Connect with us

Socialist

അയൂബ് മൗലവി അല്ലാതെ മറ്റെന്താണ് എം എന്‍ കാരശ്ശേരി?

Published

|

Last Updated

“യുക്തിവാദി” നേതാവ് അയ്യൂബ് മൗലവിയും എഴുത്തുകാരന്‍ എം എന്‍ കാരശ്ശേരിയും തമ്മിലുള്ള വ്യാജ അവതാരികാ വിവാദത്തില്‍ അയ്യൂബ് മൗലവിക്കെതിരെ കാരശ്ശേരി നടത്തിയ വിശദീകരണം ഒരേ സമയം രസകരവും അതിനേക്കാളേറെ കാരശ്ശേരിയെ കുറച്ചുകൂടി സ്വയം തുറന്നുകാണിക്കുന്നതുമാണ്. ഈ വിഷയത്തില്‍ കാരശ്ശേരിയുടെ വാദങ്ങള്‍ മാത്രം കേട്ട് അയ്യൂബ് മൗലവിയെ മാത്രം വിമര്‍ശിക്കുന്നതും കാരശ്ശേരിയെ വെറുതെ വിടുന്നതും സത്യസന്ധമായ നിലപാടല്ല എന്നാണു എനിക്ക് തോന്നുന്നത്.

“താന്‍ വ്യക്തിപരമായി ആരെയും വിമര്‍ശിക്കാറില്ല, എന്നാല്‍ തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ മിക്കതും വ്യക്തിപരമാണെന്നും ആളുകള്‍ അങ്ങിനെ ചെയ്യേണ്ടി വരുന്നത് അവര്‍ക്ക് ആശയങ്ങള്‍ ഇല്ലാത്തതു കൊണ്ടുള്ള ഗതികേടു കൊണ്ടാണ്” എന്ന ആമുഖത്തോടെയാണ് കാരശ്ശേരി തന്റെ വിശദീകരണം തുടങ്ങുന്നത്. വിമര്‍ശനത്തിലെ ഈ വ്യക്തിയെ, ആശയത്തെ എങ്ങിനെയാണ് ഒരാള്‍ വേര്‍തിരിച്ചെടുക്കുക? ആശയങ്ങള്‍ നിലനില്‍ക്കുന്നത് തന്നെ അവ വ്യക്തികളെ, അല്ലെങ്കില്‍ വ്യക്തികള്‍ ആശയങ്ങളെ പുല്‍കുമ്പോള്‍ ആണ്.
ആശയങ്ങളും വിമര്‍ശനങ്ങളും ഉണ്ടാകുന്നത്.

ഉദാഹരണത്തിന്, കാരശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ബാര്‍ബര്‍മാര്‍ മുടി വെട്ടുന്നതിനും താടി വടിക്കുന്നതിനും ഒന്നോ രണ്ടോ രൂപ വര്‍ധിപ്പിക്കുന്നു. ഇതിനെതിരെ എം.എന്‍ കാരശ്ശേരിയുടെ നേതൃത്വത്തില്‍ നാട്ടില്‍ ജനകീയ ബാര്‍ബര്‍ഷാപ്പ് തുടങ്ങുന്നു. എം. എന്‍. കാരശ്ശേരി സ്വന്തം മുടി വെട്ടി ഉദ്ഘാടനം ചെയ്യുന്നു. ഇതിനെതിരെ എം.എന്‍. കാരശ്ശേരിയുടെ തറവാട്ടില്‍ പാരമ്പര്യമായി മുടിവെട്ടാന്‍ വന്നിരുന്ന “ഒസ്സാന്റെ” മകന്‍; എന്തിനൊക്കെ വിലകൂടുമ്പോഴാണ് തറവാട്ടുകാര്‍ ജനകീയ ഷോപ്പുകള്‍ തുടങ്ങാറുള്ളത്, വിലവര്‍ദ്ധനവിനെതിരെ എം.എന്‍ കാരശ്ശേരി മുന്‍കയ്യെടുത്ത് തുടങ്ങിയ മറ്റു ജനകീയ ഷോപ്പുകള്‍ ഏതൊക്കെയാണ്, ഒസ്സാന്‍മാര്‍ ഇപ്പോഴും അഞ്ചു രൂപക്ക് തന്നെ മുടിവെട്ടണം എന്നാണോ എം.എന്‍.കാരശ്ശേരിയുടെ നിലപാട്, മാഷേ, ഒസാന്മാരോട് നിങ്ങള്‍ തറവാട്ടുകാര്‍ക്കുള്ള പുച്ഛം ഇനിയെങ്കിലും ഒന്നവസാനിപ്പിച്ചു കൂടേ എന്നൊക്കെ ചോദിക്കുന്നു. ഈ ചോദ്യങ്ങള്‍ വ്യക്തിപരമാണോ, ആശയപരമാണോ? ഒരാള്‍ ബഹുഭാര്യത്വം സ്വീകരിക്കുന്നു, അതേ കുറിച്ച് വേറൊരാള്‍ ചോദ്യം ചോദിക്കുന്നു. അല്ലെങ്കില്‍ ഒരാള്‍ ഭാര്യയെ വിവാഹ മോചനം നടത്തുന്നു. അതെ കുറിച്ചൊക്കെയുള്ള ചോദ്യങ്ങള്‍ വ്യക്തിപരമോ, ആശയപരമോ? ഒരു കറകളഞ്ഞ സെക്കുലറിസ്റ്റ് തന്റെ മകന്‍ അന്യമതക്കാരിയെ വിവാഹം കഴിക്കുന്നതില്‍ വിമ്മിഷ്ടം പ്രകടിപ്പിക്കുന്നു. അതേക്കുറിച്ചു വേറൊരാള്‍ ചോദ്യം ഉന്നയിക്കുന്നത് വ്യക്തിപരമായ വിമര്‍ശനമാണോ അതോ ആശയപരമാണോ?
താന്‍ ഭയങ്കര സൈദ്ധാന്തികനും തന്റെ വിമര്‍ശകര്‍ സിദ്ധാന്തങ്ങള്‍ ഒന്നും അറിയാത്ത പൊട്ടന്മാരും എന്ന ഭാവനയില്‍ നിന്നാണ് എം.എന്‍ കാരശ്ശേരിയെ പോലുള്ളവര്‍ ഇപ്പോഴും ഇമ്മാതിരി “തിയററ്റിക്കല്‍ ബ്രാഹ്മിണ്‍, എമ്പരിക്കല്‍ ശൂദ്രാ” കളി കളിക്കുന്നത്. ഇഷ്ടമില്ലാത്ത ചോദ്യങ്ങള്‍ കേട്ടുതുടങ്ങുമ്പോള്‍ മൈക്ക് ഓഫാക്കാനുള്ള എളുപ്പവഴിയാണ് ഈ വ്യക്തിപരം എന്ന തട. മാഷേ, ഇത്ര കാലം ആശയങ്ങളുമായി സഹവസിച്ചിട്ടും, ഉമ്മമാര്‍ക്കും താത്തമാര്‍ക്കും വേണ്ടി സങ്കടഹരജികള്‍ എഴുതിയിട്ടും “പേര്‍സണല്‍ ഈസ് പൊളിറ്റിക്കല്‍” എന്നതിന്റെ അര്‍ത്ഥമൊന്നും മനസ്സിലായിട്ടില്ലേ? അതെങ്ങിനെ മനസ്സിലാകും? ഗര്‍ഭത്തെ കുറിച്ച് സ്ത്രീ വിരുദ്ധമായ ഒരു തമാശ തുടക്കത്തില്‍ തന്നെ ഫിറ്റ് ചെയ്തിട്ടല്ലേ ടിയാന്‍ തന്റെ “വ്യാജ അവതാരിക” വിശദീകരണം ആരംഭിക്കുന്നത് തന്നെ. കാരശ്ശേരിയുടെ വ്യക്തിപരം/ആശയപരം ലോജിക് അനുസരിച്ചു ഗര്‍ഭത്തെക്കാള്‍ വ്യക്തിപരമായ മറ്റെന്തങ്കിലും ഉണ്ടോ. ആ ലോജിക്കിനെ തന്നെ തുടക്കത്തിലേ റദ്ദ് ചെയ്തുകൊണ്ടു തുടങ്ങുന്ന വിശദീകരണത്തിന്റെ സൈദ്ധാന്തിക ബലം നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

