Articles
കെ എം മാണിക്ക് സ്തുതിയായിരിക്കട്ടെ
കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച ബാര്‍ കോഴ വിവാദം കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചില ബുദ്ധികേന്ദ്രങ്ങള്‍ രചനയും സംവിധാനവും നിര്‍വഹിച്ച് അവതരിപ്പിച്ച ഒരു നാടകമായിരുന്നു എന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. അന്തരിച്ച കെ എം മാണിയുടെ യു ഡി എഫ് കാലം അദ്ദേഹത്തിനത്ര സുഖകരമൊന്നുമായിരുന്നില്ല. യേശു ഏഴ് സ്ഥലത്താണ് തന്റെ കുരിശിന്റെ വഴിയില്‍ മുട്ടുകുത്തിയതെങ്കില്‍ യേശു ഭക്തനായ കെ എം മാണിക്ക് 70 സ്ഥലത്ത് മുട്ടുകുത്തേണ്ടി വന്നിട്ടുണ്ട്. അങ്ങനെയാണ് അദ്ദേഹം തന്റെ കുരിശിന്റെ വഴി പൂര്‍ത്തിയാക്കിയത്. പാലാ, ചങ്ങനാശ്ശേരി, ഈരാറ്റുപേട്ട, കടുത്തുരുത്തി മണ്ഡലങ്ങളില്‍ കെ എം മാണി സ്ഥാപിച്ച കുത്തക കെ എസ് യു രാഷ്ട്രീയത്തിലൂടെ വളര്‍ന്നുവന്ന കോട്ടയത്തെ യുവ കോണ്‍ഗ്രസുകാരുടെ ഭാവി ഇരുളടഞ്ഞതാക്കി. അനുയായികള്‍ കുറവും നേതാക്കള്‍ കൂടുതലുമായ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചെറുപ്പക്കാര്‍ മധുര പലഹാരത്തിനായി മുറവിളി കൂട്ടുന്ന കുട്ടികളെ പോലെ തിരഞ്ഞെടുപ്പ് കാലത്ത് സീറ്റിനായി മാറത്തടിച്ചു കരഞ്ഞു. മാണിയുടെ പാര്‍ട്ടിയെ തുണ്ടം തുണ്ടമാക്കി ഒപ്പം നിറുത്തുക എന്ന തന്ത്രമായിരുന്നു അവരാദ്യം പരീക്ഷിച്ചത്. എന്നിട്ടും തങ്ങളുടെ മേഖലയില്‍ മാണി അജയ്യനായി വിരാജിക്കുന്നതവര്‍ക്ക് സഹിക്കാനായില്ല. വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടി, ഒരുപാട് യുവാക്കള്‍ കരം ഗ്രഹിക്കാന്‍ പിന്നാലെ നടക്കുന്ന സുന്ദരിയായ യുവതി എന്നിങ്ങനെയൊക്കെയുള്ള വിശേഷണങ്ങളിലൂടെ മാണി സാര്‍ സ്വന്തം മുറിവുകളെ നക്കിയുണക്കി. സ്ഥാനത്തിരുത്തി, മാണിയെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് ആസൂത്രണം ചെയ്ത കെണിയായിരുന്നു ബാര്‍ കോഴ വിവാദം. സോളാര്‍ വിവാദത്തില്‍ തങ്ങളുദ്ദേശിച്ച തീരത്ത് വഞ്ചി അടുപ്പിക്കാന്‍ അവസരം നഷ്ടപ്പെട്ട ഇടതുപക്ഷത്തിന് കടിച്ചു കീറാന്‍, ബജറ്റുമായി വന്ന മാണിയെ യു ഡി എഫ് പ്രതിപക്ഷത്തിന് നേരേ എറിഞ്ഞുകൊടുത്തു. കൈവന്ന അവസരം ഇടതുപക്ഷം നന്നായി കൈകാര്യം ചെയ്തു. അന്നേ മാണിക്കറിയാമായിരുന്നു ഇതിന്റെയൊക്കെ പിന്നില്‍ പ്രവര്‍ത്തിച്ചത് തന്റെ കിടപ്പറ സഖിയായ കോണ്‍ഗ്രസിന്റെ കോട്ടയം ലോബിയാണെന്ന്. ഒന്നുകില്‍ ഇടത് അല്ലെങ്കില്‍ വലത് എവിടെയെങ്കിലും ഒന്ന് ഉറച്ചു നിന്നല്ലാതെ തനിക്കും തന്റെ കക്ഷിക്കും മുന്നോട്ട് പോകാനാകില്ലെന്ന് മാണി മനസ്സിലാക്കി. അതിനായി തന്റെ രാഷ്ട്രീയ എതിരാളികളായി 20 വര്‍ഷം ഇടതുപക്ഷത്ത് കുടിപ്പാര്‍പ്പുറപ്പിച്ച പി ജെ ജോസഫ് എന്ന സത്യവിശ്വാസിയുമായിപ്പോലും അദ്ദേഹം ഐക്യപ്പെട്ടു.
