Connect with us

Book Review

മാന്വലിനുമപ്പുറം മലബാർ

Published

|

Last Updated

ഗുഡ്ബൈ മലബാർ – കെ ജെ ബേബി

കൊളോണിയൽ കാലഘട്ടത്തിനു മുന്നേ ലോക ഭൂപടത്തിൽ ഇടംനേടിയ ദേശമാണ് മലബാർ. നൂറ്റാണ്ടുകളുടെ പാരമ്പര്യവും പൈതൃകവും മലബാറിനെ കൊളോണിയൽ ശക്തികളുടെ സ്വപ്നഭൂമിയാക്കി മാറ്റി. മലബാറിനെ കുറിച്ചുള്ള ആധികാരിക ഗ്രന്ഥമായ മലബാർ മാന്വലിന്റെ രചയിതാവായ വില്യം ലോഗന്റെ ജീവിതത്തിലൂടെയുള്ള ഭാവനാത്മക യാത്രയാണ് കെ ജെ ബേബിയുടെ ഗുഡ്‌ബൈ മലബാർ. ചരിത്ര വസ്തുതകളും ആഖ്യാന സൗന്ദര്യവും ഒരുപോലെ സംഗമിക്കുന്ന രചനയിൽ ലോഗന്റെ ഭാര്യ ആനിയാണ് മുഖ്യ കഥാപാത്രം. മലബാർ കലക്ടറായിരുന്ന ലോഗന്റെ ഔദ്യോഗിക ജീവിതത്തിനപ്പുറം ഇരുപതാം നൂറ്റാണ്ടിലെ മലബാറിനെ പച്ചയായി വരച്ചുകാട്ടാനും നോവൽ ശ്രമിക്കുന്നുണ്ട്.

ബ്രിട്ടീഷ് ഗവൺമെന്റിന്റെ പ്രത്യേക നിർദേശ പ്രകാരം മലബാറിനെ കുറിച്ചുള്ള ആധികാരിക റഫറൻസ് ഗ്രന്ഥം തയ്യാറാക്കുകയാണ് ലോഗൻ. എഴുതിത്തീരുന്ന ഓരോ അധ്യായങ്ങളും വായിക്കുന്ന ആനിയിലൂടെ മലബാർ വൈവിധ്യങ്ങളിലേക്ക് ഒഴുകുകയാണ് കൃതി. സ്‌കോട്ട്‌ലന്റുകാരിയായ ആനിയെ സംബന്ധിച്ചിടത്തോളം മലബാർ തീർത്തും കൗതുകകരമായിരുന്നു. വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിലേക്കും സംസ്‌കാരത്തിലേക്കുമുള്ള പറിച്ചുനടൽ എന്നതിനപ്പുറം ഒരുപാട് അറിയാനും ഉൾക്കൊള്ളാനുമുള്ള അവസരമായിട്ടാണ് ആനി തന്റെ കുടിയേറ്റത്തെ കണ്ടത്. അതുകൊണ്ട് തന്നെ മാന്വലിനപ്പുറത്തെ മലബാറിനെ അറിയാനും ആനി ശ്രമിക്കുന്നുണ്ട്. കൊളോണിയൽ ആധിപത്യത്തിനു മുമ്പുള്ള മലബാർ സമൃദ്ധമായിരുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് മലബാറിലൂടെ സഞ്ചരിച്ച ഇബ്‌നു ബത്തൂത്തയുടെ യാത്രാവിവരണത്തിലൂടെയാണ് സ്വയംപര്യപ്തമായ മലബാറിനെ ആനി അറിയുന്നത്.


ആനിയുടെ മൂത്ത രണ്ട് മക്കളും അമ്മയോടൊപ്പം സ്‌കോട്ട്‌ലന്റിലാണ് താമസം. മക്കളുടെയും കുടുംബങ്ങളുടെയും അരികിലേക്ക് തിരികെ പോകാൻ ആഗ്രഹമുണ്ടെങ്കിലും ലോഗന്റെ ഔദ്യോഗിക തിരക്കുകൾ കാരണം സാധ്യമാകുന്നില്ലെന്ന് മാത്രം. വിശ്രമമില്ലാത്ത ഭാരിച്ച ഉത്തരവാദിത്വമാണെങ്കിലും മലബാർ കലക്ടർ ഉദ്യോഗത്തിൽ ലോഗൻ സംതൃപ്തനായിരുന്നു. മലബാറുമായി ആത്മാർഥമായ ഹൃദയ ബന്ധം ലോഗൻ കാത്തുസൂക്ഷിക്കുന്നതായി പലപ്പോഴും ആനിക്ക് തോന്നിയിട്ടുണ്ട്. ഇബ്‌നുബത്തൂത്ത അനുഭവിച്ച മലബാറിനെ വീണ്ടെടുക്കാനായിരുന്നു ലോഗൻ ശ്രമിച്ചിരുന്നത്. എന്നാൽ, കർഷകരെ ഊറ്റിക്കൊണ്ടുള്ള ബ്രിട്ടീഷ് കാർഷിക സമ്പ്രദായം മലബാറിനെ പുറകോട്ടു വലിക്കുകയാണെന്ന ബോധ്യം ഇരുവർക്കുമുണ്ടായിരുന്നു. കാർഷിക മേഖലയിലെ നികുതി വരുമാനം മെച്ചെപ്പെടുത്താൻ ജന്മി പ്രീണന സമീപനമായിരുന്നു തുടക്കം മുതലേ ഗവൺമെന്റ്പുലർത്തിയിരുന്നത്. സുലഭമായ കൃഷിയും വിളകളുമുണ്ടെങ്കിലും ജന്മികളുടെ ചൂഷണം കർഷകരെ ദുരിതത്തിലാഴ്ത്തി. ഇങ്ങനെ ജീവിതം വഴിമുട്ടിയ കർഷകർക്കിടയിൽ നിന്നും ഗവൺമെന്റിനെതിരെ പ്രതിഷേധങ്ങളും കാർഷിക സമരങ്ങളും മലബാറിന്റെ പല ഭാഗങ്ങളിലായി ഉയർന്നുവന്നു.

കോളനിവത്കരണ ചരിത്രനിർമിതിയെ വസ്തുനിഷ്ടമായി പ്രതിരോധിക്കാൻ കൃതി ശ്രമിക്കുന്നുണ്ട്. ചരിത്രാവതരണത്തിന്റെ സങ്കീർണതകൾക്കിടയിലും ചോർന്നുപോകാത്ത ആഖ്യാനവൈഭവം വായനക്കാരിൽ ആനന്ദമുളവാക്കുന്നതാണ്. യഥാർഥത്തിൽ മലബാർ ചരിത്രം വികൃതമായി വായിക്കപ്പെടുക എന്ന ബ്രിട്ടീഷ് അജൻഡയെ പിന്താങ്ങുന്ന വലത് ചരിത്രകാരന്മാരെ നോവലിസ്റ്റ് കൃത്യമായി ചോദ്യം ചെയ്യുന്നുണ്ട്. കൊളോണിയൽ ചരിത്ര നിർമിതിയെ പരോക്ഷമായി വിമർശിച്ചു കൊണ്ട് നിഷ്പക്ഷമായ യാഥാർഥ്യത്തെ കണ്ടെത്തുന്ന അന്വേഷക കഥാപാത്രമായിട്ടാണ് പലപ്പോഴും ആനി പ്രത്യക്ഷപ്പെടുന്നത്. മലബാറിലുള്ള മതങ്ങളുടെ ചരിത്രവും വിശ്വാസങ്ങൾക്കിടയിലുള്ള വിശാലമായ സഹിഷ്ണുതയും ആനി മനസ്സിലാക്കുന്നത് മാന്വലിലൂടെയാണ്. ബ്രിട്ടീഷ് ഗവൺമെന്റിനെതിരെ വ്യാപകമായി മലബാറിന്റെ പല ഭാഗങ്ങളിൽ നടന്ന സമാധാനപമായ സമരങ്ങളെയും പ്രക്ഷോഭങ്ങളെയും മതവിഭാഗീയത ഉയർത്തിക്കാട്ടി വഴിതിരിച്ചുവിടാനാണ് ഭരണാധികാരികൾ ശ്രമിച്ചത്. യഥാർഥത്തിൽ മലബാർ സമരങ്ങൾ കൊളോണിയൽ ശക്തികൾക്കെതിരായുള്ള സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നു. അധികാരം അരക്കിട്ടുറപ്പിക്കാൻ മതവികാരം ആളിക്കത്തിച്ച് മാപ്പിളമാരുടെ 1922ലെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളെ ശമിപ്പിക്കുകയാണ് ഗവൺമെന്റ് ചെയ്തത്. ഇതിനെ ശരിവെക്കുന്നതാണ് ബോധപൂർവം മുസ്്ലിം താലൂക്കുകൾ മാത്രം കേന്ദ്രീകരിച്ചുള്ള ആയുധത്തിരച്ചിൽ. മാപ്പിളമാർ മതഭ്രാന്തരാണെന്ന് നിരീക്ഷിച്ച സ്ട്രൈയ്ഞ്ച് കമ്മീഷൻ റിപ്പോർട്ട് വാസ്തവമാണെന്ന് സ്ഥാപിക്കാനുള്ള ഗവൺമെന്റിന്റെ കുത്സിത ശ്രമങ്ങളെ ആനി ലോഗനോട് തുറന്നവതരിപ്പിക്കുന്നുണ്ട്. ആനിയുടെ നിരാകരിക്കാനാകാത്ത സംശയങ്ങൾക്ക് മുന്നിൽ ലോഗൻ മൗനിയാവുകയായിരുന്നു. ഭരണാധികാരികളുടെ ധ്രുവീകരണ താത്പര്യങ്ങൾ ലോഗനെ ബോധ്യപ്പെടുത്താനും ആനി ശ്രമിക്കുന്നുണ്ട്.

