നഷ്ടപ്പെട്ടെന്നും അപകടത്തിനുശേഷം സഹോദരൻ മുറിയിൽ തന്നെ ഇരിപ്പാണെന്നും നടക്കാൻ പോലും ശ്രമിച്ചില്ലെന്നും പറഞ്ഞു. മനുവിന്റെ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ അതുപോലെ ചെയ്യണമെന്ന് സഹോദരൻ ആഗ്രഹിക്കുന്നതായി അറിയിച്ചു. സഹോദരൻ സ്റ്റിക്ക് ഉപയോഗിച്ച് നടക്കുകയും ചെറു ജോലിയിലേർപ്പെടുകയും ചെയ്യുന്ന വീഡിയോ പിന്നീട് പെൺകുട്ടി അയച്ചുതന്നു.
യാത്രകൾ ഇഷ്ടപ്പെടുന്ന മനു അപകടത്തിന് ശേഷവും സുഹൃത്തുക്കൾക്കൊപ്പം ചെറു യാത്രകൾ ചെയ്യുന്നു. ബുള്ളറ്റിൽ തനിച്ച് ലഡാക്കിലേക്ക് പോകണമെന്ന് ആഗ്രഹമുണ്ട്. സാധ്യമാകുമെന്ന ആത്മവിശ്വാസത്തിലാണ് മനു. അപകടത്തിന് ശേഷവും കൂടുതൽ പഠിക്കാനാണ് മനു ശ്രമിച്ചത്. പി എസ് സി, ഡേറ്റ എൻട്രി, ടൈപ്പിംഗ് തുടങ്ങി ജീവിതത്തിന് കൂടുതൽ പ്രയോജനകരമാകുന്ന വിഷയങ്ങളാണ് തിരഞ്ഞെടുത്തത്. നല്ലൊരു ജോലി സമ്പാദിച്ച് കുടുംബത്തിന് താങ്ങും തണലുമാകണമെന്ന് മനു ആഗ്രഹിക്കുന്നു. ഗതാഗത സൗകര്യമുള്ളിടത്ത് ഒരു വീട് എന്നതും മനുവിന്റെ ആഗ്രഹമാണ്.
ജീവിതത്തിൽ വീഴ്ചയുണ്ടാകുമ്പോൾ തരണം ചെയ്ത് മുന്നോട്ട് നീങ്ങണമെന്ന് തന്റെ ജീവിതം കൊണ്ട് അടയാളപ്പെടുത്തുകയാണ് ഈ യുവാവ്. “Never bend your head. Always hold it high. Look the world straight in the eye.” ഹെലൻ കെല്ലറുടെ ഈ ചിന്ത മനസ്സിൽ സൂക്ഷിച്ച് മനക്കരുത്തോടെ മുന്നേറുകയാണ് മനു.
.

Latest