Connect with us

Kerala

വിദ്യാഭ്യാസ രംഗത്ത് മുന്നേറിയത് ഈഴവരും മുസ്‌ലിംകളും കൈകോര്‍ത്ത്

Published

|

Last Updated

കോഴിക്കോട് |  ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. മുബാറക് പാഷയെ നിയമിച്ചതിനെതിരെ എസ് എന്‍ ഡി പി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉന്നയിച്ച വിയോജിപ്പുകള്‍ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പാരമ്പര്യത്തെ ചോദ്യം ചെയ്യുന്നതായി വെളിപ്പെടുത്തലുകള്‍.
വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നാക്കമായിരുന്ന ഈഴവ- മുസ്‌ലിം  സമൂഹങ്ങള്‍ കൈകോര്‍ത്താണു മുന്നേറിയതെന്നതിനു തെളിവായി കൊല്ലത്തെ തങ്ങള്‍കുഞ്ഞു മുസ്‌ലിയാരുടെ  ജീവിതം വീണ്ടും ചര്‍ച്ചയാവുന്നു.

കേരളത്തില്‍ വിദ്യാഭ്യാസ മേഖലകളില്‍ വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന തങ്ങള്‍ കുഞ്ഞു മുസ്ല്യാര്‍ കൊല്ലത്തെ രണ്ട് പ്രമുഖ ഈഴവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുന്നതില്‍ ഉദാരമായി സംഭാവന നല്‍കിയിരുന്നതായി അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിയ ഡോ. കായംകുളം യൂനുസ് സാക്ഷ്യപ്പെടുത്തുന്നു. കൊല്ലത്തേയും വര്‍ക്കലയിലേയും എസ് എന്‍ കോളജുകള്‍ പടുത്തുയര്‍ത്തുന്നതിനാണ് അന്നത്തെ ഭാരിച്ച തുകയായ 5,000 രൂപ അദ്ദേഹം സംഭാവനായി നല്‍കിയത്.
ടി കെ എം എന്‍ജിനിയറിങ്ങ് കോളജിന്റെ സ്ഥാപകനായ തങ്ങള്‍കുഞ്ഞ് മുസ്്‌ല്യാര്‍ എസ് എന്‍ ട്രസ്റ്റിലെ ഏക ഈഴവേതര അംഗമായിരുന്നു എന്നും ജീവ ചരിത്രകാരന്‍ ചൂണ്ടിക്കാട്ടുന്നു. സാമൂഹിക നവോത്ഥാനത്തില്‍ ശ്രീനാരായണഗുരുവും വക്കം മൗലവിയും ഒരേ ധാരയില്‍ സഞ്ചരിച്ചവരായിരുന്നു. അവരുടെ പിന്‍മുറയും കൈകോര്‍ത്താണു മുന്നേറിയത് എന്നതിന്റെ തെളിവായിരുന്നു എസ് എന്‍ ട്രസ്റ്റിലെ തങ്ങള്‍കുഞ്ഞു മുസ്‌ലിയാരുടെ പങ്കാളിത്തമെന്ന് അദ്ദേഹം സിറാജിനോടു പറഞ്ഞു.

മലബാറില്‍ ഫാറൂഖ് കോളജും റൗളത്തുല്‍ ഉലൂം അറബി കോളജും സ്ഥാപിതമായതിന്റെ ആവേശവും എസ് എന്‍ ട്രസ്റ്റിനോടൊപ്പം സഞ്ചരിച്ച അനുഭവവും മുന്‍ നിര്‍ത്തിയാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ ശ്രദ്ധിക്കാന്‍ തങ്ങള്‍ കുഞ്ഞു മുസ്‌ലിയാരെ പ്രേരിപ്പിച്ചതെന്നും ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നു.

