Articles
ജോസ് കെ മാണി മുന്നണി മാറുമ്പോള്‍
ഐക്യ മുന്നണി രാഷ്ട്രീയം ഏറെ പരീക്ഷണങ്ങളിലേക്ക് കടന്ന് വലിയ വളര്‍ച്ച നേടിയ സംസ്ഥാനമാണ് കേരളം. ഐക്യ ജനാധിപത്യ മുന്നണിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഏറെക്കുറെ തുല്യ ശക്തികളായി പരസ്പരം പോരാടുന്നു ഇവിടെ. ഇടവിട്ടിടവിട്ട് കൃത്യമായി ഓരോ മുന്നണിയെയും മാറിമാറി പരീക്ഷിക്കാന്‍ കേരളീയരും അത്യുത്സാഹം കാണിക്കുന്നു. ഇതിനിടയില്‍ ഒരല്‍പ്പം സ്ഥലം തേടി ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ മുന്നണിയും ജാഗ്രതയോടെ നിലകൊള്ളുന്നു.
യു ഡി എഫും എല്‍ ഡി എഫും തമ്മിലുള്ള ബലാബല പരീക്ഷണങ്ങളില്‍ നേരിയൊരു മാറ്റം പോലും വലിയ ചലനമുണ്ടാക്കും. പല മണ്ഡലങ്ങളിലെയും ഫലങ്ങള്‍ മാറി മറിയും. ഭരണം അങ്ങോട്ടോ ഇങ്ങോട്ടോ തിരിയാം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് അതുകൊണ്ട് തന്നെ അത്യന്തം നിര്‍ണായകമാകുന്നു.
രാജ്യമാകെ കോണ്‍ഗ്രസ് ദുര്‍ബലമാകുകയും കേന്ദ്രത്തിലും ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ബി ജെ പി പിടിമുറുക്കുകയും ചെയ്യുന്ന ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന് കേരളത്തില്‍ ഭരണം തിരിച്ചുപിടിച്ചേ മതിയാകൂ. കോണ്‍ഗ്രസിന് ഭരണം തിരികെ പിടിക്കാന്‍ സര്‍വ സാധ്യതകളുമുള്ള സംസ്ഥാനമാണ് കേരളം. കര്‍ണാടകയിലും ഗോവയിലും മറ്റും ബി ജെ പി ഭരണം പിടിക്കാന്‍ പ്രയോഗിച്ച കാലുമാറ്റ തന്ത്രങ്ങളൊന്നും കേരളത്തില്‍ അത്ര പെട്ടെന്ന് വിലപ്പോകില്ല താനും. കേരളത്തിന്റെ ചരിത്രഗതി പ്രകാരം ഭരണം ഐക്യ ജനാധിപത്യ മുന്നണിക്ക് കിട്ടേണ്ടതാണ്. അതിലേക്കായി ഇപ്പോള്‍ തന്നെ ചൂടന്‍ പ്രചാരണമഴിച്ചുവിട്ടിരിക്കുകയാണ് യു ഡി എഫ് നേതൃത്വം.
മറുവശത്ത് ഭരണത്തുടര്‍ച്ചയാണ് സി പി എം നേതൃത്വം കൊടുക്കുന്ന ഇടതു മുന്നണി പ്രതീക്ഷിക്കുന്നത്. വീണ്ടും ഭരണത്തിലെത്തുക സി പി എമ്മിനും ഏറെ അത്യാവശ്യമാണ്. പശ്ചിമ ബംഗാളില്‍ സി പി എം കുത്തകയാക്കി വെച്ചിരുന്ന ഭരണം മമതാ ബാനര്‍ജി എന്നേ തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി ത്രിപുരയും പിടിച്ചെടുത്തു. ഇനിയിപ്പോള്‍ കേരളത്തില്‍ മാത്രമാണ് ചെങ്കൊടി പറക്കുന്നത്. ഇവിടെ ഭരണം കൈവിട്ട് പോകുക സി പി എമ്മിനെ സംബന്ധിച്ചിടത്തോളം സഹിക്കാനാകുന്ന കാര്യമല്ല. സി പി എമ്മിനും ഇടതുപക്ഷത്തിനും കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടായേ മതിയാകൂ.
