Articles
വ്യാധിയിലല്ല, ആയുധത്തിലാണ് കണ്ണ്
മോദിയും ട്രംപും ഒരേ തൂ വല്‍ പക്ഷികളാണ്. ട്രംപിന് ഇഷ്ടപ്പെടാത്തത് എന്തൊക്കെയോ പറഞ്ഞു എന്നാരോപിച്ച് ലോകാരോഗ്യ സംഘടനക്ക് നല്‍കി വന്നിരുന്ന ധനസഹായം ട്രംപ് പിന്‍വലിച്ചു. ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം മോദിക്കും പാര്‍ട്ടിക്കും ഹിതകരമല്ലാത്തതിനാല്‍ അവര്‍ക്ക് ഓഫീസുകള്‍ അടച്ചുപൂട്ടി രാജ്യം വിട്ടുപോകേണ്ടി വന്നിരിക്കുന്നു. തീവ്ര ദേശീയത എന്ന തിമിരം ബാധിച്ച നേതാക്കന്മാരും അവരുടെ പാര്‍ട്ടികളും എന്നും ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു. സ്വന്തം ദേശീയത എന്ന പ്രൊക്രാസ്റ്റസിന്റെ കട്ടിലില്‍ വഴിയേ പോകുന്ന സകലരെയും പിടിച്ചു കിടത്തി ഒന്നുകില്‍ അവരുടെ ശരീരം വലിച്ചു നീട്ടി കട്ടിലിന് പാകമാക്കുക, അല്ലെങ്കില്‍ ശരീരം കട്ടിലിന് പാകമാകും വിധം മുറിച്ചു മാറ്റുക എന്ന തന്ത്രമാണ് ഇത്തരക്കാര്‍ എന്നും അവലംബിച്ചു പോന്നത്. ബഹുസ്വരത, അന്തര്‍ദേശീയത എന്നൊക്കെ കേള്‍ക്കുന്നത് അവരെ വെകളിപിടിപ്പിക്കും. അവരുടെ താളത്തിനൊത്ത് തുള്ളാന്‍ കുറെ പേരെ അവര്‍ക്ക് കൂട്ടായി കിട്ടുന്നു എന്നതാണ് വിചിത്രം. ഇത്തരം ഒരേ തൂവല്‍ പക്ഷികള്‍ ഒരുമിച്ചു പറക്കും. പരസ്പരം പ്രശംസിക്കും. ട്രംപ് വീണ്ടും അമേരിക്കയില്‍ അധികാരത്തില്‍ വരണമെന്ന് മോദിയും മോദി വീണ്ടും അധികാരത്തില്‍ വരണമെന്ന് ട്രംപും ആഗ്രഹിക്കുന്നു. പ്രായം ഏറെ ആയെങ്കിലും, കൊവിഡിനെതിരെ നടത്തിയ വെല്ലുവിളിയില്‍ തോറ്റുപോയെങ്കിലും ഇനിയും ഒരങ്കത്തിന് ബാല്യം ബാക്കിയുണ്ടെന്ന് ഇരുവരും കരുതുന്നു. ആംനസ്റ്റി ഇന്റര്‍നാഷനലിനെ കെട്ടുകെട്ടിച്ച മോദിയുടെ അടുത്ത നീക്കം വിവിധ എന്‍ ജി ഒ സംഘടനകള്‍ക്കെതിരായിട്ടാണ്. എന്‍ ജി ഒകള്‍ മുഖേനയുള്ള ഫണ്ട് ശേഖരണം തനിക്കും പാര്‍ട്ടിക്കും സ്വാധീനമുള്ള വിവിധ ഏജന്‍സികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
