Articles
ഓരം ചേരാം നന്മയുടെ പക്ഷത്ത്
കേരള മുസ്‌ലിം ജമാഅത്ത് ദീനീ രംഗത്ത് എടുത്തുപറയാവുന്ന, അച്ചടക്കവും ലക്ഷ്യബോധവുമുള്ള സംഘടനയാണ്. 2015ല്‍ സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ അറുപതാം വാര്‍ഷികത്തിന്റെ സമാപനത്തില്‍ രൂപവത്കരണ പ്രഖ്യാപനം നടന്ന ഈ ബഹുജന സംഘടനയുടെ സ്ഥാപക ദിനമാണ് ഒക്ടോബര്‍ പത്ത് ശനിയാഴ്ച.
കേരള മുസ്‌ലിം ജമാഅത്തിന്റെ ആത്മീയ ശക്തി പണ്ഡിതരുടെ സംഘബലമാണ്. റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ പ്രസിഡന്റും സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ജനറല്‍ സെക്രട്ടറിയുമായി കര്‍മഗോദയില്‍ നിറഞ്ഞുനില്‍ക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സാരഥികളാണ് കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വവും ചൈതന്യവും. പണ്ഡിതന്മാരിലൂടെ മാത്രമേ മത സംഘടനകള്‍ക്ക് ജീവനുണ്ടാകുകയുള്ളൂ. സമുദായത്തിന്റെ വിവിധ തലങ്ങളിലുള്ള എല്ലാവര്‍ക്കും അവസരോചിതമായ ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കാനും ദുര്‍ബലര്‍ക്ക് ശക്തി പകരാനും പാവപ്പെട്ടവരെ ഉയര്‍ത്തിക്കൊണ്ടുവരാനും മഹല്ല് തലങ്ങളില്‍ സുന്നത്ത് ജമാഅത്ത് വളര്‍ത്തിക്കൊണ്ടുവരാനും കേരള മുസ്‌ലിം ജമാഅത്ത് വ്യക്തമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു.
കേരള മുസ്‌ലിം ജമാഅത്ത് കാലത്തിന്റെ അനിവാര്യതയായിരുന്നു. ദീനീ രംഗത്ത് ധാരാളം സംഘടനകള്‍ നിറഞ്ഞുനില്‍ക്കുന്ന ഈ മണ്ണില്‍ ഒരു ശൂന്യതയുണ്ടായിരുന്നു. അത് പരിഹരിച്ചുകൊണ്ടാണ് പരിശുദ്ധ ദീനുല്‍ ഇസ്‌ലാമിന്റെ നിലനില്‍പ്പിനും വളര്‍ച്ചക്കും വേണ്ടി ആത്മാര്‍ഥമായി ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു കൂട്ടായ്മ സജീവമാകുന്നത്.
കേരള മുസ്‌ലിം ജമാഅത്തില്‍ സമുദായത്തിന്റെ താഴേത്തട്ട് മുതല്‍ വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, വയോജനങ്ങള്‍ മുതല്‍ പണ്ഡിതന്മാര്‍ വരെ വിവിധ തുറകളില്‍ പ്രവര്‍ത്തനനിരതരാണ്. ദീനീ വിശ്വാസികള്‍ക്ക് സംഘടന അഭയം നല്‍കുന്നു. സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശങ്ങള്‍, ഇസ‌്ലാം വിഭാവനം ചെയ്യുന്ന ദര്‍ശനങ്ങള്‍ ഒരു സെക്യുലര്‍ രാഷ്ട്രത്തില്‍ എങ്ങനെ ജീവിതത്തില്‍ പാലിക്കാമെന്ന് പഠിപ്പിക്കുന്നു.