അവതാരിക പോലെ തന്നെ പുസ്തക പ്രകാശനവും ഒരര്‍ഥത്തില്‍ പുസ്തകത്തിന്റെ ഭാഗമാണ്. താന്‍ വായിക്കാത്ത പുസ്തകമാണ് പ്രകാശനം ചെയ്തത് എന്നാണ് കാരശ്ശേരി ഇപ്പോള്‍ അവകാശപ്പെടുന്നത്. അവതാരിക വ്യാജമാണെങ്കിലും വായിക്കാത്ത പുസ്തകം പ്രകാശനം ചെയ്ത എം എന്‍ കാരശ്ശേരിയെ നാം എങ്ങിനെയാണ് മനസ്സിലാക്കേണ്ടത്? ഇസ്ലാം മതം ഉപേക്ഷിച്ച ഒരാള്‍ എന്നതാണ് അയ്യൂബ് മൗലവിയില്‍ എം എന്‍ കാരശ്ശേരി കണ്ട വലിയ ഗുണം എന്ന് അയാളുടെ വിശദീകരണത്തില്‍ കാണാം. ഇസ്ലാം ഉപേക്ഷിച്ച, യുക്തിവാദി എഴുതിയ, യുക്തിവാദികള്‍ ശുപാര്‍ശ ചെയ്ത പുസ്തകം വായിക്കാതെയും പ്രകാശനം ചെയ്യാം എന്ന കാരശ്ശേരിയുടെ അതേ വിശാല മനസ്‌കതയല്ലേ കാരശ്ശേരിയുടെ “വ്യാജ അവതാരിക” വഴി ഒരര്‍ഥത്തില്‍ അയൂബ് മൗലവിയും ചെയ്തിട്ടുള്ളൂ? ഇതില്‍ ആദ്യത്തേത് സ്വാഭാവികവും രണ്ടാമത്തേത് മാത്രം അസ്വാഭാവികവും ആകുന്നത് എങ്ങിനെയാണ്? പ്രത്യേകിച്ചും രണ്ടാമത്തേത് ആദ്യത്തേതിന്റെ അന്തരഫലമാകുമ്പോള്‍. അയൂബ് മൗലവിയുടെ “വ്യാജ അവതാരിക” യെ കുറിച്ചുള്ള കാരശ്ശേരിയുടെ പ്രധാന ആശങ്ക/പരാതി അതിന്റെ ഭാഷയെ കുറിച്ച് മാത്രമാകുന്നത് (ഉള്ളടക്കത്തെ കുറിച്ചല്ല) രണ്ടുപേരുടെയും വ്യാജത്തിന്റെ ഉള്‍ക്കാമ്പു ഒന്നു തന്നെ ആയതുകൊണ്ടാണ്. ഇതില്‍ കൂടുതല്‍ വ്യാജന്‍ ആര് എന്നേ നമുക്ക് സംശയമുള്ളൂ.

