Ongoing News
സ്നേഹസ്വരൂപരായ മുത്ത് നബി(സ്വ)
മക്കാ വിജയം തിരുനബി(സ)യുടെ ചരിത്രത്തിലെ അതുല്യമായ അധ്യായമാണ്. ജനിച്ച നാട്ടില്‍ നിന്ന് പലായനംചെയ്യേണ്ട സാഹചര്യമുണ്ടാക്കിയവരെ നിശ്ശബ്ദരാക്കി കഅ്ബാലയത്തിന്റെ തിരുമുറ്റത്ത് നിര്‍ഭയരായി സുജൂദ് ചെയ്തു എന്നതുകൊണ്ട് മാത്രമല്ല, വിജയം എന്നാല്‍ മറുപക്ഷത്തുള്ളവരുടെ നാശമല്ല എന്ന സന്ദേശത്തിന്റെ ആവിഷ്‌കരണം കൊണ്ട് കൂടിയാണ് മക്കാ വിജയം അതുല്യമാകുന്നത്.
മക്കയിലേക്ക് പ്രവേശിക്കുമ്പോള്‍ യുദ്ധമൊഴിവാക്കാനുള്ള തന്ത്രങ്ങളാണ് നബി(സ) പ്രയോഗിച്ചത്. പതാകയേന്തിയിരുന്നത് സഅ്ദ്ബ്നു ഉബാദ(റ)യായിരുന്നു. അബൂസുഫ് യാന്‍(റ)വിന്റെ അരികിലെത്തിയപ്പോള്‍ സഅ്ദ്(റ) ഇങ്ങനെ പറഞ്ഞു: “ഇന്ന് പോരാട്ടത്തിന്റെ ദിവസമാണ്. പവിത്രതകള്‍ പരിഗണിക്കപ്പെടാത്ത ദിവസം.” എന്നാല്‍ നബി(സ)ക്ക് അത് ഇഷ്ടമായില്ല. സഅ്ദ്(റ)വില്‍ നിന്ന് പതാക വാങ്ങിയ നബി(സ) അത് അദ്ദേഹത്തിന്റെ മകന്‍ ഖൈസ്(റ)വിന് നല്‍കി. വാക്കുകള്‍ കൊണ്ട് പോലും മറുപക്ഷത്തുള്ളവരെ അസ്വസ്ഥമാക്കാന്‍ നബി(സ) അനുവദിച്ചില്ല എന്ന് ചരിത്രം.
മക്കയിലേക്ക് പ്രവേശിക്കുന്നതിന്റെ മുമ്പ് സ്വഹാബികളെ ഖാലിദ്ബ്നു വലീദ്(റ), അബൂ ഉബൈദ(റ), സുബൈര്‍(റ) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളാക്കി. മറ്റൊരു സംഘത്തിന് നബി(സ) നായകത്വം കൊടുക്കുകയും ചെയ്തു. അതില്‍ ഖാലിദ്ബ്നു വലീദ്(റ)ന്റെ സംഘമല്ലാത്തവരെല്ലാം യാതൊരു എതിര്‍പ്പും നേരിടാതെ മക്കയില്‍ പ്രവേശിച്ചു. ഖാലിദ്(റ)വിന്റെ സൈന്യത്തിനു നേരേ ഒരു സംഘമാളുകള്‍ തുരുതുരാ അമ്പ് വര്‍ഷിച്ചതിനാല്‍ തിരിച്ചടിക്കേണ്ടിവന്നു. അക്രമികളില്‍ നിന്ന് 18 പേരും രണ്ട് മുസ്്ലിംകളും കൊല്ലപ്പെട്ടു. ഇതാണ് ജന്‍മ നാട്ടിലേക്കുള്ള നബി(സ)യുടെ തിരിച്ചുവരവില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആകെ എണ്ണം.
