Book Review
അരവിന്ദന്റെ ഇരുമുഖം
“താൻ ഒരേ സമയം രണ്ട് ജീവിതങ്ങൾ നയിക്കുന്നു. ഒന്ന് മറ്റുള്ളവർക്ക് വേണ്ടി, മറ്റൊന്ന് തനിക്ക് വേണ്ടി. ആപ്പീസിൽ പോകുന്ന, ജോലി ചെയ്യുന്ന, ശമ്പളം പറ്റുന്ന അരവിന്ദൻ മറ്റുള്ളവരുടെതാണ്. അവരുടെതല്ലാത്ത, തന്റെതായ അരവിന്ദൻ എന്ത് ചെയ്യുന്നു? അവൻ ആരാണ്?” മുകുന്ദന്റെ ദൽഹി എന്ന നോവലിലെ കേന്ദ്ര കഥാപാത്രമായ അരവിന്ദന്റെ ആത്മഗതങ്ങളാണ് ഇവ. ആത്മത്തെ സംതൃപ്തിപ്പെടുത്താൻ ശ്രമിച്ച് സമൂഹത്താൽ പരാജിതനാക്കപ്പെട്ട ഒരുവന്റെ കഥ പറയുന്ന നോവലാണിത്.
1965ൽ ജോലി അന്വേഷിച്ച് പള്ളൂർ എന്ന ഗ്രാമത്തിൽ നിന്ന് ഡൽഹിയിലെത്തിയ അരവിന്ദന്റെ ജീവിതവും അവനനുഭവിക്കുന്ന ആത്മ സംഘട്ടനങ്ങളും ബൗദ്ധിക പ്രശ്നങ്ങളും ഡൽഹി എന്ന വലിയ നഗരത്തിന്റെ തുടിപ്പുകൾക്കൊപ്പം പറഞ്ഞുപോകുകയാണ് നോവലിസ്റ്റ്. ഡൽഹിയിൽ വന്നിറങ്ങി മൂന്നാം ദിവസം മരിച്ചുപോയ സഹോദരനോടുള്ള സ്നേഹത്താൽ സുഹൃത്ത് കരുണൻ എംബസിയിൽ ജോലി ശരിയാക്കിക്കൊടുക്കുന്നിടത്ത് നിന്നാണ് നോവലാരംഭിക്കുന്നത്. മുകുന്ദന്റെ എംബസിയിലെ ഉദ്യോഗസ്ഥ കാലം നോവലിന്റെ അഖ്യാനശൈലിയെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് നോവൽ വായിക്കുമ്പോൾ നമുക്ക് മനസ്സിലാകും. മനുഷ്യന്റെ ആഗ്രഹങ്ങളെയും തൃപ്തിയെയും സാധൂകരിച്ച് കിട്ടാൻ അവൻ കണ്ടെത്തുന്ന വഴികളെയും ഇത്രയും തീവ്രതയോടെ വായനക്കാരനിലെത്തിക്കാൻ കഴിയുക എന്നത് നോവലിസ്റ്റിന്റെ ചടുലമായ കൈയടക്കമാണ്.
യുവത്വത്തിന്റെ ചാപല്യങ്ങളെ നോവൽ കൃത്യമായി ആവിഷ്കരിക്കുന്നു. ബന്ധനങ്ങളില്ലാത്ത, അനാർക്കിസ്റ്റായ ഒരാളുടെ സമയവും തൃപ്തിയും എങ്ങനെ ചെലവഴിക്കപ്പെടുന്നുവെന്ന് അരവിന്ദന്റെ വെളിച്ചത്തിൽ നമുക്ക് കാണാവുന്നതാണ്. കൊണാട്ട് പ്ലേസിലെ കുഞ്ഞിരാമൻ നായരുടെ സൗത്തിന്ത്യൻ ലോഡ്ജും ഡിഫൻസ് കോളനിയിലെ കരുണന്റെ വീടും ഗ്രിമിയെ സായിപ്പിന്റെ ഇൻഫോർമേഷൻ സെന്ററും കശ്മീരി ലാലിന്റെ മുറിയുമെല്ലാം അറുപത്തഞ്ചിലെ ഡൽഹിയുടെ ചിത്രം അനാവരണം ചെയ്യുന്നു.
