Articles
വ്യാജ നിര്‍മിതികളും മാധ്യമക്കച്ചവടവും
‘നി ങ്ങളേക്കാള്‍ മുമ്പേ ഒരു വാര്‍ത്ത പുറ ത്തുവിട്ട എതിരാളിയായ മാധ്യമ സ്ഥാപനത്തെ നേരിടാനുള്ള ഏറ്റവും നല്ല മാര്‍ഗം, ആ വാര്‍ത്ത വ്യാജമാണെന്നും ദുരുദ്ദേശ്യത്തോടെയുള്ളതാണെന്നും അതിശയോക്തി കലര്‍ന്നതാണെന്നും സ്ഥാപിക്കുക എന്നതാണ്. എതിരാളികളായ ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്‍മാരും കൈയാങ്കളിയില്‍ ഏര്‍പ്പെടുന്നത് കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യം മുഴുവന്‍ കാണുകയാണ്. ഒരു ടെലിവിഷന്‍ ചാനലിന്റെ റേറ്റിംഗുകള്‍ വ്യാജമാണെന്ന് പോലീസും എതിരാളികളായ മാധ്യമങ്ങളും ആരോപിക്കുമ്പോള്‍ തീര്‍ച്ചയായും ആ ചാനല്‍ സമ്മര്‍ദത്തിലാകുന്നു. ഒന്നാം നമ്പര്‍ ചാനല്‍ എന്നത് തീര്‍ച്ചയായും ഒരു വ്യാജനിര്‍മിതിയാണ്. അങ്ങനെ ഒരു ചാനല്‍ നമ്മുടെ രാജ്യത്തില്ല.” (ശേഖര്‍ ഗുപ്ത, എഡിറ്റര്‍, ദി പ്രിന്റ്)
ഈ മാസം എട്ടാം തീയതിയാണ് ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ്‌സില്‍ (ടി ആര്‍ പി) കൃത്രിമം കാണിച്ച് പരസ്യ വരുമാനത്തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ റിപ്പബ്ലിക് ടി വി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ കേസന്വേഷണത്തിന് മുംബൈ പോലീസ് ഉത്തരവിട്ടത്. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഓരോ വ്യാഴാഴ്ചയും ടെലിവിഷന്‍ കാഴ്ചക്കാരുടെ എണ്ണം പുറത്തുവിടുമ്പോള്‍ 2017ല്‍ അര്‍ണബ് ആരംഭിച്ച റിപ്പബ്ലിക് ടി വി സ്ഥിരമായി മുന്നിട്ടുനിന്നു. ഹിന്ദി ന്യൂസ് ചാനലുകളില്‍ ഒന്നാമതായി ഇതേ കമ്പനിയുടെ തന്നെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച റിപ്പബ്ലിക് ഭാരതും തുടരുന്നു. ഇത് വ്യാജ നിര്‍മിതിയാണെന്നും പരസ്യവരുമാനം വര്‍ധിപ്പിക്കാനുള്ള റിപ്പബ്ലിക്കിന്റെ കളിയാണെന്നും ദേശീയ മാധ്യമ രംഗത്ത് നേരത്തേ തന്നെ വിവാദങ്ങള്‍ വന്നിരുന്നെങ്കിലും ഇപ്പോഴാണ് പോലീസ് ഔദ്യോഗികമായി കേസുമായി മുന്നോട്ടുവന്നിരിക്കുന്നത്.
