Connect with us

National

ഹത്രാസ് സംഭവം: സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി | ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ 20 കാരിയായ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. ബലാത്സംഗം, കൊലപാതകശ്രമം കൂട്ട ബലാല്‍സംഗം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് യുപി ഗാസിയാബാദിലെ പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് സിബിഐ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.

ഹത്രാസ് സംഭവത്തില്‍ പോലീസിന്റെ നിരുത്തരവാദപരമായ സമീപനം വിവാദമായതോടെയാണ് സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി കേസന്വേഷണം സിബിഐക്ക് കൈമാറിയത്. പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ തിടുക്കത്തില്‍ സംസ്‌കരിച്ചതും ഫോറന്‍സിക് പരിശോധനക്ക് സാമ്പിള്‍ ശേഖരിക്കാന്‍ വൈകിയതും ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് പോലീസിന് എതിരെ ഉയര്‍ന്നിരുന്നത്.

കഴിഞ്ഞ മാസം 14നാണ്അമ്മക്കൊപ്പം പുല്ല് പറിക്കാന്‍ പോയ പെണ്‍കുട്ടിയെ നാല് പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചത്. ഗുരുതര പരുക്കിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ മാസം 29ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ പെണ്‍കുട്ടി മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഉന്നത ജാതിയില്‍പ്പെട്ട സന്ദീപ്, രാമു, ലവ്കുശ്, രവി എന്നീ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

അതേസമയം, സി ബി ഐ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന നിലപാടില്‍ പെണ്‍കുട്ടിയും കുടുംബം ഉറച്ച് നില്‍ക്കുകയാണ്. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് കുടുംബം.

Latest