Connect with us

Articles

അക്കിത്തം: അടച്ചു വെക്കാനാകാത്ത പുസ്തകം

Published

|

Last Updated

ഒരു ചുവപ്പ് കാലത്തിന്റെ കൂടി കവിയായ ഡബ്ല്യു എച്ച് ഓഡന്‍ എഴുതിയ ഇന്‍ മെമ്മറി ഓഫ് ഡബ്ല്യു ബിയേറ്റ്സ് എന്ന കവിതയാണ് അക്കിത്തം എന്ന കവിയുടെ വിയോഗ വാര്‍ത്ത ആദ്യം മനസ്സിലേക്ക് കൊണ്ടുവന്നത്.
1930കളിലെ ഒരു പ്രധാന ഇംഗ്ലീഷ് കവി തന്റെ തലമുറകളുടെ മുന്നേ സഞ്ചരിച്ച വലിയ ആകാശങ്ങളുടെയും കടലുകളുടെയും കവിക്ക് നല്‍കിയ ഒട്ടും കാല്‍പ്പനികമല്ലാത്ത അന്ത്യാഭിവാദനമായിരുന്നു ആ കവിത. വളരെ സാധാരണമായ ഒരു കവിതക്കപ്പുറത്തേക്ക് ഏതൊരു കവിയെ കുറിച്ചും കവിയുടെ / കവിതകളുടെ മരണ ശേഷമുള്ള ജീവിതത്തെക്കുറിച്ചും ആ കവിത വലിയ വ്യക്തതകളോടെ ഇന്നും സംസാരിക്കുന്നുണ്ട്.
മരണമാണ് മരിച്ചതെന്ന് കീറ്റ്സിന്റെ മരണത്തെക്കുറിച്ച് ഷെല്ലി ആശ്ചര്യപ്പെട്ടതു പോലെ കാല്‍പ്പനികമായി അസ്വസ്ഥപ്പെടാന്‍ ഓഡന്‍ എന്ന കവി തയ്യാറാകുന്നില്ല. മറിച്ച് ഒരു വ്യക്തിയുടെ മരണത്തെക്കുറിച്ചും ഒരു കവിയുടെ തുടര്‍ച്ചയെക്കുറിച്ചും ഭംഗിയായി പറഞ്ഞുവെക്കുന്നു.
ഡബ്ല്യു ബിയേറ്റ്സ് എന്ന വ്യക്തിക്ക് പരിമിതികള്‍ ഉണ്ടായിരുന്നെന്നും അയാളുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് വലിയ ദൂരം സഞ്ചരിക്കാനാകില്ലെന്നും പക്ഷേ അദ്ദേഹത്തിലെ കവി /കവിത വ്യക്തിയുടെ ബാധ്യതകള്‍ പേറാതെ മനുഷ്യരിലേക്ക് പടരുമെന്നും തുടരുമെന്നും ഓര്‍മപ്പെടുത്തുന്നു.

അക്കിത്തം എന്ന വ്യക്തിയും അക്കിത്തം എന്ന കവിയും ഉണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അക്കിത്തം എന്ന വ്യക്തി തീര്‍ച്ചയായും, ജീവിതത്തിലെടുത്തിട്ടുള്ള നിലപാടുകളുടെ വെളിച്ചത്തില്‍ വായിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. ജനാധിപത്യപരമായ സംവാദങ്ങളില്‍ വ്യക്തിപരമായ നിലപാടുകള്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യയിലെ തീവ്ര വലതുപക്ഷത്തിന്റെ സാംസ്‌കാരിക മുഖമായി മാറുന്നു എന്ന ആരോപണത്തില്‍ അക്കിത്തം എന്ന വ്യക്തി വലിയ തോതില്‍ വിമര്‍ശങ്ങള്‍ക്ക് വിധേയനായിട്ടുണ്ട്. ജനാധിപത്യ ഇന്ത്യയെ, മതനിരപേക്ഷമെന്ന് പ്രഖ്യാപിക്കുന്ന ഇന്ത്യയുടെ ബഹുസ്വരത എന്ന ആശയത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ഏത് സാംസ്‌കാരിക വിനിമയങ്ങളെയും ചോദ്യം ചെയ്യേണ്ടതുണ്ട്. സംവാദങ്ങളിലൂടെയും രാഷ്ട്രീയമായ പ്രവര്‍ത്തനങ്ങളിലൂടെയും ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെയും അത്തരം നിലപാടുകള്‍ തിരുത്തേണ്ടതുണ്ട്. പക്ഷേ, ചോദ്യമിതാണ്, അക്കിത്തം എന്ന കവി മുന്നോട്ടുവെച്ച രാഷ്ട്രീയം എന്താണ്? അക്കിത്തം എന്ന വ്യക്തി ഇല്ലാത്ത ഒരു ലോകത്തില്‍ കൂടുതല്‍ രാഷ്ട്രീയ പ്രാധാന്യം കൈവരിക്കുന്നത് ഈ ചോദ്യമാണെന്നാണ് എന്റെ പക്ഷം. ഇതിനുള്ള ഉത്തരം തരേണ്ടത് അക്കിത്തത്തിന്റെ കവിതകളാണ്.

