Connect with us

Ongoing News

ഗ്ലിക്കിന്റെ സന്ദേഹങ്ങൾ

Published

|

Last Updated

തീക്ഷ്ണ സൗന്ദര്യത്തിന്റെ കവിതകൾ കൊണ്ട് അമേരിക്കൻ കവിതാ പ്രസ്ഥാനത്തെ മാത്രമല്ല, ലോക കവിതാ ഭൂപടത്തെ മാറ്റിമറിച്ച കവയിത്രിക്കാണ് ഇത്തവണ സാഹിത്യത്തിനുള്ള നൊബേൽ ലഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ ഒച്ചപ്പാടുകളില്ലാതെയും പുരസ്‌കാരവിവാദങ്ങളെ തൊട്ടുതീണ്ടാതെയുമാണ് അക്കാദമി വിധി നിർണയിച്ചത്. അമേരിക്കൻ കവിതയുടെ ആധുനിക മുഖം ലൂയിസ് ഗ്ലിക്കിന്റെ കവിതകളിൽ ദർശിക്കാം. കവിതയാൽ മാറ്റിമറിക്കപ്പെട്ട ജീവിതമായിരുന്നു ലൂയിസിന്റെത്. ചെറുപ്പകാലത്ത് തന്നെ മാനസികവും ശാരീരികവുമായ അസ്വസ്ഥതകൾ പേറി ജീവിക്കേണ്ടി വന്ന ലൂയിസിനെ എഴുത്തിന്റെയും കലയുടെയും ലോകത്തേക്ക് ആനയിച്ചത് അമ്മയാണ്. തന്റെ ചെറുപ്രായത്തിൽ തന്നെ അവർ കവിതയുടെ വഴിയേ സഞ്ചരിച്ചു കഴിഞ്ഞിരുന്നു.
മനുഷ്യന്റെ ആന്തരികമായ സംഘർഷങ്ങളും സ്വപ്നങ്ങളും ആവിഷ്കരിക്കുന്നതിൽ ലൂയിസിന്റെ വിരുത് ലോകം വൈകാതെ തിരിച്ചറിഞ്ഞു. പറഞ്ഞു പരത്തപ്പെട്ട മിത്തുകളാലും കേട്ടുകേൾവികളാലും രൂപപ്പെട്ട ആ ഭാവന കാലേണ വ്യക്തിയുടെ അസ്തിത്വ പ്രശ്നമായി രേഖപ്പെടുത്താൻ അസാമാന്യമായ പാടവം അവർ കാണിച്ചു.

ഗദ്യസാഹിത്യത്തിൽ സാർത്രും കാമുവും കാണിച്ച അന്യവത്കരണ സൗന്ദര്യശാസ്ത്രം കവിതകളിലൂടെ ഊട്ടിയുറപ്പിക്കുകയാണ് ലൂയിസ് ചെയ്തത്. ലോകത്തിലുള്ള എല്ലാ മനുഷ്യരുടെയും അസ്തിത്വ ദുഃഖം ഒന്നാണെന്ന നിലപാടായിരുന്നു അവരുടെത്. ദേശങ്ങളും അതിർത്തികളും കടന്ന് തന്റെ തീക്ഷ്ണമായ കാവ്യ ഭാഷയിലൂടെ മനുഷ്യന്റെ മാനവികതലത്തെ സാർവലൗകികമാക്കിയെന്ന നിരൂപക പക്ഷം ശരിവെക്കുന്നതാണ് ലൂയിസിന്റെ പല കവിതകളും. മനുഷ്യന്റെ അന്യതാ ബോധവും വിഷമസന്ധികളും പ്രമേയമാക്കുന്നതിലൂടെ ഇവർ ഇഷ്ട കവയിത്രിയായി അടയാളപ്പെടുത്തപ്പെട്ടു. ഹംഗറിയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിപ്പാർത്ത കുടുംബത്തിലെ രണ്ടാം തലമുറയിൽ പെട്ട ലൂയിസ് 1943 ഏപ്രിൽ 22നാണ് ന്യൂയോർക്കിൽ ജനിച്ചത്.

കഴിഞ്ഞ കാൽനൂറ്റാണ്ടിനിടക്ക് അമേരിക്ക കണ്ട ഏറ്റവും സമ്പുഷ്ടവും സങ്കടകരവുമായ കവിതകളുടെ സമ്പുടമാണ് ലൂയിസിന്റേതെന്ന് പറയാം. സ്വന്തം ജീവിതത്തേയും കുടുംബത്തിലെ പ്രശ്നങ്ങളേയുമാണ് അവരുടെ കവിതകൾ പ്രതിനിധീകരിച്ചത്. കഠിനമായ ഒരു തൊഴിൽ പോലെ സ്നേഹം നിറക്കപ്പെട്ട ഒന്നാണ് തന്റെ കവിതകളെന്ന് അവർ പറഞ്ഞിട്ടുള്ളത് ഇവിടെ ഓർക്കുക. 1985ൽ പുറത്തിറക്കിയ “The Triumph of Achilles”, 1992ലെ “The wild Iris” എന്നിവ ആദ്യകാല കവിതാഗ്രന്ഥങ്ങളാണ്.

ഗൊദാർദ് കോളജിൽ കവിതകൾ പഠിപ്പിച്ചിരുന്ന കാലം ലൂയിസിനുണ്ടായിരുന്നു. അക്കാലത്ത് എഴുതപ്പെട്ട കവിതകളുടെ സമാഹാരമാണ് 1975 ൽ പുറത്തിറങ്ങിയ ” House on Marshland”. ഈ പുസ്തകത്തോടുകൂടിയാണ് ലൂയിസിലെ കവയിത്രി പുറംലോകത്ത് ചർച്ച ചെയ്യപ്പെടുന്നത്. അമേരിക്കയിൽ മാത്രമല്ല, അതിനപ്പുറവും അവർ വായനക്കാരെ സൃഷ്ടിച്ചെടുത്തു. നിരവധി വേദികളിൽ ചർച്ചചെയ്യപ്പെട്ടു. ഈ സമാഹാരത്തിനു ശേഷം അഞ്ച് വർഷം കഴിഞ്ഞാണ് മറ്റൊരു സമാഹാരം “ഡി സെൻഡിംഗ് ഫിഗർ” എന്ന പേരിൽ പുറത്തുവരുന്നത്. ഏറെ വിമർശനങ്ങൾക്ക് പാത്രമായ ഒരു കവിതയായിരുന്നു അത്. ലൂയിസ് ഗ്ലിക്കിനെ ഒരു ശിശുവിരോധിയായി പോലും നിരൂപകർ മുദ്ര ചാർത്തി. എന്നാൽ, അതൊന്നും അവരെ അലട്ടിയില്ല. തന്റെ കവിതകൾ ആളുകൾ വായിക്കുന്നതുകൊണ്ടാണ് വിമർശനങ്ങൾ ഉയരുന്നതെന്ന് അവർ തിരിച്ചടിച്ചു. മാത്രവുമല്ല, എൺപതുകളുടെ അവസാനമാകുമ്പോഴേക്കും ലൂയിസിന്റെ കവിതകൾ ലോക സാഹിത്യ നഭസ്സിൽ ഇടം നേടിക്കഴിഞ്ഞിരുന്നു.

---- facebook comment plugin here -----

Latest