Connect with us

National

ഹത്രാസ്: ഇരയുടെ സുരക്ഷിതത്വം ഉറപ്പാക്കിയത് സംബന്ധിച്ച് യുപി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | ഹത്രാസ് കേസില്‍ ഇരയുടെയും സാക്ഷികളുടെയും സംരക്ഷണം ഉറപ്പാക്കിയത് സംബന്ധിച്ച് യുപി സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി. കേസന്വേഷണം സുഗമമായി നടക്കുമെന്ന് ഉറപ്പാക്കുമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ വ്യക്തമാക്കി. ഇരയുടെ കുടുംബം വക്കീലിനെ തിരഞ്ഞെടുത്തിട്ടുണ്ടോ എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജികള്‍ കോടതി അടുത്തയാഴ്ച പരിഗണിക്കും.

ഹത്രാസ് സംഭവവം ഭീകരവും ഞെട്ടല്‍ ഉളവാക്കുന്നതും അനന്യസാധാരണവുമാണെന്ന് കോടതി നിരീക്ഷിച്ചു. ഞെട്ടിപ്പിക്കുന്ന സംഭവമായത് കൊണ്ട് മാത്രമാണ് ഈ കേസ് പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി. അതേസമയം, ഉന്നാവോ കേസില്‍ ചെയ്തത് പോലെ കേസിന്റെ നടപടിക്രമങ്ങള്‍ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് 100 വുമണ്‍ ലോയേഴ്‌സിന് വേണ്ടി ഹാജരായ അഭിഭാഷകക ജയ്‌സിംഗ് ആവശ്യപ്പെട്ടു. എന്നാല്‍ എന്ത് കൊണ്ട് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചില്ലെന്ന് കോടതി ചോദിച്ചു. കേസന്വേഷണം സിബിഐക്ക് വിട്ട സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിന് പുറത്ത് കേസ് വാദം കേള്‍ക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് അഭിഭാഷക വ്യക്തമാക്കി.

കേസില്‍ കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിന് ഉത്തരവിടണമെന്ന് യുപി സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ ഒഴിവാക്കാന്‍ അത് ആവശ്യമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഹാഥ്റസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് വിധേയമായിട്ടില്ലെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കലാപം ഒഴിവാക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ച ശേഷമാണ് രാത്രി മൃതദേഹം സംസ്‌കരിച്ചത് എന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

Latest