അരവിന്ദൻ മോക്ഷവും തൃപ്തിയും അന്വേഷിക്കുന്ന പഥികനാണ്. നാട്ടിൽ കോളജ് കാലത്ത് സിന്ദാബാദ് വിളിച്ചും പഠിപ്പ് മുടക്കുകയും ചെയ്ത്, ഡൽഹിയിൽ വന്ന് എംബസിയിൽ ജോലി ചെയ്യുന്ന അരവിന്ദൻ തന്റെ ജീവിതം ആർട്ടിസ്റ്റിന്റെതെന്ന് തിരിച്ചറിഞ്ഞ് ഉദ്യോഗം രാജിവെച്ച് പെയിന്റിംഗിലൂടെ മോക്ഷം തേടുകയാണ്. തനിക്ക് ചുറ്റും കാണുന്ന മനുഷ്യരെക്കുറിച്ചും അവരുടെ കണ്ണിലെ ആക്രാന്തത്തെക്കുറിച്ചും അരവിന്ദൻ പറയുന്നതിങ്ങനെയാണ്. “കുഞ്ഞുരാമൻ നായർ തൃപ്തനല്ല, അറുമുഖം തൃപ്തനല്ല, കാൽറ തൃപ്തനല്ല, സുബ്രഹ്ണ്യൻ തൃപ്തനല്ല, അവർക്കൊക്കെ എന്താണ് വേണ്ടത്? എന്തിനാണ് അവർക്ക് അൽപ്പം തൃപ്തി പകർന്ന് കൊടുക്കാൻ കഴിയുക? ഒന്നിനും ഒരാൾക്കും കഴിയില്ല, തൃപ്തിക്ക് പോലും അവരെ തൃപ്തരാക്കാൻ കഴിയില്ല.” ഈ വാക്കുകൾ വായിച്ചുകഴിഞ്ഞ് നമുക്ക് ചുറ്റും കണ്ണോടിച്ചാൽ എന്തിനൊക്കെയോ വേണ്ടി വിശക്കുന്ന കണ്ണുകളെ നമുക്കും കണ്ടെത്താനാകും. സംതൃപ്തി വലിയൊരു നിധിയാണ്. മനഷ്യൻ അത് തേടിയാണ് യാത്രകൾ ചെയ്യുന്നത്, ജോലിക്ക് പോകുന്നത്, കുടുംബമായി ജീവിക്കുന്നത്, സമ്പത്തുണ്ടാക്കുന്നത്, ജീവിതത്തിലെ ഓരോ നിമിഷങ്ങളും അതിനായി മനുഷ്യൻ കിണഞ്ഞുശ്രമിക്കുന്നു. എന്നാൽ, ഇതൊക്കെ ചെയ്തിട്ടും അവനത് ലഭിക്കുന്നുണ്ടോ എന്ന വലിയൊരു ചോദ്യം ബാക്കിവെച്ചാണ് നോവൽ അവസാനിക്കുന്നത്. കാരണം, എല്ലായ്പ്പോഴും നമുക്ക് രണ്ട് ജീവിതങ്ങളുണ്ടാകുന്നു. ജീവിക്കുന്ന ഞാനും ചിന്തിക്കുന്ന ഞാനും. ഈ രണ്ട് രേഖകൾ കൂട്ടിമുട്ടുന്ന ബിന്ദു അന്വേഷിച്ചാണ് മനുഷ്യൻ ജീവിക്കുന്നത്.
