Articles
വന്നു, കാത്തിരുന്ന വസന്തം
കാലം കാത്തിരുന്ന ഒരു മഹാസംഭവമാണ് തിരുപ്പിറവി. ആദം നബി (അ) തൊട്ട് ഈസാ നബി (അ) വരെയുള്ള പ്രവാചകന്‍മാര്‍ ആ തിരുജന്മത്തെക്കുറിച്ച് സുവിശേഷമറിയിച്ചിട്ടുണ്ട്. മതദര്‍ശനങ്ങളില്‍ പ്രകടമായ വ്യതിയാനം സംഭവിച്ച കാലം. ഏക ഇലാഹിനെ ആരാധിക്കണമെന്ന് പഠിപ്പിക്കാന്‍ വന്ന പ്രവാചകന്‍ ഈസാ (അ)നെ പോലും ദൈവമായി ആരാധിക്കാന്‍ തുടങ്ങിയിരുന്നു.
വേദഗ്രന്ഥങ്ങളില്‍ മനുഷ്യർ കൈകടത്തലുകള്‍ നടത്തുകയും പുരോഹിതന്‍മാര്‍ അവര്‍ക്കിഷ്ടമില്ലാത്തത് മറച്ചുവെക്കുകയും ചെയ്യുന്നു. അറേബ്യ അന്ധകാരത്തിന്റെ നടുവിലായിരുന്നു. കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍. പെണ്ണിനും കള്ളിനും വേണ്ടി ജീവിക്കുന്ന ജനത. കുത്തഴിഞ്ഞ കുടുംബ വ്യവസ്ഥ. ഗോത്രങ്ങള്‍ പരസ്പരം പോരടിച്ച് ചോര ചിന്തുന്ന കാലം. സ്ത്രീ സമൂഹവും ദുര്‍ബല വിഭാഗങ്ങളും എങ്ങും അവഗണിക്കപ്പെട്ടു.
കാലം ഒരു പരിഷ്‌കര്‍ത്താവിന് വേണ്ടി, മതദര്‍ശനങ്ങളുടെ പുനഃസ്ഥാപനത്തിന് വേണ്ടി, ഒരു നവോത്ഥാന നായകന് വേണ്ടി, അക്ഷമയോടെ കാത്തിരിക്കുന്ന സമയത്താണ് ലോകാനുഗ്രഹി മുഹമ്മദ് മുസ്തഫ (സ്വ)യുടെ തിരുജന്മം നടക്കുന്നത്.
അതൊരു സാധാരണ മനുഷ്യജന്മം പോലെ നമുക്ക് ഗണിക്കാനാകില്ല. അവിടുന്ന് സാധിച്ചെടുത്ത വിപ്ലവങ്ങളെ കുറിച്ച് ചിന്തിക്കുകയും പഠിക്കുകയും ചെയ്ത ഒരാള്‍ക്കും ആ തിരുപ്പിറവിയുടെ ദിവസവും മാസവും വരുമ്പോ
ള്‍ മുത്ത് നബിയെ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല.
മഹാന്‍മാരുടെ ജന്മദിനങ്ങള്‍ പ്രത്യേകം സ്മരിക്കപ്പെടേണ്ടതും പരിഗണിക്കപ്പെടേണ്ടതുമാണെന്നാണ് ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. അബൂ ഹുറൈറ (റ)യില്‍ നിന്ന് ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്നു. നബി (സ്വ) പറഞ്ഞു: സൂര്യനുദിക്കുന്ന ദിനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായതില്‍പെട്ടതാണ് വെള്ളിയാഴ്ച. അന്നാണ് ആദം നബി (അ) സൃഷ്ടിക്കപ്പെട്ടത്.
