Connect with us

Cover Story

നൽകാം എഴുത്തുകൂട്ടിന് ബിഗ് സല്യൂട്ട്

Published

|

Last Updated

കനല്‍വഴികളില്‍ കാലിടറാതെ കരുത്തു കാട്ടാന്‍ മാത്രമല്ല അക്ഷരവഴിയില്‍ സര്‍ഗപ്രതിഭയുടെ പൊൻവെട്ടം തെളിയിക്കാനും തങ്ങള്‍ക്കാകുമെന്ന് സാക്ഷ്യപ്പെടുത്തുയാണ് കേരള പോലീസ്. മലയാള സാഹിത്യലോകത്ത് പുതുചരിതമെഴുതി 20 പോലീസ് ഉദ്യോഗസ്ഥരുടെ 20 കഥകള്‍ സല്യൂട്ട് എന്ന പേരില്‍ കഥാസമാഹാരമായി മലയാളിക്ക് മുന്നിലെത്തുകയാണ്. മലയാളത്തിന് നവ്യാനുഭവമാകുന്ന ഈ കഥാസമാഹാരം പുറത്തിറങ്ങുമ്പോള്‍ ആസ്വാദക ലോകത്തിനു പറയാനുള്ളതും മറ്റൊന്നുമല്ല. സല്യൂട്ട്. മാനസിക സംഘര്‍ഷവും സമ്മർദവും അലട്ടുമ്പോഴും സര്‍ഗാത്മകതയുടെ വാതില്‍ അടക്കാതെ തുറന്നിട്ട സേനാംഗങ്ങള്‍ക്കാണ് ഈ സല്യൂട്ട്.
കരുതലിനും കൈത്താങ്ങിനുമൊപ്പം കലയുടെയും കഥയുടെയും ലോകവും അന്യമല്ലെന്ന് തെളിയിക്കുകയാണിവിടെ പോലീസ്. മലയാളത്തില്‍ ആദ്യമായി 20 പോലീസ് സേനാംഗങ്ങള്‍ എഴുതിയ കഥാസമാഹാരം ഈ മാസമാണ് പുറത്തിറങ്ങുന്നത്. എ ഡി ജി പി മുതല്‍ സി പി ഒ വരെയുള്ള പോലീസ് സേനാംഗങ്ങളുടെ സര്‍ഗലോകമാണ് ഈ കഥകളിലൂടെ പുറത്തുവരുന്നത്. എ ഡി ജി പി ഡോ. ബി സന്ധ്യ ഐ പി എസ് ആണ് എഡിറ്റർ. “സല്യൂട്ട്” ജി വി പബ്ലിഷേഴ്‌സാണ് പ്രസിദ്ധീകരിക്കുന്നത്. ജനമൈത്രി പോലീസിംഗ് വഴിയും പുതിയ കാലത്തിലെ സാമൂഹിക മാധ്യമങ്ങള്‍ വഴിയും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന കേരള പോലീസ്, നമ്മുടെ മനസ്സിലും സമൂഹത്തിലും മുമ്പൊരിക്കലുമില്ലാത്ത വിധം ചേര്‍ന്ന് നില്‍ക്കുകയാണ്. ഈ സവിശേഷ വേളയിലാണ് സേനാംഗങ്ങളുടെ സര്‍ഗലോകം കഥാസമാഹാരമായി ഇതൾവിരിയുന്നത്.

ജീവിതാനുഭവങ്ങളുടെ നേർക്കാഴ്ച

വ്യത്യസ്ത ജീവിതാനുഭവങ്ങള്‍ നേരിട്ട് കാണാനാകുന്ന തൊഴില്‍ മേഖല എന്ന നിലയില്‍ പോലീസുകാരില്‍ നിരീക്ഷണ പാടവം വളരെയേറെയാണെന്ന് പുസ്തകം എഡിറ്റ് ചെയ്ത എ ഡി ജി പി ഡോ. ബി സന്ധ്യ ഐ പി എസ് സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിലെ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ വൈജ്ഞാനിക , സര്‍ഗാത്മക മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള ചരിത്രം നമുക്ക് മുന്നിലുണ്ട്. എന്നാല്‍ 20 പോലീസ് അംഗങ്ങള്‍ ചേര്‍ന്നുള്ള കഥാസമാഹാരം ഇതാദ്യമായിരിക്കും. ലോക സാഹിത്യമെടുത്താല്‍ ജോർജ് ഓര്‍വല്‍ എന്ന വിശ്വപ്രസിദ്ധ നോവലിസ്റ്റ് അറിയപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥന്‍ കൂടിയാണ്. അതുപോലെ മറ്റു പലരുമുണ്ട്. 24 മണിക്കൂറും ജോലിയില്‍ വ്യാപൃതരാകുന്നവരാണ് പോലീസ് ഉദ്യോഗസ്ഥര്‍. ജോലിയുടെ മാനസിക സംഘര്‍ഷങ്ങള്‍ക്കും സമ്മർദങ്ങള്‍ക്കുമിടയില്‍ ഇവര്‍ക്ക് സര്‍ഗാത്മകയിലേക്ക് മനസ്സ് തുറക്കാന്‍ കഴിയുന്ന അപൂർവ സന്ദർഭം കൂടിയാകുന്നു ഈ കഥയെഴുത്തുകൾ.


പ്രയത്നത്തിന് പിന്നിൽ…

കഴിഞ്ഞ വര്‍ഷം ഇത്തരത്തിലൊരാശയം മുന്നോട്ടുവന്നപ്പോള്‍ പോലീസ് സേനക്കുള്ളില്‍ നിന്നു മികച്ച പ്രതികരണുണ്ടായത്. പോലീസ് സേനയില്‍ നിന്നും അപേക്ഷ ക്ഷണിച്ചതിനെ തുടര്‍ന്ന് 58 രചനകളാണ് കഥാസമാഹാരത്തിനായി ലഭിച്ചത്. ഇവയില്‍ നിന്നും 28 എണ്ണം ജി വി ബുക്‌സിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് തിരഞ്ഞെടുത്ത് എ ഡി ജി പിയുടെ പരിഗണനക്കായി അയച്ചു. ഇതില്‍ നിന്നും 19 കഥകള്‍ അന്തിമമായി തിരഞ്ഞെടുക്കപ്പെട്ടു. ആകെ 20 കഥകളാണ് കഥാസമാഹാരത്തിലുള്ളത്. ഇതില്‍ ആദ്യത്തേത് എ ഡി ജി പി സന്ധ്യയുടെതാണ്. അവതാരികയും എ ഡി ജി പിയുടെതാണ്. ഒരു വര്‍ഷം മുന്പ് രൂപപ്പെട്ട ആശയം കൊവിഡ് സംബന്ധമായ കാരണങ്ങളാലാണ് നീണ്ടത്. പുസ്തകം ഈ മാസം 20ന് ഭക്ഷ്യസുരക്ഷാ കമ്മീഷണറും സാഹിത്യകാരനുമായ കെ വി മോഹന്‍കുമാര്‍ ഓണ്‍ലൈനിലൂടെ പ്രകാശനം ചെയ്യും.

സര്‍ഗാത്മകതയുടെ കൈയൊപ്പ്

പോലീസുകാരുടെ അനുഭവങ്ങളും ഭാവനയും ചിന്തകളും ഇഴപിരിഞ്ഞു രൂപപ്പെട്ടവയാണ് സമാഹാരത്തിലെ കഥകളൊക്കെയും. പോലീസ് ജീവിതത്തിലെ വ്യത്യസ്ത അനുഭവങ്ങള്‍ പല കഥകള്‍ക്കും ആധാരമാകുന്നുണ്ടെങ്കിലും കേവലം അനുഭവങ്ങളുടെ പകര്‍ത്തലുകള്‍ മാത്രമാകാതെ സര്‍ഗാത്മകതയുടെ കൈയൊപ്പ് ചാര്‍ത്തുന്നതാണ് പല കഥകളും. മനസ്സിന്റെ സവിശേഷമായ സഞ്ചാരത്തെ കൈയടക്കത്തോടെ കഥയുടെ രൂപത്തിലേക്ക് ഇവര്‍ മാറ്റിയെടുക്കുന്നു.