വീട്ടുകാരെയും ബന്ധുക്കളെയും തൃപ്തിപ്പെടുത്തുന്നതിനിടക്ക് അരവിന്ദന് സ്വന്തം തൃപ്തി നഷ്ടപ്പെടുന്നു. അത് തിരിച്ചറിയുമ്പോൾ തടസ്സങ്ങളെ ത്യജിക്കാനും തന്റെ താത്പര്യങ്ങളിലൂടെ മോക്ഷം നേടാനും അവനാഗ്രഹിക്കുന്നു. അരവിന്ദൻ ചിന്തിക്കുന്നതും ഉറങ്ങുന്നതും ഉണരുന്നതും ചായങ്ങളിലാണ്, നിറങ്ങളിലാണ്, ക്യാൻവാസുകളിലാണ്. ലോകത്തെ ഒരു ക്യാൻവാസിലൊതുക്കാൻ അവൻ ആശിക്കുന്നു. എന്നാൽ, ചിത്രകാരനായ അരവിന്ദനെ ആർക്കും വേണ്ട. കൃത്യമായി വീട്ടിലേക്ക് പണമയക്കുന്ന, എതിർപ്പുകളൊന്നും പറയാതെ സായിപ്പിനെയും അറുമുഖത്തെയും അനുസരിക്കുന്ന അരവിന്ദനെയാണ് എല്ലാവർക്കും വേണ്ടത്. ഇത്തരമൊരു ഐഡിയൽ ക്രൈസിസ് പലരും അനുഭവിക്കുന്നുണ്ട്.
അറുപത്തഞ്ചുകളിലെ മലയാളിയുടെ ദേശാന്തര ഗമനങ്ങളെയും ജോലിയന്വേഷിച്ച് പുറപ്പെട്ട് പോകുന്നവരുടെ ജീവിതങ്ങളെയും നോവൽ അഭിസംബോധന ചെയ്യുന്നുണ്ട്. സബ്ജക്ടീവായ എഴുത്തിനെക്കുറിച്ച് ചോദിക്കുന്നിടത്ത് അരവിന്ദൻ പറയുന്നതിങ്ങനെയാണ്. “മറ്റുള്ളവരുടെ തലച്ചോറുപയോഗിച്ച് നാം ചിന്തിക്കുകയും മറ്റുള്ളവരുടെ കൈകൊണ്ട് എഴുതുകയും ചെയ്യുന്നിടത്തോളം കാലം എല്ലാ റൈറ്റിംഗും സബ്ജക്റ്റീവാണ്”.
ജോലി ഉപേക്ഷിച്ച ശേഷമുള്ള അരവിന്ദന്റെ ജീവിതം ഏറെ കഷ്ടതകൾ നിറഞ്ഞതാണ്. താങ്ങായിരുന്ന കരുണൻ കൈയൊഴിയുകയും പണത്തിന് ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നുണ്ട്. എങ്കിലും താൻ വരച്ച ചിത്രങ്ങളുപയോഗിച്ച് ഒരു എക്സ്ബിഷൻ നടത്തിയാൽ തീരാവുന്ന കഷ്ടപ്പാടേ ഉള്ളൂവെന്ന് സമാധാനപ്പെടുന്നു. അത് മാത്രമായിരുന്നു ജീവിതാഭിലാഷവും. എന്നാൽ എക്സ്ബിഷന്റെ പരാജയം ശൂന്യതയുടെ വലിയൊരു കയത്തിലേക്ക് അവനെ കൊണ്ടെത്തിക്കുകയാണ്. കലക്ക് വേണ്ടി ജീവിതമർപ്പിക്കുമ്പോൾ സമൂഹം തോൽപ്പിക്കുന്ന രക്തസാക്ഷിയായി അരവിന്ദനും മാറുന്നു. നോവലിന്റെ അവസാന ഭാഗം അരവിന്ദനോടൊപ്പം വായനക്കാരനെ കൂടി ദീർഘമായ ഏകാന്തതയിലേക്ക് നയിക്കുമെന്ന് തീർച്ച. പ്രസാധകർ ഡി സി ബുക്സ്. വില 160 രൂപ.