Ongoing News
നിസ്വതയുടെ പാട്ടുകാരൻ
കണ്ണീരിന്റെ മാധുര്യം കവിതയിൽ ചാലിച്ചെഴുതിയ മഹാകവിയായിരുന്നു അക്കിത്തം അച്ചുതൻ നമ്പൂതിരി. സ്നേഹ കാമനകളുടെ വഴിയെ പോകാതെ ആർദ്രമായ ജീവിതത്തിന്റെ ചൈതന്യ വഴികളെ സ്വപ്നം കാണുകയായിരുന്നു അദ്ദേഹം.
കവിതയെ ജീവിത വിമർശനത്തിന്റെ കൊടിപ്പടമായി മാറ്റുന്നുണ്ട് അക്കിത്തം. ആദ്യകാല കവിതകളിൽ അത് മുഴങ്ങിക്കേൾക്കുന്നുണ്ട്.
വ്യാജമില്ലെന്നും നീട്ടിക്കാട്ടില്ല ഞാനെൻഭിക്ഷാ –
ഭാജനം നിൻ നേർക്കാത്മാവുൾകൂടു വിടുവോളവും (വീരവാദം) എന്ന് പറയുമ്പോൾ ജീവിത വഴികളിലുടനീളം വിതറിയ സത്യദർശനത്തിന്റെ പൂക്കൾ തന്നെയായിരിക്കും തന്റെ കവിത എന്ന് പ്രഖ്യാപിക്കുകയാണ്. ജീവിതത്തിന്റെ നിർമലതയെയാണ് അക്കിത്തം ഏറെ ഇഷ്ടപ്പെട്ടിരുന്നത് എന്ന് തോന്നും. കവിതയിലും ഈ നൈർമല്യം വിരിയിക്കാൻ ശ്രമിക്കുന്നുണ്ട്.
ഞാനൊരു പച്ചശിശു വല്ലല്ലോ
പൂനുള്ളിക്കൊണ്ടലയാനും
വിഡ്ഢിക്കോണക്കോടി മുറുക്കി –
ത്തൊട്ടി കഴുത്തിലുടക്കാനും എന്ന വിവേകവും കവി പുലർത്തുന്നുണ്ട്.
കാലം ലോകത്തിനേൽപ്പിക്കുന്ന പ്രഹരങ്ങൾ തന്റെ മാനസിക ക്ഷതങ്ങളായാണ് കവി കരുതിപ്പോന്നത്. അങ്ങേയറ്റം വറുതി കൊണ്ട് പൊരിയുമ്പോഴും ജീവിതത്തെ പ്രത്യാശാഭരിതമാക്കാൻ കവി ശ്രമിച്ചു കൊണ്ടേയിരുന്നു. അതുകൊണ്ടു തന്നെ സത്യ സൗന്ദര്യങ്ങൾ തേടിയുള്ള യാത്രയായിരുന്നു ജീവിതത്തിലുടനീളം.
ഉലകിലെ മധുരാനന്ദം മുഴുവനു-
മൂറിയിരിപ്പുണ്ടതിനുള്ളിൽ
നിത്യ നിരാമയ ലാവണ്യോജ്വല
സത്യ മിരിപ്പുണ്ടതിനുള്ളിൽ എന്നിങ്ങനെ സത്യ സൗന്ദര്യത്തെ കണ്ടെടുക്കുന്നുണ്ട് കവി.
നിസ്വതയുടെ പാട്ടുകാരൻ തന്നെയാണ് അക്കിത്തം. പണ്ടത്തെ മേശാന്തിയിൽ നമുക്ക് അതിന്റെ ഗദ്ഗദനാദം തന്നെയാണ് കേൾക്കാൾ കഴിയുക. ആധുനികതയും പാരമ്പര്യവും തമ്മിലുള്ള സംഘർഷത്തിന്റെ മുഴക്കം കൂടിയാണ് ഈ ഗദ്ഗദനാദം. പണ്ടത്തെ മേശാന്തി സവർണ ജീവിതത്തിന്റെ കൊടിയടയാളമല്ല. ഇല്ല ദാരിദ്ര്യത്തേക്കാൾ വലുതായിട്ടൊരാർത്തിയും എന്ന തിരിച്ചറിവാണ്.
