Connect with us

Articles

വിനയാന്വിതരാകുക, തിരുനബിയെ പോലെ

Published

|

Last Updated

നബി (സ) പറഞ്ഞു: നിങ്ങള്‍ പരസ്പരം വിനയമുള്ളവരാകണം. ആരും അഹങ്കരിക്കരുത്. അപ്രകാരം ആരും മറ്റാരെയും ആക്രമിക്കുകയുമരുത് (ഹദീസ്)
വിനയം വിശ്വാസിയുടെ വലിയ അടയാളങ്ങളില്‍പ്പെട്ടതാണ്. നബി(സ) വലിയ വിനയത്തിന് ഉടമയായിരുന്നു. സ്വഭാവത്തിലും പെരുമാറ്റത്തിലും ഇടപഴക്കത്തിലും അവിടുന്ന് വിനയം കാണിച്ചു. മര്യാദകളൊന്നും പാലിക്കാതെ എല്ലായിടത്തും കയറിച്ചെല്ലുകയും തോന്നിയതൊക്കെ വിളിച്ചുപറയുകയും ചുറ്റുമുള്ളവരോട് ധിക്കാരത്തോടെ പെരുമാറുകയും ചെയ്യുന്നവരെ കാണാറില്ലേ. വിനയം തൊട്ടുതീണ്ടിയിട്ടില്ലാത്ത മനുഷ്യര്‍ അങ്ങനെയാണ്. ഏറെ കായ്കനികള്‍ കായ്ച്ചു നില്‍ക്കുന്ന ഫലവൃക്ഷങ്ങളെ ശ്രദ്ധിച്ചു നോക്കൂ. എപ്പോഴും അവയുടെ ശിഖിരങ്ങള്‍ താഴ്ന്നുകിടക്കും.

ആര് കല്ലെറിഞ്ഞാലും ഏറെ മധുരമേറിയ കായ്കനികള്‍ മാത്രം പ്രതിഫലമായി നല്‍കും. കല്ലെറിഞ്ഞാലും പ്രതിഫലം മധുരം തന്നെ. ഇതുപോലെയാകണം വിശ്വാസിയുടെ സ്വഭാവവും. വിശ്വാസം അവന്റെ മനസ്സിനെയും ശരീരത്തെയും താഴ്മയുടെ പാഠങ്ങള്‍ പഠിപ്പിക്കണം. ആര് ചീത്തപറഞ്ഞാലും വിമര്‍ശിച്ചാലും വിനയത്തോടെ പ്രതികരിക്കണം. മുത്തുകള്‍ ഉത്ഭവമെടുക്കുന്ന ചിപ്പികളെ ശ്രദ്ധിച്ചിട്ടില്ലേ. സമുദ്രത്തിന്റെ ആഴത്തില്‍ മണലില്‍ പൂണ്ടുകിടക്കുന്നു. ചിലപ്പോഴവ കരയില്‍ വന്നടിയും. ആളുകള്‍ ചവിട്ടിക്കടന്നുപോകും. എന്നാലും ഉള്ളില്‍ വിലമതിക്കാനാകാത്ത മുത്തുകള്‍ അവ സൂക്ഷിക്കുന്നു.

വിനയം ഈമാനില്‍ പെട്ടതാണെന്നാണ് പ്രമാണം. വിശ്വാസി വിനയം പ്രകടിപ്പിക്കുമെന്നര്‍ഥം. വിനയമില്ലാത്തവരാണ് അഹങ്കാരത്തോടെയും ധിക്കാരത്തോടെയും പെരുമാറുക. തീരെ അഹങ്കാരമില്ലാത്ത, വിനയത്തിന്റെ സമുദ്രമായിരുന്നു മുത്തുനബി(സ). ധിക്കാരത്തോടെ അവിടുന്ന് ഒരിക്കലും ആരോടും പെരുമാറിയില്ല. വിനയത്തോടെ താഴ്ന്നു കൊടുക്കുന്നവരെ അല്ലാഹു ഉയര്‍ത്തും. അഹങ്കാരത്തോടെ സ്വയം വലുപ്പം പ്രകടിപ്പിക്കുന്നവരെ അല്ലാഹു ചെറുതാക്കുകയും ചെയ്യും.

കഴിഞ്ഞുപോയ കാലഘട്ടങ്ങളിലും നാം ജീവിക്കുന്ന സമയത്തും വിനയാന്വിതരായി ജീവിച്ച/ ജീവിക്കുന്ന എത്രയോ മഹാന്മാരുടെ കഥകള്‍ നമുക്കറിയാം. സമ്പത്തും അറിവും ശിഷ്യഗണങ്ങളും പ്രശസ്തിയും വേണ്ടുവോളം ഉണ്ടായിട്ടും ജീവിതത്തിലെപ്പോഴും വിനയത്തിന്റെ മാതൃകകള്‍ സൃഷ്ടിച്ചു കടന്നു പോകുന്നവരാണ് അവര്‍. അവരില്‍ നിന്ന് മാതൃക ഉള്‍ക്കൊള്ളാന്‍ വിശ്വാസി സമൂഹത്തിന് സാധിക്കണം. വിനയമുള്ളവരോട് മാത്രമേ ആളുകള്‍ അടുക്കുകയുള്ളൂ. അവരുടെ സമീപത്ത് ചെന്നിരുന്നാല്‍ സന്തോഷം അനുഭവിക്കാം. അതായിരുന്നല്ലോ തിരുനബിയുടെ സ്വഭാവം. അവിടുത്തെ വിനയം നിരവധി പേരെ സന്മാര്‍ഗത്തിലേക്ക് ക്ഷണിച്ചു. വിനയമില്ലാത്ത അഹങ്കാരികളില്‍ നിന്ന് ജനം ഓടിക്കളയും. അവരില്‍ നിന്ന് ജനങ്ങള്‍ക്ക് നല്ലതൊന്നും പകര്‍ത്താന്‍ കിട്ടുകയുമില്ല. അതുകൊണ്ടാണ് നബി(സ) ഉപദേശിക്കുന്നത്, നിങ്ങള്‍ പരസ്പരം വിനയമുള്ളവരാകണം, ആരും അഹങ്കരിക്കരുത്.

---- facebook comment plugin here -----

Latest