Cover Story
കൈക്കോട്ടും കണ്ടിട്ടുണ്ട് കൈയിൽ തഴമ്പുമുണ്ട്
അമലിന്റെ സ്റ്റാറ്റസ് മുഴുവന്‍ കറുപ്പ് നിറമാണ്. ഫോട്ടോയും സ്റ്റാറ്റസും എല്ലാം മുഴുവന്‍ കറുപ്പ്. ചങ്ക് ബ്രോകളുടെ കൂട്ടത്തിലെ രാജേഷ് ചോദിച്ചു. എന്താണ് ബ്രോ മുഴുവന്‍ കറുപ്പുനിറം ആണല്ലോ… ഓ ഒന്നുമില്ല എന്ന് നിസ്സംഗതയോടെയുള്ള മറുപടി. പിന്നെ ശ്രദ്ധിച്ചുതുടങ്ങിയപ്പോഴാണ്, ഇടക്കൊക്കെ കൂട്ടത്തിലുള്ള പലരുടെയും സ്റ്റാറ്റസ് ഇങ്ങനെതന്നെ. മൂഡ് ഓഫ് ആണ്, ജീവിതം മുഴുവന്‍ ഇരുട്ടാണ്, പ്രതീക്ഷകള്‍ ഒന്നുമില്ല എന്നൊക്കെ അർഥം വരുന്ന ഉദ്ധരണികളും ഫോട്ടോകളും സ്റ്റാറ്റസ് വീഡിയോകളും.
കൊവിഡ് മഹാമാരി പടർന്നപ്പോൾ ലോക് ഡൗൺ സൃഷ്ടിച്ച സ്വയം ഒതുങ്ങിയ കാലത്ത് തങ്ങളെത്തന്നെ മൂഡ് ഓഫ് ആക്കി മറ്റുള്ളവര്‍ക്കു മുമ്പില്‍ പ്രകടിപ്പിക്കുന്ന ന്യൂജെൻ ബ്രോകൾ…. മനസ്സുകെട്ട് പോകാന്‍ മാത്രം കാരണങ്ങള്‍ ഉള്ളവരായി ആരെയും കണ്ടില്ല. ചെറിയ ചെറിയ കാരണങ്ങളാണ്. ഹോട്ടൽ ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല… വിചാരിച്ച സ്ഥലത്ത് യാത്ര പോകാന്‍ പറ്റിയില്ല എന്നോ, പഴയത് മാറി പുതിയ ടൂവീലര്‍ വാങ്ങുന്നതിന് വീട്ടുകാര്‍ ഉടനടി പണം കൊടുത്തില്ല എന്നോ, മൊബൈല്‍ താഴെ വീണു എന്നോ ഒക്കെ ആണ് കാരണങ്ങള്‍…
പതിവുകാഴ്ചകളായി മാറിയ ഏകാന്തതക്കും മടുപ്പിക്കുന്ന അടച്ചിടലിനും ഇടയിൽ ഒത്തുചേർന്ന സൗഹൃദത്തിലാണ് ആദ്യമായി അവർ കൃഷിയെ പറ്റി സംസാരിച്ചു തുടങ്ങുന്നത്. പച്ചക്കറി കൃഷിയിൽ തുടങ്ങി വാഴകൃഷിയിൽ എത്തിനിന്ന ചർച്ചകൾക്കൊടുവിലാണ് വർഷങ്ങളായി ക്രിക്കറ്റും ഫുട്ബോളും കളിക്കുന്ന തരിശ് പാടം ഇവർക്കിടയിലേക്ക് വന്നത്… കളിക്കാൻ തച്ചുറപ്പിച്ച പാടം ഉഴുതുമറിക്കാം… ആ യുവത്വം പാടത്ത് നെൽകൃഷി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. കൈക്കോട്ട് ഇതുവരെയായി തൊട്ടിട്ടു പോലുമില്ലാത്ത വിദ്യാർഥികൾ അടക്കമുള്ള ഒരു യുവ കൂട്ടായ്മയുടെ അംഗങ്ങളുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് നിറയെ ഇന്ന് കറുപ്പിന് പകരം കൃഷിയെ സൂചിപ്പിക്കുന്ന ഹരിത കാന്തിയാണ്.