രാജ്യത്തെ നമ്പര്‍ വണ്‍ ചാനലുകള്‍ തങ്ങളുടേതെന്ന റിപ്പബ്ലിക്ക് മീഡിയ നെറ്റ്്വര്‍ക്കിന്റെ വാദം വ്യാജമാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ടി ആര്‍ പി ഡാറ്റയുമായി ബന്ധപ്പെട്ട് പലപ്പോഴായി വിവാദങ്ങളുണ്ടായിട്ടുണ്ടെങ്കിലും അര്‍ണബും അദ്ദേഹത്തിന്റെ ചാനലുകളും ആദ്യമായാണ് വ്യാജ കണക്കുകളുടെ പേരില്‍ കേസ് നേരിടേണ്ടി വന്നിരിക്കുന്നത്. തങ്ങളുടെ പേരില്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കിയതിന്റെ പേരില്‍ അര്‍ണബിനെതിരെ ബോളിവുഡിലെ നടീ- നടന്മാര്‍ കേസുമായി മുന്നോട്ടുവന്നതും കഴിഞ്ഞ ദിവസമാണ്. മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് റിപ്പബ്ലിക് ടി വി ചാനലിന്റെ എഡിറ്ററും ഉടമയുമായ അര്‍ണബ് ഗോസ്വാമിക്കെതിരെ മുംബൈ പോലീസ് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഏപ്രില്‍ 29ന് ബ്രോഡ്കാസ്റ്റ് ചെയ്ത വാര്‍ത്തയില്‍ മുസ്‌ലിം പള്ളിയിലെത്തിയ ആള്‍ക്കൂട്ടമാണ് കൊവിഡ് പരത്തിയതെന്ന വ്യാജ വാര്‍ത്ത റിപ്പബ്ലിക് ചാനല്‍ പുറത്തുവിട്ടുവെന്നതായിരുന്നു പ്രസ്തുത കേസ്. ടെലിവിഷന്‍ ചാനലുകളെ റാങ്ക് ചെയ്യുന്ന ടി ആര്‍ പിയില്‍ കൃത്രിമത്വം കാണിച്ചതിനും അതുവഴി പരസ്യ വരുമാനത്തില്‍ തട്ടിപ്പ് നടത്തിയതിനുമാണ് ഇപ്പോള്‍ റിപ്പബ്ലിക് ടി വിയടക്കം മൂന്ന് ചാനലുകള്‍ക്കെതിരെ മുംബൈ പോലീസ് കേസെടുത്തത്.
കാഴ്ചക്കാരുടെ കണക്കില്‍ കൃത്രിമത്വം കാണിച്ചതിന് റിപ്പബ്ലിക്കിനോടൊപ്പം കേസില്‍ പെട്ടിരിക്കുന്ന മറ്റ് രണ്ട് ചാനലുകള്‍ ഫക്ത് മറാഠി, ഫോക്സ് സിനിമ എന്നിവയാണ്.
ടി ആര്‍ പി അടിസ്ഥാനമാക്കിയാണ് ചാനലുകള്‍ക്ക് കിട്ടുന്ന പരസ്യത്തിന്റെ നിരക്ക് തീരുമാനിക്കപ്പെടുന്നത്. റാന്‍ഡം സാംപ്ലിംഗിലൂടെയാണ് നിലവില്‍ ടി ആര്‍ പി നിരക്ക് കണക്കാക്കുന്നത്. ഇതിനായി ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ രാജ്യത്തെ 44,000 വീടുകളില്‍ പാനല്‍ ഡിവൈസ് ബോക്സുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഈ വീടുകളിലെ പ്രേക്ഷകരെ സാമ്പിള്‍ ആയി പരിഗണിച്ചാണ് ഓരോ ആഴ്ചയും ടെലിവിഷന്‍ കാണുന്നവരുടെ കണക്കെടുക്കുന്നത്. കണ്‍സ്യൂമര്‍ ക്ലാസിഫിക്കേഷന്‍ സിസ്റ്റത്തിലൂടെ 12 ഇനങ്ങളായി തിരിച്ചാണ് കാഴ്ചക്കാരെ പരിഗണിക്കുന്നത്. ഇതിനായി ടെലിവിഷന്‍ പ്രേക്ഷകരുടെ സാമ്പത്തിക- സാമൂഹിക നിലവാരം, മതം, ജാതി, പ്രാദേശികത്വം എന്നിവയും പരിഗണിക്കാറുണ്ട്. ഓരോ വീട്ടിലും എത്ര പേര്‍ ഒരേസമയം ടി വി കാണുന്നുവെന്ന കണക്കും പാനല്‍ ഡിവൈസ് ബോക്സുകള്‍ രേഖപ്പെടുത്തുന്നു. ഇതില്‍ എത്ര സമയം ടി വി കാണുന്നുവെന്ന് പ്രേക്ഷകര്‍ക്ക് തന്നെ രേഖപ്പെടുത്താനുള്ള സംവിധാനവുമുണ്ട്. പാനല്‍ ഡിവൈസില്‍ പ്രേക്ഷകര്‍ രേഖപ്പെടുത്തിയ ഡാറ്റയാണ് ഇതിനാധാരമായി ബാര്‍ക്ക് എടുക്കുന്നത്. ഈ ഡാറ്റയില്‍ വ്യാപകമായ കൃത്രിമത്വം കാണിച്ചാണ് അര്‍ണബിന്റെ റിപ്പബ്ലിക് ടി വി മുന്നിലെത്തിയതായി അവകാശപ്പെടുന്നതെന്നാണ് പോലീസ് കണ്ടെത്തല്‍. അതിനായി നിരവധി പെയ്ഡ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നു.