കൊവിഡ് പോലുള്ള ഭീകരമായ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിലായാലും താഴേ തട്ടിലുള്ള ജനജീവിതത്തിന് ക്ഷേമം ഉറപ്പുവരുത്തുന്ന കാര്യത്തിലായാലും ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ വിവിധ അന്തര്‍ദേശീയ ഏജന്‍സികളുടെ ഇടപെടലുകള്‍ ഭരണത്തിലിരിക്കുന്നവരെ അലോസരപ്പെടുത്താറുണ്ട്. ദേശസുരക്ഷ പോലുള്ള പ്രശ്‌നങ്ങളെ പര്‍വതീകരിച്ച് ജനഹിതം തങ്ങള്‍ക്കനുകൂലമാക്കാനുള്ള നീക്കങ്ങള്‍ക്ക് ഇത്തരം സംഘങ്ങളുടെ കണ്ടെത്തലും വെളിപ്പെടുത്തലും പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കാറുണ്ട്. പലതും ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കാന്‍ ഭരണാധികാരികള്‍ ആഗ്രഹിക്കുന്നു. പല സ്ഥിതിവിവര കണക്കുകളും പുറംലോകം അറിയുന്നത് ഇത്തരം ചില ആഗോള ഏജന്‍സികളുടെ പഠന റിപ്പോര്‍ട്ടുകള്‍ വഴിയാണ്. 2017ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച അന്തര്‍ദേശീയ സംഘടനയാണ് ആഗോള യുദ്ധ വിരുദ്ധ പ്രസ്ഥാനം. ഇവര്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് ലോകത്തിലെ വിവിധ രാജ്യങ്ങള്‍ അണുവായുധ ശേഷി വര്‍ധിപ്പിക്കാന്‍ ചെലവഴിച്ച പണത്തിന്റെയും ശേഖരിച്ച ആയുധങ്ങളുടെയും അമ്പരിപ്പിക്കുന്ന കണക്ക് പുറത്തുവിട്ടിട്ടുണ്ട്. കൊവിഡ് 19 ചൈനയുടെ സൃഷ്ടി എന്ന് പറഞ്ഞത് ട്രംപ്. പറഞ്ഞത് ട്രംപായതുകൊണ്ട് ലോകം അതത്ര ഗൗരവത്തിലെടുത്തില്ല. ഇത്തരം വിടുവായത്തം വലതുപക്ഷ രാഷ്ട്രീയത്തിന് ഭൂഷണമാണ്. അതുകൊണ്ട് തന്നെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ചെളിക്കുണ്ടില്‍ കാല് താഴ്ന്നുപോയ അമേരിക്കന്‍ വോട്ടര്‍മാര്‍ ട്രംപിന് ഒരൂഴം കൂടി നല്‍കിയേക്കാം.
എനിക്ക് പിന്നാലെ വരുന്നവന്‍ എന്നേക്കാള്‍ ഭീകരനായിരിക്കും എന്ന മുന്നറിയിപ്പ് കൊവിഡ് ഇതിനകം ലോകത്തോട് പറഞ്ഞു കഴിഞ്ഞു. അങ്ങനെ വല്ലതും സംഭവിച്ചാല്‍ ഭീകരമായിരിക്കും ലോകത്തിന്റെ അവസ്ഥ. ഇതെല്ലാം ആലോചിച്ച് സാമാന്യജനം പകച്ചു നില്‍ക്കുകയാണ്. എന്തായിരിക്കും ലോകത്തിന്റെ ഭാവി? നമ്മള്‍ ഇതിനകം പരിചയപ്പെട്ടു കഴിഞ്ഞ ലോകത്തിന്റെ മുഖച്ഛായ പാടെ മാറുകയാണോ? കേരളത്തിലെ സാധാരണ ജനങ്ങളുടെ ആശങ്ക ഇതൊക്കെയാണ്. അല്ലാതെ രമേശ് ചെന്നിത്തല വരുമോ, ഉമ്മന്‍ ചാണ്ടിക്കിനി ഒരങ്കത്തിന് ബാല്യം ബാക്കിയുണ്ടോ, മുല്ലപ്പള്ളിയും മുരളീധരനും തമ്മിലുള്ള തമ്മില്‍ തല്ലല്‍ മുറുകുമോ, കുഞ്ഞാലിക്കുട്ടിയും കുഞ്ഞുമാണിയുടെ മകനും എന്തൊക്കെ പരാക്രമണങ്ങളായിരിക്കും കാട്ടുക ഇതൊന്നുമല്ല. ഇതൊക്കെ ഇന്നത്തെ സാഹചര്യത്തില്‍ കേവലം റേറ്റിംഗ് വര്‍ധിപ്പിക്കാന്‍ എന്ത് പരാക്രമവും കാണിക്കുന്ന വന്‍കിട ചാനലുകള്‍ നടത്തുന്ന രാത്രികാല വിനോദം മാത്രമാണ്. ഇത്തരം പൈങ്കിളികളോട് സലാം പറഞ്ഞ് ആഗോള പ്രാധാന്യമുള്ള ചില വിഷയങ്ങള്‍ ദൃശ്യ മാധ്യമങ്ങളിലൂടെയും അച്ചടി മാധ്യമങ്ങളിലൂടെയും പുറത്തുവന്നുകൊണ്ടിരിക്കുന്ന കാലം കൂടിയാണിത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് വികസന ഭ്രാന്തന്മാരായ ആഗോള ഭരണാധികാര മോഹികള്‍ ആണവയുദ്ധം ഉപേക്ഷിച്ച് ജൈവായുധങ്ങള്‍ സൃഷ്ടിച്ച് ലോകത്തെ തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ പരിശ്രമിക്കുമോ എന്നത്.
2020ല്‍ കൊവിഡിന്റെ വാഴ്ചക്ക് മുമ്പില്‍ ലോകം പകച്ചു നില്‍ക്കുന്നു, മരണം കൂടുന്നു. പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും മനുഷ്യ ജീവിതത്തില്‍ പിടിമുറുക്കുന്നത് ആദ്യമായിട്ടൊന്നുമല്ല. നീണ്ട ഇടവേളകള്‍ക്കിടയില്‍ ഇതൊക്കെ ഉണ്ടാകാറുണ്ടെന്നതാണ് യാഥാര്‍ഥ്യം. 2020ന്റെ മറ്റൊരു പ്രത്യേകത ഹിരോഷിമ, നാഗസാക്കി എന്നീ രണ്ട് ജാപ്പനീസ് നഗരങ്ങള്‍ക്ക് മേല്‍ അമേരിക്ക ആറ്റം ബോംബ് വര്‍ഷിച്ചതിന്റെ 75ാം വാര്‍ഷികമാണെന്നതാണ്. 1945ല്‍ നടന്ന ആ മനുഷ്യ നിര്‍മിത ദുരന്തത്തിന്റെ ശതാബ്ദി വര്‍ഷം ആകുമ്പോഴേക്കും നമ്മിലെത്ര പേര്‍ ബാക്കിയുണ്ടാകുമെന്ന് ഉറപ്പില്ല. നമ്മള്‍ മനുഷ്യരാശി നടന്നു തീര്‍ത്ത ദുരന്തങ്ങളിലേക്കും പിന്നിട്ട സ്ഥലകാലരാശികളിലേക്കും ഒക്കെ ഇടക്കൊന്ന് തിരിഞ്ഞു നോക്കാനുള്ള അവസരം കൂടിയാണ് ഇത്തരം ചില വാര്‍ഷികാനുഷ്ഠാനങ്ങള്‍. 1945 ആഗസ്റ്റ് ഒമ്പതിനായിരുന്നു രണ്ടാം ലോക മഹായുദ്ധത്തിന് വിരാമം കുറിച്ചുകൊണ്ട് അമേരിക്ക ആദ്യം ഹിരോഷിമയിലും പിന്നെ നാഗസാക്കിയിലും അണുബോംബിട്ടത്.
