National
സാമൂഹിക അകലമില്ല, മാസ്കില്ല; ഇവിടെ ഇങ്ങനാണ് ഭായ് !
പാറ്റ്‌ന | എന്ത് സാമൂഹിക അകലം? എന്ത് കൊവിഡ് മാനദണ്ഡം? തിരഞ്ഞെടുപ്പ് ആവേശം തലയിൽ കയറിയാൽ ഒന്നും പ്രശ്‌നമില്ല. കൊവിഡ് വാക്‌സിനാണ് ബിഹാർ തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയം. എന്നാൽ, റാലികൾ കണ്ടാൽ കൊവിഡ് വ്യാപനത്തിന്റെ നാളുകളാണെന്ന സൂചനപോലും കണ്ടെടുക്കാനാകില്ല. മോദിക്കും യോഗിക്കും രാഹുലിനും മുന്നിൽ ആയിരങ്ങൾ ഇരച്ചെത്തുന്നു. അകലമില്ല. മിക്കവർക്കും മാസ്‌കില്ല.
ഉള്ളവർക്ക് അത് താടിയിൽ വിശ്രമിക്കും. വേദിയിലും അത് തന്നെയാണ് സ്ഥിതി. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബിഹാറിൽ രോഗ വ്യാപനത്തിന്റെ ഭീകരത വെളിവാകുമെന്നാണ് വിദഗ്ധർ പറയുന്നത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാനങ്ങൾക്കും ഇത് ഒരു പാഠമായിത്തീരേണ്ടതാണെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. പൊതുസമ്മേളനങ്ങളിൽ രണ്ട് പേർക്കിടയിൽ ഏറ്റവും ചുരുങ്ങിയത് രണ്ടടി അകലം പാലിക്കണമെന്നാണ് നിർദേശം. 21ന് തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആരും പാലിക്കുന്നില്ലെന്ന് മാത്രം. ചട്ടങ്ങൾ നടപ്പാക്കാൻ സർക്കാർ സംവിധാനം മുതിരുന്നുമില്ല.