ആനിയിലൂടെ ഇരുപതാം നൂറ്റാണ്ടിലെ പടിഞ്ഞാറൻ രാഷ്ട്രീയത്തെയും ഒരൊറ്റ ഫ്രെയിമിൽ നോവലിസ്റ്റ് സംഗമിപ്പിക്കുന്നു. കൊളനിവത്കരണത്തിനെതിരെയുള്ള ആശയങ്ങൾ ആനിയിൽ വിത്തിടുന്നത് മാക്‌സ് സങ്കൽപ്പങ്ങളിൽ നിന്നാണ്. സഹപാഠിയും ആത്മസുഹൃത്തുമായ എമിലിയാണ് മാക്‌സിലേക്കും ആനിബസന്റിലേക്കുമെല്ലാം ആനിയെ കൊണ്ടെത്തിക്കുന്നത്.

ബ്രിട്ടനിൽ രൂക്ഷമായ തൊഴിലാളി പ്രക്ഷോഭങ്ങളും ആനിബസന്റിന്റെ നേതൃത്വത്തിൽ നടന്ന വലിയ വിമോചന പോരാട്ടങ്ങളും നോവലിന്റെ രാഷ്ട്രീയ വായനയെ സമ്പുഷ്ടഷ്ഠമാക്കുന്നു. ഇന്ത്യയിലെ കൊളോണിയൽ ആധിപത്യത്തെയും ഈസ്റ്റിന്ത്യാ കമ്പനിയുടെ ചൂഷണത്തെയും ലോക ശ്രദ്ധയിലെത്തിച്ചത് മാക്‌സിന്റെ ലേഖനങ്ങളായിരുന്നു. ലോകത്തെ സ്വാധീനിച്ച ഈ ധൈഷണികനെ നേരിൽ കാണാൻ എമിലിയും ആനിയും ലണ്ടനിൽ സന്ദർശനം നടത്തി. രോഗം മൂർഛിച്ച് കിടപ്പിലായ മാക്‌സിന്റെ കണ്ണുകളിൽ പോലും ജ്വലിക്കുന്ന ആശയങ്ങൾ ഒളിഞ്ഞു കിടക്കുന്നതായി ആനിക്ക് തോന്നി. ഒരു ജനതയുടെ മുഴുവൻ രക്തമൂറ്റി ജീവിക്കുന്ന ഈസ്റ്റിന്ത്യാ കമ്പനിയുടെ ദൗത്യമുപേക്ഷിച്ച് നാട്ടിലേക്ക് തിരികെ പോരാൻ ലോഗനെ നിർബന്ധിക്കണമെന്ന് ആനി മനസ്സിലുറപ്പിച്ചു.
മലബാർ മാന്വലും വില്യം ലോഗനും മലയാളിക്ക് സുപരിചിതമെങ്കിലും ലോഗന്റെ വ്യക്തി ജീവിതത്തെ കുറിച്ച് അടുത്തറിവില്ല. കൊളോണിയൽ നയതന്ത്രമായ ഭിന്നിച്ച് ഭരിക്കുന്നതിന്റെ ഭാഗമാകേണ്ടി വന്നതിൽ അദ്ദേഹത്തിന്റെ മനസ്സാക്ഷി സ്വയം വേട്ടയാടപ്പെടുകയായിരുന്നു. മലബാർ മാന്വലിൽ ബ്രിട്ടീഷ് താത്പര്യങ്ങളെ നിരാകരിച്ച് സത്യസന്ധമായി വസ്തുതകൾ രേഖപ്പെടുത്തിയതിനാൽ ഗവൺമെന്റ് അദ്ദേഹത്തെ സ്ഥലംമാറ്റി. 1922 ലെ മലബാർ കലാപത്തെ കുറിച്ചുള്ള ലോഗന്റെ പരാമർശങ്ങളാണ് അധികാരികളെ ചൊടിപ്പിച്ചത്. മലബാർ സമരത്തിലേക്ക് വഴിവെച്ചത് വർഗീയതയോ മതവിദ്വേഷമോ ആയിരുന്നില്ല. കാർഷിക മേഖലയിൽ കാലങ്ങളായി തുടരുന്ന അരക്ഷിതാവസ്ഥയാണെന്നായിരുന്നു ലോഗന്റെ നിരീക്ഷണം.

