Connect with us

Kerala

മുന്നാക്ക സ‌ംവരണം സംവരണ വിഭാഗങ്ങൾക്ക് വൻ തിരിച്ചടി; കണക്കുകൾ ഞെട്ടിക്കും

Published

|

Last Updated

തിരുവനന്തപുരം | സാമ്പത്തിക അവശത ചൂണ്ടിക്കാട്ടി സംവരണത്തിന്റെ അടിസ്ഥാന തത്വം അട്ടിമറിച്ച് സംസ്ഥാന സർക്കാർ നടപ്പാക്കിയ മുന്നാക്ക സംവരണത്തിൽ നഷ്ടം സംഭവിക്കുന്നത് നിലവിലെ സംവരണ വിഭാഗങ്ങൾക്ക് തന്നെയെന്ന് കണക്കുകൾ. മുന്നാക്കക്കാർക്ക് സംവരണം നൽകുന്നത് മെറിറ്റ് ക്വാട്ടയിൽ നിന്നാണെന്നും നിലവിലെ സംവരണ വിഭാഗങ്ങളെ ബാധിക്കില്ലെന്നുമാണ് സർക്കാർ വിശദീകരണം. പട്ടിക വിഭാഗ, പിന്നാക്ക സമുദായങ്ങൾക്ക് നിലവിലെ 50 ശതമാനത്തിൽ ഒരു കുറവും വരുത്താതെ, 50 ശതമാനം പൊതു വിഭാഗത്തിൽ നിന്നുള്ള പത്ത് ശതമാനമാണ് സാമ്പത്തിക സംവരണത്തിനായി നീക്കിവെക്കുന്നതെന്നും സർക്കാർ വാദിക്കുന്നു.

എന്നാൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാർക്ക് സർക്കാർ നിയമനങ്ങളിലും വിദ്യാഭ്യാസ അവസരങ്ങളിലും പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പാകുമ്പോൾ പിന്നാക്ക സമുദായങ്ങൾക്ക് ഭീമമായ നഷ്ടമാണ് പൊതു വിഭാഗത്തിൽ നേരിടുക. പത്ത് ശതമാനമാണ് സംവരണമെങ്കിലും ഫലത്തിൽ 20 ശതമാനത്തോളമാണ് ഈ വിഭാഗങ്ങൾക്ക് ലഭിക്കുക.
സർക്കാറിന്റെ വിശദീകരണ പ്രകാരം 50 ശതമാനം ഓപ്പൺ ക്വാട്ടയിൽ നിന്നാണ് സാമ്പത്തിക സംവരണത്തിന് പത്ത് ശതമാനം നീക്കിവെക്കുന്നതെങ്കിൽ ആകെ നൂറ് ഒഴിവുകളിലേക്ക് നിയമനം നടക്കുമ്പോൾ അതിൽ 50 എണ്ണം സാമുദായിക സംവരണത്തിന് മാറ്റിവെച്ച് ശേഷിക്കുന്ന 50ൽ പത്ത് ശതമാനമായ അഞ്ച് ഒഴിവുകളിലാണ് സാമ്പത്തിക സംവരണം നടപ്പാക്കേണ്ടത്. എന്നാൽ, സർക്കാറിന്റെ പ്രഖ്യാപനത്തിന് വിരുദ്ധമായി നിയമനം നടക്കുന്ന നൂറ് ഒഴിവുകളിൽ നിന്ന് പത്ത് ശതമാന (പത്ത് സീറ്റ്)മാണ് മുന്നാക്കക്കാർക്ക് മാറ്റുന്നത്. ഇതുവഴി 20 ശതമാനം സംവരണം മുന്നാക്കക്കാർക്ക് ലഭിക്കും.

അർഹർ പിന്തള്ളപ്പെടും

ദേവസ്വം ബോർഡുകളിലെ നിയമനങ്ങളിലും സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ വിദ്യാർഥി പ്രവേശനത്തിലും അർഹതപ്പെട്ടതിന്റെ ഇരട്ടി സംവരണമാണ് ഇത്തരത്തിൽ മുന്നാക്കക്കാർക്ക് ലഭിക്കുക. വരുന്ന പി എസ് സി നിയമനങ്ങളിലും മെഡിക്കൽ- എൻജിനീയറിംഗ് പ്രവേശനത്തിലും ഇതേ മാനദണ്ഡമാകും നടപ്പാക്കുക. പി എസ് സിയുടെ ഓരോ റാങ്ക് ലിസ്റ്റിലെയും 20 ഒഴിവുകൾ വീതം ഒരു യൂനിറ്റായി കണക്കാക്കിയാണ് മെറിറ്റ്, സംവരണ നിയമന ക്രമം നിശ്ചയിക്കുന്നത്. അതിനാൽ ഒന്ന്, മൂന്ന്, അഞ്ച് തുടങ്ങി 19 വരെയുള്ള പത്ത് ഒഴിവുകൾ പൊതുവിഭാഗത്തിനും രണ്ട്, നാല്, ആറ് തുടങ്ങി 20 വരെയുള്ള പത്ത് ഒഴിവുകൾ സംവരണത്തിനുമാണ് നിശ്ചയിക്കുക. മുന്നാക്ക സംവരണം നടപ്പാകുന്നതോടെ പൊതുവിഭാഗത്തിലെ രണ്ട് സീറ്റുകൾ മാറ്റിവെക്കേണ്ടി വരുമ്പോൾ ഈ റാങ്കിലെത്തുന്ന പിന്നാക്ക വിഭാഗങ്ങൾ അർഹതപ്പെട്ട മെറിറ്റ് ക്വാട്ടയിൽ നിന്ന് പിന്തള്ളപ്പെടും.

