Vazhivilakk
വ്രണങ്ങളിൽ ചെന്നിരിക്കുന്നീച്ചയെപ്പോലാകാതിരിക്ക നീ...
എവിടെയോ വായിച്ചു മറന്ന ഒരു കഥയുടെ ഉള്ളടക്കം പറയാം. മദ്യപാനിയായ ഒരാളുടെ വീട്. ലവലേശം വിട്ടുവീഴ്ചയില്ലാത്ത ഭാര്യ. അവിടെ എല്ലാ ദിവസവും ശണ്ഠയാണ്. അവരുടെ ഒച്ചയും ബഹളവും കേട്ടാണ് പലപ്പോഴും അയൽവാസികൾ ഉറക്കമുണരുന്നത് തന്നെ. അവർക്കിന്നത് ഒരു പ്രശ്നമേ അല്ലാതായിരിക്കുന്നു.
തൊട്ടപ്പുറത്ത് മറ്റൊരു വീട്. വളരെ മാന്യരായ ഒരു കുടുംബം. നാളിതുവരെ എന്തെങ്കിലും ദുസ്സഹമായ വഴക്കോ ഒച്ചപ്പാടോ അവിടെ നിന്ന് കേട്ടിട്ടില്ല. എല്ലാവർക്കും അതറിയാവുന്നതുമാണ്. ഒരു ദിവസം. ആദ്യ വീട്ടിലെ ദമ്പതികൾ വഴക്കു കൂടുന്നതിനിടയിൽ ഭാര്യ പറഞ്ഞു: “ദേ മനുഷ്യാ, അവരെ നോക്കി പഠിക്ക്. ഇന്നുവരെ അവരുടെ ശബ്ദം പുറത്തു കേട്ടിട്ടുണ്ടോ?”
അയാൾ പ്രതികരിച്ചില്ല. അവരുടെ അസൂയ തോന്നിപ്പിക്കുന്ന ശാന്തമായ ജീവിതം അയാളെയും ആകർഷിച്ചിട്ടുണ്ടായിരുന്നു. അയാൾ വെറുതെ ജനലിനരികിൽ വന്നു നിന്നു അങ്ങോട്ടു ശ്രദ്ധിച്ചു. മുറ്റത്ത് ഭർത്താവ് ചെടികൾ നനക്കുകയാണ്. അടുക്കളയിൽ ഭാര്യ തിരക്കിട്ട പാചകത്തിലും. പെട്ടെന്ന് അകത്തു നിന്ന് ഫോൺ റിംഗ് ചെയ്തു. അദ്ദേഹം പെട്ടെന്ന് ടാപ്പ് പൂട്ടി അകത്തേക്കോടുന്നു. വരാന്തയിൽ വഴിയോട് ചേർന്നുകിടന്ന ടീപോയിൽ കാലു തട്ടി അതിലുണ്ടായിരുന്ന ഗ്ലാസ് താഴെ വീണുടഞ്ഞു. അയാളുടനെ അത് പെറുക്കിയെടുക്കാൻ തുടങ്ങി.
ശബ്ദം കേട്ട് ഭാര്യ ഓടി വന്നു. അവരും അത് പെറുക്കിയെടുക്കാൻ സഹായിച്ചു.
“ഞാൻ ശ്രദ്ധിക്കാതെ ഓടിയതാണ്”
“സാരമില്ല, കുറ്റം എന്റേതാണ്. ഞാനത് നേരത്തെ അവിടെ നിന്ന് എടുത്തു വെക്കേണ്ടതായിരുന്നു”.
അവർ ഒരുമിച്ച് അതെടുത്തുകളഞ്ഞു അവിടെ വൃത്തിയാക്കി. ആ കാഴ്ച കണ്ടു അയാൾ തന്റെ ഭാര്യയോട് പറഞ്ഞു: “എടീ അപ്പുറത്തെ വീട്ടിൽ ഓരോരുത്തരും അവനവന്റെ കുറ്റമാണ് ശ്രദ്ധിക്കുന്നത്. നമ്മുടെ വീട്ടിൽ മറ്റുള്ളവരുടേതു മാത്രവും – നമ്മൾ മാത്രമാണ് ശരി എന്നാണ് നമ്മൾ ചിന്തിക്കുന്നത്. ഇങ്ങനെയാവുന്ന കാലത്തോളം നമ്മളെന്നും അടിയും പിടിയും തന്നെയായിരിക്കും.”