അക്കിത്തം എന്ന കവി മറുപടി തരുന്നു:
ഒരു കണ്ണീര്‍ക്കണം മറ്റു –
ള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവി-
ലായിരം സൗരമണ്ഡലം
ഒരു പുഞ്ചിരി ഞാന്‍ മറ്റു –
ള്ളവര്‍ക്കായ്ച്ചെലവാക്കവേ
ഹൃദയത്തിലുണ്ടാവുന്നൂ
നിത്യ നിർമ്മല പൗര്‍ണമി.
തന്നിലെ കവിയുടെ പക്ഷമേതാണെന്നും നിലപാടുകള്‍ ആര്‍ക്കു വേണ്ടിയാണെന്നും മറ്റൊരു സംശയത്തിനും ഇടമില്ലാതെ കവി വെളിപ്പെടുത്തുന്നു. അക്കിത്തം എന്ന കവിയില്‍ പ്രവര്‍ത്തിക്കുന്ന ബഹുസ്വരമായ മറ്റുള്ളവര്‍ എന്ന വാക്കിനൊപ്പമാണ് ഞാന്‍. ആ വാക്ക് വലിയ ചരിത്രം സംസാരിക്കുന്നുണ്ട്. ആ വാക്കില്‍ ഈ നാട്ടില്‍ ജനിച്ചതും ജീവിച്ചിരിക്കുന്നതുമായ മുഴുവന്‍ മനുഷ്യരും ഉള്‍പ്പെടുന്നു. അവരുടെ സൗഖ്യം ആഗ്രഹിക്കുന്നു. അവരുടെ കണ്ണീരിന് വില കല്‍പ്പിക്കുന്നു. അവരുടെ കൂടെ ഉണ്ടെന്ന് പ്രഖ്യാപിക്കുന്നു. വളരെ സാധാരണമായിപ്പോകുമായിരുന്ന ഭാഷയെ എത്ര പെട്ടെന്നാണ് ഒരു വാക്ക് പലവിധ യാതനകളിലൂടെ കടന്നുപോകുന്ന മനുഷ്യരുടേതാക്കി മാറ്റുന്നത്. അക്കിത്തം എന്ന കവി നിര്‍മിച്ചെടുത്ത ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ളതായ് മറ്റുള്ളവര്‍ – എന്ന സമൂഹങ്ങള്‍ മാറുന്നു. ജീവിതം കൊണ്ട് അദ്ദേഹം മുന്നോട്ടു വെച്ചിട്ടുള്ള നിലപാടുകളെപ്പോലും തിരുത്തുന്ന രീതിയില്‍ ആ വാക്ക് നമ്മുടെ പൊതുമണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു.
അപരനെക്കുറിച്ച് മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും ആഘോഷിക്കപ്പെട്ടിട്ടുള്ള വാക്യം ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശ ശതകത്തിലാണുള്ളത്.
“അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം”
എന്ന കവി വാക്യം സമ്മാനിച്ചിട്ടുളള സാമൂഹിക ബോധം കേരളത്തിനെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുള്ള നവോത്ഥാന മുന്നേറ്റങ്ങളുടെ കൂടെ ഭാഗമായാണ് വായിക്കപ്പെട്ടത്. അപരന്‍ എന്നത് മറ്റൊരര്‍ഥത്തില്‍ താന്‍ തന്നെയാണെന്നും അപരന്‍ കൂടി ചേരുമ്പോഴേ സമൂഹം സാധ്യമാകൂ എന്നും കവി വാക്കുകള്‍ ഓര്‍മപ്പെടുത്തുന്നു. ഈ സമൂഹത്തെ കവിതയില്‍ പിന്‍പറ്റി എന്നതു തന്നെയാണ് കവിതയെന്ന പ്രതിപക്ഷത്തിന് അക്കിത്തം എന്ന കവിയുടെ വലിയ സംഭാവന.

