Kozhikode
എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന് ഇന്ന് തിരശ്ശീല വീഴും
കോഴിക്കോട് | രണ്ട് ദിവസമായി നടന്നു വരുന്ന 27ാമത് എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന് ഇന്ന് തിരശ്ശീല താഴും. കൊറോണ കാലത്തെ പുതിയ ക്രമത്തിലും കലാപ്രവർത്തനങ്ങൾക്ക് അവധി നൽകാതെ സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകൾ ഉപയോഗിച്ചാണ് ഇത്തവണത്തെ സാഹിത്യോത്സവ് നടക്കുന്നത്.
പ്രമുഖ സാമൂഹിക പ്രവർത്തകനും ഗ്രന്ഥകാരനുമായ കാഞ്ച ഐലയ്യയാണ് സാഹിത്യോത്സവിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കൊവിഡ് കാലത്തെ കേരളത്തിലെ ഏറ്റവും വലിയ കല, സാഹിത്യ മത്സരമായ എസ് എസ് എഫ് സാഹിത്യോത്സവ് രണ്ട് മാസം കൊണ്ടാണ് ബ്ലോക്ക്, യൂനിറ്റ്, സെക്ടർ, ഡിവിഷൻ, ജില്ലാ, സംസ്ഥാന മത്സരങ്ങൾ പൂർത്തിയാക്കിയത്. യൂനിറ്റ് തലം മുതൽ സംസ്ഥാന തലം വരെ രണ്ട് ലക്ഷം വിദ്യാർഥികളാണ് സാഹിത്യോത്സവിന്റെ ഭാഗമായത്. കേരളത്തിലെ പതിനാല് ജില്ലകളിലും തമിഴ് നാട്ടിലെ നീലഗിരി ജില്ലയിലുമായി സംവിധാനിച്ച 15 സ്റ്റുഡിയോകളിൽ കൊവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ച് ആയിരത്തിലധികം വിദ്യാർഥികൾ മത്സരിക്കുന്നു.
കോഴിക്കോട്ടെ കൺട്രോൾ റൂമിൽ നിന്ന് മത്സരങ്ങൾ നിയന്ത്രിച്ച് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ ലൈവായി പ്രേക്ഷകരിലേക്കെത്തിക്കുകയാണ് ചെയ്യുന്നത്.
മത്സരാവേശവും, ആസ്വാദന ഭംഗിയും ഒട്ടും ചോരാതെ പരിപാടികൾ ശ്രോതാക്കളിലെത്തിക്കാനുള്ള സംവിധാനങ്ങളും സങ്കേതങ്ങളും സംഘാടക സമിതി തയ്യാറാക്കിയിട്ടുണ്ട്.
ജൂനിയർ, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, സീനിയർ, ജനറൽ, എന്നീ വിഭാഗങ്ങളിലും ക്യാമ്പസുകൾ തമ്മിലുമാണ് മത്സരങ്ങൾ. പരമ്പരാഗത മുസ്‌ലിം കലകൾക്കൊപ്പം പ്രസംഗം, ഗാനം, ചിത്രരചന, ഡിജിറ്റൽ ഡിസൈനിംഗ്, കാലിഗ്രഫി, സോഷ്യൽ ട്വീറ്റ് തുടങ്ങിയ നൂറോളം മത്സര ഇനങ്ങളാണുള്ളത്.
ഇന്ന് നടക്കുന്ന സമാപന സംഗമം എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സി കെ റാശിദ് ബുഖാരിയുടെ അധ്യക്ഷതയിൽ ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവഹിക്കും.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി മുഖ്യ പ്രഭാഷണം നടത്തും.
എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് കക്കാട്, എസ് എസ് എഫ് സെക്രട്ടറിമാരായ സി ആർ കെ കുഞ്ഞുമുഹമ്മദ്, എം അബ്ദുർറഹ്‌മാൻ, നിസാമുദ്ദീൻ ഫാളിലി, ഹാമിദലി സഖാഫി പ്രസംഗിക്കും.