National
ഹത്രാസ്: കേന്ദ്രത്തിനും യുപി സര്‍ക്കാറിനും എതിരെ ആഞ്ഞടിച്ച് ശിവസേന മുഖപത്രം
മുംബൈ | ഹത്രാസ് സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറിനെയും ഉത്തര്‍പ്രദേശ് സര്‍ക്കാറിനെയും രൂക്ഷമായി വിമര്‍ശിച്ച് ശിവസേന മുഖപത്രം. മുംബൈയില്‍ ഒരു നടിക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ഹത്രാസ് ഇരയുടെ കുടുംബത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇത് ഡോ. അംബേദ്കര്‍ വിഭാവനം ചെയ്ത ഭരണഘടന അനുശാസിക്കുന്ന തുല്യനീതിയല്ലെന്നും സാമ്‌നയില്‍ പ്രസിദ്ദീകരിച്ച മുഖപ്രസംഗത്തില്‍ പറയുന്നു.
അനീതിക്കിടയായാല്‍ ദളിത് സമൂഹം രോഷാകുലരാകും. സ്വയം പ്രതിരോധിക്കാന്‍ ദളിതര്‍ക്ക് ആയുധങ്ങള്‍ കൈവശം വക്കാന്‍ ലൈസന്‍സ് നല്‍കണമെന്നും എന്നാല്‍ ആയുധം വാങ്ങുന്നതിനുള്ള ഗ്രാന്റിന്റെ അമ്പത് ശതമാനം അവര്‍ക്ക് നല്‍കണമെന്നും ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടു. ഇത് ആദ്യത്തെ തീപ്പൊരിയാണ്. ആ തീപ്പൊരിയില്‍ എണ്ണ ഒഴിക്കുന്ന ജോലി സര്‍ക്കാര്‍ ചെയ്യാന്‍ പാടില്ല.
ഹത്രാസ് ബലാത്സംഗ കേസില്‍ യോഗി സര്‍ക്കാര്‍ നിരന്തരം വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ്. ബലാത്സംഗത്തിനിരയായ പെൺകുട്ടി കൊല്ലപ്പെട്ടെന്ന് തെളിഞ്ഞതോടെ കേസ് അന്വേഷിക്കുന്നുണ്ടെന്ന് യോഗി സര്‍ക്കാര് അറിയിച്ചു. അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആരാണ് അടിസ്ഥാനപരമായി ആവശ്യപ്പെട്ടത്? സി.ബി.ഐ അന്വേഷണവും നാര്‍ക്കോ ടെസ്റ്റും ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇരയുടെ ബന്ധുക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കേസുകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. കുറ്റവാളികളെ തൂക്കിലേറ്റണം. പക്ഷേ യോഗി സര്‍ക്കാര്‍ എന്തു ചെയ്തു?
പോലീസ് ബലം പ്രയോഗിച്ച് ഇരയുടെ കുടുംബത്തിത്തെ നിശ്ശബ്ദമാക്കാന്‍ ശ്രമിച്ചു. പൊലീസിന്റെ സഹായത്തോടെ യുവതിയുടെ മൃതദേഹം രാത്രിതന്നെ സംസ്‌കരിച്ചു. കേസില്‍ ഹത്രാസ് പൊലീസിനെ ബലിയാടാക്കുകയും ഇപ്പോള്‍ ഹത്രാസിന്റെ അന്വേഷണം സിബിഐക്ക് കൈമാറുകയും ചെയ്തു. ഈ കേസുകളില്‍ സിബിഐ എന്ത് ചെയ്യുമെന്ന് അവര്‍ക്ക് കൃത്യമായി അറിയാമായിരുന്നു. യോഗി സ്വന്തം പൊലീസിനെ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. ഇരയെ സര്‍ക്കാര്‍ ചുട്ടുകൊന്നു, തെളിവുകള്‍ മണ്ണിട്ടുമൂടി – സാംന തുറന്നടിച്ചു.
സുശാന്ത് കേസില്‍ മഹാരാഷ്ട്രയെ അപകീര്‍ത്തിപ്പെടുത്തുവാന്‍ ശ്രമിച്ചവര്‍ ഹത്രാസില്‍ സ്വയം കുഴിയില്‍ വീണിരിക്കുന്നു. മുഖ്യമന്ത്രി യോഗിയെ “ഹത്രാസ്” കേസില്‍ വലയിലാക്കാന്‍ സ്വന്തം പാര്‍ട്ടിയില്‍ ഗൂഢാലോചന ഉണ്ടോ? ഹത്രാസ് കേസ് രാഷ്ട്രീയവത്കരിക്കരുത്. ഇരയ്ക്കും കുടുംബത്തിനും നീതി നല് കണം. അവളുടെ കുടുംബത്തിന് വധഭീഷണികളുണ്ട്. കുടുംബം മുഴുവന്‍ ഭീതിയില്‍ കഴിയുകയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.