ഒന്നോർത്തു നോക്കൂ, സമൂഹത്തിൽ ഇന്നു നടക്കുന്ന അധികം ശണ്ഠകളുടെയും പിന്നിൽ ഇതു തന്നെയല്ലേ പ്രശ്നം? അപരന്റെ ശരികളെ നാമൊരിക്കലും മുഖവിലക്കെടുക്കാറില്ല. നമ്മുടെ ന്യൂനതകളെ വകവെച്ചു കൊടുക്കാൻ തയ്യാറുമില്ല. പിന്നെയെങ്ങനെയാണ് സ്വസ്ഥതയും ശാന്തിയും നിറഞ്ഞ സാമൂഹികാന്തരീക്ഷം ഉണ്ടാവുക? നമ്മുടെ വീഴ്ചകൾക്ക് മറ്റൊരാളെ ഉത്തരവാദിയാക്കുന്നത് ശരിയല്ല. സ്വന്തം വ്യക്തിത്വത്തിന് വൈകല്യം സംഭവിക്കുമ്പോൾ “ഞാൻ തന്നെയാണ് കാരണക്കാരൻ” എന്ന ബോധമുണ്ടാകണം. ആ അറിവ് ഉണരുമ്പോൾ അതു പരിഹരിക്കാനുള്ള മാർഗവും തെളിയും; തെറ്റുകാരനാകുക ആർക്കും താത്പര്യമുള്ള കാര്യമല്ലല്ലോ.
ശയ്ഖ് മഹ്്മൂദുൽ ഖാഹിരിയുടെ റസ്സാനത് എന്ന പ്രസിദ്ധമായ അധ്യാത്മിക കാവ്യത്തിൽ ഇങ്ങനെ ഒരു വരി കാണാം:
വ്രണങ്ങളിൽ ചെന്നിരിക്കുന്നീച്ചയെപ്പോ-
ലാകാതിരിക്ക നീ, നല്ലതു വിട്ടതു ചീഞ്ചലം
മാത്രമൂറ്റിയൂറ്റി ക്കുടിക്കുന്നുവല്ലോ സദാ.
അന്യരെ വിട്ടവനവനാത്മശോധന ചെയ്ക
മർത്യരിലാരുണ്ടു കുറവേതുമില്ലാത്തോരായ്.
കുടുംബം, സൗഹൃദം, ഓഫീസ് തുടങ്ങി നമ്മുടെ എല്ലാ സാമൂഹിക ബന്ധങ്ങളെയും നിർവചിക്കുന്ന ഉത്തമ സ്വഭാവമാകണമിത്. സോറി എന്ന രണ്ടക്ഷരത്തിൽ പരിഹരിക്കാവുന്ന കാര്യങ്ങളാണ് പലപ്പോഴും വർഷങ്ങൾ നീണ്ട പിണക്കത്തിലേക്ക് നയിക്കുന്നത്. മറ്റുള്ളവരുടെ കുറ്റങ്ങൾ ചികഞ്ഞ് അന്വേഷിക്കുന്നതിന് പകരം നമ്മുടെ വീഴ്ചകൾ സമ്മതിക്കുകയും പരമാവധി തിരുത്താൻ അധ്വാനിക്കുകയും ചെയ്താൽ ശാന്തതയും അതോടൊപ്പം സക്രിയമായ പുരോഗതിയുമുള്ള സമൂഹമായി നാം വളരും. പ്രത്യുത, നാം മാത്രമാണ് ശരി, മറ്റുള്ളവരെല്ലാം തെറ്റ് എന്ന ഈഗോയാണ് നമ്മെ ഭരിക്കുന്നതെങ്കിൽ ഒരിക്കലും നമ്മുടെ മനസ്സിൽ സുഖവും സ്വാസ്ഥ്യവും ഉണ്ടാകുകയില്ല.
ഞാൻ സുന്ദരനോ വിരൂപനോ ആകാം – എന്തായാലും അതു ഞാനാണ്. അതിനു പകരം, ഇല്ലാത്ത ഒന്നിനെ അവിടെ ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ ഈഗോ പിറക്കുന്നു. “എന്നിലെ എല്ലാ ഗുണങ്ങളും ദോഷങ്ങളും ഞാൻ തന്നെയാണ്” എന്ന് വിശ്വസിച്ചു ശീലിക്കൂ, ആ ദോഷങ്ങൾക്കു പകരം ഗുണങ്ങൾ വളരട്ടെയെന്നു സദാ ആത്മാർഥമായി ആഗ്രഹിക്കൂ, പതുക്കെപ്പതുക്കെ നമ്മളറിയാതെ നമ്മളിൽ മാറ്റങ്ങൾ സംഭവിക്കും. ചുറ്റുമുള്ളതിനെയെല്ലാം അർഹിക്കുന്ന ആദരവോടെ സമീപിക്കാനും തദ്വാരാ, സ്വയം ഉയരാനും സാധിക്കും.