കേരള മുസ്‌ലിം ജമാഅത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപിത ലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. വ്യതിയാന ചിന്തകളെയും വികല വാദങ്ങളെയും വ്യാജന്മാരെയും തിരിച്ചറിയുന്നു. പരിശുദ്ധ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ വസ്തുതകള്‍ വിലയിരുത്തുന്നു. സാധാരണക്കാര്‍ക്ക് ഖുര്‍ആന്‍ വിശേഷിപ്പിച്ച മുസ്തഖീമായ- നേരായ- മാര്‍ഗം പഠിപ്പിക്കുന്നു. സത്യപാതയില്‍ ഉറച്ചുനില്‍ക്കാന്‍ വ്യക്തമായ റൂട്ട് ക്രമപ്പെടുത്തി, പ്രായോഗികവും ലളിതവുമായ സുന്നി മാര്‍ഗത്തെ എല്ലാ ജനങ്ങള്‍ക്കും പരിചയപ്പെടുത്തുന്നു.
കേരള മുസ്‌ലിം ജമാഅത്ത് സമ്പൂര്‍ണമായും കേന്ദ്ര മുശാവറയുടെ ആദരണീയരായ ഉലമാഇന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നു. ഉലമാഇനെ ബഹുമാനിക്കാനും അവരുടെ അന്തസ്സ് സമുദായത്തിന്റെ അന്തസ്സാണെന്നും അവരെ വിട്ടുകളിച്ചാല്‍ ദീന്‍ നശിക്കുമെന്നും വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുന്നു. മുന്‍ഗാമികളായ പ്രവാചകന്മാര്‍, സ്വഹാബത്ത്, താബിഈങ്ങള്‍, മദ്ഹബിന്റെ ഇമാമുകള്‍, ത്വരീഖത്തിന്റെ മശാഇഖുകള്‍, നമ്മുടെയെല്ലാം നാടുകളില്‍ ത്യാഗപൂര്‍ണമായ ജീവിതം നയിച്ച ആദരണീയരായ ഉലമാക്കള്‍ എന്നിങ്ങനെയുള്ള മഹത്തുക്കളെ പിന്തുടരുന്നു, ബഹുമാനിക്കുന്നു.
കേരള മുസ്‌ലിം ജമാഅത്തിന്റെ വിദ്യാര്‍ഥി ഘടകമാണ് കേരള സ്റ്റേറ്റ് എസ് എസ് എഫ്. ബാല്യം മുതല്‍ വിദ്യാഭ്യാസത്തോടൊപ്പം സാമൂഹിക പ്രവര്‍ത്തനവും അച്ചടക്ക ബോധവും പരിശീലിക്കുന്നു. എസ് എസ് എഫ് വിദ്യാര്‍ഥി ലോകത്തെ പൊന്‍താരകമാണ്. എടുത്തുചാട്ടത്തിന്റെയും സമരാഭാസങ്ങളുടെയും വൈകൃതങ്ങള്‍ കോളജ് ക്യാമ്പസുകളില്‍ നിന്ന് എടുത്തു മാറ്റാനും, അധ്യാപകരോടും മുതിര്‍ന്നവരോടും സ്‌നേഹ ബഹുമാനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ വിപ്ലവം സാധിച്ചെടുക്കാനും കഴിഞ്ഞു. മഹാന്മാരായ പണ്ഡിതന്മാരെയും മുതിര്‍ന്ന എല്ലാ മനുഷ്യരെയും പരിഗണിക്കുന്ന വിദ്യാര്‍ഥി പ്രസ്ഥാനമാണിത്. കാലത്തിന്റെ കൂലംകുത്തിയൊഴുക്കില്‍ സുന്നത്ത് ജമാഅത്തിന്റെ നിലപാടുകള്‍ക്ക് ക്ഷതം സംഭവിക്കാതെ മുന്നോട്ട് കൊണ്ടുപോകാന്‍ തയ്യാറുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ വളര്‍ത്തിയെടുത്തു. അവര്‍ക്ക് അവസരോചിതമായ നേതൃത്വമാണ് കേരള മുസ്‌ലിം ജമാഅത്ത് നല്‍കിക്കൊണ്ടിരിക്കുന്നത്.
