National
ഏകവഴി ചൈനയെ കടത്തിവെട്ടലെന്ന് ആര്‍ എസ് എസ് മേധാവി; യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കാന്‍ ഭഗവതിന് പേടിയെന്ന് രാഹുല്‍
നാഗ്പൂര്‍ | കരുത്തിലും സാധ്യതയിലും ചൈനയേക്കാള്‍ വളരുകയാണ് ഏക പോംവഴിയെന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത്. തങ്ങളുടെ ഉദാരമനസ്‌കതയെ ദൗര്‍ബല്യമായി തെറ്റിദ്ധരിക്കരുത്. തികച്ചും മൃഗീയ ശക്തിയിലൂടെ തങ്ങളെ ശിഥിലീകരിക്കാനും ദുര്‍ബലപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ അസ്വീകാര്യമാണെന്നും മോഹന്‍ ഭഗവത് പറഞ്ഞു.
അതേസമയം, ഭഗവതിന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഭഗവതിന് സത്യം ആഴത്തിലറിയാമെന്നും എന്നാല്‍ അഭിമുഖീകരിക്കാന്‍ പേടിയാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. നമ്മുടെ ഭൂമി ചൈന വെട്ടിപ്പിടിച്ചതും സര്‍ക്കാറും ആര്‍ എസ് എസും അത് അനുവദിച്ചതുമാണ് യാഥാര്‍ഥ്യമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതില്‍ ചൈനയുടെ പങ്ക് സംബന്ധിച്ച് തര്‍ക്കമുണ്ടെങ്കിലും ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഭീകരത പ്രകടിപ്പിക്കാന്‍ ചൈന ശക്തി ദുരുപയോഗം ചെയ്യുന്നുവെന്നും ഭഗവത് പറഞ്ഞു. ലോകത്തിനെല്ലാം അറിയുന്ന ഇന്ത്യയുടെ ഭൂമിയിലേക്ക് കടന്നുകയറാനാണ് ശ്രമിക്കുന്നത്. മുമ്പും ചൈനയുടെ അതിര്‍ത്തി വിപുലീകരണ മനോഭാവത്തിന് ലോകം സാക്ഷ്യംവഹിച്ചതാണെന്നും ഭഗവത് പറഞ്ഞു.