ഇനിയാണ് തമാശ. “വ്യാജ അവതാരിക”ക്ക് അയൂബ് മൗലവിയെ മാത്രമേ എം എന്‍ കാരശ്ശേരി പിടികൂടുന്നുള്ളൂ. പ്രസിദ്ധീകരിച്ച ഡി സി രവിയെ വെറുതെ വിടുകയാണ്. രവി ഡി സി ക്ക് വക്കീല്‍ നോട്ടീസും ഇല്ല. ഇത് ഹെയര്‍ കട്ടിങ്ങിനു വിലകൂടുമ്പോള്‍ മാത്രം ജനകീയ ജനകീയ ബദല്‍ തുടങ്ങുന്ന കാരശ്ശേരിയുടെ തറവാട്ടു ബോധം പോലെ, എളുപ്പം പിടിക്കാന്‍ കഴിയുന്ന അയ്യൂബ് മൗലവിയെ പിടികൂടി രവി ഡി സിയെ വെറുതെ വിടുന്നു. സാധാരണ ഇത്തരം കാര്യങ്ങളില്‍ എഴുത്തുകാരനെ പോലെ പ്രസാധകനും തുല്യ ഉത്തരവാദിത്വം ആണുള്ളത്. ആ ബോധം വക്കീല്‍ നോട്ടീസ് അയച്ച അഡ്വ. ജയശങ്കറിനും ഇല്ല. കാരശ്ശേരിയുടെ ഇത്രയേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടും ഡി സി ബുക്സിലെ ഒരു എഡിറ്റര്‍ക്ക് പോലും അയൂബ് മൗലവിയുടെ പുസ്തകത്തിന്റെ അവതാരിക വായിച്ചിട്ടു ഇത് കാരശ്ശേരിയുടേത് അല്ലല്ലോ എന്ന സംശയം പോലും തോന്നിയില്ലല്ലോ എന്നത് ഡി സി ബുക്സിന്റെ കുറ്റമാണോ, അതോ കാരശ്ശേരിയുടെ എഴുത്തിന്റെ പ്രശ്നമാണോ? അഡ്വ. ജയശങ്കര്‍ പ്രിയപ്പെട്ട കൂട്ടുകാരന്‍ ആകുന്ന ഒരാളുടെ സാംസ്‌കാരിക-രാഷ്ട്രീയ നിലവാരത്തെ കുറിച്ച് സംശയങ്ങള്‍ ഉന്നയിക്കുന്നത് വ്യക്തിപരമായി പോകുമോ എന്നതിനാല്‍ തത്കാലം മാറ്റി വെക്കുന്നു. പിന്നെ വിശദീകരണത്തില്‍ നിര്‍ണ്ണായകമായ സന്ദര്‍ഭങ്ങളില്‍ ഒക്കെയും കാരശ്ശേരിക്ക് മറവിയാണ്. അത് സൈദ്ധാന്തികമായ മറവി ആയിരിക്കും എന്നു നമുക്ക് സമാധാനിക്കാം.

സത്യത്തില്‍, എം എന്‍ കാരശ്ശേരിയുടെ തുടര്‍ച്ചയല്ലാതെ മറ്റെന്താണ് മലയാളികള്‍ക്ക് അയൂബ് മൗലവി? വിശദീകരിച്ചു വിശദീകരിച്ചു വരുമ്പോള്‍ അയൂബ് മൗലവിയുടെ കള്ളക്കളികള്‍ അല്ലാതെ മറ്റെന്താണ് നാം എം എന്‍ കാരശ്ശേരിയില്‍ കാണുന്നത്? സ്വാതന്ത്ര്യ സമരത്തിലെ കമ്മ്യൂണിസ്റ്റുകളുടെ പങ്കിനെ കുറിച്ചുള്ള ഡൂള്‍ ന്യൂസിലെ തന്റെ പുതിയ വിശദീകരണത്തിലും കാരശ്ശേരി ഈ അയൂബ് മൗലവി കളി കളിക്കുന്നത് കാണാം. വിശദീകരിക്കുന്തോറും സ്വയം റദ്ദായി പോകുന്ന ഇത്തരം സാംസ്‌കാരിക വിമര്‍ശകരാണ് നമ്മുടെ നാടിന്റെ ഐശ്വര്യം. ഒഴിഞ്ഞ പോസ്റ്റിലേക്ക് ഗോളടിച്ചേ അവര്‍ക്കു ശീലമുള്ളൂ. വിശദീകരണം ചോദിക്കാന്‍ ഒരാളുണ്ടെങ്കില്‍ ഇക്കൂട്ടര്‍ സ്വയം തുറന്നു കാണിക്കും.

അബ്ദു‌റഹ്‌മാൻ പി കെ എം

സീനിയർ സബ് എഡിറ്റർ, സിറാജ്

Latest