അധ്വാനമാണ്
ആവേശം
സമൂഹമാധ്യമങ്ങൾ ശക്തമായ ഈ കാലത്ത് നേരം പോക്കാൻ അനവധി വഴികളുണ്ട്. പ്രത്യേകിച്ച് യുവ നിരകളാകുമ്പോൾ ഒട്ടേറെ സാഹചര്യങ്ങൾ. കൊവിഡിൽ തട്ടി പാഴാകി പോകുന്ന ദിവസങ്ങളിൽ മാനസിക സമ്മർദങ്ങൾ മാത്രം ബാക്കി. ഇവിടെയാണ് കൃഷി നടത്താനിറങ്ങിയ രാമന്തളിയിലെ ഒരു കൂട്ടം യുവാക്കളുടെ വിജയഗാഥ.
ഏഴിമല താഴ്‌വരയിലെ രാമന്തളി ഗ്രാമത്തിൽ 30 വർഷമായി തരിശുകിടക്കുന്ന തിടിൽ പാടശേഖരത്തിൽ ഇത്തവണ കൃഷി ചെയ്യാം എന്ന ആശയവുമായി മുന്നോട്ടുവന്നത് യുവ രാമന്തളി എന്ന ക്ലബ്ബിലെ 25 വയസ്സിൽ താഴെ പ്രായമുള്ള 30 പേരടങ്ങുന്ന കൂട്ടായ്മയാണ്.
ആശങ്കകൾ ഒന്നുമില്ലാതെയായിരുന്നു തുടങ്ങാൻ തീരുമാനിച്ചത്. മഴ നനഞ്ഞും ചെളിപുരണ്ടും പകലന്തിയോളം അധ്വാനിച്ച് വീട്ടിലെത്തുമ്പോൾ നന്നായി ഉറങ്ങാനുള്ള ആത്മവിശ്വാസവും ഉണർന്നു. മൂന്ന് ഏക്കറോളം വയൽ പാട്ടത്തിനെടുത്തായിരുന്നു തുടക്കം.
മൂന്നേക്കർ പാടത്ത് തൊഴിലാളികളെ പുറത്ത് നിന്നും ആരെയും കൂട്ടേണ്ടി വന്നിട്ടില്ല. എല്ലാ പണിയും സ്വന്തമായി ചെയ്തു. ഇതിൽ മുക്കാൽഭാഗവും മുൻ വർഷങ്ങളിൽ തരിശായിക്കിടന്ന കൃഷിയിടം. ഇതെല്ലാം കൃഷിക്കായി പാകപ്പെടുത്തുക എന്നതായിരുന്നു ശ്രമകരം. കൃഷിയുടെ ബാലപാഠം കേട്ടറിവ് പോലും ഇല്ലാത്ത പത്ത് വയസ്സിനു മുകളിൽ പ്രായമുള്ള വിദ്യാർഥികൾ അടക്കമുള്ള യുവയുടെ പ്രവർത്തകർ കൂട്ടായിറിങ്ങി കാട് വെട്ടിത്തെളിച്ച് വയൽ വരമ്പുകൾ പുനർനിർമിച്ചു. ഉഴുതുമറിച്ച പാടത്ത് കൃഷിഭവനിൽ നിന്ന് ലഭ്യമായ 60 കിലോ നെൽവിത്ത് ഞാറിനായി പാകി. മൂപ്പ് എത്തുന്നതിന് മുമ്പേ ഞാറ് പറിച്ചുനട്ടു. ചെളിപുരണ്ട വയലിൽ അങ്ങനെ വിളനാട്ടി ഉത്സവമായി.
ഇക്കഴിഞ്ഞ ദിവസമാണ് ഇവിടെ കൊയ്ത്തുത്സവം നടന്നത്. ഈ കൂട്ടായ്മ ഒരു ആവേശം പോലെ കൃഷിയെ സമീപിച്ചപ്പോൾ മൂക്കത്ത് വിരൽ വെച്ചവർ പോലും ഇന്ന് ഈ യുവതയെ ഇരു കൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഇത് കേവലം രാമന്തളിയിലെ ഒരു കൂട്ടം യുവാക്കളുടെ മാത്രം വിജയഗാഥ അല്ല. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലും കടന്നപ്പള്ളിയിലും കരിവെള്ളൂരിലും തുടങ്ങി കേരളം മുഴുവൻ അലയടിക്കുന്ന ന്യൂ ജെൻ കൃഷിയുടെ ചെറിയ കഥ മാത്രം.
