National
ഹത്രാസ് പെണ്‍കുട്ടിയും മുഖ്യപ്രതിയും അടുപ്പത്തിലായിരുന്നുവെന്ന വിചിത്ര വാദവുമായി പോലീസ്
ഹത്രാസ് | ഹത്രാസ് കൂട്ട ബലാത്സംഗ കേസില്‍ പ്രതികളെ രക്ഷിക്കാൻ പുതിയ തിരക്കഥയൊരുക്കി പോലീസ്. പീഡനത്തിനിരായായ പെണ്‍കുട്ടിയും മുഖ്യപ്രതി സന്ദീപ് സിംഗും തമ്മില്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായാണ് പോലീസ് തയ്യാറാക്കിയ പുതിയ കഥ. ഇരുവരും തമ്മില്‍ 104 തവണ ഫോണില്‍ സംസാരിച്ചതായി ടെലിഫോൺ രേഖകളുണ്ടെന്നാണ് പോലീസ് വാദം. പെണ്‍കുട്ടിയും യുവാവും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന സംശയമുയർത്തി പ്രതികൾക്ക് പഴുതൊരുക്കുകയാണ് പുതിയ കഥയുടെ ലക്ഷ്യം.
ഇരയുടെ കുടുംബത്തിന്റെയും പ്രധാന പ്രതികളുടെയും ഫോണുകള്‍ ഉത്തര്‍പ്രദേശ് പൊലീസ് പരിശോധിച്ചപ്പോഴാണ് മുഖ്യപ്രതിയും പെണ്‍കുട്ടിയും തമ്മില്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതായി വ്യക്തമായതെന്ന പോലീസ് പറയുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരന്‍ സത്യേന്ദ്രയുടെ പേരിലുള്ള നമ്പറില് നിന്നാണ് സന്ദീപിന് സ്ഥിരമായി ഫോണ് കോളുകള് വന്നതെന്നും പോലീസ് പറയുന്നുണ്ട്. ഇത് എങ്ങനെ പെൺകുട്ടിയെയും പ്രതിയേയും തമ്മിൽ ബന്ധിപ്പിക്കുന്നു എന്ന് വ്യക്തമല്ല.
സെപ്റ്റംബര്‍ 14-നാണ് ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായത്. കന്നുകാലിക്ക് പുല്ലു വെട്ടാന്‍ മാതാവിനൊപ്പം വയലില്‍ പോയ പെണ്‍കുട്ടിയെ പ്രതികള്‍ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കൂട്ടബലാത്സംഗം ചെയ്ത് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്.
കഴുത്തിന്റെ എല്ലുകളിലും സുഷുമ്‌നയിലും ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പിന്നീട് അലിഗഡിലെ ആശുപത്രിയില് പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സെപ്റ്റംബര് 29ന് പെണ്‍കുട്ടി മരിച്ചു. ഇരയുടെ മൃതദേഹം രാത്രിയില്‍ സംസ്‌കരിച്ച യുപി പൊലീസ് നടപടി വിവാദമായതോടെ ഇരയ്ക്ക് നീതി തേടി യുള്ള ശബ്ദങ്ങള്‍ ഉച്ചത്തില്‍ മുഴങ്ങി. മൃതദേഹം സംസ് കരിക്കുന്നതിന് മുമ്പ് പൊലീസ് അനുമതി വാങ്ങിയിട്ടില്ലെന്ന് കുടുംബം ആരോപിച്ചതോടെയാണ് വിഷയം സജീവ ചര്‍ച്ചയായത്.