ഗവൺമെന്റിനെതിരെയുള്ള കർഷകരുടെ ഒറ്റപ്പെട്ട പ്രതിഷേധം ഏകീകൃത സമരമായി രൂപപ്പെടുകയായിരുന്നു. കർഷകരെ ചൂഷണം ചെയ്യുന്ന ഭൂവുടമ സമ്പ്രദായത്തിലെ പരിഷ്‌കരണവും മാന്യമായ വേദനവും ഉറപ്പാക്കിയാൽ മാത്രമേ സമ്പൂർണ സമാധാനപാലനം സാധ്യമാകൂ എന്ന് ലോഗൻ തുറന്നെഴുതി. കാർഷകരുടെ ദരിദ്ര സാഹചര്യങ്ങളെ കണ്ടില്ലെന്ന് നടിച്ച്, അവകാശങ്ങൾക്കായുള്ള പ്രതിഷേധങ്ങളെ മതവത്കരിക്കുന്ന ഗവൺമെന്റ് സമീപനത്തെ നിരാകരിക്കുന്നുണ്ട് ലോഗൻ. മാന്വൽ പൂർത്തിയാക്കി സമർപ്പിച്ചപ്പോൾ മലബാർ സമരത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കാൻ ഗവൺമെന്റ്ആവശ്യപ്പെട്ടു. താൻ നേരിട്ടു കണ്ട പച്ചയായ യാഥാർഥ്യങ്ങൾ തിരുത്തില്ലെന്ന നിലപാടിൽ ലോഗൻ ഉറച്ചു നിന്നതോടെ ഗവൺമെന്റുമായുള്ള ബന്ധം വഷളായി. തെലുങ്ക് ദേശത്തിലെ കപ്പട ജില്ലയിലെ മജിട്രേറ്റായി ഗവൺമെന്റ് അദ്ദേഹത്തെ സ്ഥലംമാറ്റി. മികച്ച ഉദ്യോഗം നഷ്ടമായെങ്കിലും ആത്മാഭിമാനത്തോടെ മലബാറിനോട് ഗുഡ്‌ബൈ പറയാൻ സാധിച്ചതിൽ അവരിരുവരും സന്തുഷ്ടരായിരുന്നു. മലബാർ പശ്ചാത്തലത്തിനൊപ്പം മലബാരീ ജീവിതരീതികളും കൃതിയിൽ ഉൾച്ചേരുന്നു. പഴഞ്ചൊല്ലുകളും ഭാഷാപ്രയോഗങ്ങളുമെല്ലാം സംഗമിക്കുന്നതിലൂടെ സമൃദ്ധമായ ഒരു സംസ്‌കാരത്തിലൂടെയാണ് നോവൽ കടന്നുപോകുന്നത്. പ്രസാധകർ ഡി സി ബുക്‌സ്. പേജ് 222. വില 225 രൂപ.