Fact Check
FACT CHECK: കേരളത്തിലെ മെഡി. കോളജുകളില്‍ രക്ഷാബന്ധന്‍ നിരോധിച്ചെന്ന് പ്രചാരണം
കോഴിക്കോട് | ഉത്തരേന്ത്യയില്‍ രക്ഷാബന്ധന്‍ ആഘോഷം നടന്ന് രണ്ട് മാസമായെങ്കിലും അതുമായി ബന്ധപ്പെട്ട് കേരളത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ഒരു പ്രചാരണം അരങ്ങുതകര്‍ക്കുന്നു. കേരളത്തിലെ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ രക്ഷാബന്ധന്‍ പരിപാടി നിരോധിച്ചിരുന്നു എന്ന സന്ദേശമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. വര്‍ഗീയ ചുവയോടെയാണ് പ്രചാരണം.
അവകാശവാദം: കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ രക്ഷാബന്ധന്‍ ആഘോഷം നിരോധിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.റംല ബീവി ഉത്തരവിട്ടു. ഹിന്ദു ആഘോഷമായതിനാലാണ് നിരോധിച്ചത്. മത നിഷ്പക്ഷത വേണമെന്നുണ്ടെങ്കില്‍ നിങ്ങളാദ്യം ഹിജാബ് അഴിച്ചുവെക്കൂവെന്നും ഡോ.റംല ബീവിയോട് ട്വിറ്റര്‍ പോസ്റ്റില്‍ ആവശ്യപ്പെടുന്നുണ്ട്. നെഹല്‍ ത്യാഗി എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ട്വീറ്റ് ചെയ്തത്.
യാഥാര്‍ഥ്യം: ഈ പ്രചാരണം തീര്‍ത്തും വ്യാജമാണെന്ന് തുടരന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ മാസം 11ന് ഡോ.റംല ബീവി പുറത്തിറക്കിയ സര്‍ക്കുലറില്‍ മുന്‍കൂര്‍ അനുമതിയോടെ വേണം മെഡിക്കല്‍ കോളജുകളില്‍ രക്ഷാബന്ധന്‍ സംഘടിപ്പിക്കാനെന്നാണ് പറയുന്നത്. രക്ഷാബന്ധന്‍ നടത്തരുത് എന്ന് സര്‍ക്കുലറില്‍ പറയുന്നില്ല. മറിച്ച്, മുന്‍കൂര്‍ അനുമതി നേടണമെന്ന് മാത്രമാണ് പറയുന്നത്. ഇതാണ് രക്ഷാബന്ധന്‍ ആഘോഷം മെഡിക്കല്‍ കോളജുകളില്‍ നിരോധിച്ചതായി ചിത്രീകരിച്ച് കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നത്.