ഇവിടെയാണ് ജോസ് കെ മാണിയുടെയും കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെയും ചുവടുമാറ്റത്തിന് വിലയേറുന്നത്. 1982 മുതല്‍ യു ഡി എഫിന്റെ ഭാഗമായിരുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെയും അതിന്റെ കരുത്തനായ നേതാവ് കെ എം മാണിയെയും മുന്നണിക്കോ കോണ്‍ഗ്രസിനോ അത്ര പെട്ടെന്ന് മറക്കാനോ കൈയൊഴിയാനോ ആകുന്നതല്ല. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്ന കെ എം മാണി ആ സര്‍ക്കാറിന്റെ അവസാന കാലത്തു തന്നെ യു ഡി എഫ് നേതൃത്വത്തില്‍ നിന്ന് അകന്നിരുന്നു. ബാര്‍ കോഴ വിവാദത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന സംശയമാണ് യു ഡി എഫില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും മാണിയെ അകറ്റിയത്. 2016ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് പരാജയപ്പെടുകയും ഇടതു മുന്നണി പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വരികയും ചെയ്തു. കെ എം മാണിയുടെ നിര്യാണത്തോടെ കേരള കോണ്‍ഗ്രസില്‍ പി ജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള തര്‍ക്കം മൂത്തു. അതിന്റെ ആദ്യ ദുരന്ത ഫലം യു ഡി എഫ് നേരിട്ടത് പാലാ ഉപതിരഞ്ഞെടുപ്പിലായിരുന്നു. 54 വര്‍ഷം തുടര്‍ച്ചയായി പാലാ മണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്ന കെ എം മാണിയുടെ പാര്‍ട്ടി അവിടെ നിര്‍ത്തിയ സ്ഥാനാര്‍ഥി പരാജയപ്പെട്ടപ്പോള്‍ യു ഡി എഫ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് ജോസ് കെ മാണിയെയായിരുന്നു. തുടർന്ന് ജോസഫും ജോസും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുകയായിരുന്നു. കേവലമൊരു ജില്ലാ പഞ്ചായത്തിലെ ശിഷ്ടകാല ഭരണത്തിന്റെ പേരിലുള്ള തര്‍ക്കം കാരണമാക്കി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ പുറത്താക്കുകയായിരുന്നു യു ഡി എഫ് നേതൃത്വം. മുന്നണിയുടെ പിന്‍ബലമില്ലെങ്കില്‍ ജോസ് കെ മാണിക്ക് കേരള രാഷ്ട്രീയത്തില്‍ അത്ര കണ്ട് വിലയോ മതിപ്പോ ഉണ്ടാകില്ലെന്ന് യു ഡി എഫ് നേതൃത്വം കണക്കുകൂട്ടി. യു ഡി എഫുമായും കോണ്‍ഗ്രസുമായും ഏറെ അകന്നുകഴിഞ്ഞ കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇടതു മുന്നണിയുമായി അടുത്തു. ഇപ്പോഴിതാ യു ഡി എഫുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച് ഇടതുപക്ഷത്തേക്ക് നീങ്ങുകയും ചെയ്തിരിക്കുന്നു.
കേരള രാഷ്ട്രീയത്തിലെ രണ്ട് മുന്നണികള്‍ തമ്മിലുള്ള സമവാക്യങ്ങളെ മാറ്റിമറിക്കുമോ ജോസ് കെ മാണി എന്നതാണ് കേരള രാഷ്ട്രീയത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ചോദ്യം. ജോസ് കെ മാണിയും കുറെ നേതാക്കളും വിട്ടുപോയാലും അണികള്‍ തങ്ങളോടൊപ്പം നില്‍ക്കുമെന്നാണ് യു ഡി എഫ് നേതൃത്വത്തിന്റെയും ചില കോണ്‍ഗ്രസ് നേതാക്കളുടെയും ആശ്വാസം. കോട്ടയത്തും ചുറ്റുവട്ടത്തുമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മറ്റു ചില കണക്കുകൂട്ടലുകളുമുണ്ട്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ കൈയിലുള്ള ചില സീറ്റുകള്‍ സ്വന്തമാക്കാം. ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, പാലാ, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി എന്നീ മണ്ഡലങ്ങള്‍ കൈയില്‍ വന്നാല്‍ കോണ്‍ഗ്രസിന് അത് വലിയ നേട്ടമാകും.
സി പി എമ്മിനും ഇടതു മുന്നണിക്കും അത്ര പിന്‍ബലമില്ലാത്ത ജില്ലകളാണ് കോട്ടയം, എറണാകുളം, ഇടുക്കി എന്നിവ. ഇവിടെ ഒരു ശക്തിയായ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പിന്തുണ ഈ ജില്ലകളില്‍ വലിയൊരു മുന്നേറ്റമുണ്ടാക്കാന്‍ സഹായിക്കുമെന്ന് സി പി എം കണക്കുകൂട്ടുന്നു. കേരള കോണ്‍ഗ്രസിനും പുതിയ ബാന്ധവമാണ് ഉചിതം. യു ഡി എഫില്‍ ഓരോ സീറ്റിന് വേണ്ടിയും പോരടിക്കണം. ജോസഫ് ഗ്രൂപ്പ് ഒരു വശത്തും കോണ്‍ഗ്രസ് മറുവശത്തും നില്‍ക്കുമ്പോള്‍ കൈയില്‍ കിട്ടുന്ന സീറ്റുകള്‍ കുറയുകയും ചെയ്യും. അവസാനം തിരഞ്ഞെടുപ്പ് വരുമ്പോള്‍ മുന്നണിയിലെ തന്നെ ഘടക കക്ഷികള്‍ പാരവെക്കുകയും ചെയ്യും. ഇടതു മുന്നണിയിലാകട്ടെ സ്വസ്ഥമായി കഴിയാം. നേരത്തേ ഇടതുപക്ഷത്തായിരുന്ന പി ജെ ജോസഫിന് ആ കാലഘട്ടം തികഞ്ഞ സ്വസ്ഥതയുടെ കാലഘട്ടമായിരുന്നുവെന്ന കാര്യം ഓര്‍ക്കണം.
കെ എം മാണിയില്ലാത്ത മാണി വിഭാഗം കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തിലെത്തിയ ജോസ് കെ മാണിയെ സംബന്ധിച്ച് അത്യന്തം നിര്‍ണായകമായ ഒരു തീരുമാനം തന്നെയാണ് ഈ മുന്നണി മാറ്റം. ജോസ് കെ മാണിയുടെ തീരുമാനത്തിന്റെ ആത്യന്തിക ഫലം അറിയാന്‍ കുറെ മാസം കൂടി കാത്തിരിക്കണം, അടുത്ത തിരഞ്ഞെടുപ്പ് വരെ.