പ്രതീക്ഷയുടെ
പുതുവഴികൾ
കൊവിഡ് എന്ന മഹാമാരി ലോകത്തെ നിശ്ചലമാക്കുമ്പോൾ അതിനോടുള്ള സമൂഹത്തിന്റെ പ്രതിരോധവും പലതരത്തിലുള്ളതാണ്. വീട്ടിലിരുന്നും സാമൂഹിക അകലം പാലിച്ചും ദിവസങ്ങളെയും മാസങ്ങളെയും തോൽപ്പിക്കുന്നവർക്കിടയിൽ വ്യത്യസ്തമായ ചിലതുമുണ്ട്. അടച്ചിടൽ കാലം തുടങ്ങി കൊവിഡ് സൃഷ്ടിച്ച ഒറ്റപ്പെടലുകളെ കേരളത്തിലെ യുവാക്കൾ മറികടന്നത് മണ്ണിലേക്കിറങ്ങിയാണ്. സംസ്ഥാനത്തിനാകെ പ്രതീക്ഷയായി തരിശ് ഭൂമികൾ ഇന്ന് പച്ചപ്പണിഞ്ഞ നെൽപ്പാടമായി. കൊവിഡ് കാലം പുറത്തേക്കുള്ള എല്ലാ വഴികളും അടച്ചപ്പോൾ കൃഷിയിടത്തിലേക്കായിരുന്നു യുവാക്കളുടെ തിരികെ നടത്തം. വയലുകളിൽ നെല്ല് കൂടാതെ പച്ചക്കറി കൃഷിക്കും കപ്പകൃഷിക്കും വീട്ടുവളപ്പിൽ പച്ചക്കറി കൃഷിക്കും മീൻ വളർത്തലിനും അവർ മുന്നിട്ടിറങ്ങി.
ധാരാളം പാടശേഖരങ്ങളുണ്ടെങ്കിലും അന്യനാട്ടിൽ നിന്നും അരിയുടെയും പച്ചക്കറിയുടെയും വണ്ടികൾ വന്നില്ലെങ്കിൽ പട്ടിണിയാകുന്നതാണ് കേരളത്തിന്റെ ഇന്നത്തെ സാഹചര്യം.
ഇവിടെയാണ് ഈ വയലുകളെല്ലാം തിരിച്ചു പിടിക്കേണ്ട ആവശ്യം ഒടുവിൽ തിരിച്ചറിയുന്നത്. സർക്കാറിന്റെ തരിശു രഹിത സുഭിക്ഷ കേരളം പദ്ധതിയിൽ വൻ മുന്നേറ്റമാണുള്ളത്. നെല്ലിന് പുറമെ പച്ചക്കറികളും കിഴങ്ങുവർഗങ്ങളും വ്യാപകമായി കൃഷി ചെയ്യുന്നു. കാർഷിക വിളകൾക്കെല്ലാം അനുകൂലമായ കാലാവസ്ഥ നിലനിന്നിരുന്ന കേരളത്തിൽ വിളകളുടെ വിലത്തകർച്ചയായിരുന്നു ഒരു കാലത്ത് നട്ടെല്ലൊടിച്ചത്. വ്യക്തിഗത കർഷകർക്ക് ഈ നഷ്ടങ്ങൾ സഹിച്ചും മുന്നോട്ടുള്ള യാത്രകൾ ദുഷ്കരമായിരുന്നു. എന്നാൽ, ഇത്തരം ന്യൂജെൻ കൂട്ടായ്മകൾ ഈ വെല്ലുവിളികൾക്കെതിരെയുള്ള പ്രതിരോധം സൃഷ്ടിക്കുന്ന കാഴ്ച ഏറെ പ്രതിക്ഷ പകരുന്നതാണ്. കൊവിഡ് പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ ഭാവിയിൽ ഭക്ഷ്യരംഗത്ത് സ്വയം പര്യാപ്തത നേടേണ്ടതിന്റെ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്തുക എന്ന ഒരു വലിയ കടമ കൂടിയാണ് യുവാക്കൾ പുതിയ കൃഷിപാഠത്തിലൂടെ പകർന്നുനൽകുന്നത്.
മഹാമാരി
അവസരമായി
കൊവിഡിന് മുന്പുണ്ടായിരുന്ന ചർച്ചകളും സംവാദങ്ങളും പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത് വ്യാവസായിക വികസന മേഖലകൾക്ക് ചുറ്റുമായിരുന്നെങ്കിൽ വൈറസ് മഹാമാരിയെ നേരിടാനുള്ള ലോക്ക്ഡൗൺ മാസങ്ങൾ പിന്നിടുമ്പോൾ കാര്യഗൗരവമായ ചർച്ചകളുടെ കേന്ദ്ര സ്ഥാനത്തേക്ക് കാർഷിക മേഖല കൂടി കടന്നുവരുന്നതാണ് കാണാൻ സാധിക്കുന്നത്. ഭക്ഷ്യക്ഷാമം നേരിടലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കലുമൊക്കെ ചർച്ചകളുടെ മർമമായി മാറിയിരിക്കുന്നു.
കൊവിഡ് കാലത്ത് കാർഷിക രംഗത്ത് മുന്നേറ്റവും വളർച്ചയും നേടാൻ സാധിച്ചതായി കർഷകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. മുൻകാലങ്ങളെ അപേക്ഷിച്ചു കൂടുതൽ പേർ കാർഷിക മേഖലയിലെ ജോലികളിലേക്കു തിരിഞ്ഞു. ഇതിൽ കൂടുതലും യുവാക്കളാണെന്ന പ്രത്യേകതയുമുണ്ട്. ഒറ്റക്കും കൂട്ടായുമാണ് പലയിടത്തും കൃഷികൾ ആരംഭിച്ചത്. പുരയിട കൃഷിക്കൊപ്പം പാട്ടത്തിന് ഭൂമിയേറ്റെടുത്ത് കൃഷി ചെയ്യുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. സ്ത്രീകളും കൂടുതലായി ഈ രംഗത്തേക്ക് കടന്നുവരുന്നുണ്ട്. മറ്റു മേഖകളിലെ തൊഴിൽ സാഹചര്യങ്ങളിലുണ്ടായ മടുപ്പും തൊഴിലില്ലായ്മയും ആളുകളെ കൂടുതൽ മുടക്കില്ലാത്ത കാർഷിക മേഖലയിലേക്കു തിരിയാൻ പ്രേരിപ്പിച്ചു. കൂടാതെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടലും സർക്കാറിന്റെ വിവിധ സഹായങ്ങളുമെല്ലാം കൂടിയായപ്പോൾ യുവാക്കൾ കൂടുതലായി കൃഷിയിലേക്ക് ആകൃഷ്ടരാകുകയായിരുന്നു.
നെല്ല്, പച്ചക്കറി കൃഷി, വാഴ, കപ്പ, ഇഞ്ചി, മഞ്ഞൾ, ചേന തുടങ്ങിയ കിഴങ്ങുവർഗ കൃഷികളുമാണ് പ്രധാനമായും മഴക്കാലമായ ഈ സീസണിൽ നടക്കുന്നത്. ലോക്ക്ഡൗണ് കാലത്ത് മറ്റ് തൊഴിൽ മേഖലകളിൽ വരുമാനം കുറഞ്ഞതും പ്രവർത്തനം നിർത്തിയതും കൃഷി ഉപജീവന മാർഗമായി തിരഞ്ഞെടുക്കാൻ യുവാക്കളെ പ്രേരിപ്പിച്ചതായി കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ഈ മേഖലയിലേക്കു കടന്നുവന്നവരും സാക്ഷ്യപ്പെടുത്തുന്നു.
വയലിലെ അധ്വാനം കഴിഞ്ഞ് വൈകുന്നേരം ബ്രോ …. എന്ന് നീട്ടി വിളിച്ചു കൊണ്ട് ചങ്ക്സിനൊപ്പം ഇരിക്കുമ്പോൾ ഇന്ന് രാമന്തളിയിലെ ഈ യുവ കൂട്ടായ്മ ന്യൂജെൻ ട്രെൻഡുകളെ കുറിച്ച് സംസാരിക്കുന്നത് കുറവാണ്. പകരം അവരുടെ സംസാരം നിറയെ തങ്ങളുടെ കൃഷിയെ കുറിച്ചാണ്. നൂറുമേനിയിൽ പൊന്ന് വിളയിച്ച മണ്ണിനെ കൈവിടാൻ ഇവർ ഒരുക്കമല്ല. നെല്ല് കൊയ്തെടുക്കുന്ന വയലിൽ അടുത്തതായി ഉഴുന്ന് കൃഷി ചെയ്യുന്നതിനെ കുറിച്ചാണ് ഈ ചങ്ക്സുകളുടെ പുതിയ ചർച്ചകൾ.
മൊബൈൽ ഫോണിൽ തല പൂഴ്ത്തിയിരിക്കാതെ പച്ചപ്പിൽ നീണ്ടുകിടക്കുന്ന വയലിലേക്ക് നോക്കി അഭിമാനത്തോടെ തലയുയർത്തിപ്പിടിച്ചുകൊണ്ട് അലസന്മാർ എന്ന് പഴികേട്ട ന്യൂ ജെൻ ബ്രോകൾ തിരിച്ചു നടക്കുകയാണ് കേരളത്തിന്റെ കാർഷിക പൈതൃകത്തിലേക്ക്.
.