കേരള മുസ്‌ലിം ജമാഅത്തിന്റെ യുവജന നിരയായി സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) നാടിന്റെ വികാരവും കനിവും തണലുമായി സേവനരംഗത്ത് വ്യക്തമായ ലീഡ് നേടിക്കഴിഞ്ഞു. പരിശുദ്ധ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നവരെയും യുക്തിയുടെ പേരുപറഞ്ഞ് യുക്തിരഹിതമായ വാദങ്ങള്‍ ഉന്നയിക്കുന്നവരെയും അഹ‌്ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ പ്ലാറ്റ്ഫോമില്‍ ഉറച്ചുനിന്നുകൊണ്ട് എസ് വൈ എസിന്റെ യുവാക്കള്‍ വിവേകത്തോടെ, പക്വതയോടെ ആദര്‍ശം കൊണ്ട് നേരിടുന്നു. നിയമം കൈയിലെടുക്കാതെ, കൊലവിളിയോ കൊലയോ നടത്താതെ, സത്യത്തിനു വേണ്ടി, സമാധാനത്തിനു വേണ്ടി, സമുദായത്തിന്റെ ധാര്‍മികതക്ക് വേണ്ടി ഉജ്വലമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്നു. 66 വര്‍ഷത്തെ അച്ചടക്കത്തിന്റെ ഗുണപാഠങ്ങള്‍ സ്വാംശീകരിച്ച എസ് വൈ എസ് കേരള മുസ്‌ലിം ജമാഅത്തിന്റെ വ്യക്തവും പ്രായോഗികവുമായ നിലപാടുകള്‍ അംഗീകരിച്ചു കൊണ്ടാണ് മുന്നോട്ടു ഗമിക്കുന്നത്.
കേരള മുസ്‌ലിം ജമാഅത്തിന്റെ അധ്യാപക ഘടകമാണ് പതിനായിരത്തിലധികം മദ്‌റസാ മുഅല്ലിമുകള്‍ക്ക് നേതൃത്വം നല്‍കുന്ന സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍. കേരളത്തിലെ എല്ലാ അധ്യാപക സംഘടനകള്‍ക്കും മാതൃകയാക്കാന്‍ പറ്റുന്ന ശാസ്ത്രീയവും പ്രായോഗികവുമായ പദ്ധതികള്‍ ഈ പ്രസ്ഥാനം നടപ്പാക്കുന്നു. വിദ്യാര്‍ഥി കുസുമങ്ങള്‍ക്ക് ചെറിയ പ്രായത്തില്‍ തന്നെ മര്യാദകളും നല്ല സ്വഭാവങ്ങളും സകല ജനങ്ങളെയും ആദരിക്കുന്നതിന് ആവശ്യമായ ബാലപാഠങ്ങളും മൂല്യബോധവും വളര്‍ത്തിയെടുക്കുന്ന മുഅല്ലിം സംഘടന കേരള മുസ്‌ലിം ജമാഅത്തിന്റെയും കേന്ദ്ര മുശാവറയുടെയും പ്രധാനപ്പെട്ട കണ്ണിയും മുഖ്യ ഘടകവുമാണ്. ബഹുജനങ്ങളെ സംഘടനയിലേക്കും ഉലമാഇലേക്കും അടുപ്പിക്കുന്ന മദ്‌റസാ അധ്യാപകര്‍ ദീനിന്റെ കരുത്തും ആവേശവുമാണ്. ന്യായമായ ശമ്പളവും ആനുകൂല്യങ്ങളും നല്‍കി മദ്‌റസാ അധ്യാപകരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സമുദായത്തിന് ബാധ്യതയുണ്ടെന്ന് നമ്മുടെ എല്ലാ വേദികളിലും സമൂഹത്തെ ഉണര്‍ത്തിക്കൊണ്ടിരിക്കണം. സമരമോ കലഹമോ ഇല്ലാതെ വര്‍ഷങ്ങളായി അധ്യാപന സേവന രംഗത്തുള്ള മുഅല്ലിമുകള്‍ക്ക് ക്ഷേമനിധികളും മറ്റു ആനുകൂല്യങ്ങളും നല്‍കാനും, നല്‍കുന്നതിന്റെ തോത് വര്‍ധിപ്പിക്കാനും അതുവഴി മുസ്‌ലിം ഉമ്മത്തിന്റെ ഇസ്സത്ത് പ്രകടിപ്പിക്കാനും നമ്മുടെ സംഘബലം ശക്തിപ്പെടുത്തണം. അധ്യാപകരെയും ബഹുജനങ്ങളെയും കേരള മുസ്‌ലിം ജമാഅത്ത് ഒന്നിപ്പിക്കുന്നു. സമുദായത്തിന് അഭിമാനമാക്കി മാറ്റുന്നു.