ഒറ്റ ദിവസം 70,000 മനുഷ്യരുടെ ജീവനാണ് അപഹരിക്കപ്പെട്ടത്. രണ്ട് ലക്ഷത്തിലേറെപ്പേര്‍ ആണ് ബോംബ് ബാധയേറ്റ് അവശരും അംഗഹീനരുമായത്. 1995 അവസാനിച്ചതോടെ ഇതുനിമിത്തം മരണപ്പെട്ടവരുടെ എണ്ണം 1,66,000 ആയി ഉയര്‍ന്നു. യുദ്ധം ക്രിസ്ത്യന്‍ രാജ്യങ്ങള്‍ക്കെതിരെ എന്നാരോപിച്ചായിരുന്നു അമേരിക്കയുടെ ബോംബ് അഭ്യാസം. പക്ഷേ, അത് ചെന്നുവീണത് ജപ്പാനിലെ ക്രിസ്തു മതത്തിന്റെ പിള്ളത്തൊട്ടില്‍ എന്നറിയപ്പെട്ട നാഗസാക്കിയില്‍. അമേരിക്കയുടെ ആറ്റം ബോംബ് നാഗസാക്കിയിലെ പള്ളികളെ അഗ്നിഗോളമാക്കി മാറ്റുന്ന കാലത്ത് കിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ കത്തീഡ്രല്‍ ദേവാലയം സ്ഥിതി ചെയ്തിരുന്നത് ഇവിടെയായിരുന്നു. ആ കത്തീഡ്രല്‍ പള്ളിയില്‍ പ്രാര്‍ഥനയില്‍ മുഴുകിയിരുന്ന 8,000 വിശ്വാസികളുടെ ജീവനാണ് ക്ഷണനേരം കൊണ്ട് ഇല്ലാതായത്.
ആണവായുധ ശേഷിയുള്ള റഷ്യ, യു എസ്, ചൈന, ഫ്രാന്‍സ്, യു കെ, പാക്കിസ്ഥാന്‍, ഇന്ത്യ, ഇസ്‌റാഈല്‍, വടക്കന്‍ കൊറിയ എന്നീ ഒമ്പത് രാജ്യങ്ങള്‍ മൊത്തം ശേഖരിച്ചു സൂക്ഷിച്ചിരിക്കുന്നത് 13,400 ആണവായുധങ്ങളാണ്. ഈ ഒമ്പത് രാജ്യങ്ങള്‍ ചേര്‍ന്ന് ആണവായുധ വികസനത്തിനായി 2019ല്‍ മാത്രം ചെലവഴിച്ചത് 72.9 ബില്യണ്‍ ഡോളറാണ്. ഓരോ മിനുട്ടിലും ആഗോള സമ്പത്തില്‍ നിന്ന് ഈ നശീകരണായുധങ്ങളുടെ പരീക്ഷണത്തിനായി കോടികള്‍ അപഹരിക്കപ്പെടുന്നു. ലോകത്തിന്റെ മൊത്തം ആണവ വിനിമയ ചെലവുകളുടെ പകുതിയിലേറെയും അമേരിക്ക വഹിക്കുന്നുണ്ട്. അമേരിക്ക ആണവ പരീക്ഷണങ്ങള്‍ക്കായി വക മാറ്റിവെച്ച തുക കൊണ്ട് മാത്രം ദരിദ്ര ലോകത്തെ ചികിത്സാ കേന്ദ്രങ്ങളിലെ മൂന്ന് ലക്ഷം തീവ്ര പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് ഐ സി യു സംരക്ഷണത്തോടു കൂടെ സൗജന്യ ചികിത്സ നല്‍കാന്‍ കഴിയും. 1,50,000 നഴ്‌സുമാര്‍, 75,000 ഡോക്ടര്‍മാര്‍, 35,000 വെന്റിലേറ്റര്‍ ഇത്രയും സൗകര്യങ്ങളുടെ അഭാവം കൊവിഡ് പകര്‍ച്ച വ്യാധിയെ നേരിടുന്ന കാര്യത്തില്‍ ലോകം അഭിമുഖീകരിക്കുന്നു എന്ന ഭീകര യാഥാര്‍ഥ്യത്തെ നോക്കി കണ്ണടച്ചു കൊണ്ടാണ് ആയുധ സംഭരണ ശേഷിയില്‍ ഒരു വിട്ടുവീഴ്ചക്കും തങ്ങള്‍ തയ്യാറല്ലെന്ന ധിക്കാരം അമേരിക്ക ഉള്‍പ്പെടെയുള്ള ലോക ഭരണാധികാരികള്‍ പുലര്‍ത്തുന്നതെന്ന കാര്യം കൂടി ഇവിടെ ഓര്‍ക്കണം.
ന്യൂക്ലിയര്‍ ബോംബുകളാണ് മനുഷ്യരാശി ഇതുവരെ വികസിപ്പിച്ച നശീകരണായുധങ്ങളില്‍ ഏറ്റവും വിനാശകാരി. ഒരേ ഒരു ന്യൂക്ലിയര്‍ ബോംബിന്റെ വിക്ഷേപണം വഴി ഒരു മഹാനഗരത്തിലെ ജനസഞ്ചയത്തെ ആകെ കൂട്ടത്തോടെ ഇല്ലായ്മ ചെയ്യാനാകും. പല പരീക്ഷണ വിസ്‌ഫോടനങ്ങളും ഇതിനകം ലോക ജനസംഖ്യയിലെ ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം അപഹരിക്കുകയുണ്ടായി. ജീവനാശത്തേക്കാള്‍ ഭീകരമെന്ന് പറയാവുന്ന പാരിസ്ഥിതിക ആഘാതങ്ങള്‍ക്കും ക്യാന്‍സര്‍ പോലുള്ള മഹാവ്യാധികള്‍ക്കും കാരണമാകുന്നു. പലപ്പോഴും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനത്തിന് വഴിയൊരുക്കുന്നു. ഈ പോക്കുപോയാല്‍ മനുഷ്യവംശം ഒട്ടാകെ ഈ ഭൂമുഖത്തു നിന്ന് തിരോഭവിക്കുന്ന കാലം വിദൂരത്തായിരിക്കില്ല. അന്ന് പഴിചാരാന്‍ ഒരു പാവം കൊവിഡോ തത്തുല്യമായ ഒരു വൈറസോ അവശേഷിച്ചു എന്ന് വരില്ല.
2017 ജൂലൈ മാസത്തില്‍ ആണവായുധ നിരോധനം സംബന്ധിച്ച് ഐക്യരാഷ്ട്ര സംഘടന ഒരു സന്ധി വ്യവസ്ഥ മുന്നോട്ടു വെച്ചിരുന്നു. ഇതുപ്രകാരം ആണവായുധ പരീക്ഷണം, ഉത്പാദനം, വിതരണം, കൈവശം സൂക്ഷിക്കല്‍, ആണവായുധ ഭീഷണിയോടു കൂടിയ വെല്ലുവിളികള്‍, സ്വന്തം രാജ്യാതിര്‍ത്തികളെ ആയുധ സംഭരണികളാക്കി നിലനിര്‍ത്തുന്ന സമ്പ്രദായം ഇതൊക്കെ അവസാനിപ്പിക്കണം. അമ്പതോളം രാജ്യങ്ങള്‍ ഈ കരാര്‍ അംഗീകരിച്ച് ഒപ്പിടുകയുണ്ടായി എന്നത് ഏറെ പ്രതീക്ഷകള്‍ക്ക് വകതരുന്നു. നിര്‍ഭാഗ്യം എന്നു പറയട്ടെ നമ്മുടേതുള്‍പ്പെടെ കാലെക്കൂട്ടി ആണവശക്തി സ്വായത്തമാക്കിയ പല വമ്പന്മാരും ഈ കരാറില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. അതാണല്ലോ ചരിത്രത്തിന്റെ വിധിതീര്‍പ്പ്. ശക്തന് ഒരു ന്യായം. ദുര്‍ബലന് മറ്റൊരു ന്യായം. ഏതന്യായത്തെയും ന്യായമാക്കാനും ഏത് അനീതിയെയും നീതിയാക്കാനും രാജ്യസ്‌നേഹം എന്ന ചതുരാക്ഷരി മന്ത്രം ആവര്‍ത്തിച്ചുരുവിട്ടാല്‍ മതിയല്ലോ.