അക്കിത്തം ഒരു മുഖവുരയില്‍ പറയുന്നു: ജീവിതം ആരംഭിച്ച കാലത്ത് ജീവിതമെന്നു വെച്ചാല്‍ എന്താണെന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നെപ്പിന്നെ സംശയങ്ങളുദിച്ചു തുടങ്ങി. അക്കിത്തം എന്ന കവിക്ക് നേരിടേണ്ടി വന്ന സന്ദേഹങ്ങളെക്കുറിച്ചും പരിണാമത്തെക്കുറിച്ചും കവി തന്നെ പറയുന്ന സന്ദര്‍ഭമാണിത്.
തിരിഞ്ഞു നോക്കിപ്പോവുന്നു
ചവുട്ടിപ്പോന്ന ഭൂമിയെ.
എനിക്കുമുണ്ടായിരുന്നൂ
സുഖം മുറ്റിയ നാളുകള്‍
എന്നയിടത്തില്‍ നിന്ന്
നിരത്തില്‍ കാക്ക കൊത്തുന്നൂ
ചത്ത പെണ്ണിന്റെ കണ്ണുകള്‍
മുല ചപ്പി വലിക്കുന്നൂ
നരവര്‍ഗ നവാതിഥി
എന്നയിടത്തിലേക്കുള്ള തിരിച്ചറിവും കരുണയും ആയി കവി രൂപാന്തരപ്പെടുന്നത് വായനക്കാര്‍ കാണുന്നു. നിരത്തിലെ കാക്ക കൊത്തി വലിക്കുന്ന പെണ്ണ് ഇന്നും നമുക്ക് മുന്നിലുണ്ട്. അവളുടെ കരച്ചിലില്ലാതെ ഒരു ദിവസവും ഉണരുന്നില്ല പകല്‍. ഈ തെരുവിലൂടെ കടന്നു പോകുന്നവരാണ് മറ്റുള്ളവര്‍. മരിച്ചു കിടക്കുന്ന പെണ്‍കുട്ടിയും മുല ചപ്പി വലിക്കുന്ന കുട്ടിയും അതില്‍ പെടുന്നു. ചുരുക്കത്തില്‍ അക്കിത്തം എന്ന കവിയുടെ ലോകം വലുതാകുന്നത് മരിച്ചു കിടക്കുന്നവരെ ഓര്‍മിച്ചും അതില്‍ നിന്ന് അതിജീവനത്തിന് ശ്രമിക്കുന്ന മനുഷ്യരെ രേഖപ്പെടുത്തിയുമാണ്.
ഇടയുള്ളോര്‍ വാദിപ്പിന്‍ – മാര്‍ഗവും ലക്ഷ്യവു-
മിടറിയോ, ഞാനൊന്നു തല ചായ്ക്കട്ടെ,
എന്ന ഇടശ്ശേരി വാക്യം അക്കിത്തവും പിന്‍പറ്റുന്നുണ്ട്. തെരുവിലെ കാഴ്ചക്കാരനായ് അയാള്‍ തന്റെ ലോകത്തെ പകര്‍ത്തുന്നു. പുറത്ത് പല കൂട്ടങ്ങളായി മനുഷ്യരുണ്ടെന്ന് വിളിച്ചു പറയുന്നു. ഒരര്‍ഥത്തില്‍ ഒരു ജനാധിപത്യ സമൂഹത്തില്‍ ഈ ഓര്‍മപ്പെടുത്തല്‍ വളരെ പ്രധാനമാണ്. മറ്റുള്ളവര്‍ എങ്ങനെ ജീവിക്കുന്നുവെന്നും എങ്ങനെ നേരം വെളുപ്പിക്കുന്നുവെന്നും സ്വാതന്ത്ര്യാനന്തര കാലത്ത് വിളിച്ചു കൂവുന്നതിന്റെ പ്രസക്തി എങ്ങനെ റദ്ദാക്കാനാകും.