ഈ ഏജന്‍സികള്‍ വഴി ടി ആര്‍ പിയില്‍ കൃത്രിമത്വം കാണിക്കാന്‍ ചാനലുകള്‍ക്ക് എളുപ്പത്തില്‍ സാധിക്കുകയും ചെയ്യുന്നു. റിപ്പബ്ലിക് ടി വി കള്ളത്തരം കാണിക്കുന്നുണ്ടെന്ന സൂചനകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ബാര്‍ക്കിന് വേണ്ടി റേറ്റിംഗ് ബോക്സുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഹന്‍സ റിസേര്‍ച്ച് എന്ന കമ്പനിയാണ്. മുന്‍ ജീവനക്കാരുടെ സഹായത്തോടെ ചില ചാനലുകള്‍ ബോക്സുകളില്‍ കൃത്രിമം നടത്തുന്നുവെന്ന പരാതി ഹന്‍സ നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
തങ്ങളുടെ ചാനലുകള്‍ സ്ഥിരമായി കാണാന്‍ വേണ്ടി റിപ്പബ്ലിക് ചാനല്‍ വീട്ടുകാര്‍ക്ക് നേരിട്ട് പണം നല്‍കിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ മുംബൈ പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനായി നിരവധി ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം ഏജന്‍സികള്‍ ചാനല്‍ ഉടമകളോട് ബിസിനസ് മീറ്റുകള്‍ നടത്തുകയും ഓരോ ആഴ്ചയും ടി ആര്‍ പി റേറ്റിംഗില്‍ ചാനല്‍ മുന്നിലെത്തിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്യുന്നു. അതിനായി വലിയ തുക തന്നെ ഇത്തരം ഏജന്‍സികള്‍ ഈടാക്കാറുണ്ടെന്നും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദി പ്രിന്റ് ചീഫ് എഡിറ്ററുമായ ശേഖര്‍ ഗുപ്ത കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ഒരു വീട്ടില്‍ ടി വി തുറക്കുമ്പോള്‍ തന്നെ ബൈ- ഡീഫോള്‍ട്ട് തങ്ങളുടെ ചാനല്‍ വരാനുള്ള ക്രമീകരണങ്ങള്‍ നടത്താന്‍ പാനല്‍ ഡിവൈസ് വഴി സാധിക്കും. അതുവഴി ലാന്‍ഡിംഗ് പേജ് വര്‍ധിപ്പിക്കുകയും ടി ആര്‍ പിയില്‍ മുന്നേറ്റം നടത്തുകയും ചെയ്യാം. പ്രോഗ്രാം കാണാന്‍ ഒരു പ്രേക്ഷകനുമില്ലാതെ ടി വി തുറന്നുവെച്ചാലും ടി ആര്‍ പി റേറ്റ് നിലനിര്‍ത്താം. അതുകൊണ്ടാണ് അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്ത