Connect with us

International

സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്

Published

|

Last Updated

ഓസ്‌ലോ | സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ഐക്യരാഷ്ട്രസംഘടനയ്ക്കു കീഴിലെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് (ഡബ്ല്യൂ എഫ് പി). ദാരിദ്ര്യനിര്‍മാര്‍ജനത്തിലും പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സമാധാനം പുനസ്ഥാപിക്കുന്നതിലും ഈ പദ്ധതി വഹിച്ച പങ്ക് കണക്കിലെടുത്താണ് പുരസ്‌കാരം. യുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ദാരിദ്ര്യത്തെ ആയുധമാക്കുന്നത് തടയാന്‍ ആഗോള ഭക്ഷ്യ പദ്ധതിക്ക് സാധിച്ചതായി നൊബേല്‍ കമ്മിറ്റി വിലയിരുത്തി.

ഈ വര്‍ഷത്തെ പുരസ്‌കാരത്തോടെ, പട്ടിണി ഭീഷണി നേരിടുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് നേരെ ലോകത്തിന്റെ ശ്രദ്ധ തിരിക്കാനാണ് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി ആഗ്രഹിക്കുന്നതെന്ന് റീസ് ആന്‍ഡേഴ്സന്‍ പറഞ്ഞു.

ലോകത്തെ പ്രമുഖ ജീവകാരുണ്യ സംഘടനയാണ് ഡബ്ല്യൂ എഫ് എഫ് പി. അവരുടെ കണക്കുകള്‍ പ്രകാരം ഏതാണ്ട് 690 ദശലക്ഷം, അതായത് 11-ല്‍ ഒരാള്‍ ഒഴിഞ്ഞ വയറുമായാണ് കിടക്കാന്‍ പോകുന്നത്. 1961-ല്‍ സ്ഥാപിതമായ യുഎന്‍ സംഘടന കഴിഞ്ഞ വര്‍ഷം 97 ദശലക്ഷം ആളുകള്‍ക്കാണ് സഹായം നല്‍കിയത്. 88 രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് 15 ബില്യണ്‍ റേഷന്‍ സംഘടനയുടെ കീഴില്‍ വിതരണം ചെയ്തു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പുരോഗതി കൈവരിച്ചെങ്കിലും, നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ 2030 ഓടെ പട്ടിണി ഇല്ലാതാക്കുക എന്ന യുഎന്‍ ലക്ഷ്യത്തിലെത്താന്‍ സാധിക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു. സ്ത്രീകളും കുട്ടികളും ആണ് പൊതുവെ ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ളവര്‍.

പട്ടിണിമൂലം യുദ്ധം സംഭവിക്കാം. എന്നാല്‍ പട്ടിണി യുദ്ധത്തിന്റെ അനന്തരഫലവുമാണ്. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ ജീവിക്കുന്ന ആളുകള്‍ക്ക് സമാധാനാന്തരീക്ഷമുള്ള രാജ്യത്ത് ജീവിക്കുന്നവരെ അപേക്ഷിച്ച് മൂന്നു മടങ്ങ് പോഷകാഹാരക്കുറവ് നേരിടാന്‍ ഇടയുണ്ടെന്നാണ് ഡബ്ല്യൂ എഫ്ഫിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാതെ വിശപ്പ് അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് ഡബ്ല്യു എഫ് പി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബിയാസ്ലി പറയുന്നു.