“ജീവിത പ്രേമമേ, നിന്റെ
കുരിശെന്‍ നെഞ്ചിലാഴവേ
പശ്ചാത്താപവചസ്സാമീ
നിണം വാര്‍ന്നൊഴുകീടവേ
പറ്റെ ക്ഷീണിപ്പിതാത്മാവില്‍
നീലരക്ത ഞരമ്പുകള്‍
സുഖമുണ്ടി, ന്നു മുച്ചൂടൊ
ന്നുറങ്ങിയുണരാവു ഞാന്‍”
നിലക്കാത്ത അതിജീവന ശ്രമങ്ങളോടുള്ള ചേര്‍ന്ന് നില്‍പ്പ് തന്നെയാണ് അക്കിത്തത്തില്‍ നിന്ന് വായിച്ചെടുക്കാനാകുക. കാരണം വാക്ക് ഒറ്റക്കുണ്ടാകുന്നതല്ലെന്നും അതിന്റെ വെയിലിലൂടെ നടന്ന മനുഷ്യരെ ഓര്‍മിക്കേണ്ടതുണ്ടെന്നും ജീവിത പ്രേമമല്ലാതെ മറ്റൊന്നും അതിനായി കൈമുതലില്ലെന്നും അദ്ദേഹം വിളിച്ചു പറയുന്നു.
അക്കിത്തം എന്ന കവി സമകാലീന ജീവിതത്തില്‍ മറ്റൊരു രീതിയില്‍ കൂടി ഇടപെടുന്ന കവിയാണ്. ഒരുദാഹരണം പറയാം.

കവിതാ വായനയുടെ ലോകത്ത് നിന്ന് മാറി നില്‍ക്കുന്നവര്‍ക്ക് കൂടി ഭാഷ സമ്മാനിക്കുന്നു അക്കിത്തം എന്നതാണ് എന്റെ തോന്നല്‍. നിത്യജീവിത സന്ദര്‍ഭങ്ങളില്‍ പെട്ടെന്ന് ഇരുട്ടിലേക്ക് എത്തിപ്പെടുമ്പോള്‍ അല്ലെങ്കില്‍ പ്രതീക്ഷിക്കാത്ത തിരിച്ചടികള്‍ ഉണ്ടാകുമ്പോള്‍
വെളിച്ചം ദുഃഖമാണുണ്ണീ/ തമസ്സല്ലോ സുഖപ്രദം എന്ന് ഉപയോഗിക്കുന്നവരെ കണ്ടിട്ടുണ്ട്. ഇത് അക്കിത്തം എന്ന കവിയുടെ വരികളാണെന്നോ ഇതിന്റെ കവിതയിലെ സാഹചര്യം ഇന്നതാണെന്നോ അറിയാതെ തങ്ങളുടെ ജീവിത സാഹചര്യങ്ങളിലേക്ക് പലരും പറിച്ചു നടുന്നു എന്നിടത്തു തന്നെയാണ് ജനകീയനായ ആ കവിയെ തിരിച്ചറിയാനാകൂ.
അഞ്ച് പതിറ്റാണ്ടുകളോളം കവിയായി നിലനിന്നു എന്നത് ഇന്ന് ആലോചിക്കുമ്പോള്‍ വലിയ സാഹസമാണെന്ന് പറയേണ്ടി വരും. എലിയറ്റിന്റെ ഭാഷയില്‍ പറഞ്ഞാല്‍ വ്യക്തിയെ ഒരോ കവിതയിലും ബലി കൊടുക്കാതെ എങ്ങനെ മുന്നോട്ട് പോകാനാകും സാമൂഹിക ബോധ്യമുള്ള ഒരു കവിക്ക്. ഒരു കവിത മനുഷ്യ ചരിത്രത്തിന്റെ മുഴുവന്‍ എഴുത്തുകളുമായും അബോധമായ് കൈ ചേര്‍ക്കപ്പെട്ടിരിക്കുന്നു. നമ്മള്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും ആ കവിതകള്‍ പൊതുമണ്ഡലത്തില്‍ ജീവിച്ചിരിക്കുന്നു. ഏത് തരം വിമര്‍ശങ്ങളെയും മനുഷ്യ സഹജമല്ലാത്ത വിനയത്തോടെ അത് കേള്‍ക്കും. പക്ഷേ നമ്മള്‍ വായിക്കാന്‍ ശ്രമിക്കണം. അക്കിത്തം എന്ന വ്യക്തിയുടെ ശരിതെറ്റുകള്‍ക്കപ്പുറത്തേക്ക് അദ്ദേഹത്തിന്റെ കവിതകള്‍ സഞ്ചരിക്കുകയാണ്.

“നിന്ന നില്‍പ്പില്‍
എത്രയും
ചെയ്തു തീര്‍ക്കുന്നു
മരങ്ങള്‍” എന്ന് ഞാന്‍ മുമ്പ് കുറിച്ചിട്ട വരികള്‍ അക്കിത്തത്തെക്കുറിച്ച് കൂടിയാണെന്ന് ഇപ്പോള്‍ തോന്നുന്നു. അക്കിത്തം ഒരിക്കലും അടച്ചു വെക്കാനാകാത്ത ഒരു പുസ്തകമായി ആരോ തുറന്ന് വെച്ചിരിക്കുന്നു.

Latest