ശേഷം തന്നോടും അനുചരരോടും വളരെ ക്രൂരമായി പെരുമാറിയ മക്കാനിവാസികള്‍ക്കെല്ലാം നബി(സ) പൊതുമാപ്പ് നല്‍കി. എന്നാല്‍ അതില്‍ നിന്ന് എട്ട് പുരുഷന്‍മാരെയും നാല് സ്ത്രീകളെയും മാറ്റി നിര്‍ത്തിയിരുന്നു. പിന്നീട് അവരില്‍ എട്ട് പേര്‍ക്ക് മാനസാന്തരമുണ്ടാകുകയും മാപ്പ് പറയുകയും ചെയ്തപ്പോള്‍ അവരെയും വിട്ടയച്ചു. ബാക്കിയുള്ള നാല് പേര്‍ അബ്ദുല്ലാഹിബ്നു ഖത്വല്‍, ഹുവൈരിസ്ബ്നു നുഖൈദ്, മിഖ് യസ്ബ്നുസുബാബത് എന്നീ പുരുഷന്മാരും ഖുറൈബ എന്ന് പേരുള്ള സ്ത്രീയുമായിരുന്നു. ഇവര്‍ നാല് പേര്‍ക്കും വധശിക്ഷ നല്‍കപ്പെട്ടു. ശിക്ഷ ലഭിച്ചവര്‍ നാലേ നാല് പേര്‍. പൊതുമാപ്പില്‍ നിന്ന് മാറ്റിനിര്‍ത്തി പിന്നീട് പശ്ചാത്തപിച്ചവരില്‍ നബി(സ)യെ ഏറെ വേദനിപ്പിച്ചവരുണ്ടായിരുന്നു. അബൂജഹ്‌ലിന്റെ മകന്‍ ഇക്്രിമ(റ), നബി(സ)യുടെ പുത്രി സൈനബ(റ)യെ ഹിജ്റയുടെ സമയത്ത് ഒട്ടകപ്പുറത്ത് നിന്ന് താഴെ വീഴ്ത്തി മാരകമായി പരുക്കേല്‍പ്പിച്ച ഹബ്ബാര്‍ ഇബ്നുല്‍അസ്വദ്(റ), ഉഹ്ദ് യുദ്ധത്തില്‍ ഹംസ(റ)ന്റെ കരള്‍ കടിച്ചു തുപ്പിയ ഹിന്ദ്(റ)… എല്ലാവരും തിരുനബി(സ)യുടെ കാരുണ്യത്തിന്റെ സൗന്ദര്യം ആസ്വദിച്ചു.
ത്വാഇഫില്‍ നിന്ന് ശാരീരികവും മാനസികവുമായ അതിക്രമങ്ങള്‍ക്ക് വിധേയരായി തളര്‍ന്ന് തിരിച്ചുവരുമ്പോള്‍ തന്നെ ഉപദ്രവിച്ചവരിലേക്ക് പര്‍വതം മറിച്ചിടാന്‍ സന്നദ്ധനായി വന്ന ജിബ്്രീല്‍(അ)നോട് നബി(സ) നടത്തിയ പ്രതികരണം “വേണ്ട അവര്‍ നന്മ പുല്‍കുന്ന ഒരു ദിനം ഞാന്‍ സ്വപ്നം കാണുന്നു” എന്നായിരുന്നു. ശരീരത്തിലേക്ക് മാലിന്യം തള്ളിയവര്‍, വഴിയില്‍ മുള്ള് വിതറിയവര്‍, പരിഹസിച്ചവര്‍… ആരും നബി(സ)ക്ക് പ്രതിയോഗികളായിരുന്നില്ല.
ജീവിതത്തില്‍ ഒരു ഘട്ടത്തിലും നബി(സ)ക്ക് ശാശ്വത പ്രതിയോഗികള്‍ ഉണ്ടായിരുന്നില്ല. ശത്രുപക്ഷത്ത് ചേര്‍ന്ന് ഹുങ്കാരം മുഴക്കി ആയുധമെടുത്ത് വന്നവര്‍ക്ക് നന്മയുടെ വെളിച്ചം നല്‍കി തന്റെ വിജയം അടയാളപ്പെടുത്തിയ എത്ര പേരുണ്ട് ചരിത്രത്തില്‍. ഇതാണ് സ്നേഹസ്വരൂപരായ മുത്ത് നബി(സ). ഈ മാതൃകയാണ് പുതിയ കാലം ആവശ്യപ്പെടുന്നതും.