എം ബി ബി എസ് പ്രവേശനത്തിൽ സംവരണം നടപ്പാക്കാനായി അർഹതപ്പെട്ടതിന്റെ ഇരട്ടിയിലേറെ സീറ്റുകളാണ് മുന്നാക്കക്കാർക്ക് അനുവദിച്ചത്. കഴിഞ്ഞ വർഷം പ്രവേശനം നടന്ന സംസ്ഥാനത്തെ പത്ത് സർക്കാർ മെഡിക്കൽ കോളജുകളിൽ ആകെയുള്ള 1,555 സീറ്റുകളിൽ 423 എണ്ണം അഖിലേന്ത്യാ ക്വാട്ടയാണ്. പാലക്കാട്ടെ നൂറിൽ 85 സീറ്റും പട്ടിക വിഭാഗങ്ങൾക്കും 1,047 സീറ്റിൽ 30 ശതമാനം പിന്നാക്ക വിഭാഗക്കാർക്കും പത്ത് ശതമാനം പട്ടിക വിഭാഗക്കാർക്കുമാണ് സംവരണം. അവശേഷിക്കുന്ന 628 സീറ്റ് പൊതുവിഭാഗത്തിൽ നിന്നുള്ള പത്ത് ശതമാനം (63) സീറ്റുകളാണ് മുന്നാക്ക സംവരണത്തിന് നൽകേണ്ടതെന്നിരിക്കെ 30 സീറ്റുകളാണ് നൽകിയിരിക്കുന്നത്. സർക്കാറിന്റെ വാദം തള്ളി മൊത്തം സീറ്റിന്റെ പത്ത് ശതമാനം കണക്കാക്കിയപ്പോൾ 67 ശതമാനമാണ് മുന്നാക്കക്കാർക്ക് അധികം ലഭിച്ചത്.

ഗവ. ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ആകെയുള്ള 1,62,815 പ്ലസ് വൺ സീറ്റുകളിൽ 48 ശതമാനം സീറ്റ് പിന്നാക്ക, പട്ടിക വിഭാഗ സംവരണത്തിനും 52 ശതമാനം പൊതുവിഭാഗത്തിനുമാണ്. സർക്കാർ വാദമനുസരിച്ച് മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം നൽകേണ്ടത് പൊതുവിഭാഗത്തിലെ 52 ശതമാനത്തിൽ (84,664) നിന്നാണെങ്കിൽ 8,466 സീറ്റുകളാണ് ലഭിക്കേണ്ടത്. മൊത്തം സീറ്റിന്റെ പത്ത് ശതമാനവും 430 സീറ്റ് അധികവും നീക്കിവെച്ചപ്പോൾ ആകെ ലഭിച്ചത് 16,711 സീറ്റുകളാണ്. അതേസമയം, വിശ്വകർമ, ധീവര സമുദായങ്ങൾക്ക് സീറ്റ് നഷ്ടവും സംഭവിച്ചു. ഇവർക്ക് രണ്ട് ശതമാനം സംവരണ പ്രകാരം ലഭിക്കേണ്ടത് 3,300 സീറ്റ് വീതമാണെങ്കിലും 447 സീറ്റ് വീതം നഷ്ടപ്പെട്ട് 2,853 സീറ്റുകളാണ് ലഭിച്ചത്.

ഹയർ സെക്കൻഡറി
ആകെ സീറ്റ്: 1,62,815
സംവരണം സീറ്റ് ശതമാനം
ഈഴവ 13,002 8
മുസ്‌ലിം 11,313 7
പിന്നാക്ക ഹിന്ദു 4,885 3
ലത്തീൻ 4,885 3
മുന്നാക്കക്കാർ 16,281 10
എം ബി ബി എസ്
ആകെ സീറ്റ്: 1,555
സംവരണം സീറ്റ് അവസാന റാങ്ക്
ജനറൽ ക്വാട്ട 828 933
ഈഴവ 94 1654
മുസ്‌ലിം 84 1417
പിന്നാക്ക ഹിന്ദു 47 1771
ലത്തീന കത്തോലിക്കർ 47 1943
മുന്നാക്കക്കാർ 130 8416
മെഡിക്കൽ പി ജി
ആകെ സീറ്റ്: 849
സംവരണം സീറ്റ്
സംസ്ഥാന മെറിറ്റ് 427
ഈഴവ 13
മുസ്‌ലിം 9
മുന്നാക്ക സംവരണം 30

 

ബ്യൂറോ ചീഫ്, തിരുവനന്തപുരം