ഇടതിനോടും വലതിനോടും മാറിമാറി വിലപേശാനുള്ള തന്റെ ശേഷി അത് വഴി വര്‍ധിപ്പിച്ചു. ഗത്യന്തരമില്ലാതെ ചോദിച്ചതൊക്കെ താലത്തില്‍ വെച്ച് മാണിക്ക് മുമ്പില്‍ സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് സന്നദ്ധമായി.
ലോക്സഭാംഗത്വത്തിന്റെ കാലാവധി ബാക്കി നില്‍ക്കെ തന്നെ സ്വന്തം മകനെ ലോക്സഭാംഗത്വം രാജിവെപ്പിച്ച് രാജ്യസഭയില്‍ അയക്കാനും പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് വന്നപ്പോള്‍ ഒഴിവു വന്ന കോട്ടയം സീറ്റില്‍ സ്വന്തം പാര്‍ട്ടിക്കാരനെ തന്നെ ജയിപ്പിച്ച് ലോക്സഭയില്‍ അയക്കാനും മാണിക്ക് കഴിഞ്ഞു. അങ്ങനെ ഇരിക്കുമ്പോഴാണ് മാണി സാര്‍ പരലോക പ്രാപ്തനാകുന്നത്.
പിന്നീട് മകന്‍ ജോസ് മാണിക്കെതിരെ കോണ്‍ഗ്രസ് ഒരു പോര്‍മുഖം തുറന്നു. അതിന്റെ ഭാഗമായിരുന്നു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെ മുന്‍നിറുത്തി യു ഡി എഫ് കണ്‍വീനര്‍ എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയുടെ വലതുകൈ ആയി വര്‍ത്തിച്ച ബെന്നി ബെഹനാനെ ഇറക്കി കോട്ടയത്തെ കോണ്‍ഗ്രസ് ലോബി കളിച്ചത്. പാലാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ മാണി സി കാപ്പന് അനുകൂലമായി തിരിഞ്ഞതോടെ പാലായില്‍ ചെങ്കൊടി ഉയര്‍ന്നു പാറി. ഇതെല്ലാം പരിഗണിച്ചു വേണം ആരാണ് കെ എം മാണിയുടെ ആത്മാവിനോട് നീതി കാണിച്ചത്, ആര്‍ക്ക് വേണ്ടിയാണ് കെ എം മാണിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നിലകൊണ്ടിരുന്നത് എന്നൊക്കെ തീരുമാനിക്കാന്‍. ഇടതുപക്ഷത്തിന് കെ എം മാണി ഒരു ഐക്കണ്‍ ആയിരുന്നു. യു ഡി എഫ് രാഷ്ട്രീയത്തിന്റെ ഐക്കണ്‍. അതെറിഞ്ഞുടക്കാന്‍ കിട്ടിയ ഒരവസരവും അവര്‍ പാഴാക്കിയില്ല. യൂദാസിന്റെ പണി ചെയ്തത് കോണ്‍ഗ്രസായിരുന്നു. ഒപ്പം നിന്നുകൊണ്ട് ഒറ്റുകൊടുക്കുക. കേരള കോണ്‍ഗ്രസിന്റെ ഇടതുപക്ഷത്തേക്കുള്ള വരവിനെ സ്വാഗതം ചെയ്തത് വഴി ഇടതുപക്ഷം നിയമസഭയില്‍ കെ എം മാണിക്കെതിരെ കാട്ടിയ പരാക്രമത്തില്‍ നിന്ന് കൈകഴുകി രക്ഷപ്പെട്ടിരിക്കുന്നു. ജോസ് കെ മാണിക്കും കക്ഷിക്കും കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാനുള്ള രാഷ്ട്രീയ പക്വത കൈവരികയും ചെയ്തിരിക്കുന്നു.
പാലായിലെ കെ എം മാണിയുടെ വീട്ടിലെ നോട്ട് യന്ത്രത്തിന്റെ സഹായത്തോടെ ബാറുടമകളുടെ കൈയില്‍ നിന്ന് എണ്ണി തിട്ടപ്പെടുത്തിയ നോട്ടുകളുടെ എണ്ണം എത്ര? ആ തുക ആരൊക്കെയായി പങ്കുവെച്ചു? ഈ വക കാര്യങ്ങളൊക്കെ കൃത്യമായി പറയാന്‍ കഴിയുന്ന ഒരാളായിരുന്നു അക്കാലത്തെ ബാര്‍ ഉടമകളുടെ അസോസിയേഷന്‍ പ്രസിഡന്റായിരുന്ന ബിജു രമേശ്. അന്നദ്ദേഹം പറഞ്ഞതത്രയും നമ്മുടെ ചാനലുകളുടെ ആര്‍കൈവ്സുകളില്‍ ഇപ്പോഴും ലഭ്യമാണ്. കെ എം മാണിയെ കോട്ടയം രാഷ്ട്രീയത്തില്‍ നിന്ന് പുറന്തള്ളുക, അദ്ദേഹത്തെ പ്രതിപക്ഷത്തിന് കടിച്ചുകീറാനുള്ള ഒരിരയായി എറിഞ്ഞു കൊടുക്കുക ഇതെല്ലാം കോണ്‍ഗ്രസ് ബുദ്ധിജീവികള്‍ ആസൂത്രണം ചെയ്ത ഒരു തന്ത്രമായിരുന്നു എന്ന് മകന്‍ ജോസ് കെ മാണി ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞത് നന്നായി.
ഇടുക്കി, എറണാകുളം എന്നീ ഭൂപ്രദേശങ്ങളെ കേന്ദ്രീകരിച്ച് രൂപപ്പെട്ട ഒരു സങ്കുചിത സാമുദായിക രാഷ്ട്രീയത്തിന്റെ ഉത്പന്നമായിരുന്നു കേരള കോണ്‍ഗ്രസ്. മലബാറിലെ മലപ്പുറം, കോഴിക്കോട് ജില്ലകളെ കേന്ദ്രീകരിച്ച് മുമ്പേ തന്നെ അധികാര രാഷ്ട്രീയത്തിന്റെ അകത്തളത്തില്‍ കസേര ഉറപ്പിച്ച മുസ്‌ലിം ലീഗിന്റെ തിരുവിതാംകൂര്‍ മാതൃകയായിരുന്നു തിരുവിതാംകൂറിലെ കേരള കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വിരോധമായിരുന്നു അവരുടെ അവതാര ലക്ഷ്യം. കേരളത്തിലാദ്യമായി പ്രാദേശിക രാഷ്ട്രീയത്തിന്റെ അടവുകളും തന്ത്രങ്ങളും പയറ്റി പരിശീലിച്ച ഈ രണ്ട് പാര്‍ട്ടികളുടെയും ജന്മശത്രുക്കള്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസായിരുന്നു.
കമ്മ്യൂണിസ്റ്റുകാരെ പ്രതിരോധിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം തട്ടിക്കൂട്ടിയെടുത്ത കോണ്‍ഗ്രസ്- ലീഗ്- പി എസ് പി മുക്കൂട്ട് മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കോട്ടയം തിരുനക്കര മൈതാനത്ത് പ്രസംഗിക്കാനെത്തിയ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു സമ്മേളന വേദിക്ക് മുന്നിലെ കൊടിമരത്തില്‍ നിന്ന് മുസ്‌ലിം ലീഗിന്റെ കൊടി അഴിച്ചുമാറ്റാന്‍ ആജ്ഞാപിച്ചതും അല്ലാത്തപക്ഷം താന്‍ പ്രസംഗിക്കാതെ വേദിവിട്ടു പോകുമെന്ന് ഭീഷണിപ്പെടുത്തിയതുമായ സംഭവം ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ എത്ര പേരുടെ ഓര്‍മയിലുണ്ടെന്നറിയില്ല. അവരില്‍ ഏറെപ്പേരും അന്ന് വെറും കെ എസ് യു പ്രായം പോലും പിന്നിടാത്തവരായിരുന്നു. അങ്ങനെ പ്രഖ്യാപിത കോണ്‍ഗ്രസ് ശത്രുതയില്‍ നിന്ന് പിറവിയെടുത്ത മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് വിരോധം എന്ന ഒറ്റക്കാര്യത്തെ മുന്‍നിര്‍ത്തി ആജീവനാന്ത കിടപ്പറ സഖികളായി മാറി.
കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് കോണ്‍ഗ്രസിനെ മുഖ്യ ശത്രുവായി കാണണമെന്നും കേരള കോണ്‍ഗ്രസ്- മുസ്‌ലിം ലീഗ് കക്ഷികളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടൊപ്പം നിറുത്തി കേരളത്തിന്റെ ഭാവിക്ക് രൂപം നല്‍കണമെന്നും 1985ലെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ രണ്ട് കല്ല്യാശ്ശേരി കമ്മ്യൂണിസ്റ്റുകാര്‍ ചേര്‍ന്ന് തയ്യാറാക്കിയ ബദല്‍ രേഖ ഔദ്യോഗിക രേഖക്കെതിരെ അവതരിപ്പിക്കുകയും വോട്ടിനിട്ട് ബദല്‍ രേഖ തള്ളപ്പെട്ടപ്പോള്‍ രണ്ട് കല്ല്യാശ്ശേരി സഖാക്കളില്‍ പ്രമുഖന്‍ “ഇവനെ ഞാന്‍ അറിയുന്നില്ല” എന്ന് പരസ്യമായി തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രിക്കസേര ഉറപ്പാക്കുകയും ചെയ്തു. ഈ സഹ കല്ല്യാശ്ശേരിക്കാരന്റെ കൂറുമാറ്റമാണ് കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് അതികായനായിരുന്ന എം വി രാഘവനെ ഇടതുപക്ഷത്ത് നിന്ന് വലതുപക്ഷത്തേക്ക് എടുത്തെറിഞ്ഞത്.
മധ്യകേരളത്തിലെ വോട്ടര്‍മാര്‍ കമ്മ്യൂണിസ്റ്റ് വിരോധികളാണെന്നും അരിവാള്‍ചുറ്റിക അടയാളത്തില്‍ വോട്ട് അടയാളപ്പെടുത്താന്‍ വിമുഖരാണെന്നും ഒരു ധാരണ പൊതുവില്‍ നിലവിലുണ്ട്. കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ഉള്‍പ്പെട്ട മധ്യകേരളത്തിലെ വോട്ടര്‍മാരില്‍ നിര്‍ണായക സ്വാധീനമുള്ള വിഭാഗം സവര്‍ണ ക്രിസ്ത്യാനികളായി അറിയപ്പെടുന്ന സുറിയാനി ക്രിസ്ത്യാനികളും നായര്‍ സമുദായവും ആണ്. ഈഴവരും മറ്റ് പിന്നാക്ക ജാതിക്കാരും ഇടതുപക്ഷത്തിന്റെ ശക്തിയാണ്.
