Kerala
മഹാകവിക്ക് ആദരമര്‍പ്പിച്ച് സാഹിത്യലോകം
കോഴിക്കോട് | മലയാള കവിതയില്‍ പുതിയ സൗന്ദര്യബോധം കൊണ്ടുവന്ന കവിയായിരുന്നു അക്കിത്തമെന്ന് കവി സച്ചിദാനന്ദന്‍. മലയാള കവിതയെ നവീകരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചവയായിരുന്നു അക്കിത്തം കവിതകള്‍. ജീവിതകാലം മുഴുവന്‍ നിസംഗത പുലര്‍ത്തിയിരുന്ന അദ്ദേഹം ഒരിക്കലും പക്ഷേ നിര്‍വികാരനായിരുന്നില്ല. മറ്റു മനുഷ്യരോട് അനുകമ്പ പ്രകടിപ്പിച്ചിരുന്നു അക്കിത്തം. നമുക്ക് നഷ്ടപ്പെട്ടത് വലിയ മനുഷ്യസ്നേഹിയെയും കവിയേയുമാണ്. ഭൗതികമായി നഷ്ടപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ കവിതകളിലൂടെ ഇനിയും അദ്ദേഹം ജീവിക്കുമെന്നും സച്ചിദാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.
നമ്മുടെ കൈവശമുള്ള മുഴക്കോലുകള്‍ കൊണ്ട് എത്രയേറെ അളന്നാലും ആ അളുവകളുടെയെല്ലാം അതിര്‍ ലംഘിച്ച് പടര്‍ന്ന് നില്‍ക്കുന്ന ചില മഹത് വ്യക്തികളുണ്ട്. കുലപര്‍വത സമാനമായ വ്യക്തിത്വമെന്നോ, മഹാസാഗരസമാനമായ വ്യക്തിത്വമെന്നോ പറയാം. അത്തരമൊരു വ്യക്തിത്വമായിരുന്നു അക്കിത്തമെന്ന് കവി പ്രഭാ വര്‍മ. അപരനെ കുറിച്ചുള്ള കരുതലിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്. “തന്റേതല്ല ഇതൊന്നും” എന്ന ചിന്തയായിരുന്നു അക്കിത്തത്തിന്. ഈ മാനസിക നിലയിലേക്ക് എത്തണമെങ്കില്‍ ഋഷി സമാനമായ നില കൈവരിക്കണമെന്നും, അക്കിത്തം അത്തരമൊരു മനസിന് ഉടമായിരുന്നുവെന്നും പ്രഭാ വര്‍മ പറഞ്ഞു.
ഒരു പകിട്ടുമില്ലാതെ കവിതയെഴുതിയിരുന്ന വ്യക്തിയായിരുന്നു അക്കിത്തമെന്ന് എഴുത്തുകാരന്‍ കല്‍പറ്റ നാരായണന്‍. വളരെ ലഘുവായി തുടങ്ങി വളരെ സങ്കീര്‍ണമായി അവസാനിക്കുന്ന വലിയ കാവ്യങ്ങള്‍ എഴുതിയിരുന്ന അക്കിത്തത്തിന്റെ പ്രത്യേകത ലാളിത്യമായിരുന്നു. പൗര്‍ണമി വിരിയിച്ച കവിതകളായിരുന്നു അക്കിത്തത്തിന്റേത്. അദ്ദേഹത്തിന്റെ സാന്നിധ്യവും അത്തരത്തിലായിരുന്നുവെന്ന് കല്‍പറ്റ നാരായണന്‍ ഓര്‍മിച്ചു.
കവിതയുടെ പല തട്ടകങ്ങളെ കൈയടക്കിയ വ്യക്തിയായിരുന്നു അക്കിത്തമെന്ന് കവി പി പി ശ്രീധരനുണ്ണി ആദ്യം കാല്‍പനികത, പിന്നീട് റിയലിസം, അത് കഴിഞ്ഞ് ദാര്‍ശനികത, ഇതെല്ലാം ഒന്നിച്ചുകൊണ്ടുപോയ വ്യക്തിയെന്ന നിലയ്ക്കുള്ള സംഭാഷണങ്ങളായിരുന്നു തങ്ങള്‍ തമ്മില്‍ നടന്നിരുന്നതെന്ന് പി പി ശ്രീധരനുണ്ണി ഓര്‍മിച്ചു.എല്ലാകാലത്തും പുരോഗമന ആശയങ്ങളെ ഉള്‍കൊണ്ടുകൊണ്ട് അത് പ്രകടിപ്പിച്ച, പ്രചരിച്ച വ്യക്തിയായിരുന്നു അക്കിത്തമെന്നും ജീവിത സംഘര്‍ഷങ്ങള്‍ ആവിഷ്‌കരിക്കുന്ന രീതിയിലുള്ള കവിതകളോടായിരുന്നു അദ്ദേഹത്തിന്റെ ആഭിമുഖ്യമെന്നും ശ്രീധരനുണ്ണി പറഞ്ഞു.