കുടുംബങ്ങളില്‍ പോലും പ്രൈം ടൈംമില്‍ റിപ്പബ്ലിക് ഇംഗ്ലീഷ് ചാനല്‍ വെക്കുന്നത്. ഇത്തരം കൃത്രിമത്വങ്ങള്‍ മുംബൈ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ആയിരക്കണക്കിന് വീടുകളില്‍ ഇംഗ്ലീഷ് അറിയില്ലെങ്കില്‍ പോലും റിപ്പബ്ലിക്ക് ഇംഗ്ലീഷ് ചാനല്‍ കാണുന്നുണ്ട്. ഇതിനായി മാസത്തില്‍ 300 മുതല്‍ 400 രൂപ വരെ വീട്ടുകാര്‍ക്ക് ലഭിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. ടി ആര്‍ പി റേറ്റിംഗ് നിശ്ചയിക്കുന്ന ഉദ്യോഗസ്ഥരും വ്യാപകമായി പണം സമ്പാദിക്കുന്നുണ്ട്. കൃത്രിമക്കണക്കിലാണെങ്കിലും തങ്ങളുടെ ചാനല്‍ മുന്നിലെത്തിയാല്‍ പരസ്യ വരുമാനം പതിന്മടങ്ങായി വര്‍ധിക്കുന്നു എന്നതാണ് ചാനലുടമകളുടെ കച്ചവടം. സംപ്രേഷണം ചെയ്യുന്ന പ്രോഗ്രാമുകളുടെ ഗുണനിലവാരം പോലും ചാനല്‍ മുന്നിലെത്താനുള്ള മാനദണ്ഡമാകുന്നില്ലെന്നതാണ് ഇതില്‍ ഏറ്റവും ഞെട്ടിപ്പിക്കുന്ന വസ്തുത. മറ്റേതൊരു ബിസിനസ് പോലെയും പണമെറിഞ്ഞ് പണമുണ്ടാക്കുന്ന രീതി.
പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 2022നുള്ളില്‍ 44,000 വീടുകളില്‍ നിന്ന് ഒരു ലക്ഷം വീടുകളിലേക്ക് പാനല്‍ ഡിവൈസ് ഉയര്‍ത്തുമെന്നാണ് ബാര്‍ക്കിന്റെ അവകാശവാദം. 2012ല്‍ ടി ആര്‍ പി റേറ്റില്‍ വ്യാപകമായ കൃത്രിമത്വം നടന്നുവെന്നും അതുവഴി തങ്ങള്‍ക്ക് 810 മില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായെന്നും കാണിച്ച് നീല്‍സണ്‍ ടെലിവിഷന്‍ ഓഡിയന്‍സ് മെഷര്‍മെന്റ് (TAM) ഏജന്‍സിക്കെതിരെ എന്‍ ഡി ടി വി പരാതി നല്‍കിയിരുന്നു. ബാര്‍ക്ക് 2015ല്‍ നിലവില്‍ വരുന്നത് വരെ ടി ആര്‍ പി കണക്കാക്കിയിരുന്നത് ടി എ എം ആയിരുന്നു. ടി ആര്‍ പി കൈകാര്യം ചെയ്യുന്നത് ആരായാലും വ്യാപകമായ കൃത്രിമങ്ങള്‍ നടക്കുന്നുവെന്നും ഭീകരമായ അഴിമതി തന്നെ ഈ രംഗത്ത് ദിനംപ്രതി ഉണ്ടാകുന്നുവെന്നുമാണ് പുതിയ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത്.