സാധാരണ സ്‌കൂള്‍ വിദ്യാഭ്യാസം മാത്രം നേടി 18 ാം വയസ്സില്‍ ജോലി തേടി സിലോണില്‍ പോയ തങ്ങള്‍കുഞ്ഞ് കുറേക്കാലത്തെ പ്രയത്‌നഫലമായി വലിയ സമ്പാദ്യവുമായി നാട്ടിലെത്തുകയും 1935-ല്‍ കൊല്ലം ആസ്ഥാനമായി കശുവണ്ടി വ്യവസായത്തിന് ആരംഭമിടുകയും ചെയ്തു. ഈ വ്യവസായത്തില്‍ മുന്നിട്ടു നിന്ന അദ്ദേഹം “കശുവണ്ടി രാജാവ്” എന്നറിയപ്പെട്ടു. 1944-ല്‍ മുസ്‌ലിയാർ പ്രഭാതം ദിനപത്രം ആരംഭിച്ചു.

വ്യവസായരംഗത്തു നിന്ന് ലഭിച്ച ആദായം കൊണ്ട് വിദ്യാഭ്യാസരംഗത്തും സാമൂഹിക സേവനരംഗത്തും ഇടപെട്ട അദ്ദഹമാണ് 1958-ല്‍ കേരളത്തില്‍ സ്വകാര്യ മേഖലയിലുള്ള ആദ്യത്തെ എന്‍ജിനീയറിങ് കോളജായ ടി കെ എം എന്‍ജിനിയറിങ്ങ് കോളജ് സ്ഥാപിച്ചത്. തുടര്‍ന്ന് 1965ല്‍ ടി കെ എം ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളജും കിളികൊല്ലൂരില്‍ സ്ഥാപിച്ചു. 1946 ല്‍ “പ്രായോഗികാദ്വൈതം” പ്രകൃതി നിയമം എന്ന പ്രൗഢമായ ഗ്രന്ഥവും അദ്ദേഹം രചിച്ചു.

കേരള സിഡ്‌കോ മുന്‍ ചീഫ് എന്‍ജിനിയറായിരുന്ന ഡോ. കായംകുളം യൂനുസ് 30 വര്‍ഷം മുമ്പാണ് ഈ ജീവചരിത്ര ഗ്രന്ഥം രചിച്ചത്. തിരുവനന്തപുരം വൈ എം സി എ ജേണല്‍ എഡിറ്ററും തിരുവനന്തപുരം മുസ്്‌ലിം അസോസിയേഷന്‍ വൈസ് പ്രസിഡന്റുമാണ് ഇപ്പോള്‍ ഡോ. കായംകുളം യൂനുസ്.കേരളത്തില്‍ 14 ശതമാനത്തോളം വരുന്ന ഈഴവര്‍ക്ക് വൈസ് ചാന്‍സര്‍പദവികള്‍ക്ക് അര്‍ഹതയുണ്ടെന്ന എസ് എന്‍ ഡി പി യുടെ ആവശ്യം ന്യായമാണ്. അതു ശ്രീനാരായ ഗുരുവിന്റെ പേരില്‍ ആരംഭിച്ച സര്‍വകലാശാലയില്‍ ഒരു മുസ്്‌ലിം നിയമിതനാവുമ്പോള്‍ ഉയര്‍ന്നുവരേണ്ട ആവശ്യമാണോ എന്ന് വെള്ളപ്പള്ളി സ്വയം പരിശോധിക്കുകയാണു വേണ്ടതെന്നും വിദ്യാഭ്യാസ പുരോഗതിയില്‍ രണ്ടു സമുദായങ്ങള്‍ തമ്മില്‍ കൈകോര്‍ത്തു മുന്നേറിയ ചരിത്രത്തെ അദ്ദേഹം മറക്കരുതെന്നുമാണു ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നത്.

ഡോ കായംകുളം യൂനുസ് രചിച്ച തങ്ങള്‍ കുഞ്ഞ് മുസ്ല്യാരുടെ ജീവചരിത്ര ഗ്രന്ഥം

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest