Connect with us

Ongoing News

പട്ടാമ്പിയിൽ ആന്റിജൻ പരിശോധന നൂറ് നാൾ പിന്നിട്ടു

Published

|

Last Updated

പാലക്കാട് | സംസ്ഥാനത്ത് മറ്റൊരിടത്തുമില്ലാത്ത തരത്തിൽ പട്ടാമ്പിയിൽ നടക്കുന്ന ആൻ്റിജൻ ക്യാമ്പ് നൂറ് നാൾ പിന്നിട്ടു. യാതൊരു വിധ പരിഭവങ്ങളോ പരാതികളോ ഇല്ലാതെ നിസ്വാർത്ഥ സേവനം തുടരുകയാണ് കൊവിഡ് കൺട്രോൾ സെല്ലിലെ ആരോഗ്യപ്രവർത്തകർ.
പട്ടാമ്പി മത്സ്യ മാർക്കറ്റിൽ നിന്നുത്ഭവിച്ച കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ആന്റിജൻ പരിശോധന ക്യാമ്പ് ആരംഭിച്ചത്. വ്യാപനത്തെ പ്രതിരോധിക്കാൻ പട്ടാമ്പിയിൽ കണ്ടൈൻമെന്റ് കൺട്രോൾ സെൽ രൂപീകരിക്കുകയും പിന്നീട് കൊവിഡ് കൺട്രോൾ സെല്ലായി മാറുകയും ചെയ്തു.
കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ വളരെ വേഗത്തിൽ നടപടികൾ കൈക്കൊണ്ട കൊപ്പം സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. സിദ്ദിഖിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ കൺട്രോൾ സെൽ പ്രവർത്തിച്ചു വരുന്നത്. 100 ദിവസത്തിനിടയിൽ 29000ത്തിലേറെ ആന്റിജൻ പരിശോധനയാണ് നടത്തിയത്. അയ്യായിരത്തിലേറെ ആർ ടി പി സി ആർ ടെസ്റ്റും നടത്തി. 4800 ഓളം പോസിറ്റീവ് രോഗികളെ ചികിത്സിക്കുകയും ചെയ്തു. പ്രതിദിനം നൂറിനടുത്തോ നൂറിന് മുകളിലോ രോഗബാധിതർ ഉള്ളതായാണ് റിപ്പോർട്ട് ചെയ്യുന്നത്.
കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ സംസ്ഥാനത്ത് തന്നെ ഒരു പ്രദേശം കേന്ദ്രീകരിച്ച് ആന്റിജൻ പരിശോധന ക്യാമ്പ് നടക്കുന്ന സ്ഥലം പട്ടാമ്പിയാണ്. ഡോക്ടർ ഉൾപ്പടെ 25 ആരോഗ്യ പ്രവർത്തകരും സേവന രംഗത്തുണ്ട്.
പട്ടാമ്പി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലാണ് ക്യാമ്പിന് തുടക്കം. പിന്നീട് പട്ടാമ്പി ജി.എം.എൽ.പി സ്കൂളിൽ കുറച്ച ദിവസങ്ങൾ ക്യാമ്പ് നടന്നു. നഗര മധ്യത്തിൽ ക്യാമ്പ് നടക്കുന്നതിൽ പ്രദേശത്തെ വ്യാപാരികളടക്കം ആശങ്ക പ്രകടിപ്പിച്ചതോടെ ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെ ഗ്രൗണ്ടിനടുത്തുള്ള ഹയർ സെക്കൻഡറി ബ്ലോക്കിലേക്ക് ക്യാമ്പ് മാറ്റി. ഇതിനിടയിൽ രോഗവ്യാപനം കണ്ടെത്തിയ പെരുമുടിയൂർ, കിഴായൂർ, വല്ലപ്പുഴ, ഓങ്ങല്ലൂർ, മാഞ്ഞാമ്പ്ര എന്നിവിടങ്ങളിലും ക്യാമ്പ് നടക്കുകയുണ്ടായി. പട്ടാമ്പി കൊവിഡ് കൺട്രോൾ സെല്ലിന് അനുവദിച്ച മൊബൈൽ കിയോസ്ക് വാൻ ഉപയോഗിച്ചും ആന്റിജൻ പരിശോധന നടക്കുന്നുണ്ട്.

Latest