തങ്ങള്‍ക്കെതിരെയുള്ള അഴിമതിയാരോപണത്തെ നാലാംകിട നിലവാരത്തിലാണ് റിപ്പബ്ലിക് ടി വി നേരിട്ടത്. മുംബൈ പോലീസ് കമ്മീഷണര്‍ പരംഭീര്‍ സിംഗിനെതിരെ അതിശക്തമായ ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം പ്രൈം ടൈം ചര്‍ച്ചയില്‍ അര്‍ണബ് ഗോസ്വാമി ഉന്നയിച്ചത്. ചാനല്‍ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് പോലീസ് നടപ്പാക്കുന്നതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുതല്‍ സോണിയാ ഗാന്ധി വരെ ഈ ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും ന്യൂസ്റൂമിലിരുന്ന് അര്‍ണബ് വിളിച്ചാര്‍ക്കുന്നതാണ് രാജ്യം പിന്നീട് കണ്ടത്. മുംബൈ പോലീസ് മേധാവി ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും അര്‍ണബ് ഭീഷണിപ്പെടുത്തുകയുണ്ടായി. അതിനിടെ, മറ്റു ചാനലുകള്‍ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തി. അര്‍ണബിനെയും റിപ്പബ്ലിക്കിനെയും കള്ളന്മാരെന്ന് പറഞ്ഞാണ് പല ന്യൂസ് ചാനലുകളും ടി ആര്‍ പി കൃത്രിമത്വം റിപ്പോര്‍ട്ട് ചെയ്തത്. റിപ്പബ്ലിക്കിന്റേത് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പെന്നാണ് ടൈംസ് നൗ ചാനലിലെ രാഹുല്‍ ശിവശങ്കര്‍ തുറന്നടിച്ചത്. റിപ്പബ്ലിക് കാണിച്ചത് വന്‍ അഴിമതിയാണെന്നും അത് അങ്ങനെത്തന്നെ കാണണമെന്നും ഇത് രാജ്യത്തിനാകമാനം നാണക്കേടുണ്ടാക്കുന്നുവെന്നുമാണ് ടൈംസ് നൗ ചീഫ് എഡിറ്റര്‍ നവിക കുമാര്‍ വിമര്‍ശിച്ചത്. ഇന്ത്യാ ടുഡേ, എന്‍ ഡി ടി വി, സി എന്‍ എന്‍, ന്യൂസ് 18 എന്നിവയും വാര്‍ത്ത ശരിക്കും ആഘോഷിച്ചു.
ടി ആര്‍ പി റേറ്റിംഗില്‍ കൃത്രിമം നടത്തുന്ന മാഫിയയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ റേറ്റിംഗ് താത്കാലികമായി നിര്‍ത്തിവെച്ചുവെന്നതാണ് ഒടുവിലെ വാര്‍ത്ത. എല്ലാ ഭാഷാ ചാനലുകളുടെയും ടി ആര്‍ പി റേറ്റിംഗ് 12 ആഴ്ച വരെ നിര്‍ത്തിവെക്കാനാണ് ബാര്‍ക്ക് തീരുമാനിച്ചത്.
ചാനല്‍ റേറ്റിംഗില്‍ കൃത്രിമം കാണിച്ചത് എത്ര ഉന്നതനായാലും നടപടിയെടുക്കുമെന്ന് മുംബൈ പോലീസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യാനോ റിപ്പബ്ലിക്കിനെതിരെ നീക്കം നടത്താനോ ഇതുവരെ സാധിച്ചില്ലെന്നത് അപകടകരമായ പ്രവണതയുടെ അടയാളമാണ്. കേന്ദ്ര സര്‍ക്കാറിനെ അന്ധമായി പിന്തുണക്കുകയും ബി ജെ പി- ആര്‍ എസ് എസ് പാര്‍ട്ടികളോടുള്ള അവിശുദ്ധ കൂട്ടുകെട്ട് പരസ്യമായി തന്നെ വെളിപ്പെടുത്തുകയും ചെയ്യാറുള്ള അര്‍ണബിനെതിരെ എന്ത് ആക്ഷനാണ് എടുക്കുകയെന്ന ആകാംക്ഷയിലാണ് ദേശീയ മാധ്യമ ലോകം. വിരുദ്ധ സ്വരങ്ങളെ ഇല്ലായ്മ ചെയ്യുകയും സ്വന്തം ആളുകളെ സംരക്ഷിക്കുകയും ചെയ്യുന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതേയില്ല.