രചനകളില്‍ പോലീസുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ കഥകളുണ്ട്. ജോലിക്കിടയില്‍ ഓരോ സന്ദര്‍ഭങ്ങളിലായി മനസ്സില്‍ ഉയര്‍ന്നുവരുന്ന ആന്തരിക സംഘര്‍ഷങ്ങളും ശാരീരികമായി ഇടപെടേണ്ടി വന്ന പ്രളയ ദുരിതാശ്വാസം പോലെയുള്ള അനുഭവങ്ങളും കഥക്ക് ഇതിവൃത്തമായിട്ടുണ്ട്. കുടുംബ ബന്ധങ്ങളിലെ ഇഴയടുപ്പവും മാനുഷിക ബോധ്യങ്ങളും പ്രതിപാദ്യമാകുന്ന കഥകളും നമ്മുടെ മനസ്സിനെ തൊടുന്നതാണ്. പോലീസുകാരുടെ സര്‍ഗവാസനയെ പരിപോഷിപ്പിക്കുക, സ്വയം തിരിച്ചറിയപ്പെടാതെ പോകുന്ന സര്‍ഗപ്രതിഭകളെ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പു കൂടിയാണിത്. കഥാകൃത്തുക്കളില്‍ മൂന്ന് പേരുടെ കഥ ഇതാദ്യമായാണ് ഒരു പുസ്തകത്തില്‍ പ്രസിദ്ധീകരിക്കുന്നത്. ഡോ. ബി സന്ധ്യക്ക് പുറമേ കെ കെ പ്രേമലത, കെ ആര്‍ രജീഷ്, വിനയന്‍ അമ്പാടി, കെ പി സതീഷ്, മനോജ് പറയറ്റ, സാജു സാമുവല്‍, ടി വിനോദ് കുമാര്‍, സുകുമാരന്‍ കാരാട്ടില്‍, രാധാകൃഷ്ണന്‍ ആയഞ്ചേരി, പി ആര്‍ അനീഷ്, പി ബി ദിനേശ്, കെ എം അനില്‍ കുമാര്‍, മിഥുന്‍ എസ് ശശി, സുരേശന്‍ കാനം, ജോഷി എം തോമസ്, പ്രേമന്‍ മുചുകുന്ന്, അനൂപ് ഇടവലത്ത്, സി കെ സുജിത്ത്, സജീവ് മണക്കാട്ടുപുഴ എന്നിവരുടെ കഥകളാണ് “സല്യൂട്ടി” ല്‍ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങള്‍ വഴി നമ്മുടെ പോലീസ് നല്‍കുന്ന സന്ദേശങ്ങളിലും പോലീസ് സേനയുടെതായി പുറത്തുവരുന്ന ലഘു വീഡിയോകളിലുമെല്ലാം പോലീസ് സേനാംഗങ്ങളുടെ സര്‍ഗാത്മകത നമുക്ക് അനുഭവിച്ചറിയാനായിട്ടുണ്ട്.
ഒരു വലിയ ആശയം എങ്ങനെ ലളിതമായും ഫലപ്രദമായും പ്രകാശിപ്പിക്കാന്‍ കഴിയുമെന്നത് ഇത്തരം സൃഷ്ടികളിലൂടെ നമുക്ക് വായിച്ചെടുക്കാം. ജനങ്ങളുടെ മനസ്സ് വായിക്കാനുള്ള ശേഷിക്കൊപ്പം സര്‍ഗശേഷി കൂടി വിനിയോഗിക്കുമ്പോഴാണ് പോലീസ് സേനാംഗങ്ങളുടെ സൃഷ്ടികള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ ചലനം സൃഷ്ടിക്കുന്ന തരത്തിലാകുന്നത്.
പോലീസുകാര്‍ രചിക്കുന്ന പുസ്തകങ്ങളുടെ പ്രമേയങ്ങള്‍ പൊതുവില്‍ പോലീസിംഗുമായി ബന്ധപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളത്തില്‍ വൈവിധ്യമായ വിഷയങ്ങളാണ് സേനയില്‍ നിന്നുള്ള എഴുത്തുകാര്‍ കൈകാര്യം ചെയ്യുന്നത്. സല്യൂട്ടിലൂടെ സാഹിത്യ ലോകത്ത് പ്രത്യേക ഇടം കണ്ടെത്തുകയാണ് കേരള പോലീസ് സേനാംഗങ്ങള്‍.
സേവനത്തെക്കുറിച്ച് മഹാത്മാഗാന്ധിയുടെ വിഖ്യാതമായ ഒരു വാക്യമുണ്ട്. സ്വയം കണ്ടെത്താനുള്ള മികച്ച മാര്‍ഗം മറ്റുള്ളവര്‍ക്കായി സ്വയം സമര്‍പ്പിക്കലാണ് എന്നാണത്. ആ അര്‍ഥത്തില്‍ പോലീസിംഗ് എന്നത് ഒരു സമര്‍പ്പണമാണ്. ഗാന്ധിജി മുന്നോട്ടുവെച്ച ഈ ദര്‍ശനം സര്‍ഗാത്മകതയിലും നമുക്ക് ചേര്‍ത്തുവെക്കാം. സ്വയം കണ്ടെത്താനുള്ള മികച്ച മാര്‍ഗം സ്വയം സമര്‍പ്പിക്കല്‍ തന്നെയാണെന്ന് അടിവരയിടുകയാണ് കാക്കിയിട്ട ഈ കഥാകൃത്തുകള്‍.

.

Latest