കർക്കടകമാസം കഴിയും വരേക്കിനി –
കഞ്ഞിയാണുണ്ണീ,നിനക്കിഷ്ടമാകുമോ? എന്ന അമ്മയുടെ വാക്കിൽ മുഴങ്ങുന്നുണ്ട് ഗദ്ഗദം. അവിടെ നിന്നാണ് ശാന്തിപ്പണി തേടിയിറങ്ങുന്നത്. അനേകംപടികൾ കയറി അനേകം ഊരാളരുടെ കാലുഴിഞ്ഞു. പക്ഷേ,
ആമാശയത്താലകപ്പെട്ട സൂചി പോ-
ലന്തരംഗത്തിൽ പുലർന്നിതാ കണ്ണുനീർ
ഉപ്പിനും ചോറിനും വേണ്ടി ഞാനന്യന്റെ
ചൊൽപ്പടിക്കിട്ട ബലിമൃഗമല്ലി ഞാൻ
എന്ന് തിരിച്ചറിയേണ്ടി വരുന്നുണ്ട്. ആമാശയത്തിലകപ്പെട്ട സൂചി ആനപ്പുറത്ത് തിടമ്പും പിടിച്ചിരിക്കുമ്പോഴും അവനെ കുത്തിനോവിക്കുന്നുണ്ട്. ഭക്തജനം ആനന്ദാഘോഷങ്ങൾ ഉയർത്തുമ്പോഴും മേശാന്തി ഇറങ്ങി വീഴാതിരിക്കുന്നത് ആനപ്പുറത്തെ മൂർച്ചരോമങ്ങൾ കാൽ വണ്ണയിൽ കുത്തിനോവിക്കുന്നതു കൊണ്ടു മാത്രമാണ്.
മനുഷ്യജീവിതത്തിന്റെ നടുക്കുനിന്ന് മനുഷ്യ കഥയുടെ നടുക്കുന്ന ചിത്രമാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കവിതയിൽ അക്കിത്തം അവതരിപ്പിക്കുന്നത്.
ഒരു കണ്ണീർകണം മറ്റു –
ള്ളവർക്കായ് ഞാൻ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവി- ലാ
യിരം സൗരമണ്ഡലം
ഒരു പുഞ്ചിരി ഞാൻ മറ്റു –
ളളവർക്കായ് ചെലവാക്കവേ
ഹൃദയത്തിലു ലാവുന്നു
നിത്യ നിർമ്മല പൗർണമി
എന്നിങ്ങനെയുള്ള ജീവിത വൈരുദ്ധ്യങ്ങളാണ് മനുഷ്യ ജീവിതം എന്ന് കവി മനസ്സിലാക്കുന്നുണ്ട്. പ്രകൃതിക്കുമേലെ മനുഷ്യൻ നടത്തുന്ന അഹങ്കാര പൂർണമായ ഇടപെടലുകൾ ഏതോ നരകയാതനകളെയാണ് ക്ഷണിച്ചു വരുത്തുന്നത് എന്ന് ദീർഘദൃഷ്ടികൊള്ളുന്നുണ്ട്. ഏതോ പാതാളക്കുണ്ടിലേക്കാണ് മാനവരാശി യാത്ര ചെയ്യുന്നത് എന്ന് കവി ഉത്കണ്ഠപ്പെടുന്നു.
മാനവികതയുടെ പാട്ടുകാരൻ കൂടിയാണ് അക്കിത്തം. നന്മകൾ വറ്റിത്തീരുന്നുവല്ലോ എന്ന സങ്കടം അയാൾ മേൽക്കുമേൽ പങ്കിടുന്നുണ്ട്. ദന്തുരമായ ജീവിത ചിത്രങ്ങൾ കാണാൻ കഴിയാതെ കണ്ണേ മടങ്ങുക എന്ന് അദ്ദേഹം പറഞ്ഞു പോവുന്നുണ്ട്.
വിപ്ലവതത്വത്തോടല്ല അതിന്റെ മഹിമാതിരേകമായി കരുതിപ്പോരുന്ന ദർശനത്തോടല്ല അതിന്റെ പേരിൽ നടമാടിയ വഞ്ചനയോടാണ് അക്കിത്തം വിമർശനങ്ങൾ ഉന്നയിക്കുന്നത്. “ഓരോ ജാതിച്ചായം മുക്കിയ കീറത്തുണിയുടെ വേദാന്തം” എന്നിങ്ങനെ രാഷ്ട്രീയ പരിഹാസം കവി അവതരിപ്പിക്കുന്നു.
പതുക്കെ പതുക്കെ കവിയിൽ ആദ്ധ്യാത്മികാനുഭൂതി അസ്വാഭാവികമായ അനുഭവതലങ്ങൾ തീർക്കുന്നുണ്ട്. ആത്മീയാനുഭൂതി മതാദർശങ്ങൾക്ക് വഴിമാറുന്നത് ഒരു കാഴ്ചക്കാരനെപ്പോലെ കവി നോക്കി നിൽക്കുന്നു. പക്ഷേ, ഒന്നുണ്ട് കവി ദർശനം കൊണ്ടല്ല കാവ്യദർശനം കൊണ്ടായിരിക്കും മലയാളിയുടെ മനസ്സിൽ അക്കിത്തം ചിരപ്രതിഷ്ഠ നേടുന്നത്.