Kerala
ഹത്രാസില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന് എതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തു
ന്യൂഡല്‍ഹി | ഹത്രാസിലേക്ക് പോകവേ മഥുരയിൽ വെച്ച് അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന് എതിര രാജ്യദ്രോഹ, ഭീകരാവാദ കുറ്റങ്ങള്‍ ചുമത്തി യുപി പോലീസ് കേസെടുത്തു. ഓണ്‍ലൈന്‍ മാധ്യമമായ അഴിമുഖത്തിന്റെ റിപ്പോര്‍ട്ടര്‍ സിദ്ദീഖ് കാപ്പനെതിരെയാണ് കേസ്. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനത്തിനായി ഫണ്ട് സ്വരൂപിക്കുന്നതിന് എതിരായ യുഎപിഎ നിയമത്തിലെ 17-ാം വകുപ്പ് പ്രകാരമാണ് നടപടി. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ട്രഷററും യുപി സ്വദേശിയുമായ അഥീഖുര്‍റഹ്മാന്‍, ജാമിഅ വിദ്യാര്‍ഥിയും കാംപസ് ഫ്രണ്ട് ഡല്‍ഹി പ്രതിനിധിയുമായ മസൂദ് അഹ്മദ്, ഡ്രൈവര്‍ ആലം എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.
20 കാരിയായ യുവതിയെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാനായാണ് സിദ്ദീഖ് കാപ്പന്‍ യുപിയിലേക്ക് തിരിച്ചത്. എന്നാല്‍ മഥുര ടോള്‍ഗേറ്റില്‍ വെച്ച് അദ്ദേഹത്തെ പോലീസ് തടയുകയായിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ ചിലര്‍ ഡല്‍ഹിയിലേക്ക് പോകുന്നുവെന്ന വിവരം ലഭിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നുമാണ് പോലീസ് ഭാഷ്യം.
കേരള പത്രപ്രവര്‍ത്തക യൂണിയന്റെ (കെ യു ഡബ്ല്യൂ ജെ) ഡല്‍ഹി ഘടകം സെക്രട്ടറി കൂടിയാണ് കാപ്പന്‍. കാപ്പനെ കാണാനില്ലെന്ന് കാണിച്ച് കെ യു ഡബ്ല്യൂ ജെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇത് കോടതി പരിഗണിക്കും മുമ്പാണ് പോലീസ് നടപടി. മുഖ്യമന്ത്രി പിണറായി വിജയന്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കും യൂണിയന്‍ പരാതി നല്‍കിയിരുന്നു.