മനുഷ്യപിതാവും ആദ്യത്തെ പ്രവാചകരുമായ ആദം നബി (അ)ന്റെ ജന്മദിനം ജുമുഅ നിസ്‌കാരം അടക്കമുളള ഇബാദത്തുകള്‍ കൊണ്ട് ധന്യമാക്കിയാണ് അനുസ്മരിക്കപ്പെടുന്നത്. എല്ലാ തിങ്കളാഴ്ചയും സ്ഥിരമായി നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു മുത്ത് നബി (സ്വ). അതേക്കുറിച്ച് അനുചരന്‍മാര്‍ ചോദിച്ചപ്പോള്‍ നബി(സ്വ)യുടെ മറുപടി ഇപ്രകാരമായിരുന്നു: “അന്നാണ് ഞാന്‍ ജനിച്ചിട്ടുള്ളത്”.
തന്റെ ജന്‍മദിനത്തെ പ്രത്യേകം അനുസ്മരിക്കുകയും ആരാധനകളിലൂടെ നന്ദി പ്രകടിപ്പിക്കുകയും ചെയ്യുക വഴി കൃത്യമായ സന്ദേശമാണ് നബി (സ്വ) തന്റെ സമുദായത്തിന് നല്‍കിയിട്ടുള്ളത്.
ക്രിസ്തുവര്‍ഷം 571 ഏപ്രില്‍ മാസത്തില്‍ ആനക്കലഹ സംഭവം കഴിഞ്ഞ് 50 ദിവസത്തിന് ശേഷം റബീഉല്‍ അവ്വല്‍ 12ന് തിങ്കളാഴ്ച പ്രഭാതത്തോടടുത്ത സമയത്തായിരുന്നു വിശ്വപ്രവാചകരുടെ തിരുപ്പിറവി.
തിരുജന്മത്തിന് മുമ്പ് അനേകം അത്ഭുതങ്ങള്‍ ഉണ്ടായതുപോലെ ജനന സമയത്തും നിരവധി മഹാത്ഭുതങ്ങള്‍ നടന്നിട്ടുണ്ട്. ചേലാകര്‍മം ചെയ്യപ്പെട്ടവരായും പൊക്കിള്‍കൊടി മുറിക്കപ്പെട്ട വിധത്തിലും കണ്ണില്‍ സുറുമ എഴുതപ്പെട്ടവരായും ഒരു മാലിന്യവും പുരളാത്ത വിധത്തിലുമായിരുന്നു നബി (സ്വ) പിറന്നത്.
മനുഷ്യ നിര്‍മിത ദൈവരൂപങ്ങള്‍ തലകീഴായി മറിഞ്ഞുവീണതും ദിവ്യത്വം ചാര്‍ത്തി ആരാധിച്ചുവന്ന പേര്‍ഷ്യക്കാരുടെ ഭീമന്‍ അഗ്നികുണ്ഡം കെട്ടടങ്ങിയതും ദൈവപരിവേശം നല്‍കി വണക്കങ്ങളര്‍പ്പിച്ചിരുന്ന സാവാ തടാകം ഉള്‍വലിഞ്ഞതുമെല്ലാം ആ തിരു ജന്മദിനത്തിലെ മറ്റ് അത്ഭുതങ്ങളായിരുന്നു. ദൈവസങ്കല്‍പ്പത്തില്‍ സംഭവിച്ച വ്യതിയാനങ്ങളെ തിരുത്തുന്നവരും കറകളഞ്ഞ ഏകദൈവ വിശ്വാസത്തെ പ്രചരിപ്പിക്കുന്നവരുമാണ് മുഹമ്മദ് നബി (സ്വ)യെന്ന് ഈ അത്ഭുതങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.
വിശ്വാസ വിശുദ്ധിയിലൂടെ തുടങ്ങി കുടുംബ- സാമൂഹിക സംസ്‌കരണം സാധ്യമാക്കി. വ്യക്തവും പുരോഗമനാത്മകവുമായ സാമ്പത്തിക അച്ചടക്കം സൃഷ്ടിച്ചുകൊണ്ടായിരുന്നു നബി (സ്വ) തന്റെ വിപ്ലവം നയിച്ചത്. അറിവാണ് ഏറ്റവും വലിയ ആയുധമെന്നും മനസ്സില്‍ നിന്നാണ് മാറ്റത്തിന്റെ കൊടുങ്കാറ്റ് അടിച്ചുതുടങ്ങേണ്ടതെന്നും അവിടുന്ന് സിദ്ധാന്തിച്ചു.
താന്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍ പ്രായോഗികമാണെന്ന് തന്റെ ജീവിതത്തിലൂടെ തന്നെ തെളിയിച്ചുകൊടുക്കുകയും അവിടുന്ന് വാര്‍ത്തെടുത്ത ഒരുപറ്റം അനുയായികളിലൂടെ ആ സന്ദേശം ലോകം മുഴുവന്‍ പ്രസരിപ്പിക്കുകയും ചെയ്തു. ഇന്ന് ലോകത്ത് കാണുന്ന വൈജ്ഞാനിക പുരോഗതിയുടെയും ശാസ്ത്ര- സാങ്കേതിക കുതിപ്പിന്റെയും സാമൂഹിക ഉണര്‍വിന്റെയും വേരുകള്‍ തേടിയിറങ്ങിയാല്‍ അതെല്ലാം പ്രവാചകര്‍ മുഹമ്മദ് നബി (സ്വ)യില്‍ ചെന്നുചേരുന്നതായി നമുക്ക് കാണാം.
ആ തിരുദൂതരെ കുറിച്ച് കൂടുതല്‍ പഠിക്കാനും ചിന്തിക്കാനും അവസരമൊരുക്കുന്ന സന്ദര്‍ഭമാണ് അവിടുത്തെ തിരുജന്മം കൊണ്ട് അനുഗ്രഹീതമായ മാസം. അത് ജനങ്ങളെ ഓര്‍മിപ്പിച്ചുകൊടുക്കേണ്ട ബാധ്യത പ്രവാചക അനുയായികളുടേതാണ്. സൂറഃ അല്‍ ഹജ്ജില്‍ അല്ലാഹു പറയുന്നുണ്ട്, “നിങ്ങള്‍ അല്ലാഹു അനുഗ്രഹം ചെയ്ത ദിവസങ്ങളെ അവര്‍ക്ക് ഓര്‍മിപ്പിക്കുക.” തിരുനബി(സ്വ)യുടെ ജന്മത്തെക്കാള്‍ വലിയ അനുഗ്രഹം ഏതാണ്? അതിനാല്‍ വസന്തത്തിന്റെ മാസമായ റബീഉല്‍ അവ്വലില്‍ മുത്ത് നബി (സ്വ)യെക്കുറിച്ച് കൂടുതല്‍ പഠിക്കാനും അവിടുത്തെ തിരുചര്യകള്‍ കൂടുതലായി ജീവിതത്തിൽ പകര്‍ത്താനും പരിശ്രമിക്കാം.
നബി (സ്വ)യോടുള്ള സ്‌നേഹം വര്‍ധിക്കുന്നതിന് വേണ്ടി അവിടുത്തെ അപദാനങ്ങള്‍ വാഴ്ത്തുന്ന മൗലിദ് സദസ്സുകള്‍ കൂടുതലായി സംഘടിപ്പിക്കുകയും കുടുംബത്തിലും സമൂഹത്തിലും നബി(സ്വ)യെ കുറിച്ചുള്ള ചിന്തകൾക്കും പഠനങ്ങൾക്കും പ്രോത്സാഹനം നൽകുകയും ചെയ്യണം.
ഈ മാസത്തില്‍ പ്രവാചകരെ പ്രത്യേകം അനുസ്മരിക്കുന്നതും അവിടുത്തെ വാഴ്ത്തുന്നതും അനിസ്്ലാമികമെന്ന് വാദിക്കുന്ന അറുപിന്തിരിപ്പന്‍ ആശയക്കാരുണ്ട്. അവരെ നമുക്ക് അവഗണിക്കാം. സ്വല്ലല്ലാഹു അലാ മൂഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം.