Kerala
സ്‌നേഹവും മാനവികതയും ഉദ്‌ഘോഷിച്ച കവി; എഴുത്തില്‍ മാത്രമല്ല, ജീവിതത്തിലും
സാഹിത്യത്തിലെ ശ്രേഷ്ഠ പുരസ്‌കാരമായ ജ്ഞാനപീഠം തന്നെ തേടിയെത്തിയപ്പോഴും അമിതമായി ആഹ്ലാദിക്കാതെ വിനയാന്വിതനായി അത് ഏറ്റുവാങ്ങിയ മഹാകവിയാണ് അക്കിത്തം. ഒരു എഴുത്തുകാരന്‍ എഴുത്തില്‍ മാത്രമല്ല, ജീവിതത്തിലും വൈകാരികതകളെ നിയന്ത്രിച്ച് മുന്നോട്ടു പോകണമെന്ന് തെളിയിക്കുകയായിരുന്നു ഇതിലൂടെ അദ്ദേഹം. സ്‌നേഹവും മാനവികതയും ഉദ്‌ഘോഷിക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ കവിതകള്‍, ജീവിതവും.
55ാമത് ജ്ഞാനപീഠ പുരസ്‌കാര ജേതാവ് താനാണെന്ന് അവാര്‍ഡ് നിര്‍ണയ സമിതിയുടെ അധ്യക്ഷ ഡോ. പ്രതിഭാ റായ് അറിയിച്ചപ്പോള്‍ അത്ഭുതവും സന്തോഷവും വേദനയും ഒരുമിച്ച് അനുഭവപ്പെട്ടെന്നായിരുന്നു അക്കിത്തത്തിന്റെ പ്രതികരണം. വി ടി ഭട്ടതിരിപ്പാടിനെയും ഇടശ്ശേരി ഗോവിന്ദന്‍ നായരെയും പോലുള്ള എന്നെക്കാള്‍ വലിയ സാഹിത്യകാരന്മാര്‍ക്ക് ലഭിക്കാതെ പോയ അംഗീകാരം 94 ാം വയസ്സില്‍ തേടിയെത്തിയത് ആയുസ്സിന്റെ ബലം കൊണ്ടു കൂടിയാണെന്നാണ് കവി പറഞ്ഞത്. തനിക്ക് പുരസ്‌കാരം ലഭിക്കുന്ന വേളയില്‍ സഹധര്‍മിണി ശ്രീദേവി എന്നോടൊപ്പം ഇല്ലല്ലോ എന്നത് വല്ലാതെ മനസ്സിനെ വേദനിപ്പിക്കുന്നു. അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ട 2019ല്‍ തന്നെയാണ് അവര്‍ എന്നെ വിട്ടുപോയത്. എന്റെ എഴുത്തു ജീവിതത്തിനായി ഒരുപാട് ത്യാഗം ചെയ്തിട്ടുണ്ട് ശ്രീദേവിയെന്നും അക്കിത്തം പറയുകയുണ്ടായി.
അമ്മയുടെ സ്വാധീനവും വളരെ വലുതാണ്. സായാഹ്നങ്ങളില്‍ തുഞ്ചത്തെഴുത്തച്ഛന്റെ കൃതികള്‍ മധുരമായി ചൊല്ലുമ്പോള്‍ അമ്മ എന്നെ അടുത്തു വിളിച്ചിരുത്തി വരികളില്‍ വിരല്‍ വച്ച് വായിക്കാന്‍ നിര്‍ദേശിക്കുമായിരുന്നു. ഇത് കവിതയോട് ഇഷ്ടം തോന്നുന്നതിനും അടുക്കുന്നതിനും കുറച്ചൊന്നുമല്ല പ്രേരകമായത്. മൂര്‍ത്തിദേവി പുരസ്‌കാരം ലഭിച്ചപ്പോള്‍ ഇതിലും വലിയ പുരസ്‌കാരമൊന്നും ഇനി തനിക്ക് കിട്ടാനില്ലെന്ന് തോന്നിയിരുന്നുവെന്ന് അക്കിത്തം പ്രസ്താവിച്ചത് എത്രമാത്രം ലളിത സുന്ദരമായിരുന്നു അദ്ദേഹത്തിന്റെ മനോഗതികളെന്നതിന്റെ വ്യക്തമായ നിദര്‍ശനമാണ്. ചെറിയൊരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന താന്‍ ജ്ഞാനപീഠം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോഴിതാ അതും തേടിയെത്തിയിരിക്കുന്നു. പുരസ്‌കാരത്തിന് തിരഞ്ഞെടുത്ത എല്ലാവര്‍ക്കും അകമഴിഞ്ഞ കൃതജ്ഞതയും അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായി.