National
ഹത്രാസില്‍ കഥകള്‍ മെനഞ്ഞ് പോലീസ്; സര്‍ക്കാറിനെതിരെ സംസാരിക്കാന്‍ ഇരക്ക് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്യപ്പെട്ടുവെന്ന് എഫ്‌ഐആര്‍
ലക്‌നോ | ഹത്രാസ് സംഭവത്തില്‍ അനുദിനം പുതിയ കഥകള്‍ അവതരിപ്പിച്ച് കേസ് വഴിതിരിച്ചുവിടാന്‍ പോലീസ് ശ്രമിക്കുന്നതായി സംശയം. കേസുമായി ബന്ധപ്പെട്ട് രാജ്യദ്രോഹ കുറ്റം വരെ ചുമത്തി ഫയല്‍ ചെയ്ത 19 എഫ്‌ഐആറുകളില്‍ പലതിലും വിചിത്രമായ ആരോപണങ്ങളാണ് ഉയര്‍ത്തുന്നത്. ഹത്രാസ് ഇരയുടെ കുടുംബത്തിന് സര്‍ക്കാറിന് എതിരെ സംസാരിക്കാന്‍ അജ്ഞാത ശക്തികള്‍ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നാണ് ഒരു എഫ്‌ഐആറിലെ ആരോപണം. എന്നാല്‍ ഈ ശക്തികള്‍ ആരാണെന്ന് എഫ്‌ഐആറില്‍ പരാമര്‍ശിക്കുന്നില്ല.
ഒരു സബ് ഇന്‍സ്‌പെക്ടറുടെ പരാതിയിലാണ് ഈ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. അജ്ഞാതനായ ഒരു മാധ്യമപ്രവര്‍ത്തകന്‍ സര്‍ക്കാറിന് എതിരെ ബൈറ്റ് നല്‍കണമെന്ന് ഇരയുടെ സഹോദരനോട് ആവശ്യപ്പെട്ടതായും എഫ്‌ഐആറിലുണ്ട്. യോഗി ആദിത്യനാഥ് സര്‍ക്കാറിന് എതിരെ കള്ളം പ്രചരിപ്പിച്ച് സര്‍ക്കാറിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എഫ്‌ഐആര്‍ വ്യക്തമാക്കുന്നു.
തന്റെ സര്‍ക്കാറിന്റെ പുരോഗതിയില്‍ അസ്വസ്ഥരായവര്‍ ഹത്രാസ് സംഭവം ചൂഷണം ചെയ്യുകയാണെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചതിന് പിന്നാലെയാണ് കേസുകള്‍ ഫയല്‍ ചെയ്തത്. ഹത്രാസില്‍ ആഴത്തിലുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഞങ്ങള്‍ സത്യം അന്വേഷിക്കുമെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പ്രശാന്ത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സെപ്റ്റംബര്‍ 14 നാണ് 20 കാരിയായ ദലിത് യുവതിയെ നാല് പേര്‍ ചേര്‍ന്ന് അതിക്രൂരമായി പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം ശരീരത്തില്‍ മുറിവു പറ്റിയ നിലയിലും നട്ടെല്ലിന് ക്ഷതമേറ്റനിലയിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി രണ്ടാഴ്ചക്ക് ശേഷം മരിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ നടപടിയെടുക്കാന്‍ വൈകിപ്പിച്ച പോലീസ് യുവതി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന വാദവും ഉയര്‍ത്തി. സ്ത്രീയെ ആക്രമിച്ച് 11 ദിവസത്തിന് ശേഷമാണ് ഫോറന്‍സിക് പരിശോധനക്കായി സാമ്പിളുകള്‍ ശേഖരിച്ചത്. ഇത് തെളിവ് നശിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമായി വിലയിരുത്തപ്പെടുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ രഹസ്യമായി അര്‍ധരാത്രി സംസ്‌കരിച്ച പോലീസ് നടപടിയും വിവാദമായി.