നായര്‍, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ പൊതുവെ സമ്പന്ന കര്‍ഷകരും കുടുംബ പാരമ്പര്യങ്ങളില്‍ മിഥ്യാഭിമാനം പുലര്‍ത്തുന്നവരുമാണ്. വിമോചന സമരത്തിന്റെ ഇന്ധനമായി ഈ ജനവിഭാഗങ്ങളെ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ വൈകാരികമായി ഇളക്കി വിടാന്‍ അക്കാലത്തെ വലതുപക്ഷ രാഷ്ട്രീയത്തിന് കഴിഞ്ഞിരുന്നു. അക്കാലത്തെ ആ പാണ്ടന്‍ നായുടെ പല്ലിന്റെ ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ലെന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ജാതി- മത- സമുദായ സങ്കുചിതത്വത്തിനതീതമായ ഒരു രാഷ്ട്രീയ അവബോധം ഈ പ്രദേശത്ത് മുമ്പൊന്നും ഇല്ലാത്ത വിധം ഇന്ന് വളര്‍ന്നു വരുന്നുണ്ട്. ക്രിസ്ത്യന്‍, നായര്‍ വിഭാഗങ്ങള്‍ക്ക് ഗണ്യമായ സ്വാധീനമുള്ള പത്തനംതിട്ട ജില്ലയില്‍ നിന്ന് കോണ്‍ഗ്രസ് ഏറെക്കുറെ നാമാവശേഷമായി കഴിഞ്ഞു. കോട്ടയവും ഇടുക്കിയും ഇടതുപക്ഷത്തിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. വിദ്യാസമ്പന്നരും സര്‍ക്കാറുദ്യോഗസ്ഥന്മാരും ബേങ്കുദ്യോഗസ്ഥന്മാരുമായ ഒരു വലിയ ജനവിഭാഗം ഇടതുപക്ഷ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ അവരില്‍ അന്തര്‍ലീനമായിരുന്ന കമ്മ്യൂണിസ്റ്റ് വിരോധം പടിപടിയായി തിരോഭവിക്കുന്നതായിട്ടാണ് അനുഭവം.
ജോസ് മാണി പക്ഷത്തിന്റെ പിരിഞ്ഞുപോകല്‍ ഏറ്റവും കൂടുതല്‍ വിഷമിപ്പിക്കുക കുഞ്ഞാലിക്കുട്ടിയെയും പാണക്കാട് തങ്ങളെയും ആണ്. കോണ്‍ഗ്രസുകാര്‍ മാണിയെ ചവിട്ടിപ്പുറത്താക്കി അദ്ദേഹം ഒരിടത്തും ഇല്ലാതെ തനിച്ച് നിന്നപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സ് മാറ്റി വീണ്ടും യു ഡി എഫിലേക്ക് കൊണ്ടുവരാന്‍ കുഞ്ഞാലിക്കുട്ടി ചില്ലറ അധ്വാനമൊന്നുമല്ല ചെയ്തത്. ഫലത്തില്‍ യു ഡി എഫ് ഒരു കോണ്‍ഗ്രസ് ലീഗ് മുന്നണി മാത്രമായി മാറുകയാണ്. ബി ജെ പി അവര്‍ പ്രതീക്ഷിക്കുന്നത് പോലെ കേരളത്തില്‍ ചുവടുറപ്പിച്ചു കഴിഞ്ഞാല്‍ മുന്നണി ബന്ധങ്ങളില്‍ ഇനിയും മാറ്റം വരും. അതോടെ മുസ്‌ലിം ലീഗിനും ജോസ് മാണിയെ പിന്തുടരാനുള്ള മാര്‍ഗം ആരായേണ്ടിവരും. ഒരിക്കല്‍ സി പി ഐ എം തള്ളിക്കളഞ്ഞ എം വി രാഘവന്റെ ബദല്‍ രേഖ എ കെ ജി സെന്ററിന്റെ ഷെല്‍ഫുകളില്‍ നിന്നവര്‍ പൊടിതട്ടി പുറത്തെടുത്ത് പരിശോധിക്കാനും സാധ്യതയുണ്ട്.