Connect with us

Kozhikode

എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന് തുടക്കമായി

Published

|

Last Updated

കോഴിക്കോട് | ഇരുപത്തിയേഴാമത് എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന് പ്രൊഢമായ തുടക്കം. മൂന്ന് ദിവസങ്ങളിനി കലയുടെ മഹാ കാഴ്ചകൾക്ക് സാക്ഷ്യം വഹിക്കും. ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ അരങ്ങേറുന്ന സാഹിത്യോത്സവിന്റെ ഉദ്ഘാടനം
രാജ്യത്തെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും ഗ്രന്ഥകാരനുമായ കാഞ്ച ഐലയ്യ നിർവഹിച്ചു.  ഇന്ത്യയിലെ പുതിയ വെല്ലുവിളികളെ വായന കൊണ്ടും സാഹിത്യസൃഷ്ടികള്‍ കൊണ്ടും അതിജയിക്കണമെന്ന് കാഞ്ച ഐലയ്യ പറഞ്ഞു.

എസ് എസ് എഫ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി സി പി ഉബൈദുല്ല സഖാഫി അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് ദേശീയ സെക്രട്ടറി എം അബ്ദുൽ മജീദ് മുഖ്യപ്രഭാഷണം നടത്തി. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സി എൻ ജാഫർ, ശരീഫ് നിസാമി എന്നിവർ സംസാരിച്ചു.

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലാണ് ഈ വര്‍ഷത്തെ സാഹിത്യോത്സവ് നടക്കുന്നത്. കൊവിഡ് കാലത്തെ കേരളത്തിലെ ഏറ്റവും വലിയ കലാസാഹിത്യ മത്സരമാണ് എസ്എസ്എഫ് സാഹിത്യോത്സവ്. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രണ്ടുമാസം കൊണ്ടാണ് യൂനിറ്റ് തലം മുതല്‍ സംസ്ഥാന തലം വരെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്.

യൂനിറ്റ് തലം മുതല്‍ സംസ്ഥാന തലം വരെ രണ്ടുലക്ഷത്തോളം വിദ്യാര്‍ഥികളാണ്
സാഹിത്യോത്സവിന്റെ ഭാഗമായാത്. ആറായിരം യൂനിറ്റുകളില്‍ കഴിഞ്ഞമാസം തന്നെ വെര്‍ച്വല്‍ സാഹിത്യോത്സവ് പൂര്‍ത്തിയാക്കി. സെക്ടര്‍, ഡിവിഷന്‍ ജില്ലാ തലങ്ങളിലും മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് സംസ്ഥാന സാഹിത്യോത്സവ് നടക്കുന്നത്. യൂട്യൂബ്,  ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെയാണ് പൊതുജനങ്ങള്‍ക്കായി മത്സര പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നത്.

സംസ്ഥാന സാഹിത്യോത്സവിൽ
കേരളത്തിലെ 14 ജില്ലകളില്‍ നിന്നും തമിഴ്നാട്ടിലെ നീലഗിരി ജില്ലയില്‍ നിന്നും മത്സരാര്‍ഥികള്‍ പങ്കെടുക്കുന്നു. ജൂനിയര്‍, ഹൈസ്കൂള്‍, ഹയര്‍സെക്കൻഡറി, സീനിയര്‍, ക്യാമ്പസ് എന്നീ വിഭാഗങ്ങളിലായി ആയിരത്തോളം വിദ്യാര്‍ഥികളാണ് സംസ്ഥാന സാഹിത്യോത്സവില്‍ മാറ്റുരക്കുന്നത്.
പരമ്പരാഗത മുസ്‍ലിം കലകള്‍ക്കൊപ്പം ചിത്ര രചന, കവിതാ രചന, പ്രഭാഷണം, ഗാനം, ഡോക്യുമെന്ററി നിര്‍മാണം തുടങ്ങി നൂറോളം മത്സര ഇനങ്ങളും വിവിധ സാംസ്കാരിക പ്രോഗ്രാമുകളുമാണ് സാഹിത്യോത്സവിലുള്ളത്.

സമാപന സംഗമം എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സി കെ റാശിദ് ബുഖാരിയുടെ അധ്യക്ഷതയിൽ ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദലി ബാഫഖി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തും. മജീദ് കക്കാട്, എം മുഹമ്മദ് സ്വാദിഖ്, നിസാമുദ്ദീൻ ഫാളിലി , എം അബ്ദുർ റഹ്‌മാൻ  എന്നിവർ സംബന്ധിക്കും. മഹാമാരി മൂലം അനിശ്ചിതത്വത്തിലായ കലാ സാംസ്കാരിക പ്രവർത്തനങ്ങൾ ഓൺലൈൻ സാധ്യതകൾ ഉപയോഗിച്ച് സാധ്യമാക്കുകയാണ് സാഹിത്യോത്സവിലൂടെ എസ് എസ് എഫ് ചെയ്യുന്നത്.