Connect with us

Articles

തിരുനബിയാണ് വിശ്വാസിയുടെ ഉള്‍ക്കരുത്ത്

Published

|

Last Updated

ലക്ഷക്കണക്കിന് ഗ്രന്ഥങ്ങളാണ് നബി (സ)യെക്കുറിച്ച് നൂറുകണക്കിന് ഭാഷകളിലായി വിരചിതമായിട്ടുള്ളത്. കോടാനുകോടി മുസ്‌ലിംകള്‍ക്ക് സ്വന്തം ശരീരത്തെക്കാളും ഉമ്മയെക്കാളും ഉപ്പയെക്കാളും മറ്റെല്ലാത്തിനെക്കാളും മുഹമ്മദ് നബി (സ) പ്രധാനമാണ് താനും. ഓരോ വിശ്വാസിയും എന്നും ഉറങ്ങാന്‍ കിടക്കുന്നത് പുണ്യ നബിയെ ഒരിക്കലെങ്കിലും സ്വപ്‌നത്തില്‍ കാണണമെന്ന അതിയായ ആഗ്രഹത്തോടെയാണ്. തന്നെയോ തന്റെ സ്വന്തക്കാരെയോ ഒരാള്‍ തെറിവിളിച്ചാല്‍ ഒരു മുസ്‌ലിമിന് പൊറുക്കാനും മറക്കാനും കഴിയും. പക്ഷേ, തിരുനബിയെ ചീത്തവിളിക്കല്‍ പോയിട്ട്, ഒരുവേള അപമര്യാദയായി സംസാരിച്ചാല്‍ തന്നെ ഹൃദയം വല്ലാതെ വേദനിക്കും. ഏതൊരു വിശ്വാസിക്കും ഏറ്റവും കൂടുതല്‍ കേള്‍ക്കാനിഷ്ടമുള്ള പദം മുഹമ്മദ് എന്നാണ്. അതുകേട്ടാല്‍ ഉടനെ നാവില്‍ നിന്ന് സ്വല്ലല്ലാഹു അലൈഹിവസല്ലം, അഥവാ അല്ലാഹുവിന്റെ കരുണയും രക്ഷയും അവിടുത്തെ മേല്‍ ഉണ്ടാകട്ടെ എന്ന അഭിവാദനം അറിയാതെ ഒഴുകിവരും. എല്ലാ മുസ്‌ലിംകളും ഏത് പ്രതിസന്ധി ഘട്ടത്തിലും ഒരു യാത്ര വല്ലാതെ ആഗ്രഹിക്കുന്നു- അത് മക്കയും മദീനയുമാണ്. ഇങ്ങനെ നൂറുകൂട്ടം ഉദാഹരണങ്ങള്‍ നിരത്തിയാല്‍ തീരുന്നതല്ല ഓരോ വിശ്വാസിയുടെയും മനസ്സിലുള്ള നബി സ്‌നേഹം. എന്തുകൊണ്ടായിരിക്കുമിത്?

