Connect with us

National

ബാര്‍ക് റേറ്റിംഗില്‍ തട്ടിപ്പ്; റിപ്പബ്ലിക് ചാനല്‍ തലവന്‍ അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്യും

Published

|

Last Updated

മുംബൈ | ടെലിവിഷന്‍ മാധ്യമങ്ങളുടെ പ്രചാരം കണക്കാക്കുന്ന ടിവി റേറ്റിംഗ് പോയിന്റി(ടിആര്‍പി)ല്‍ കൃത്രിമം കാണിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനും റിപ്പബ്ലിക് ടി വി പ്രമോട്ടറുമായ അര്‍ണബ് ഗോസ്വാമിയെ മുംബൈ പോലീസ് ചോദ്യം ചെയ്യും. ടിആര്‍പി റേറ്റിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് ചാനല്‍ ഉടമകളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫാസ്റ്റ് മറാത്തി, ബോക്‌സ് സിനിമാ ചാനല്‍ ഉടമകളാണ് അറസ്റ്റിലായത്. റേറ്റിംഗ് തട്ടിപ്പില്‍ റിപ്ലബ്ലിക് ചാനലിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായും അടുത്തിടെ റിപ്ലബ്ലിക് ചാനലിന്റെ റേറ്റിംഗില്‍ ഉണ്ടായ വര്‍ധന സംശയാസ്പദമാണെന്നും മുംബൈ പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

ബാര്‍ക് റേറ്റിംഗില്‍ റിപ്പബ്ലിക് ടി വി കൃത്രിമം കാണിക്കുന്നുവെന്ന് സംശയമുള്ളതായി റേറ്റിംഗ് പോയിന്റുകള്‍ നല്‍കുന്ന ബ്ലോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്) നേരത്തെ സംശയം ഉയര്‍ത്തിയിരുന്നു. ടെലിവിഷന്‍ റേറ്റിംഗ് രേഖപ്പെടുത്തുന്നതിനായി ബാരോമീറ്ററുകള്‍ സ്ഥാപിച്ചിട്ടുള്ള വീട്ടുകാര്‍ക്ക് പണം നല്‍കി തങ്ങളുടെ ചാനല്‍ എല്ലായപ്പോഴും ഓണ്‍ ചെയ്തിട്ട് ബാര്‍ക് റേറ്റിംഗില്‍ വര്‍ധന ഉണ്ടാക്കുകയാണ് തട്ടിപ്പ് സംഘം ചെയ്യുന്നത്. ബാര്‍ക്കില്‍ നിന്ന് നേരെത്തെ രാജിവെച്ച ജീവനക്കാരുടെ സഹായത്തോടെയാണ് അതീവ രഹസ്യമായി ബാരോമീറ്റര്‍ സ്ഥാപിച്ചിട്ടുള്ള വീടുകളുടെ വിവരങ്ങള്‍ തട്ടിപ്പ് സംഘം കൈവശപ്പെടുത്തുന്നത്.

ഇംഗ്ലീഷ് അറിയാത്ത കുടുംബം മുഴുവന്‍ സമയവും റിപ്പബ്ലിക് ടിവി കാണുന്നതായി ശ്രദ്ധയില്‍പെട്ടിരുന്നു. തട്ടിപ്പ് സംഘത്തില്‍ നിന്ന് പണം വാങ്ങി ടിവി കാണാത്ത സമയത്തും റിപ്ലബ്ലിക് ചാനല്‍ ഓണ്‍ ചെയ്ത് വെക്കുകയായിരന്നു വീട്ടുകാര്‍ ചെയ്തിരുന്നത്. ഇതിലൂടെ റിപ്പബ്ലിക് ചാനലിന്റെ റേറ്റിംഗ് കുതിച്ചുയരുകയും ചെയ്തു.

ബാര്‍ക് റേറ്റിംഗില്‍ മുന്നിലെത്തുന്ന ചാനലുകള്‍ക്ക് വന്‍ പരസ്യവരുമാനം ലഭിക്കുമെന്നതാണ് ഇത്തരം തട്ടിപ്പിന് പ്രേരണയാകുന്നത്. ഇന്ത്യയിലെ ടിവി പരസ്യ വിപണിയുടെ മൂല്യം 30,000 കോടിയിലധികം വരും. വ്യൂവര്‍ഷിപ്പ് അടിസ്ഥാനമാക്കിയാണ് ചാനലുകള്‍ ഉയര്‍ന്ന പരസ്യ വരുമാനത്തിനായി ശ്രമിക്കുന്നത്. വ്യാജ ബാര്‍ക് റേറ്റിംഗ് സൃഷ്ടിച്ച് റിപ്പബ്ലിക് ടിവിയും മറ്റ് രണ്ട് ചാനലുകളും വന്‍ പരസ്യവരുമാനം നേടിയതായും മുംബൈ പോലീസ് അറിയിച്ചു.

---- facebook comment plugin here -----

Latest