കേരള മുസ്‌ലിം ജമാഅത്തിന്റെ മാനേജ്മെന്റ് പ്രവര്‍ത്തനങ്ങളുടെ ഘടകമായ സുന്നി മാനേജ്മെന്റ് അസോസിയേഷന്‍ അഥവാ എസ് എം എ ഇന്നാട്ടിലെ ആയിരക്കണക്കിന് ദീനീ സ്ഥാപനങ്ങളുടെ ഉള്‍ത്തുടിപ്പും ചൈതന്യവുമാണ്. വ്യക്തമായ ആസൂത്രണമില്ലാത്ത സ്ഥാപനങ്ങള്‍, പള്ളി, മദ്‌റസ, ശരീഅത്ത്, ദഅ്‌വാ കോളജുകള്‍ എന്നിവിടങ്ങളിലെല്ലാം അപ്പപ്പോള്‍ ഇടപെടാനും സ്ഥാപനങ്ങളെന്ന നിലയില്‍ അവിടെ ഉണ്ടാകുന്ന പ്രയാസങ്ങള്‍ പരിഹരിക്കാനും, വഖ്ഫ് ബോര്‍ഡ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകളുമായി ബന്ധപ്പെടാനും ബന്ധപ്പെടുത്താനും എസ് എം എ പ്രവര്‍ത്തന മേഖലയിലുണ്ട്. മലയോരങ്ങളിലും കടലോരങ്ങളിലും പിന്നാക്ക പ്രദേശങ്ങളിലും സ്ഥാപന നടത്തിപ്പ് ഏറെ പ്രയാസകരമാണ്. ഉത്തമ സമുദായമെന്ന വലിയ ക്രെഡിറ്റുള്ള നമ്മുടെ സമുദായം താഴേക്കിടയിലേക്ക് എത്തിനോക്കിയേ തീരൂ. കേരള മുസ്‌ലിം ജമാഅത്തിന്റെ സാന്നിധ്യവും നേതൃത്വവും കേന്ദ്ര മുശാവറയുടെ നിര്‍ദേശങ്ങളും ഉപയോഗപ്പെടുത്തി എസ് എം എ മുന്നോട്ട് നീങ്ങുമ്പോള്‍ മുസ്‌ലിം ഉമ്മത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തിളക്കം വര്‍ധിക്കുന്നു.
കേരള മുസ്‌ലിം ജമാഅത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സുന്നി വിദ്യാഭ്യാസ ബോര്‍ഡാണ്. കേരളം, മാഹി, ലക്ഷദ്വീപ്, അന്തമാന്‍, കര്‍ണാടക, തമിഴ്നാട്, ഡല്‍ഹി എന്നിങ്ങനെ ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മദ്‌റസകളില്‍ പാഠ്യപദ്ധതിയും പരീക്ഷകളും പാഠപുസ്തക വിതരണവും അധ്യാപകര്‍ക്ക് പരിശീലനവും കൃത്യമായും വൃത്തിയിലും സംവിധാനിച്ചു നടപ്പാക്കുന്ന സുന്നി വിദ്യാഭ്യാസ ബോര്‍ഡ് കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രധാന വൈജ്ഞാനിക കൂട്ടായ്മയാണ്. കേരള മുസ്‌ലിം ജമാഅത്ത് മദ്‌റസാ പഠനത്തിന് ശേഷം, ഹയര്‍ സെക്കന്‍ഡറിയിലും ദഅ്‌വാ- ശരീഅത്ത് കോളജുകളിലും മുത്വവ്വല്‍ വരെയുള്ള ഉയര്‍ന്ന കോഴ്സുകളിലും പാഠ്യപദ്ധതി തയ്യാറാക്കി പരീക്ഷകളും മറ്റും ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. ജാമിഅത്തുല്‍ ഹിന്ദ് എന്ന ഈ സംവിധാനം വളര്‍ച്ചയുടെ പടവുകളിലാണ്. വിദ്യാഭ്യാസ ബോര്‍ഡിനും ജാമിഅത്തുല്‍ ഹിന്ദിനും കേരള മുസ്‌ലിം ജമാഅത്ത് അപ്പപ്പോള്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നു. വിദ്യാഭ്യാസമാണ് മുസ്‌ലിം ഉമ്മത്തിന്റെ ശക്തിയും വളര്‍ച്ചയും എന്ന യാഥാര്‍ഥ്യം കേരള മുസ്‌ലിം ജമാഅത്ത് പ്രവര്‍ത്തകന്മാര്‍ ഈ സ്ഥാപനങ്ങളിലൂടെ വിളിച്ചോതുകയാണ്.