ഈ സ്‌നേഹത്തിന് ഒന്നര സഹസ്രാബ്ദത്തിന്റെ പഴക്കമുണ്ട്. പണ്ട് മക്കയില്‍ സൈദ്ബ്‌നു ദുസ്ന (റ)യെ ഇസ്‌ലാമിന്റെ ശത്രു അബൂസുഫിയാന്‍ അടങ്ങുന്ന ശത്രുക്കള്‍ പിടിച്ചുവെച്ചു. കൊലചെയ്യാനായി കൊലക്കയറില്‍ ബന്ധിച്ച് അബൂസുഫിയാന്‍ സൈദിനോട് പറഞ്ഞു: “നിന്റെ ഈ സ്ഥാനത്ത് മുഹമ്മദ് ആകുന്നത് നിനക്കിഷ്ടമാണെന്ന് പറഞ്ഞാല്‍ മതി, നിന്നെ വെറുതെ വിടാം…” അങ്ങനെ മനസ്സുകൊണ്ട് ഇഷ്ടപ്പെടണമെന്ന് പോലും അബൂസുഫിയാന്‍ പറഞ്ഞിട്ടില്ല. പക്ഷേ, സൈദ്(റ) പറഞ്ഞു: “ഞാനിവിടെ കൊലചെയ്യപ്പെടാതിരിക്കുന്നതിനു പകരമായി എന്റെ നബിക്ക് ഒരു മുള്ള് തറക്കുന്നത് പോലും ഞാനിഷ്ടപ്പെടുന്നില്ല.” സൈദിനെ ആയിരം പ്രാവശ്യം കൊന്നാലും ആ സ്‌നേഹത്തിന് ഒരു ക്ഷതംപോലും പറ്റില്ലെന്ന് ലോകം മൊത്തം സമ്മതിക്കുകയായിരുന്നു. ഇങ്ങനെ ഒരു സൈദ് മാത്രമായിരുന്നില്ല. ചരിത്രത്തില്‍ എക്കാലവും പരകോടി സൈദുമാരെ നമുക്ക് കാണാനാകും. വര്‍ത്തമാനത്തില്‍ വരെയും; അന്ത്യനാളിന്റെ അന്ന് പോലും.

ഉര്‍വത്ബ്‌നു മസ്ഊദ് ഇസ്‌ലാം മതം സ്വീകരിക്കുന്നതിന് മുമ്പ് മക്കയിലെ ശത്രുക്കളുടെ പ്രതിനിധിയായി മദീനയില്‍ വന്നു. നബിയും അനുചരരും തമ്മിലുള്ള സ്‌നേഹബന്ധം കണ്ട് അന്ധാളിച്ച അദ്ദേഹം മക്കയില്‍ വന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു: “ഞാന്‍ കിസ്‌റാ, കൈസര്‍, നജ്ജാശി രാജാക്കന്മാരെയെല്ലാം കണ്ടിട്ടുണ്ട്. അവരുടെ ദര്‍ബാറുകളില്‍ നടക്കുന്നത് വീക്ഷിച്ചിട്ടുണ്ട്. അവിടെയൊന്നും കാണാത്തതാണ് ഞാന്‍ മദീനയില്‍ കണ്ടത്. മുഹമ്മദിന്റെ ജനത മുഹമ്മദിനെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതു പോലെ ലോകത്ത് മറ്റെവിടെയും കണ്ടിട്ടില്ല…”
ഈ വാക്കുകള്‍ അന്നത്തേക്ക് മാത്രമായിരുന്നില്ല. ഇന്നും മുഹമ്മദിന്റെ ജനത മുഹമ്മദിനെ സ്‌നേഹിക്കുന്നതു പോലെ ലോകത്തൊരാളും ആരെയും സ്‌നേഹിക്കുന്നില്ല. എന്തായിരിക്കാം ഈ സ്‌നേഹത്തിന്റെ കാരണമെന്നാണ് ലോകം പഠിക്കേണ്ടത്. നിഷ്പക്ഷ പഠനം നടത്തിയവരെല്ലാം ആ അതുല്യ വ്യക്തിത്വത്തിന് മുമ്പില്‍ തലകുനിച്ചിട്ടുണ്ട്. ഇസ്‌ലാമിനെയും മുസ്‌ലിം സമൂഹത്തെയും ഇത്രമാത്രം നശിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഓരോ വിശ്വാസിയുടെയും ഉൾക്കരുത്തായി പ്രവര്‍ത്തിക്കുന്നത് നബി (സ) കൊണ്ടുവന്ന അധ്യാപനങ്ങളുടെ ആഴങ്ങളാണ്. ഈ പുണ്യ മാസം നബിയെക്കുറിച്ച് കൂടുതല്‍ പഠിച്ച് ലോകം കണ്ട ഏറ്റവും വലിയ മനുഷ്യനെ, അതുല്യനായ വ്യക്തിത്വത്തെ മനസ്സിലാക്കാം.

Latest