കേരള മുസ്‌ലിം ജമാഅത്തിന്റെ, അഥവാ സുന്നി സംഘശക്തിയുടെ ജീവനാണ് സിറാജ് പത്രം. 1984 ഏപ്രില്‍ 29ന് പ്രഥമ കോപ്പി പ്രകാശനം ചെയ്തു. താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബുഖാരി, ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, കാന്തപുരം ഉസ്താദ് തുടങ്ങിയ വലിയ നേതൃനിരയുടെ സമ്പൂര്‍ണ ലീഡര്‍ഷിപ്പിലും നിറസാന്നിധ്യത്തിലുമായി സിറാജ് പ്രകാശിച്ചപ്പോള്‍ സുന്നി മുസ്‌ലിംകളുടെ ശരിയായ ആദര്‍ശത്തെ, അഥവാ ഇസ്‌ലാമിന്റെ മധ്യമ നിലപാടിനെ കേരളത്തില്‍ നമുക്ക് ഉയര്‍ത്തിക്കാണിക്കാനായി. ബിദ്അത്തിന്റെ വളര്‍ച്ച പ്രതിരോധിക്കാനും കഴിഞ്ഞു. സിറാജിന്റെ വിപുലമായ പ്രചാരണ ക്യാമ്പയിന്‍ ഈ മാസം നടന്നുകൊണ്ടിരിക്കുകയാണ്.
കേരള മുസ്‌ലിം ജമാഅത്ത് കക്ഷി രാഷ്ട്രീയങ്ങള്‍ക്ക് അതീതമായി മുസ്‌ലിം സമുദായത്തിന് ഋജുപാത വെട്ടിത്തുറക്കുന്നു. അഹ‌്ലുസ്സുന്നത്തിന്റെ യഥാര്‍ഥ പാതയില്‍ അല്ലാഹുവിനോടും തിരുനബിയോടും സ്‌നേഹമുള്ള സമുദായ അംഗങ്ങള്‍ക്ക് മറ്റെല്ലാം മറന്ന് അണിചേരാനുള്ള മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളുടെ സന്ദര്‍ഭമാണ് ഇത്. കേരള മുസ്‌ലിം ജമാഅത്ത് സ്ഥാപക ദിനമായ ശനിയാഴ്ച സംസ്ഥാനത്ത് എല്ലാ മഹല്ല്/ യൂനിറ്റുകളിലും കാലത്ത് തന്നെ സംഘടനയുടെ ത്രിവര്‍ണ പതാക ഉയര്‍ത്തുക. കൊവിഡിന്റെ പ്രോട്ടോകോള്‍ പൂർണമായി പാലിച്ചുകൊണ്ട്, ആള്‍ക്കൂട്ടമില്ലാതെ ചടങ്ങ് ഭംഗിയാക്കാന്‍ സംഘടനയുടെ എല്ലാ ഘടകങ്ങളും യുക്തവും പ്രായോഗികവുമായ മാര്‍ഗങ്ങള്‍ കണ്ടെത്തുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കുന്ന മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളും സിറാജിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളും നേരത്തേ അറിയിച്ചത് പ്രകാരം വിജയിപ്പിക്കാന്‍ ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം അഭ്യര്‍ഥിക്കുന്നു.